Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

പാർട്ടി കോൺഗ്രസിനിടെ വൈദ്യുതി ബോർഡിൽ ചെയർമാന്റെ സർജിക്കൽ സ്‌ട്രൈക്ക്! വിലക്കു ലംഘിച്ചു സമരം ചെയ്ത ഇടതു സംഘടനാ നേതാവിനെ സസ്‌പെൻഡ് ചെയ്തു കെഎസ്ഇബി; എംഎം മണിയുടെയും എകെ ബാലന്റെയും പേഴ്‌സണൽ സ്റ്റാഫ് അംഗമായിരുന്ന എം ജി സുരേഷ് കുമാറിന് എതിരായ നടപടിയിൽ സിപിഎമ്മിനും ഞെട്ടൽ; ബി അശോക് രണ്ടും കൽപ്പിച്ചോ?

പാർട്ടി കോൺഗ്രസിനിടെ വൈദ്യുതി ബോർഡിൽ ചെയർമാന്റെ സർജിക്കൽ സ്‌ട്രൈക്ക്! വിലക്കു ലംഘിച്ചു സമരം ചെയ്ത ഇടതു സംഘടനാ നേതാവിനെ സസ്‌പെൻഡ് ചെയ്തു കെഎസ്ഇബി; എംഎം മണിയുടെയും എകെ ബാലന്റെയും പേഴ്‌സണൽ സ്റ്റാഫ് അംഗമായിരുന്ന എം ജി സുരേഷ് കുമാറിന് എതിരായ നടപടിയിൽ സിപിഎമ്മിനും ഞെട്ടൽ; ബി അശോക് രണ്ടും കൽപ്പിച്ചോ?

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കണ്ണൂരിൽ സിപിഎം പാർട്ടി കോൺഗ്രസ് നടക്കവേ വൈദ്യുതി ബോർഡിൽ സുപ്രധാനമായ നടപടി. കെഎസ്ഇബിയിലെ സിപിഎം അനുകൂല ഓഫിസർമാരുടെ സംഘടനാ നേതാവായ എം ജി സുരേഷ് കുമാറിനെ ബോർഡ് സസ്‌പെൻഡ് ചെയ്തു. കെഎസ്ഇബി ഓഫീസേഴ്‌സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റാണ് എം ജി സുരേഷ് കുമാർ. മുൻ മന്ത്രിമാരായ എംഎം മണിയുടെയും എ കെ ബാലന്റെയും പേഴ്‌സണൽ സ്റ്റാഫ് അംഗമായിരുന്ന മുതിർന്ന നേതാവു കൂടിയാണ് അദ്ദേഹം. അതുകൊണ്ട് തന്നെ സുരേഷ് കുമാറിനെ സസ്‌പെന്റ് ചെയ്ത നടപടിയിൽ സിപിഎമ്മിനും ഞെട്ടൽ ഉണ്ടായിട്ടുണ്ട്.

ഇന്നലെ വിലക്കു ലംഘിച്ചു സമരം ചെയ്തതിന്റെ പേരിലാണ് കെഎസ്ഇബി ചെയർമാൻ ബി അശോക് നടപടി എടുത്തിരിക്കുന്നത്. നടപടിയെ തുടർന്ന് കെഎസ്ഇബി ആസ്ഥാനത്ത് ജീവനക്കാർ പ്രതിഷേധം നടത്തുകയാണ്. തനിക്കെതിരായ നടപടി രാഷ്ട്രീയ പ്രേരിതമാണെന്നാണ് സുരേഷ് കുമാർ ആരോപിക്കുന്നത്. സമരത്തിന് ആഹ്വാനം ചെയ്തതിന്റെ പേരിലാണ് സസ്‌പെൻഷൻ. ഇത് ബി അശോകിന്റെ തന്നിഷ്ടപ്രകാരമുള്ള നടപടി ആണെന്നും അദ്ദേഹം ആരോപിച്ചു. സസ്‌പെൻഷൻ അംഗീകരിക്കില്ലെന്നും ചെയർമാന്റേത് ഏകപക്ഷീയമായ നടപടി ആണെന്നും സുരേഷ് കുമാർ പറഞ്ഞു.

സുരേഷ്‌കുമാറിന്റെ സസ്‌പെൻഷൻ നടപടിയെ തുടർന്ന് കെഎസ്ഇബി ഓഫീസുകളിൽ പ്രതിഷേധം നടക്കുകയാണ്. മിക്കയിടങ്ങളിലും പ്രതിഷേധവുമായി ജീവനക്കാർ രംഗത്തുണ്ട്. അതേസമയം സസ്‌പെൻഷൻ നടപടിയോട് ചെയർമാൻ ബി അശോക് പ്രതികരിച്ചിട്ടില്ല. മുതിർന്ന് നേതാവിന്റെ സസ്‌പെൻഷൻ നടപടിയിൽ സിപിഎമ്മിനും ഞെട്ടൽ ഉണ്ടായിട്ടുണ്ട്. വൈദ്യുതി വകുപ്പ് മന്ത്രി അറിഞ്ഞു കൊണ്ടുള്ള തീരുമാനമാണോ ഇത് എന്നത് അടക്കമുള്ള വിവരങ്ങളാണ് ഇനി അറിയാനുള്ളത്.

ചെയർമാൻ ബി. അശോകും ജീവനക്കാരുമായി വീണ്ടും കടുത്ത ഭിന്നത രൂപപ്പെട്ട വൈദ്യുതി ബോർഡിൽ ഡയസ്‌നോൺ ഭീഷണി തള്ളി സിപിഎം അനുകൂല ഓഫിസർമാർ ഇന്നലെ സമരം നടത്തിയിരുന്നു. ഇന്നലെ സമരക്കാർ കെ.എസ്.ഇ.ബി ഡയറക്ടർ ബോർഡ് യോഗത്തിലേക്കും സമരക്കാർ തള്ളിക്കയറി. അരമണിക്കൂറോളം യോഗം തടസ്സപ്പെട്ടു. നേതാക്കൾ ഇടപെട്ട ശേഷമാണ് സമരക്കാർ പുറത്തുപോയത്. ഓഫിസേഴ്‌സ് അസോസിയേഷൻ ഭാരവാഹിയായ വനിത എക്‌സി. എൻജിനീയർ ജാസ്മിൻ ബാനുവിന്റെ സസ്‌പെൻഷനാണ് ഭിന്നതക്ക് ഇടയാക്കിയത്.

സസ്‌പെൻഷൻ റദ്ദാക്കണമെന്നും ബോർഡ് ചെയർമാന്റെ പ്രതികാര നടപടി അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു സമരം. വനിത സബ്കമ്മിറ്റിയുടെ പേരിലാണ് അർധദിന സത്യഗ്രഹം പ്രഖ്യാപിച്ചതെങ്കിലും പിന്നീട് മറ്റുള്ളവരും പങ്കുചേർന്നു. സമരം നേരിടാൻ കെ.എസ്.ഇ.ബി ഡയസ്‌നോൺ പ്രഖ്യാപിച്ചിരുന്നു. ഇത് കാര്യമാക്കാതെയാണ് ഓഫിസർമാർ കൂട്ടത്തോടെ മുദ്രാവാക്യം മുഴക്കി ധർണ നടത്തിയത്. സസ്‌പെൻഷൻ വിഷയത്തിൽ പരാതി ലഭിച്ചിട്ടില്ലെന്ന നിലപാടിലാണ് മന്ത്രി കെ. കൃഷ്ണൻകുട്ടിയും.

ഡയസ്‌നോൺ, അച്ചടക്ക നടപടി ഭീഷണി അവഗണിച്ച് അഞ്ഞൂറോളം ഓഫിസർമാർ പ്രതിഷേധത്തിൽ പങ്കെടുത്തതായി അസോസിയേഷൻ നേതാക്കളായ ഡോ. എം.ജി. സുരേഷ് കുമാർ, ബി. ഹരികുമാർ എന്നിവർ അറിയിച്ചു. 31ന് സംഘടനാനേതാക്കൾ വൈദ്യുതി മന്ത്രിയെ കണ്ട് നിവേദനം നൽകിയിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP