Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

സിപിഎമ്മിന്റെ പ്രണയ തട്ടിപ്പിൽ കെ വി തോമസ് വീഴുമോ എന്ന് ഇന്നറിയാം; ചെറിയാൻ ഫിലിപ്പിന്റെ മുന്നറിയിപ്പ് വൈറലായിട്ടും മനസ്സ് ഇടത്തേക്ക് തന്നെയെന്ന സൂചന നൽകി തോമസ്; കണ്ണൂരിൽ എത്തിയാൽ തടയാൻ യൂത്ത് കോൺഗ്രസ്; സുധാകരനും കർശന നിലപാടിൽ; പാർട്ടി കോൺഗ്രസിൽ ഇന്ന് തോമസ് നിലപാട് പ്രഖ്യാപിക്കും

സിപിഎമ്മിന്റെ പ്രണയ തട്ടിപ്പിൽ കെ വി തോമസ് വീഴുമോ എന്ന് ഇന്നറിയാം; ചെറിയാൻ ഫിലിപ്പിന്റെ മുന്നറിയിപ്പ് വൈറലായിട്ടും മനസ്സ് ഇടത്തേക്ക് തന്നെയെന്ന സൂചന നൽകി തോമസ്; കണ്ണൂരിൽ എത്തിയാൽ തടയാൻ യൂത്ത് കോൺഗ്രസ്; സുധാകരനും കർശന നിലപാടിൽ; പാർട്ടി കോൺഗ്രസിൽ ഇന്ന് തോമസ് നിലപാട് പ്രഖ്യാപിക്കും

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: കോൺഗ്രസ് നേതൃത്വത്തിന്റെ വിലക്കു ലംഘിച്ചു മുതിർന്ന നേതാവ് കെ.വി.തോമസ് സിപിഎം പാർട്ടി കോൺഗ്രസിലെ സെമിനാറിൽ പങ്കെടുക്കുമെന്ന് സൂചന. കോൺഗ്രസിന്റെ വിലക്ക് മറികടക്കാനാണ് സാധ്യത. തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ തോമസാകും ഇടതു മുന്നണിയുടെ സ്വതന്ത്ര സ്ഥാനാർത്ഥിയെന്നും സൂചനയുണ്ട്. തോമസ് മത്സരിക്കാൻ വിസമ്മതിച്ചാൽ തോമസ് പറയുന്ന ആൾക്ക് സീറ്റ് നൽകും. എറണാകുളം ലോക്‌സഭാ സ്ഥാനാർത്ഥിയും സിപിഎം തോമസിന്റെ മനസ്സ് മനസ്സിലാക്കിയാകും തീരുമാനിക്കുക.

സിപിഎം സമ്മേളനത്തിൽ പങ്കെടുക്കുന്ന കാര്യത്തിൽ ഇന്നു രാവിലെ 11 നു മാധ്യമ സമ്മേളനത്തിൽ നിലപാട് വ്യക്തമാക്കുമെന്നു കെ.വി.തോമസ് പറഞ്ഞു. എന്നാൽ കെപിസിസി അധ്യക്ഷൻ കെ സുധാകരൻ ഉറച്ച നിലപാടിലാണ്. കണ്ണൂരിൽ എത്തിയാൽ തോമസിനെ തടയാനും പദ്ധതിയുണ്ട്. അതുകൊണ്ട് തന്നെ തോമസിന് കനത്ത സുരക്ഷ ഒരുക്കാനാണ് സിപിഎം തീരുമാനം. പൊലീസിന് ഇതുസംബന്ധിച്ച നിർദ്ദേശം നൽകിയിട്ടുണ്ട്. ഒൻപതിന് തോമസ് സെമിനാറിൽ പങ്കെടുക്കുമെന്ന് തന്നെയാണ് സിപിഎം നൽകുന്ന സൂചന.

പാർട്ടിയിൽനിന്നു പുറത്തുപോകാൻ മനസ്സുണ്ടെങ്കിലേ തോമസ് സിപിഎം സെമിനാറിൽ പങ്കെടുക്കൂ എന്ന കെപിസിസി പ്രസിഡന്റ് കെ.സുധാകരന്റെ പ്രസ്താവനയെക്കുറിച്ച് 'അങ്ങനെയൊക്കെ പറയാമോ' എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. കെ.വി.തോമസ് കോൺഗ്രസ് വിരുദ്ധ നിലപാട് എടുക്കില്ലെന്നും പാർട്ടി അച്ചടക്കത്തിന്റെ ഫ്രെയിമിൽ നിൽക്കുന്ന നേതാവാണ് അദ്ദേഹമെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഗുരുവായൂരിൽ പറഞ്ഞു. തോമസ് സമ്മേളനത്തിൽ പങ്കെടുത്താൽ ഉടൻ കോൺഗ്രസിൽ നിന്ന് പുറത്താക്കാനാണ് സാധ്യത.

പാർട്ടി കോൺഗ്രസുമായി ബന്ധപ്പെട്ട സെമിനാറിൽ പങ്കെടുക്കരുതെന്ന് കോൺഗ്രസ് നേതൃത്വം കർശനമായി പറയുമ്പോഴും പങ്കെടുക്കില്ലെന്ന് ഉറപ്പിച്ച് പറയാതെ തീരുമാനം സസ്‌പെൻസിൽ നിർത്തിയിരിക്കുകയാണ് സിപിഎം. പങ്കെടുത്താൽ നടപടി ഉറപ്പെന്ന് കെ.വി തോമസിന് അറിയാമെങ്കിലും പങ്കെടുക്കാനെത്തിയാൽ അത് പല കണക്ക് കൂട്ടലും നടത്തിയുള്ളതാവും. ഹൈക്കമാൻഡ് നോ പറഞ്ഞിട്ടും പ്രതികരിക്കാതിരിക്കുകയാണ് അദ്ദേഹം. മാത്രമല്ല സെമിനാറിൽ പങ്കെടുക്കേണ്ടതിന്റെ ആവശ്യത്തെ കുറിച്ച് കെ.വി തോമസിന്റെ നിരന്തരമായുള്ള പ്രതികരണങ്ങളും ഇതിനിടെ ചർച്ചയായിട്ടുമുണ്ട്.

മത്സരിക്കാൻ ആഗ്രഹിച്ചിട്ടും നിയമസഭാ തിരുഞ്ഞെടുപ്പിൽ സീറ്റ് ലഭിക്കാത്തത് മുതൽ പാർട്ടിയിൽ അസ്വസ്ഥനാണ് കെ.വി തോമസ്. ലോക്‌സഭയിൽ സിറ്റിങ് സീറ്റും നിഷേധിച്ചു. രാജ്യസഭാ തിരഞ്ഞെടുപ്പിലും പരിഗണിക്കാതെ വന്നതോടെ തന്നെ പാർട്ടി തഴയുകയും അപമാനിക്കുകയുമാണെന്ന ആരോപണവുമായും എത്തി. ഇതിനിടെ വന്നതാണ് കണ്ണൂരിൽ നടക്കുന്ന പാർട്ടി കോൺഗ്രസിലെ സെമിനാറിൽ സംസാരിക്കാനുള്ള ക്ഷണം. ഇത് വില പേശലിനുള്ള മാർഗ്ഗമായി കാണുകയാണ് അദ്ദേഹം.

പാർട്ടി കോൺഗ്രസിൽ പങ്കെടുക്കാൻ തീരുമാനിച്ച ശശി തരൂർ എംപി, ഐ.എൻ.ടി.യു.സി നേതാവ് ആർ.ചന്ദ്രശേഖരൻ എന്നിവർക്ക് പാർട്ടി അധ്യക്ഷ സോണിയാ ഗാന്ധി അനുമതി നിഷേധിച്ചപ്പോൾ പൂർണമനസ്സോടെയല്ലെങ്കിലും ഇവർ പങ്കെടുക്കുന്നില്ലെന്ന് അറിയിച്ചിരുന്നു. ഇതിൽ കെ.വി തോമസ് മാത്രമാണ് തീരുമാനം സസ്‌പെൻസിൽ നിർത്തിയത്. പാർട്ടി തീരുമാനം ലംഘിക്കുന്നവർ പാർട്ടിക്ക് പുറത്തായിരിക്കുമെന്ന് തന്നെയാണ് കെപിസിസി അധ്യക്ഷൻ കെ.സുധാകരന്റെ നിലപാട്. എന്നാൽ അദ്ദേഹം പരിപാടിയിൽ പങ്കെടുക്കുമെന്ന് തന്നെയാണ് സംഘാടകർ ഇപ്പോഴും അറിയിക്കുന്നത്.

സിപിഎമ്മിന്റെ പ്രണയ തട്ടിപ്പിൽ കെ.വി തോമസ് ദയവായി കുടുങ്ങരുതെന്നാണ് ഇത് സംബന്ധിച്ച് ഏറെ കാലം ഇടത് സഹായാത്രികനായി ഒടുവിൽ കോൺഗ്രസിൽ തിരിച്ചെത്തിയ ചെറിയാൻ ഫിലിപ്പ് പറയുന്നത്. പ്രണയം അഭിനയിച്ച് അടുത്തു കൂടി രക്തം ഊറ്റിക്കുടിച്ച ശേഷം വലിച്ചെറിയുന്ന രക്തരക്ഷസാണ് സിപിഎം. യൗവ്വനം മുതൽ ഇഎംഎസ് ഉൾപ്പെടെയുള്ളവർ തന്നെ സിപിഎം വേദികളിലേക്ക് ആനയിച്ചിരുന്നു. അന്നത്തെ സ്‌നേഹം വ്യാജമാണെന്ന് സഹയാത്രികനായ ശേഷമാണ് ബോധ്യപ്പെട്ടത്. ആ മരണക്കെണിയിൽ ഇരുപതു വർഷത്തെ രാഷ്ട്രീയ ജീവിതം ഹോമിക്കേണ്ടി വന്നു. അറവുശാലയിലേക്ക് കൊണ്ടുപോകുന്ന ആടുമാടുകളെ ഉടമസ്ഥർ ഒരിക്കലും പട്ടിണിക്കിടാറില്ല. കോൺഗ്രസിന്റെ ജനാധിപത്യ സംസ്‌ക്കാരത്തിൽ ജനിച്ചു വളർന്ന കെ.വി തോമസിന് സിപിഎമ്മിന്റെ വിധ്വംസക രാഷ്ട്രീയവുമായി ഒരിക്കലും പൊരുത്തപ്പെടാനാവില്ലെന്നും ചെറിയാൻ ഫിലിപ്പ് തന്റെ ഫേസ്‌ബുക്കിൽ പ്രതികരിച്ചു.

എന്നാൽ കെ.വി തോമസിനെ വിലക്കുന്നതിനെതിരേ അതി ശക്തമായി പ്രതികരിച്ചുകൊണ്ട് തന്നെയാണ് സെമിനാറിന്റെ ആദ്യ ദിവസം സിപിഎം നേതാക്കൾ വേദിക്കുള്ളിലേക്ക് കയറിയത്. ജനാധിപത്യവും മതനിരപേക്ഷതയും ആഗ്രഹിക്കുന്ന ഏതൊരാൾക്കും സെമിനാറിലേക്ക് വരാമെന്ന് സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എം.വി ജയരാജൻ പറഞ്ഞു. കെ.വി തോമസ് വരുമെന്ന് തന്നെയാണ് പ്രതീക്ഷ. കോൺഗ്രസ് നേതാക്കളെ വിലക്കിയതിൽ ഭാവിയിൽ കോൺഗ്രസ് ഖേദിക്കുമെന്നും ജയരാജൻ പറഞ്ഞു. വിലക്ക് കൽപിക്കുന്നതിൽ കോൺഗ്രസിനുള്ളിലെ മതനിരപേക്ഷ മനസ്സുകൾക്ക് തന്നെ അഭിപ്രായ െൃവത്യാസം വന്നിട്ടുണ്ടെന്ന് മന്ത്രി പി.മുഹമ്മദ് റിയാസും പ്രതികരിച്ചു. അത് വലിയ വികാരമായി ഉയർന്ന് വന്നിട്ടുണ്ട്. പ്രവർത്തകർ തന്നെ നേതൃത്വത്തെ തിരുത്തുമെന്നും മുഹമ്മദ് റിയാസ് പറഞ്ഞു.

കോൺഗ്രസ്സ് നേതൃത്വം വിലക്കിയിട്ടും കെ.വി. തോമസ് പങ്കെടുക്കുമോ എന്ന ചോദ്യം കോൺഗ്രസ്സിലും പൊതു ജനങ്ങളിലും ഒരു പോലെ ഉയരുന്നുണ്ട്. സിപിഎം. അക്രമത്തിൽ ജില്ലയിൽ എൺപത് കോൺഗ്രസ്സുകാർക്ക് രക്തസാക്ഷ്യം വഹിക്കേണ്ടി വന്നുവെന്ന കണക്ക് കോൺഗ്രസ്സ് നേതൃത്വം ഉയർത്തിക്കാട്ടിയിട്ടുണ്ട്. യഥാർത്ഥ കോൺഗ്രസ്സുകാരനെങ്കിൽ സിപിഎം. വേദിയിൽ എങ്ങിനെ പങ്കെടുക്കാനാകുമെന്നാണ് കോൺഗ്രസ്സുകാരുടെ ചോദ്യം. എന്നാൽ ഇതുവരേയും കെ.വി. തോമസ് കോൺഗ്രസ്സ് ജില്ലാ നേതൃത്വവുമായി ബന്ധപ്പെട്ടതായി വിവരമില്ല.

അതേ സമയം കോൺഗ്രസ്സ് വിലക്ക് ലംഘിച്ച് കെ.വി. തോമസ് കണ്ണൂരിലെത്തിയാൽ തടയണമെന്ന വികാരവും യൂത്ത് കോൺഗ്രസ്സിൽ ഉയർന്ന് വരുന്നുണ്ട്. തോമസിനെ കണ്ണൂരിൽ കാലു കുത്തിക്കരുതെന്ന വാശിയിലാണ് അവർ. എന്നാൽ യൂത്ത് കോൺഗ്രസ്സ് സംസ്ഥാന നേതൃത്വം തോമസിനെ അവഗണിക്കണമെന്ന നിലപാടിലാണ്. കെപിസിസി. നിർവ്വാഹക സമിതി അംഗമായ തോമസ് ആ പദവി ഉപേക്ഷിച്ചു മാത്രമേ സിപിഎം. വേദിയിൽ കയറാവൂ എന്ന അഭിപ്രായവും ഉന്നയിക്കപ്പെടുന്നുണ്ട്.

കോൺഗ്രസ്സിൽ നിന്നും എംഎൽഎ യും എം. പി. യും സംസ്ഥാന മന്ത്രിയും കേന്ദ്രമന്ത്രിയും ഒക്കെയായ കെ.വി. തോമസ് അണികളില്ലാത്ത നേതാവായി മാറിയിരിക്കയാണ്. സിപിഎം. ന്റെ ഓഫറിൽ കുടുങ്ങി സ്വപ്നം കാണുകയാണ് അദ്ദേഹമെന്ന് ആരോപണവും ഉന്നയിക്കപ്പെടുന്നുണ്ട്. തൃക്കാക്കര നിയമസഭാ മണ്ഡലത്തിൽ പി.ടി. തോമസിന്റെ നിര്യാണത്തോടെ ഒഴിവുവന്ന സീറ്റിൽ സിപിഎം. സ്വതന്ത്രനായി മത്സരിക്കാനാണ് അദ്ദേഹത്തിന്റെ നീക്കമെന്നും ആരോപണമുയർന്നിട്ടുണ്ട്. അതുകൊണ്ടു തന്നെ സിപിഎം. സെമിനാറിൽ പങ്കെടുക്കാൻ കെ.വി. തോമസ് കണ്ണൂരിലെത്തുമെന്നാണ് കരുതുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP