Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

വിദ്യാഭ്യാസ രംഗത്തെ നയംമാറ്റത്തിന് ഒരുങ്ങുന്ന പാർട്ടി കോൺഗ്രസിൽ കൂത്തുപറമ്പ് രക്തസാക്ഷികൾക്ക് വീര പരിവേഷം; കാൽടെക്സ് ജംഗ്ഷനിൽ പത്ത് മീറ്റർ ഉയരത്തിൽ രക്തസാക്ഷികളുടെ ഛായാചിത്രം; കാര്യങ്ങൾ ചോദിച്ചറിഞ്ഞു ഇതര സംസ്ഥാന പ്രതിനിധികളും

വിദ്യാഭ്യാസ രംഗത്തെ നയംമാറ്റത്തിന് ഒരുങ്ങുന്ന പാർട്ടി കോൺഗ്രസിൽ കൂത്തുപറമ്പ് രക്തസാക്ഷികൾക്ക് വീര പരിവേഷം; കാൽടെക്സ് ജംഗ്ഷനിൽ പത്ത് മീറ്റർ ഉയരത്തിൽ രക്തസാക്ഷികളുടെ ഛായാചിത്രം; കാര്യങ്ങൾ ചോദിച്ചറിഞ്ഞു ഇതര സംസ്ഥാന പ്രതിനിധികളും

രഞ്ജിത് ബാബു

കണ്ണൂർ: സിപിഎം. 23 ാം പാർട്ടി കോൺഗ്രസ്സിന്റെ ഭാഗമായി കൂത്തുപറമ്പ് രക്തസാക്ഷികൾക്ക് വീര പരിവേഷം. കണ്ണൂർ കാൽടെക്സിലെ എ.കെ. ജി. സ്തൂപത്തിന് മുന്നിൽ നിന്നും ദൃശ്യമാകുന്ന രീതിയിലാണ് കൂത്തുപറമ്പ് രക്തസാക്ഷികളുടെ ഛായാ ചിത്രം ഒരുക്കിയിട്ടുള്ളത്. 1994 നവംബർ 25 ന് കൂത്തുപറമ്പ് വെടിവെപ്പിൽ മരിച്ച ഡി.വൈ. എഫ്. ഐ ജില്ലാ വൈസ് പ്രസിഡണ്ട് കെ.കെ. രാജീവൻ, പ്രവർത്തകരായ റോഷൻ, ഷിബുലാൽ, ബാബു, മധു എന്നിവരുടെ ചിത്രമാണ് ഒരുക്കിയിട്ടുള്ളത്. കാൽടെക്സ് ജംഗ്ഷനിൽ നിന്നും പത്ത് മീറ്റർ ഉയരത്തിലാണ് രക്തസാക്ഷികളുടെ ഛായാപടം. കേരളത്തിലെ വിവിധ ജില്ലകളിൽ നിന്നും അന്യ സംസ്ഥാനങ്ങളിൽ നിന്നും സമ്മേളനവുമായി ബന്ധപ്പെട്ട് കാൽടെക്സിലെ എ.കെ. ജി. സ്തൂപം സന്ദർശിക്കാനെത്തുന്നുണ്ട്. സ്തൂപം സന്ദർശിക്കുമ്പോൾ റോഡിന് എതിർവശത്തെ പത്ത് മീറ്ററിലേറെ ഉയരത്തിൽ സ്ഥാപിച്ച യുവാക്കളുടെ ഛായാപടം ശ്രദ്ധയിൽ പെടുന്നു. കാര്യങ്ങൾ ചോദിച്ചറിഞ്ഞാണ് സന്ദർശകർ തിരിക്കുന്നത്.

കെ. കരുണാകരൻ മന്ത്രി സഭയിൽ എം വി രാഘവൻ സഹകരണ മന്ത്രിയായിരിക്കേയാണ് കൂത്തുപറമ്പ് വെടിവെപ്പ് നടന്നത്. കോൺഗ്രസ്സ് നിയന്ത്രണത്തിലുള്ള കൂത്തുപറമ്പ് അർബൻ സഹകരണ ബാങ്കിന്റെ ഉദ്ഘാടനത്തിന് എത്തിയതായിരുന്നു രാഘവൻ. വിദ്യാഭ്യാസ മേഖലയിലെ സ്വാശ്രയ വൽക്കരണത്തിനെതിരെ ഡി.വൈ. എഫ്. ഐ പ്രതിഷേധ സമരം നടത്തുന്ന സമയമായിരുന്നു. മന്ത്രി രാഘവനെ കൂത്തുപറമ്പിൽ കാല് കുത്തിക്കില്ലെന്ന് ഡി.വൈ. എഫ്. ഐ പ്രഖ്യാപിച്ചു. ഡി.വൈ. എഫ്.ഐക്ക് രാഘവനോട് അടങ്ങാത്ത പകയുള്ള കാലം. എന്ത് വന്നാലും തടയുമെന്ന് അവർ പ്രഖ്യാപിച്ചു.

പരിപാടി ഉപേക്ഷിച്ചു കൂടേ എന്ന് പൊലീസ്. 1994 നവംബർ 25 ന് പൊലീസ് അകമ്പടിയോടെ കൂത്തുപറമ്പിൽ കാലു കുത്തി. അഞ്ഞൂറിലേറെ ഡി.വൈ. എഫ്. ഐ. ക്കാർ കറുത്ത തൂവാലയുമായി എത്തിയിരുന്നു. സ്വാശ്രയ വൽക്കരണത്തിലും വിദ്യാഭ്യാസ കച്ചവടത്തിനുമെതിരെ ഡി.വൈ. എഫ്.ഐ. പ്രിതിഷേധം എന്ന നിലയിലാണ് അവരുടെ സമരം. തന്നെ വധിക്കുകയാണ് ഡി.വൈ. എഫ്.ഐ.യുടെ ഉദ്ദേശമെന്ന് രാഘവനും ഉറപ്പിച്ചിരുന്നു. പ്രശ്നത്തിന്റെ ഗൗരവം പൊലീസ് ചൂണ്ടിക്കാണിച്ചപ്പോൾ തോക്കും ഉണ്ടയും എന്തിനാണ് തന്നിരിക്കുന്നതെന്ന് രാഘവൻ മറുപടിയും നൽകി.

രാഘവനെ കണ്ടയുടൻ തന്നെ കറുത്ത തൂവാല ഉയർത്തി ഗോബാക്ക് വിളിയുയർന്നു. രംഗം കലുഷിതമാകുമെന്ന് കണ്ടതോടെ പൊലീസ് ലാത്തി വീശി. ജനക്കൂട്ടം ചിതറിയോടി. കല്ലേറിനിടയിൽ മന്ത്രി രാഘവനെ കസേര ഉയർത്തിയാണ് പൊലീസ് രക്ഷപ്പെടുത്തിയത്. തുടർന്ന് പൊലീസ് വെടിയുതിർത്തു. അതിൽ അഞ്ച് യുവാക്കൾ മരിച്ചു വീണു. 200 ലേറെ പേർക്ക് പരിക്കേറ്റു. പൊലീസ് നടപടിയുണ്ടായില്ലെങ്കിൽ മന്ത്രി രാഘവൻ കൊല്ലപ്പെടുമായിരുന്നുവെന്ന് അന്നത്തെ പൊലീസ് ഉദ്യോഗസ്ഥനായ ഹക്കീം ബത്തേരി പറഞ്ഞിരുന്നു. എന്നാൽ ഒരു തരി മണ്ണുപോലും എം വി രാഘവന്റെ ശരീരത്തിൽ വീണിട്ടില്ലെന്ന് ഡി.വൈ. എഫ്.ഐ. നേതൃത്വം പറഞ്ഞു. രാഘവനും പൊലീസും ചേർന്ന് ബോധപൂർവ്വം കൂട്ട കൊല നടത്താൻ എടുത്ത തീരുമാനത്തിന്റെ അനന്തര ഫലമാണ് കൂത്തുപറമ്പിലെ നരനായാട്ടെന്ന് സിപിഐ.(എം). ഉം ആരോപിച്ചു.

എം വി ആറിനെ രക്ഷിച്ചു കൊണ്ടു പോയ ശേഷം കണ്ടത് നഗരം ചോരയിൽ കുതിർന്നതാണ്. ഡി.വൈ. എഫ്.ഐ. കണ്ണൂർ ജില്ലാ വൈസ് പ്രസിഡണ്ട് കെ.കെ. രാജീവൻ പ്രവർത്തകരായ റോഷൻ, ഷിബുലാൽ, ബാബു. മധു എന്നിവരാണ് വെടിവെപ്പിൽ കൊല്ലപ്പെട്ടത്. സുഷുമ്നാ നാഡി തകർന്ന് ചൊക്ലി മേനപ്രത്തെ പുതുക്കുടി പുഷ്പൻ ജീവിക്കുന്ന രക്തസാക്ഷിയായി ഇന്നും കിടക്കയിൽ കഴിയുന്നു. പുഷ്പനും രക്തസാക്ഷികളുടെ വീട്ടുകാരും ഇന്നും പാർട്ടിയിൽ അടിയുറച്ച് വിശ്വസിക്കുന്നു. സ്വാശ്രയ കോളേജ് സമരവും അതിനുള്ള ന്യായീകരണത്തിൽ നിന്നും പുഷ്പൻ കടുകിടെ വ്യതിചലിച്ചിട്ടില്ല. എന്നാൽ എം. വി. രാഘവനോടുള്ള പാർട്ടിയുടെ അവസാന കാല സമീപനത്തോട് പുഷ്പന് പ്രതികരണമൊന്നും ഉണ്ടായിരുന്നില്ല. എങ്കിലും പാർട്ടി തന്നെയാണ് പുഷ്പന് ഇന്നും ജീവിക്കാനുള്ള പ്രചോദനമാകുന്നത്.

കൂത്തുപറമ്പ് വെടിവെപ്പിന്റെ പേരിൽ സിപിഐ.( എം),. 2015 വരെ കുറ്റപ്പെടുത്തിയ എം. വി. ആറിന്റെ മക്കളായ എം വി ഗിരിജയെ തദ്ദേശ തിരഞ്ഞെടുപ്പിലും എം. വി. നികേഷ് കുമാറിനെ നിയമസഭാ തെരഞ്ഞെടുപ്പിലും സിപിഐ.(എം). സ്ഥാനാർത്ഥികളാക്കി മത്സരിപ്പിക്കുന്നതാണ് കേരളം കണ്ടത്. ഇരുവരും രണ്ട് സഭകളിലും തോൽക്കുകയും ചെയ്തു. മുഖ്യ ശത്രുവും വർഗ്ഗ ശത്രുവുമായി കാൽ നൂറ്റാണ്ടിലേറെ കാലം മുദ്ര കുത്തപ്പെട്ട എം. വി. രാഘവൻ അവസാന കാലം സിപിഐ.(എം) ന് സ്വീകാര്യനാവുകയും ചെയ്തു.

രോഗ കിടക്കയിൽ ബോധം നഷ്ടപ്പെട്ട എം. വി. ആറിനെ പാർട്ടി ഒപ്പം കൂട്ടുകയായിരുന്നു. എം. വി. ആർ. പോലുമറിയാതെ. എം. വി. ആറിന്റെ ഒന്നാം ചരമവാർഷികത്തിൽ പാർട്ടി നേതാക്കളുടെ നാവിൽ നിന്നുതന്നെ അത് വീണു. ധീരനായ നേതാവെന്ന്. കമ്യൂണിസ്റ്റ് ഐക്യത്തിന് അവസാനകാലത്ത് എം വി ആർ താത്പര്യം കാണിച്ചുവെന്നാണ് സിപിഐ.(എം). പറയുന്നത്. അതുകൊണ്ടു തന്നെ അവർ ചുവപ്പ് പരവതാനി വിരിച്ചു നൽകി. സി.എം. പി രണ്ടായി. പ്രഞ്ജയറ്റ് അവശ നിലയിലായപ്പോഴും മരണത്തിന് തൊട്ടു മുമ്പ് സിപിഐ.(എം) പൊതുപരിപാടിയിൽ എം. വി. ആറിനെ പങ്കെടുപ്പിക്കുകയും ചെയ്തു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP