Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ചാരിറ്റബിൾ സംഘടനയുടെ മറവിലെ സമരങ്ങൾ; നിയമസഭയിൽ മന്ത്രി നൽകുന്ന മറുപടിയെ വിമർശിക്കുന്ന സഖാവ്; കാരണം കാണിക്കൽ നോട്ടീസ് കിട്ടിയപ്പോൾ ഖേദം പ്രകടിപ്പിച്ച് നടപടിയിൽ നിന്ന് രക്ഷപ്പെടുന്ന നേതാവ്; ഹൈക്കോടതിയുടെ ഡയസ്‌നോൺ ഉത്തരവിനേയും വിമർശിച്ച എഞ്ചിനിയർ; പണി കിട്ടിയത് വലിയ നേതാവിന്; കെ എസ് ഇ ബിയിൽ അച്ചടക്കം കർശനമാക്കും

ചാരിറ്റബിൾ സംഘടനയുടെ മറവിലെ സമരങ്ങൾ; നിയമസഭയിൽ മന്ത്രി നൽകുന്ന മറുപടിയെ വിമർശിക്കുന്ന സഖാവ്; കാരണം കാണിക്കൽ നോട്ടീസ് കിട്ടിയപ്പോൾ ഖേദം പ്രകടിപ്പിച്ച് നടപടിയിൽ നിന്ന് രക്ഷപ്പെടുന്ന നേതാവ്; ഹൈക്കോടതിയുടെ ഡയസ്‌നോൺ ഉത്തരവിനേയും വിമർശിച്ച എഞ്ചിനിയർ; പണി കിട്ടിയത് വലിയ നേതാവിന്; കെ എസ് ഇ ബിയിൽ അച്ചടക്കം കർശനമാക്കും

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കെ എസ് ഇ ബിയിൽ കെ.എസ്.ഇ.ബി. ഓഫീസേഴ്‌സ് അസോസിയേഷൻ നേതാവായ എംജി സുരേഷ് കുമാർ നടത്തുന്നത് ഗുരുതരമായ അച്ചടക്ക ലംഘനമെന്ന് ബോർഡ് വിലയിരുത്തൽ. ഈ സാഹചര്യത്തിൽ സുരേഷ് കുമാറിനെതിരായ അച്ചടക്ക നടപടി പിൻലവിക്കില്ല. മന്ത്രിയെ വരെ തിരുത്താൻ ശ്രമിക്കുന്ന ഇടപെടലുകൾ നടത്തുന്ന സുരേഷ് കുമാറിനെതിരെ അതിശക്തമായ നടപടി എടുക്കാനാണ് കെ എസ് ഇ ബി ചെയർമാൻ തീരുമാനം. സുരേഷ് കുമാറിന്റെ തുടർച്ചയായ അച്ചടക്ക ലംഘനങ്ങൾ സർക്കാരിനേയും ബോർഡ് അറിയിച്ചിട്ടുണ്ട്.

കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡിൽ നിലവിൽ ഉദ്യോഗസ്ഥരുടെ ഇടയിൽ പ്രവർത്തിക്കുന്ന 7 സംഘടനകളാണ് ഉള്ളത്. അതിൽ കെ.എസ്.ഇ.ബി. ഓഫീസേഴ്‌സ് അസോസിയേഷന്റെ ഭാരവാഹികളായി പ്രവർത്തിച്ചു വരുന്ന എം.ജി. സുരേഷ് കുമാർ (എക്‌സിക്യൂട്ടീവ് എഞ്ചിനീയർ, പവർ സിസ്റ്റം എഞ്ചിനീയറിങ്, ഓഫീസ് ഓഫ് ദി ഡയറക്ടർ (ട്രാൻസ്മിഷൻ & സിസ്റ്റം ഓപ്പറേഷൻ), തിരുവനന്തപുരം 2021 മെയ് മാസം മുതൽ തുടർച്ചയായി പരസ്യമായ അച്ചടക്ക ലംഘനം ബോർഡ് മാനേജ്‌മെന്റിനും സർക്കാർ നടപടികൾക്കും നയങ്ങൾക്കും എതിരെ നടത്തി വരുന്നതായി കാണുന്നു.

കെ.എസ്.ഇ.ബി. ഓഫീസേഴ്‌സ് അസോസിയേഷൻ ഇതര സംഘടനകളെപ്പോലെ ഒരു ചാരിറ്റബിൾ സംഘടനയായിട്ടാണ് ബോർഡിൽ പ്രവർത്തിക്കുന്നത്. ഉദ്യോഗസ്ഥരുടെ ക്ഷേമത്തിനും താൽപര്യ സംരക്ഷണത്തിനും വേണ്ടതായ നടപടികൾ അല്ലാതെ ബോർഡ് മാനേജ്‌മെന്റിനെയോ സർക്കാരിനെയോ വിമർശിക്കുകയോ സമരം ചെയ്യുകയോ ചെയ്യുന്നത് അവർക്ക് അനുവദിച്ചിട്ടുള്ള പ്രവർത്തിയല്ല. സർക്കാർ ഉദ്യോഗസ്ഥരുടെ പെരുമാറ്റച്ചട്ടം ലംഘിക്കുന്ന നടപടികളാണ് തുടർച്ചയായി ബോർഡ് ഡയറക്ടർമാർക്കും സർക്കാർ ഉദ്യോഗസ്ഥർക്കും ബഹു: മന്ത്രിക്കും എതിരെ നിരന്തരം സുരേഷ് കുമാറിന്റെ ഭാഗത്തുനിന്നും ഉണ്ടാവുന്നതെന്ന് ബോർഡ് പറയുന്നു. അതുകൊണ്ട് തന്നെ അച്ചടക്കം ലംഘിക്കുന്ന ഉദ്യോഗസ്ഥനെതിരെ കർശന നടപടി തുടരാനാണ് ചെയർമാൻ അശോകിന്റെ തീരുമാനം.

സ്പെൻഷനിലായ ഉദ്യോഗസ്ഥ വീഴ്ച സമ്മതിച്ചിട്ടും വൈദ്യുതി ബോർഡ് ചെയർമാൻ ബി. അശോകിനെതിരേ പ്രതിഷേധം തുടർന്ന കെ.എസ്.ഇ.ബി. ഓഫീസേഴ്സ് അസോസിയേഷൻ പ്രസിഡന്റ് എം.ജി. സുരേഷ് കുമാറിനു സസ്പെൻഷൻ നൽകിയത് എല്ലാ വിധ അന്വേഷണങ്ങലും നടത്തിയാണ്. ഇതോടെ അസോസിയേഷനുമായുള്ള പോരിൽ ചെയർമാനു മന്ത്രി കെ. കൃഷ്ണൻ കുട്ടി പിന്തുണ നൽകിയതോടെ വൈദ്യുതി വകുപ്പിലെ തർക്കം ഹൈ വോൾട്ടേജിൽ എത്തി. എം.എം. മണിയും എ.കെ. ബാലനും മന്ത്രിമാരായിരിക്കെ പഴ്സണൽ സ്റ്റാഫംഗമായിരുന്ന സുരേഷ് കുമാറിനെതിരേ ഉടനടി നടപടിയുണ്ടായത് അസോസിയേഷനെ ഞെട്ടിച്ചു. തൽകാലം ഉടൻ സസ്‌പെൻഷൻ പിൻവലിക്കില്ല. മുഖ്യമന്ത്രിയുടെ ഓഫീസിനേയും കാര്യങ്ങൾ കെ എസ് ഇ ബി ധരിപ്പിച്ചിട്ടുണ്ട്.

ഒരു ഇടതുപക്ഷ അനുഭാവ ഓഫീസർ സംഘടനാ നേതാവിന് യോജിക്കാത്ത നിലയിലുള്ള വ്യക്തിഗത പെരുമാറ്റവും ധാർഷ്ട്യവും നിറഞ്ഞ സംസാരവും പ്രവർത്തിയുമാണ് അദ്ദേഹത്തിന്റെ ഭാഗത്തുനിന്ന് തുടരെ മാനേജ്‌മെന്റും സർക്കാരും കാണുന്നത്. നിയമാനുസൃതമായ സംഘടനാ പ്രവർത്തനം അദ്ദേഹത്തിന് അനുവദിച്ചിട്ടുണ്ട് എങ്കിലും ബോർഡിന്റെ നയപരമായ കാര്യങ്ങളിലും മാനവ വിഭവ ശേഷി വകുപ്പിന്റെ നടപടികളിലും അദ്ദേഹം ദൈനംദിനമായി ഇടപെടുകയും ബോർഡ് മാനേജ്‌മെന്റിന്റെ തനിക്ക് ഹിതകരമല്ലാത്ത നടപടികളിൽ ചെയർമാൻ അടക്കമുള്ള സീനിയർ ബോർഡ് ഉദ്യോഗസ്ഥരെ അധിക്ഷേപിച്ചുകൊണ്ട് പരസ്യമായി മാധ്യമങ്ങളിൽ തുടർച്ചയായി തെറ്റായ പ്രസ്താവനകൾ നടത്തി വരുകയും ചെയ്യുന്നു.

പലകുറി നേരിട്ട് ഉപദേശിച്ചുവെങ്കിലും ഉത്തരവാദിത്വഹീനമായ വ്യക്തിഗതമായ ഈ സ്വഭാവ സവിശേഷത ബോർഡിന്റെ പ്രതിച്ഛായയ്ക്കും സർക്കാർ നയങ്ങൾക്കും തന്നെയും ബാധ്യതയാക്കുന്ന വിധത്തിലാണ് ഉള്ളത്. ഇടതു മുന്നണി സംവിധാനത്തിനും കൂട്ടുകക്ഷി മന്ത്രിസഭയ്ക്കും പ്രവർത്തിയ്‌ക്കേണ്ട നല്ല പ്രവർത്തന സാഹചര്യം ഇല്ലായ്മ ചെയ്യുന്ന രീതിയിലുള്ള വിമർശനങ്ങളാണ് ഒറ്റയാൻ മാതൃകയിൽ ഉന്നയിച്ചു പോരുന്നത്.

വൈദ്യുതി മന്ത്രി നിയമസഭയിൽ നൽകിയ മറുപടി തീരെ തൃപ്തികരമല്ലായെന്ന് കെ.എസ്.ഇ.ബി. ഓഫീസേഴ്‌സ് അസോസിയേഷനു വേണ്ടി അതിന്റെ ജനറൽ സെക്രട്ടറി ശ്രീ. ബി. ഹരികുമാർ ശ്രീ.എം.ജി. സുരേഷ് കുമാറിന്റെ നിർദ്ദേശത്തിൽ കത്തു നൽകി. നിയമസഭയിൽ സ്വതന്ത്രമായി ഉത്തരം തയ്യാർ ചെയ്ത് ഉത്തരവാദിത്വത്തോടു കൂടി മറുപടി നൽകേണ്ട മന്ത്രിയുടെ ഭരണഘടനാച്ചുമതല പൂർണമായും കെ.എസ്.ഇ.ബി. ഓഫീസേഴ്‌സ് അസോസിയേഷന്റെ നിർദ്ദേശാനുസരണം ആയിരിക്കണം എന്നു സൂചിപ്പിക്കുന്നതിലെ അഭംഗിയും അതൃപ്തിയും ബോർഡ് ഗൗരവത്തോടെ എടുക്കുന്നു.

23-12-2021-ൽ ബോർഡിന്റെ ഒരു ചീഫ് എഞ്ചിനീയർക്ക് ബോർഡ് ഡയറക്ടറുടെ പരാതിയിന്മേൽ നൽകിയ വിശദീകരണത്തിനുള്ള മെമോയ്ക്ക് എതിരെ സുരേഷ് കുമാറിന്റെ നേതൃത്വത്തിൽ 2022 ഡിസംബർ 23-ന് കെ.എസ്.ഇ.ബി. ഓഫീസേഴ്‌സ് അസോസിയേഷൻ വൈദ്യുതി ഭവനിൽ വായ മൂടിക്കെട്ടി പ്രകടനം നടത്തുകയുണ്ടായി. ബോർഡിന്റെ പ്രവർത്തി സമയത്തിനിടെ വായ മൂടിക്കെട്ടി നടത്തിയ പ്രകടനം ചട്ടവിരുദ്ധമാണെന്നു ചൂണ്ടിക്കാട്ടിയതിന് എതിരെ 30-12-2021 ന് സുരേഷ് കുമാർ വീണ്ടും ബോർഡിന് ബാധകമായ സർക്കാർ സേവന ചട്ടങ്ങൾ റദ്ദു ചെയ്യേണ്ടതാണെന്ന് കാട്ടി സർക്കാരിന് നിവേദനം സമർപ്പിക്കുകയുണ്ടായി.

വൈദ്യുതി മന്ത്രിയും ചെയർമാനും പങ്കെടുത്ത ബോർഡിലെ നവവത്സര ദിനാശംസകളെക്കുറിച്ച് സുരേഷ് കുമാർ വിശദമായ ഒരു വിമർശനക്കുറിപ്പ് അയച്ചുതരികയുണ്ടായി. ഇതു കൂടാതെ കാലാകാലത്ത് ഉന്നയിക്കുന്ന ആവശ്യങ്ങൾ ചർച്ച ചെയ്യുവാൻ മാനേജ്‌മെന്റ് സമയം അനുവദിച്ച വേളകളിൽ അത്യന്തം പരുഷമായും ശബ്ദം ഉയർത്തിയും തീർത്തും മോശമായ അംഗവിക്ഷേപങ്ങളോടെയും ബോർഡിന്റെ സീനിയർ ഉദ്യോഗസ്ഥൻ എന്ന നിലയിലുള്ള തന്റെ പദവി മറന്ന് എം.ജി. സുരേഷ് കുമാർ തുടർച്ചയായി പെരുമാറുന്നതായി കാണുന്നു. ബോർഡ് ഡയറക്ടർമാരെ അധിക്ഷേപിച്ച് സംബോധന ചെയ്യുന്നതായും തിരുത്തലിന് വിധേയനാകാൻ വിസമ്മതിക്കുന്നതായും കാണുന്നു.

ഡയറക്ടർ ബോർഡിലെ ഏറ്റവും മുതിർന്ന ഡയറക്ടറോട് കയർത്തു സംസാരിച്ചതിനെ തുടർന്ന് കാരണം കാണിക്കൽ നോട്ടീസ് നൽകുകയും സംഘടനയുടെ ജനറൽ സെക്രട്ടറി വഴി പിന്നീട് ഖേദപ്രകടനം നടത്തിയതിനെ തുടർന്ന് നോട്ടീസ് മരവിപ്പിച്ച് മാനേജ്‌മെന്റ് മേൽനടപടി നല്ല പ്രവർത്തന അന്തരീക്ഷത്തിന്റെ താൽപര്യത്തിൽ ഒഴിവാക്കുകയും ചെയ്തു

വൈദ്യുതി ബോർഡിൽ സംസ്ഥാന ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്‌സിനെ നിയോഗിക്കുന്നതുമായി ബന്ധപ്പെട്ട് ബോർഡ് എടുത്ത തീരുമാനത്തിനെതിരെ മറ്റു സംഘടനകളെ കൂട്ടിച്ചേർത്തുകൊണ്ട് ചട്ടപ്രകാരം അനുവദിക്കുന്നതല്ലാത്ത വിധത്തിൽ 5 ദിവസം നീണ്ട സമരം സംഘടിപ്പിച്ചതുംസുരേഷ് കുമാറിന്റെ കൂടി നേതൃത്വത്തിലായിരുന്നു. സുരക്ഷാ ക്രമീകരണം ഉണ്ടായാൽ പതിവുള്ളതുപോലെ അഹിതകരമായ ഉത്തരവുകളോ നിർദ്ദേശങ്ങളോ നൽകുന്ന ഉദ്യോഗസ്ഥരുടെ മുറിയിൽ കടന്നുകയറി അവരെ ഭീഷണിപ്പെടുത്തുന്ന ശൈലി ഒഴിവാക്കേണ്ടി വരും എന്നതാണ് എസ്‌ഐ.എസ്.എഫിന്റെ നിയോഗത്തെക്കുറിച്ച് എം.ജി. സുരേഷ് കുമാർ തർക്കം ഉന്നയിക്കാനുള്ള അടിസ്ഥാന കാരണം.

സമരശേഷം ഈ ആവശ്യം ചർച്ച ചെയ്ത് പരിഹരിച്ചതിനു ശേഷവും സുരേഷ് കുമാർ കമ്പനി മാനേജ്‌മെന്റിനും സർക്കാരിനും എതിരായ പ്രവർത്തനങ്ങളിൽ തുടരെ സജീവമാണ്. ബോർഡിന്റെ ആസ്ഥാനത്ത് തന്നെ നിയമിതനായ സുരേഷ് കുമാർ ബോർഡിന്റെ ദൈനംദിന പ്രവർത്തനങ്ങൾക്ക് തടസ്സം ഉണ്ടാക്കത്തക്ക വിധം തുടർച്ചയായി ഉദ്യോഗസ്ഥരുമായി ശണ്ഠ കൂടുകയും നിയമം അനുശാസിക്കുന്ന സംഘടനാ പ്രവർത്തനത്തിന് അപ്പുറം സഞ്ചരിച്ച് ബോർഡിന്റെ രേഖകൾ സർക്കാരിനു കൈമാറുകയും വൈദ്യുതി വകുപ്പിൽ ഭരണ പ്രതിസന്ധികൾ സൃഷ്ടിക്കാൻ പരമാവധി ശ്രമിക്കുന്നതായും അറിയുന്നു.

സ്വകാര്യ ടെലിവിഷൻ ചാനലിൽ പ്രത്യക്ഷപ്പെട്ട് സുരേഷ് കുമാർ അന്നേ ദിവസം ഹൈക്കോടതി പുറപ്പെടുവിച്ച ഡയസ് നോൺ നടപ്പാക്കിക്കൊണ്ടുള്ള ഉത്തരവിനെയും തുടർന്ന് ചീഫ് സെക്രട്ടറി സർക്കാരിനു വേണ്ടി പുറപ്പെടുവിച്ച സർക്കാർ ഉത്തരവിനെയും കടന്നാക്രമിച്ചുകൊണ്ട് കോടതി ഉത്തരവ് ലംഘിച്ചുകൊണ്ട് കെ.എസ്.ഇ.ബി.എൽ-ൽ സമരം തുടരും എന്ന് പ്രസ്താവിച്ചിരുന്നു.

സംഘടനയുടെ സംസ്ഥാന ഭാരവാഹിയായ എക്സിക്യൂട്ടീവ് എൻജിനീയർ ജാസ്മിൻ ബാനുവിന്റെ സസ്പെൻഷനിലായിരുന്നു തുടക്കം. ചട്ടപ്രകാരം അവധിയെടുക്കാതെയും ചുമതല കൈമാറാതെയും ജോലിയിൽനിന്നു വിട്ടുനിന്നതിന്റെ പേരിലാണ് അശോക് അവരെ സസ്പെൻഡ് ചെയ്തത്. സസ്പെൻഷൻ പിൻവലിക്കണമെന്നഭ്യർഥിച്ചു നൽകിയ നിവേദനത്തിൽ ജാസ്മിൻ വീഴ്ച സമ്മതിച്ചു. എന്നാൽ, സസ്പെൻഷൻ പിൻവലിക്കാൻ ചെയർമാൻ വിസമ്മതിച്ചതോടെയാണു രാഷ്ട്രീയ പിൻബലമുള്ള അസോസിയേഷൻ ഇടഞ്ഞത്. ഡെപ്യൂട്ടി ചീഫ് എൻജിനീയറുടെ വാക്കാലുള്ള അനുമതിയോടെയാണു ജാസ്മിൻ അവധിയിൽ പോയതെന്ന് ചീഫ് എൻജിനീയർ റിപ്പോർട്ട് നൽകിയിട്ടുണ്ടെന്ന് ഓഫീസേഴ്സ് അസോസിയേഷൻ പറയുന്നു.

സസ്പെൻഷൻ പിൻവലിക്കാൻ നിവേദനം നൽകിയ ജാസ്മിനെ ചെയർമാൻ പരിഹസിച്ചെന്ന ആരോപണവുമായി അവർ പ്രതിഷേധം കടുപ്പിച്ചു. ഡയസ്നോൺ ഉത്തരവ് അവഗണിച്ച് സിപിഎം. അനുകൂല സംഘടനയായ ഓഫീസേഴ്സ് അസോസിയേഷൻ ചൊവ്വാഴ്ച വൈദ്യുതി ബോർഡ് ആസ്ഥാനത്തിനു മുന്നിൽ അർധദിന സത്യഗ്രഹം നടത്തി. പ്രതിഷേധത്തിനിടെ ബോർഡ് യോഗത്തിലേക്കു തള്ളിക്കയറിയ എം.ജി. സുരേഷ് കുമാറിനെയും ചെയർമാൻ സസ്പെൻഡ് ചെയ്യുകയായിരുന്നു. തനിക്കെതിരായ നടപടി രാഷ്ട്രീയപ്രേരിതമാണെന്നും സമരം ചെയ്തതിന് ബോർഡ് ചെയർമാൻ പ്രതികാരം ചെയ്യുകയാണെന്നുമാണ് സുരേഷ് കുമാറിന്റെ ആരോപണം. ചെയർമാന്റെ ഏകപക്ഷീയ നടപടി അംഗീകരിക്കില്ല. തുടർനടപടി സംഘടനയോട് ആലോചിച്ച് തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാന പ്രസിഡന്റായ സുരേഷ് കുമാറിന്റെ സസ്പെൻഷനിൽ പ്രതിഷേധിച്ച് ഓഫീസേഴ്സ് അസോസിയേഷൻ ചെയർമാനെതിരേ നിലപാട് കടുപ്പിച്ചിരിക്കുകയാണ്. സസ്പെൻഷനെ മന്ത്രി കൃഷ്ണൻകുട്ടി ന്യായീകരിച്ചതോടെ പ്രതിഷേധം ആളിക്കത്തി. ബോർഡ് ആസ്ഥാനത്തിനു മുന്നിലും വിവിധ കെ.എസ്.ഇ.ബി. ഓഫീസുകളിലും ഇന്നലെ പ്രതിഷേധപരിപാടി സംഘടിപ്പിച്ചു. പ്രശ്നം പരിഹരിക്കാൻ ഇടപെടുമെന്നു മന്ത്രി സൂചിപ്പിച്ചിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP