Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

34 പന്തിൽ 61 റൺസ്; വാർണറെ കാഴ്ചക്കാരനാക്കി പ്രിഥ്വി 'ഷോ'; 75 റൺസ് കൂട്ടുകെട്ടുമായി പന്തും സർഫ്രാസും; ഡൽഹിക്കെതിരെ ലഖ്‌നൗവിന് 150 റൺസ് വിജയലക്ഷ്യം

34 പന്തിൽ 61 റൺസ്; വാർണറെ കാഴ്ചക്കാരനാക്കി പ്രിഥ്വി 'ഷോ'; 75 റൺസ് കൂട്ടുകെട്ടുമായി പന്തും സർഫ്രാസും; ഡൽഹിക്കെതിരെ ലഖ്‌നൗവിന് 150 റൺസ് വിജയലക്ഷ്യം

സ്പോർട്സ് ഡെസ്ക്

മുംബൈ: ഐപിഎല്ലിൽ പൃഥ്വി ഷായുടെ വെടിക്കെട്ട് അർധസെഞ്ചുറിയുടെ മികവിൽ ലഖ്നൗ സൂപ്പർ ജയന്റ്സിനെതിരെ 150 റൺസ് വിജയലക്ഷ്യം ഒരുക്കി ഡൽഹി ക്യാപിറ്റൽസ്. ഷായ്ക്ക് പുറമെ നായകൻ റിഷഭ് പന്തിന്റെയും സർഫ്രാസ് ഖാന്റെയും ഭേദപ്പെട്ട പ്രകടനങ്ങളാണ് ഡൽഹിയുടെ ഇന്നിങ്‌സിൽ കരുത്തായത്. ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത ഡൽഹി 20 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 149 റൺസെടുത്തു.

34 പന്തിൽ 61 റൺസടിച്ച ഓപ്പണർ പൃഥ്വി ഷായാണ് ഡൽഹിയുടെ ടോപ് സ്‌കോറർ. റിഷഭ് പന്ത് 39 റൺസും സർഫ്രാസ് ഖാൻ 36 റൺസുമെടുത്തു. ലഖ്‌നൗവിനായി രവി ബിഷ്‌ണോയ് രണ്ട് വിക്കറ്റുമായി തിളങ്ങി. നാലാം വിക്കറ്റിൽ ഒന്നിച്ച ക്യാപ്റ്റൻ ഋഷഭ് പന്ത് - സർഫറാസ് ഖാൻ സഖ്യമാണ് ഡൽഹിയെ ഭേദപ്പെട്ട സ്‌കോറിലെത്തിച്ചത്. ഇരുവരും ചേർന്ന് 75 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കി.

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഡൽഹിക്കായി ഇത്തവണ ആദ്യ മത്സരം കളിക്കാനിറങ്ങിയ ഡേവിഡ് വാർണർ പതറിയതോടെ പൃഥ്വി ഷാ ഇന്നിങ്സിന്റെ കടിഞ്ഞാൺ ഏറ്റെടുക്കുകയായിരുന്നു. വെറും 34 പന്തിൽ നിന്ന് രണ്ട് സിക്സും ഒമ്പത് ഫോറുമടക്കം 61 റൺസുമായി ഷാ മടങ്ങുമ്പോൾ 7.3 ഓവറിൽ ഡൽഹി സ്‌കോർബോർഡിൽ 67 റൺസുണ്ടായിരുന്നു.

പവർ പ്ലേയിൽ ജേസൺ ഹോൾഡർ എറിഞ്ഞ ആദ്യ ഓവറിൽ നാലു റൺസ് മാത്രമെടുത്ത് തുടങ്ങിയ ഡൽഹി കെ ഗൗതമിന്റെ രണ്ടാം ഓവറിൽ രണ്ട് ബൗണ്ടറിയടിച്ച് ടോപ് ഗിയറിലായി. ഡേവിഡ് വാർണറെ കാഴ്ചക്കാരനാക്കി പൃഥ്വി ഷാ ആയിരുന്നു ആക്രമണങ്ങൾക്ക് ചുക്കാൻ പിടിച്ചത്. ജേസൺ ഹോൾഡർ എറിഞ്ഞ മൂന്നാം ഓവറിൽ സിക്‌സും ഫോറുമടിച്ച് പൃഥ്വി ഷാ പവർ പ്ലേ പവറാക്കി. ആവേശ് ഖാൻ എറിഞ്ഞ നാലാം ഓവറിൽ മൂന്ന് ബൗണ്ടറിയടിച്ചാണ് പൃഥ്വി കരുത്തുകാട്ടിയത്. ഇതോടെ അഞ്ചാം ഓവറിൽ തന്നെ രവി ബിഷ്‌ണോയിയെ ലഖ്‌നൗ നായകൻ കെ എൽ രാഹുൽ രംഗത്തിറക്കിയെങ്കിലും ബിഷ്‌ണോയിയെും പൃഥ്വി ബൗണ്ടറി കടത്തി. ആൻഡ്ര്യു ടൈ എറിഞ്ഞ പവർ പ്ലേയിലെ അവസാന ഓവറിൽ റൺസടിച്ചാണ് പൃഥ്വി ഡൽഹിക്ക് മിന്നൽ തുടക്കം നൽകിയത്.

പവർ പ്ലേക്ക് പിന്നാലെ പൃഥ്വി ഷായെ കെ ഗൗതമും ഡേവിഡ് വാർണറെയും(12 പന്തിൽ 4), റൊവ്മാൻ പവലിനെയും(10 പന്തിൽ 3) രവി ബിഷ്‌ണോയിയും മടക്കിയതോടെ ഡൽഹി മെല്ലെപ്പോക്കിലായി. പവർപ്ലേയിൽ വിക്കറ്റ് നഷ്ടമില്ലാതെ 52 റൺസടിച്ച ഡൽഹി പതിനാറാം ഓവറിലാണ് 100 കടന്നത്. തുടക്കത്തിൽ സ്പിന്നർമാർക്കെതിരെ പ്രതിരോധിച്ചു കളിച്ച റിഷഭ് പന്ത് പതിനാറാം ഓവറിനുശേഷം നടത്തിയ കടന്നാക്രമണത്തിലാണ് ഡൽഹി ഭേദപ്പെട്ട സ്‌കോറിലെത്തിയത്. ആൻഡ്ര്യു ടൈ എറിഞ്ഞ പതിനാറാം ഓവറിൽ രണ്ട് സിക്‌സും ഒരു ബൗണ്ടറിയും അടക്കം 18 റൺസടിച്ച ഡൽഹി ആവേശ് ഖാന്റെ അടുത്ത ഓവറിൽ 12 റൺസടിച്ചു.

എന്നാൽ ജേസൺ ഹോൾഡറും ആവേശ് ഖാനും എറിഞ്ഞ അവസാന മൂന്നോവറിൽ 19 റൺസ് മാത്രമെ ഡൽഹിക്ക് നേടാനായുള്ളു. ഇതോടെ ഡൽഹി സ്‌കോർ 149ൽ ഒതുങ്ങി. 28 പന്തിൽ 36 റൺസുമായി സർഫ്രാസും 36 പന്തിൽ 39 റൺസുമായി റിഷഭ് പന്തും പുറത്താകാതെ നിന്നു.

നേരത്തെ ടോസ് നേടിയ ലഖ്‌നൗ ഫീൽഡിങ് തെരഞ്ഞെടുക്കുകയായിരുന്നു. കഴിഞ്ഞ മത്സരം കളിച്ച ടീമിൽ ഒരു മാറ്റവുമായാണ് ലഖ്‌നൗ ഇറങ്ങുന്നത്. മനീഷ് പാണ്ഡെക്ക് പകരം കെ ഗൗതം ലഖ്‌നൗ ടീമിലെത്തി. ഡൽഹി ടീമിൽ മൂന്ന് മാറ്റങ്ങളുണ്ട്. ക്വാറന്റീൻ പൂർത്തിയാക്കി ഓസ്‌ട്രേലിയൻ താരം ഡേവിഡ് വാർണർ ടീമിൽ തിരിച്ചെത്തിയപ്പോൾ ടിം സീഫർട്ട് പുറത്തായി. പരിക്ക് ഭേദമായി ദക്ഷിണാഫ്രിക്കൻ പേസർ ആന്റിച്ച് നോർക്കിയ ഖലീൽ അഹമ്മദിന് പകരം ടീമിലെത്തി. മൻദീപിന് പകരം സർഫ്രാസ് ഖാനും ഡൽഹിയുടെ അന്തിമ ഇലവനിലെത്തി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP