Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

മെഡിസെപ് ആദ്യ പട്ടികയിൽ 162 ആശുപത്രികൾ; ആർസിസി, ശ്രീചിത്രയ്ക്കുമൊപ്പം ഇനിയും ചേരാതെ ഒട്ടേറെ സഹകരണ ആശുപത്രികൾ; കാസ്പ് പദ്ധതിയിലെ കുടിശിക തന്നാലേ ചേരൂ എന്ന് ചില ആശുപത്രികൾ

മെഡിസെപ് ആദ്യ പട്ടികയിൽ 162  ആശുപത്രികൾ; ആർസിസി, ശ്രീചിത്രയ്ക്കുമൊപ്പം ഇനിയും ചേരാതെ ഒട്ടേറെ സഹകരണ ആശുപത്രികൾ; കാസ്പ് പദ്ധതിയിലെ കുടിശിക തന്നാലേ ചേരൂ എന്ന് ചില ആശുപത്രികൾ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സംസ്ഥാന സർക്കാർ ജീവനക്കാർക്കും അദ്ധ്യാപകർക്കുമായുള്ള ആരോഗ്യ ഇൻഷുറൻസ് പദ്ധതിയിൽ ആദ്യഘട്ടത്തിൽ 162 ആശുപത്രികൾ ചേർന്നു. എന്നാൽ, സർക്കാരിന്റെ സഹായത്തോടെ പ്രവർത്തിക്കുന്ന റീജനൽ കാൻസർ സെന്റർ, ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ്, ഒട്ടേറെ സഹകരണ ആശുപത്രികൾ എന്നിവ പദ്ധതിയിൽ ചേരാതെ വിട്ടുനിൽക്കുകയാണ്.

വിഷുവിനോ മേയിലോ പദ്ധതി തുടങ്ങാൻ സർക്കാർ ആലോചിക്കുന്നെങ്കിലും കൂടുതൽ ആശുപത്രികളെ ഉൾപ്പെടുത്താനുള്ള രാഷ്ട്രീയ സമ്മർദം ഉണ്ടാകുന്നില്ലെന്നാണു സർവീസ് സംഘടനകളുടെയും പെൻഷൻ സംഘടനകളുടെയും പരാതി. ഈ മാസം മുതൽ മെഡിസെപ് പരിരക്ഷ കിട്ടിത്തുടങ്ങുമെന്നു കരുതി മറ്റ് ഇൻഷുറൻസ് പദ്ധതികളിൽനിന്നു പിൻവാങ്ങിയവരും വെട്ടിലായി. കൂടുതൽ ആശുപത്രികളെ പങ്കെടുപ്പിക്കുന്നതിനാൽ ആരോഗ്യ സെക്രട്ടറി ഉടൻ യോഗം വിളിക്കണമെന്നു തീരുമാനിച്ചിരുന്നെങ്കിലും ഇതുവരെ അതുണ്ടായിട്ടില്ല.

ആരോഗ്യ വകുപ്പിനു കീഴിലെ കാസ്പ് പദ്ധതി പ്രകാരം അതിതീവ്ര കോവിഡ് വ്യാപന സമയത്തു സൗജന്യ ചികിത്സ നൽകിയ ആശുപത്രികൾക്കു സർക്കാർ ഇനിയും പണം നൽകാനുണ്ട്. ഈ പണം കിട്ടിയാലേ മെഡിസെപ്പിൽ ചേരൂ എന്ന വാശിയിലാണ് ഒട്ടേറെ ആശുപത്രികൾ. മെഡിസെപ്പിൽ ചേർന്നാൽ കൂടിയ ചികിത്സാനിരക്ക് തുടർന്നു നൽകില്ലെന്ന ഭീഷണിയുമായി ചില സ്വകാര്യ ഇൻഷുറൻസ് കമ്പനികൾ ആശുപത്രികളെ സമീപിച്ചിട്ടുമുണ്ട്. ഈ രണ്ടു പ്രശ്‌നങ്ങളും പരിഹരിക്കാൻ സർക്കാരിന്റെ കർശന ഇടപെടൽ ആവശ്യമാണ്.

ഏറ്റവും കൂടുതൽ ഗുണഭോക്താക്കളുള്ളത് തിരുവനന്തപുരം ജില്ലയിലാണ്. ഇവിടെ ജൂബിലി, നിംസ്, കാരക്കോണം മെഡിക്കൽ കോളജ് തുടങ്ങി 16 ആശുപത്രികളാണു സമ്മതമറിയിച്ചത്. കണ്ണൂരിൽ ആസ്റ്റർ മിംസ്, എകെജി, മലപ്പുറത്ത് സൺറൈസ്, കോട്ടയ്ക്കൽ ആസ്റ്റർ മിംസ്, പാലക്കാട്ട് അവൈറ്റിസ്, തൃശൂരിൽ അമല, വെസ്റ്റ് ഫോർട്ട്, എറണാകുളത്ത് ആസ്റ്റർ മെഡിസിറ്റി, സൺറൈസ്, രാജഗിരി, പത്തനംതിട്ടയിൽ പുഷ്പഗിരി മെഡിക്കൽ കോളജ്, കോഴിക്കോട്ട് കെഎംസിടി, മിംസ്, ഇഖ്‌റ തുടങ്ങിയവയാണു പദ്ധതിയിൽ ചേർന്ന ആശുപത്രികൾ. ഓറിയന്റൽ ഇൻഷുറൻസ് കമ്പനിക്കു ഗുണഭോക്താക്കളുടെ വിവരം സർക്കാർ കഴിഞ്ഞ ദിവസം കൈമാറി.

പദ്ധതിയിൽ ചേർന്ന ആശുപത്രികൾ

എറണാകുളം 25

മലപ്പുറം 21

തൃശൂർ 19

തിരുവനന്തപുരം 16

കോഴിക്കോട് 15

കൊല്ലം 14

പാലക്കാട് 8

കാസർകോട് 7

പത്തനംതിട്ട 7

ആലപ്പുഴ 7

കോട്ടയം 6

കണ്ണൂർ 6

വയനാട് 6

ഇടുക്കി 5

ആകെ 162

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP