Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ലാവ്‌ലിൻ കേസ് മാറ്റി വച്ചത് 27 തവണ; പാർട്ടി കോൺഗ്രസ് വേദിയിലും മോദിക്കും ബിജെപിക്കും എതിരെ കമാ എന്നൊരു അക്ഷരം മിണ്ടാതെ പിണറായി; കോൺഗ്രസിനെ ഒഴിവാക്കി ബിജെപിക്ക് ബദൽ ഉണ്ടാക്കാൻ പുറപ്പെടുന്നതും സിപിഎമ്മിന്റെ ഏക മുഖ്യമന്ത്രി; ലാവ്‌ലിൻ പേടി എന്ന് ആക്ഷേപം

ലാവ്‌ലിൻ കേസ് മാറ്റി വച്ചത് 27 തവണ; പാർട്ടി കോൺഗ്രസ് വേദിയിലും മോദിക്കും ബിജെപിക്കും എതിരെ കമാ എന്നൊരു അക്ഷരം മിണ്ടാതെ പിണറായി; കോൺഗ്രസിനെ ഒഴിവാക്കി ബിജെപിക്ക് ബദൽ ഉണ്ടാക്കാൻ പുറപ്പെടുന്നതും സിപിഎമ്മിന്റെ ഏക മുഖ്യമന്ത്രി; ലാവ്‌ലിൻ പേടി എന്ന് ആക്ഷേപം

എം എസ്. സനിൽ കുമാർ

തിരുവനന്തപുരം : മുഖ്യമന്ത്രി പിണറായി വിജയൻ ബിജെപിയോടും പ്രധാനമന്ത്രി മോദിയോടുമുള്ള വിധേയത്വവും കടപ്പാടും പാർട്ടി കോൺഗ്രസ് വേദിയിലും അരക്കിട്ടുറപ്പിച്ചു. പാർട്ടി കോൺഗ്രസിന്റെ ഉദ്ഘാടന സമ്മേളനത്തിലെ പിണറായിയുടെ സ്വാഗത പ്രസംഗത്തിൽ ബിജെപിയെ പേരെടുത്തു പറഞ്ഞ് വിമർശിക്കാൻ തയ്യാറായില്ലെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. യെച്ചൂരിയുടെ ഉദ്ഘാടന പ്രസംഗത്തിൽ കേന്ദ്ര സർക്കാരിനെ വിമർശിച്ചെങ്കിലും, യെച്ചൂരിക്ക് മുന്നെ സ്വാഗത പ്രസംഗം നടത്തിയ പിണറായി മോദിയേയും ബിജെപിയേയും നോവിക്കാതെ പ്രസംഗിച്ചത് ശ്രദ്ധേയമായി.

ആർഎസ്എസ്സിന്റെ തീവ്ര ഹിന്ദുത്വ നയങ്ങൾ അതേപടി പിന്തുടരുന്ന കേന്ദ്ര സർക്കാരിനേയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും തള്ളിപ്പറയാൻ അദ്ദേഹം ഒരുക്കമല്ലെന്ന് വീണ്ടും വീണ്ടും തെളിയിക്കുകയാണെന്നാണ് ആക്ഷേപം. ബിജെപിക്കും മോദിക്കും അലോസരമുണ്ടാക്കുന്ന വാക്കോ, നോട്ടമോ, പ്രവർത്തിയോ സംഭവിക്കാതിരിക്കാൻ പാർട്ടി കോൺഗ്രസ് വേദിയിലും, പിണറായി സദാ ജാഗരൂകനാണ്.

രാജ്യത്തിന്റെ ഫെഡറൽ രാഷ്ട്രീയ സംവിധാനങ്ങൾ കടന്നാക്രമണം നേരിടുന്നുവെന്നും സംസ്ഥാനങ്ങളുടെ അധികാരം കവർന്നെടുക്കപ്പെടുന്നുവെന്നും അദ്ദേഹം സ്വാഗത പ്രസംഗത്തിൽ പറഞ്ഞപ്പോഴും അത് ചെയ്യുന്നത് ബിജെപി ഭരിക്കുന്ന കേന്ദ്ര സർക്കാരാണെന്ന പരാമർശം നടത്താതിരിക്കാൻ പിണറായി പ്രത്യേകം ശ്രദ്ധിച്ചു. 'സംസ്ഥാന സർക്കാരുകളുടെ പരിമിത സാമ്പത്തിക അധികാരങ്ങൾ പോലും കൂടുതൽ നിയന്ത്രിക്കപ്പെടുന്നു. ജി എസ് ടി യിലും വായ്പ എടുക്കുന്നതിന് വ്യവസ്ഥ ഏർപ്പെടുത്തിയതിലും ഇത് കാണാം ' എന്നാണ് പിണറായി പ്രസംഗിച്ചതെന്ന് ദേശാഭിമാനി തന്നെ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. സംസ്ഥാനങ്ങളുടെ അധികാരം കവരുന്നത് മോദിയുടെ കേന്ദ്ര സർക്കാരാണെന്ന് ആരോപിക്കാൻ പോലും മുഖ്യമന്ത്രി ഭയപ്പെടുന്നു. സി പി എമ്മിന്റേയും പിണറായിയുടേയും ഈ ഭയമാണ് കേരളത്തിൽ ബിജെപിയെ വളർത്തുന്നതെന്നാണ് കോൺഗ്രസിന്റെ പ്രധാന ആരോപണം. പകൽ ബിജെപി വിരുദ്ധതയും രാത്രി ബിജെപി ചങ്ങാത്തവുമാണ് സി പി എമ്മും മുഖ്യമന്ത്രിയും കഴിഞ്ഞ ആറ് വർഷമായി വെച്ചു നടത്തുന്നതെന്നാണ് കോൺഗ്രസിന്റെ ആക്ഷേപം.

പാർട്ടി കോൺഗ്രസ് വേദിയിൽ പോലും കേന്ദ്രം ഭരിക്കുന്ന ബിജെപി സർക്കാരിനെ വിമർശിക്കാതിരിക്കാൻ പിണറായി തികഞ്ഞ ജാഗ്രത പുലർത്തിയത് ബിജെപി കേന്ദ്രങ്ങൾ കൗതുക പൂർവ്വമാണ് വീക്ഷിക്കുന്നത്. താൻ ബിജെപിയുടെ വിനീത വിധേയനാണെന്ന് സംശയലേശമെന്യെ പിണറായി തെളിയിച്ചു. രാജ്യം സുപ്രധാന ഘട്ടത്തിലാണെന്ന് പറഞ്ഞപ്പോഴും ബിജെപി യെ പരാജയപ്പെടുത്തുകയെന്ന സി പി എമ്മിന്റെ രാഷ്ടീയ ലക്ഷ്യം അദ്ദേഹം ഒഴിവാക്കി. ഇങ്ങനെയൊക്കെ അല്ലാതെ എങ്ങനെയാണ് സി പി എമ്മിന്റെ ഏക മുഖ്യമന്ത്രി തന്റെ ആർഎസ്എസ് വിധേയത്വം പ്രകടിപ്പിക്കേണ്ടതെന്നാണ് കോൺഗ്രസുകാരും പിണറായി വിരുദ്ധരും ചോദിക്കുന്നത്.

ലാവ്‌ലിൻ കേസ് 27 തവണ സുപ്രീം കോടതി മാറ്റി വെച്ചത് നിസാര കാര്യമല്ലല്ലോ. കേന്ദ്ര സർക്കാരിന്റെ ഈ സൗമനസ്യം അദ്ദേഹം നിഷേധിക്കുന്നുമില്ല. ഇന്ത്യയിലെ ഏത് പൗരനാണ് കേന്ദ്രത്തിന്റെ ഇത്ര വലിയ ഔദാര്യം ലഭിച്ചിട്ടുള്ളത്? മുഖ്യമന്ത്രി പിണറായി വിജയനെ ലാവ്‌ലിൻ കേസിന്റെ പ്രതി പട്ടികയിൽ നിന്ന് ഒഴിവാക്കിയ കോടതി വിധിക്കെതിരെയാണ് സുപ്രീം കോടതിയിൽ സിബിഐ അപ്പീൽ നൽകിയിട്ടുള്ളത്. ഈ കേസിന്റെ അപ്പീൽ കേൾക്കുന്നത് 27 തവണ മാറ്റിവെച്ചത് കേന്ദ്രാനുമതിയോടെയാണെന്ന് വ്യക്തമാണ്.

കേന്ദ്രം ഭരിക്കുന്ന ബിജെപി സർക്കാരിനോട് പിണറായി വിജയൻ ഊണിലും ഉറക്കത്തിലും നന്ദി പ്രകടിപ്പിക്കുന്നതിൽ അദ്ദേഹത്തെ കുറ്റപ്പെടുത്താനാവില്ലെന്നാണ് രാഷ്ട്രീയ എതിരാളികളുടെ ആക്ഷേപം. പാർട്ടി കോൺഗ്രസ് വേദിയിൽ പോലും തന്റെ ബിജെപി വിധേയത്വം പിണറായി വിജയൻ പ്രകടിപ്പിക്കുമ്പോൾ പാർട്ടി ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി അടക്കമുള്ള പാർട്ടി നേതാക്കൾ പഞ്ചപുച്ഛമടക്കി അത് കേട്ടിരിക്കയാണ്. വിജയനെ തിരുത്താനോ, ചോദ്യം ചെയ്യാനോ ത്രാണിയില്ലാതെ അവർ സമ്പൂർണ്ണമായി കീഴടങ്ങി നിൽക്കയാണ്. പിണറായിയുമായി സന്ധി ചെയ്യുകയല്ലാതെ കേന്ദ്ര നേതൃത്വത്തിന് മുന്നിൽ മറ്റ് പോംവഴികളില്ല. നരേന്ദ്ര മോദിക്ക് സ്തുതി പാടുന്ന സി പി എമ്മാണ് ദേശീയ തലത്തിൽ കോൺഗ്രസിനെ ഒഴിവാക്കി ബിജെപി ക്ക് എതിരെ ബദലുണ്ടാക്കുമെന്ന് വീമ്പിളക്കുന്നത്.

കഴിഞ്ഞ ആറ് വർഷത്തിനിടയിൽ ഒരിക്കൽ പോലും മോദിയെ നിയമസഭയിലോ പുറത്തോ പേരെടുത്ത് പറഞ്ഞ് വിമർശിക്കാൻ മുഖ്യമന്ത്രി മുതിർന്നിട്ടില്ല. ഇന്ത്യയിലെ ഒട്ടുമിക്ക ബിജെപി ഇതര മുഖ്യമന്ത്രിമാരും മോദിയെ കടുത്ത ഭാഷയിൽ വിമർശിക്കുമ്പോൾ, പിണറായി അത്തരമൊരു സാഹസത്തിന് ഒരിക്കലും തുനിഞ്ഞിട്ടില്ല. നോട്ട് നിരോധനം, ഇന്ധന വിലവർദ്ധന, പൗരത്വ ബിൽ , കർഷക ബിൽ ,പൊതുമേഖലയുടെ വിറ്റഴിക്കൽ, ഏറ്റവും ഒടുവിൽ ക്രിമിനൽ നടപടി (തിരിച്ചറിയൽ ) ബിൽ തുടങ്ങിയ വിവാദ വിഷയങ്ങൾ വന്നപ്പോഴെല്ലാം മോദിക്കും ബിജെപിക്കുമെതിരെ പിണറായി കമാ എന്നൊരക്ഷരം ഉരിയാടിയിട്ടില്ല. പാർട്ടി കോൺഗ്രസ് വേദിയിലും പിണറായി തന്റെ മൗനം തുടർന്നു.

പിണറായിയുടെ മോദി പ്രീണനത്തെ ചോദ്യം ചെയ്യാൻ സമ്മേളന പ്രതിനിധികൾക്കാർക്കും ധൈര്യമുണ്ടാവില്ലെന്നുറപ്പാണ്.ജിഎസ്.ടിയിൽ നിന്ന് അർഹമായ നഷ് ടപരിഹാരം നേടിയെടു ക്കാനായില്ല. എയിംസ് പോലുള്ള സ്ഥാപനങ്ങൾ കൊണ്ടുവരാനായില്ല. റബർ പോലുള്ള നാണ്യവിളകളുടെ വിലയിടിവിന് പരിഹാരമുണ്ടാക്കാൻ കേന്ദ്രം ഒന്നും ചെയ്തില്ലെന്ന് പോലും പിണറായി വിജയൻ ഇതേ വരെ പറഞ്ഞിട്ടില്ല. കേന്ദ്ര അവഗണന എന്ന വാക്ക് ഉച്ചരിക്കാതിരിക്കാൻ അദ്ദേഹം എപ്പോഴും ശ്രദ്ധാലുവാണെന്നാണ് ആക്ഷേപം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP