Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

52 പന്തിൽ 80 റൺസ്; പൃഥ്വി ഷായ്ക്ക് ഡിക്കോക്കിന്റെ മറുപടി; സൂപ്പർ ഫിനിഷറായി വീണ്ടും ബദോനി; ആവേശപ്പോരിൽ ഡൽഹിയെ വീഴ്‌ത്തി ലഖ്‌നൗ; ജയം ആറ് വിക്കറ്റിന്; പോയിന്റ് പട്ടികയിൽ രണ്ടാമത്

52 പന്തിൽ 80 റൺസ്; പൃഥ്വി ഷായ്ക്ക് ഡിക്കോക്കിന്റെ മറുപടി; സൂപ്പർ ഫിനിഷറായി വീണ്ടും ബദോനി; ആവേശപ്പോരിൽ ഡൽഹിയെ വീഴ്‌ത്തി ലഖ്‌നൗ; ജയം ആറ് വിക്കറ്റിന്; പോയിന്റ് പട്ടികയിൽ രണ്ടാമത്

സ്പോർട്സ് ഡെസ്ക്

മുംബൈ: ഐപിഎല്ലിൽ ഡൽഹി ക്യാപ്പിറ്റൽസിനെ ആറു വിക്കറ്റിന് കീഴടക്കി ലഖ്‌നൗ സൂപ്പർ ജയന്റ്‌സ്. ഡൽഹി ഉയർത്തിയ 150 റൺസ് വിജയലക്ഷ്യം രണ്ടു പന്തുകൾ ബാക്കിനിൽക്കേ നാലു വിക്കറ്റ് മാത്രം നഷ്ടത്തിൽ സൂപ്പർ ജയന്റ്സ് മറികടന്നു. 52 പന്തിൽ 80 റൺസെടുത്ത ക്വിന്റൺ ഡീ കോക്കിന്റെ പോരാട്ടമാണ് ലഖ്‌നൗവിന്റെ ജയത്തിൽ അടിത്തറയായത്.

അവസാന ഓവറുകളിൽ സമ്മർദ്ദത്തിലായെങ്കിലും ക്രുനാൽ പാണ്ഡ്യയുടെയും ആയുഷ് ബദോനിയുടെയും മന:സാന്നിധ്യം ലഖ്‌നൗവിനെ വിജയത്തിലെത്തിച്ചു. സ്‌കോർ ഡൽഹി ക്യാപിറ്റൽസ് 20 ഓവറിൽ 149-3, ലഖ്‌നൗ സൂപ്പർ ജയന്റ് 19.4 ഓവറിൽ 19.4 ഓവറിൽ 155-4.

നാലു കളികളിൽ മൂന്നാം ജയത്തോടെ ലഖ്‌നൗ പോയന്റ് പട്ടികയിൽ കൊൽക്കത്തക്ക് പിന്നിൽ രണ്ടാം സ്ഥാനത്തേക്ക് കയറിയപ്പോൾ ഡൽഹി മൂന്ന് കളികളിൽ രണ്ടാം തോൽവിയോടെ ഏഴാം സ്ഥാനത്തേക്ക് വീണു.

ഓപ്പണിങ് വിക്കറ്റിൽ കെ എൽ രാഹുലും ക്വിന്റൺ ഡീ കോക്കും ചേർന്ന് 9.4 ഓവറിൽ 73 റൺസടിച്ച് ലഖ്‌നൗവിന്റെ വ വിജയത്തിന് അടിത്തറയിട്ടു. പവർ പ്ലേയിൽ വിക്കറ്റ് നഷ്ടമില്ലാതെ 48 റൺസടിച്ച ലഖ്‌നൗവിന് പത്താം ഓവറിലാണ് ക്യാപ്റ്റൻ കെ എൽ രാഹുലിനെ നഷ്ടമായത്. 25 പന്തിൽ 24 റൺസെടുത്ത രാഹുലിനെ കുൽദീപ് മടക്കി. പിന്നാലെ എവിൻ ലൂയിസിനെയും(5), സ്‌കോർ 122ൽ നിൽക്കെ ഡീകോക്കിനെയും(52 പന്തിൽ 80) നഷ്ടമായി സമ്മർദ്ദത്തിലായ ലഖ്‌നൗവിനെ ദീപക് ഹൂഡയും ക്രുനാൽ പാണ്ഡ്യയും ചേർന്ന് വിജയത്തിന് അടുത്തെത്തിച്ചു.

ഷർദ്ദുൽ ഠാക്കൂർ എറിഞ്ഞ അവസാന ഓവറിൽ അഞ്ച് റൺസായിരുന്നു ലഖ്‌നൗവിന് ജയിക്കാൻ വേണ്ടിയിരുന്നത്. ആദ്യ പന്തിൽ ഹൂഡയെ നഷ്ടമാവുകയും അടുത്ത പന്തിൽ റൺസെടുക്കാൻ കഴിയാതിരിക്കുകയും ചെയ്തതോടെ ഡൽഹി പ്രതീക്ഷവെച്ചെങ്കിലും യുവതാര ആയുഷ് ബദോനി ഫോറും സിക്‌സും അടിച്ച് ആ പ്രതീക്ഷ ബൗണ്ടറി കടത്തി. ഡൽഹിക്കായി കുൽദീപ് യാദവ് രണ്ട് വിക്കറ്റെടുത്തു.

 ഓപ്പണർ പൃഥ്വി ഷാ നൽകിയ വെടിക്കെട്ട് തുടക്കം പിന്നീട് വന്ന ബാറ്റർമാർക്ക് മുതലാക്കാൻ സാധിക്കാതിരുന്നതോടെ ഡൽഹി ക്യാപ്പിറ്റൽസ് 20 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 149 റൺസിലൊതുങ്ങിയിരുന്നു.

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഡൽഹിക്കായി ഇത്തവണ ആദ്യ മത്സരം കളിക്കാനിറങ്ങിയ ഡേവിഡ് വാർണർ പതറിയതോടെ പൃഥ്വി ഷാ ഇന്നിങ്‌സിന്റെ കടിഞ്ഞാൺ ഏറ്റെടുക്കുകയായിരുന്നു. വെറും 34 പന്തിൽ നിന്ന് രണ്ട് സിക്‌സും ഒമ്പത് ഫോറുമടക്കം 61 റൺസുമായി ഷാ മടങ്ങുമ്പോൾ 7.3 ഓവറിൽ ഡൽഹി സ്‌കോർബോർഡിൽ 67 റൺസുണ്ടായിരുന്നു.

എന്നാൽ പിന്നീട് ലഖ്‌നൗ ബൗളർമാർ ഡൽഹി ബാറ്റർമാർക്ക് കടിഞ്ഞാണിട്ടു. ഡേവിഡ് വാർണർ (12 പന്തിൽ നിന്ന് 4), റോവ്മാൻ പവൽ (10 പന്തിൽ നിന്ന് 3) എന്നിവരെല്ലാം റൺസ് കണ്ടെത്താൻ ശരിക്കും പ്രയാസപ്പെട്ടു.

പിന്നീട് നാലാം വിക്കറ്റിൽ ഒന്നിച്ച ക്യാപ്റ്റൻ ഋഷഭ് പന്ത് - സർഫറാസ് ഖാൻ സഖ്യമാണ് ഡൽഹിയെ ഭേദപ്പെട്ട സ്‌കോറിലെത്തിച്ചത്. ഇരുവരും ചേർന്ന് 75 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കി.

ഋഷഭ് 36 പന്തിൽ നിന്ന് 2 സിക്‌സും 3 ഫോറുമടക്കം 39 റൺസോടെയും സർഫറാസ് 28 പന്തിൽ നിന്ന് 3 ഫോറടക്കം 36 റൺസോടെയും പുറത്താകാതെ നിന്നു. ലഖ്‌നൗവിനായി രവി ബിഷ്‌ണോയ് നാല് ഓവറിൽ 22 റൺസ് മാത്രം വഴങ്ങി രണ്ടു വിക്കറ്റ് വീഴ്‌ത്തി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP