Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

കളക്ടറുടെ വാക്കുകേട്ട് കർഷകരെ സഹായിച്ചു; ഉദ്യോഗസ്ഥരുടെ പിടിവാശി മൂലം അരിമിൽ പൂട്ടി; മുഖ്യമന്ത്രിയും ഒരു മന്ത്രിയും കുറിച്ചിട്ടും അഞ്ചു വർഷമായിട്ടും ഫയൽ മന്ത്രിസഭയുടെ പരിഗണനയ്ക്ക് എത്തിയില്ല; വ്യവസായ സൗഹൃദ കേരളത്തിന്റെ ദുരവസ്ഥ മനസ്സിലാക്കാൻ ദേവസ്യ ജോസഫിന്റെ കഥ

കളക്ടറുടെ വാക്കുകേട്ട് കർഷകരെ സഹായിച്ചു; ഉദ്യോഗസ്ഥരുടെ പിടിവാശി മൂലം അരിമിൽ പൂട്ടി; മുഖ്യമന്ത്രിയും ഒരു മന്ത്രിയും കുറിച്ചിട്ടും അഞ്ചു വർഷമായിട്ടും ഫയൽ മന്ത്രിസഭയുടെ പരിഗണനയ്ക്ക് എത്തിയില്ല; വ്യവസായ സൗഹൃദ കേരളത്തിന്റെ ദുരവസ്ഥ മനസ്സിലാക്കാൻ ദേവസ്യ ജോസഫിന്റെ കഥ

മറുനാടൻ മലയാളി ബ്യൂറോ

ആലപ്പുഴ: കേരളം വ്യവസായ സൗഹൃദം ആണെന്നാണ് മുഖ്യമന്ത്രി പിണറായി വിജയൻ ഇടയ്ക്കിടെ ആവർത്തിക്കാറുള്ള കാര്യം. എന്നാൽ, യാഥാർഥ്യം വാക്കുകളേക്കാൾ ഏറെ ദൂരെയാണ് എന്നതാണ് വാസ്തവം. സംസ്ഥാനത്തെ വ്യവസായ മേഖലയുടെ ദുരവസ്ഥ മനസ്സിലാക്കിത്തരുന്ന ഒരു കഥകൂടി പുറത്തുവന്നു. ഉദ്യോഗസ്ഥരുടെ പിടിവാശി മൂലം ഒരു ഫയൽ പോലും മന്ത്രിസഭയുടെ പരിഗണനയിൽ എത്താത്ത അവസ്ഥ ഉണ്ടായത് പുന്നപ്ര സെയ്ന്റ് തോമസ് മോഡേൺ റൈസ് മില്ലുടമ ദേവസ്യ ജോസഫിനാണ്.

ഉദ്യോഗസ്ഥരുടെ പിടിവാശിമൂലം അരിമിൽ പൂട്ടേണ്ടിവന്ന ദേവസ്യ ജോസഫിന്റെ സങ്കടഹർജി മന്ത്രിസഭയുടെ പരിഗണനയ്ക്കുവെക്കാൻ 2017-ലാണ് മുഖ്യമന്ത്രി കുറിപ്പെഴുതിയിത്. എന്നിട്ടും ഇതുവരെ അത് നടപ്പിലായില്ല. സങ്കടഹർജി പരിഗണിക്കാൻ തുറന്ന ഫയൽ, പിന്നീട് അദ്ദേഹത്തിനെതിരേയുള്ള കുറ്റവിചാരണയായി മാറുന്നതാണു കണ്ടത്. മുൻ ഭക്ഷ്യമന്ത്രി പി. തിലോത്തമനും ദേവസ്യ ജോസഫിന് അനുകൂലമായ നിലപാടാണ് സ്വീകരിച്ചത്. എന്നിട്ടും അദ്ദേഹത്തിന് നീതി ലഭിച്ചില്ല.

'കരിനിലങ്ങളിലെ പതിരുകൂടിയതും ഗുണംകുറഞ്ഞതുമായ നെല്ലെടുക്കാൻ അന്നത്തെ ജില്ലാ കളക്ടറുടെ നിർദേശപ്രകാരം ദേവസ്യ ജോസഫ് സഹകരിച്ചെന്നു ബന്ധപ്പെട്ട ഫയലിലുണ്ട്. കളക്ടറുടെ നിർബന്ധത്തിനു വഴങ്ങി ഇങ്ങനെ ചെയ്തയാളെ പഴിചാരി പിഴയും നഷ്ടവും ഈടാക്കുന്നത് യാതൊരു ന്യായീകരണമില്ലാത്ത കാര്യമാണ്' -പി. തിലോത്തമൻ ഒപ്പിട്ട ഫയലിൽ കാണുന്നു. ഇതിനുതാഴെയാണ് മന്ത്രിസഭയുടെ പരിഗണനയ്ക്കു സമർപ്പിക്കാൻ 2017 ഓഗസ്റ്റ് 23-ന് മുഖ്യമന്ത്രി പിണറായി വിജയൻ കുറിച്ചിരിക്കുന്നത്.

ഇതിനെത്തുടർന്നുള്ള പൊതുവിതരണവകുപ്പിന്റെ ചംക്രമണക്കുറിപ്പിൽ പരാതിക്കാരനെ കുറ്റക്കാരനാക്കുന്ന സ്ഥിതിയാണ്. സംഭരിച്ച നെല്ലിൽനിന്ന് 68 ശതമാനം അരി സപ്ലൈകോയ്ക്കു നൽകേണ്ട ദേവസ്യ ജോസഫ്, 23.5 ശതമാനം കുറച്ചാണ് നൽകിയതെന്ന് അവർ നിലപാടെടുത്തു. ഈ സാഹചര്യത്തിൽ മന്ത്രിസഭാ യോഗത്തിന്റെ പരിഗണനയ്ക്ക് ഇക്കാര്യം സമർപ്പിക്കാവുന്നതാണോ എന്നകാര്യത്തിൽ ഉത്തരവിനായി സിവിൽ സപ്ലൈസ് മന്ത്രിക്കു സമർപ്പിക്കുന്നുവെന്നാണ് 2017 സെപ്റ്റംബർ 18-നുള്ള കുറിപ്പിലുള്ളത്.

മുഖ്യമന്ത്രിയുടെ ഉത്തരവിന്റെ അടിസ്ഥാനത്തിൽ മന്ത്രിസഭായോഗത്തിൽ പരിഗണിക്കേണ്ട കരടുകുറിപ്പ് തയ്യാറാക്കി ഫയൽ സമർപ്പിക്കാൻ ഇതിൽ തിലോത്തമൻ നോട്ടെഴുതി. കുറിപ്പ് ചീഫ് സെക്രട്ടറിക്ക് എത്തുന്നതിനുമുമ്പ് വിഷയം ധന-നിയമ വകുപ്പുകൾ പരിശോധിക്കേണ്ടതല്ലേയെന്ന് ഒരുദ്യോഗസ്ഥൻ എഴുതി. അതോടെ പ്രത്യേകപരിശോധനാസംഘത്തെ നിയോഗിച്ചു. ഇവരുടെ റിപ്പോർട്ട് സമഗ്രമല്ലെന്ന് 2018 ജനുവരി 18-നു തിലോത്തമൻ വീണ്ടും കുറിച്ചു.

മിൽ തുറക്കാൻ അനുമതി നൽകാനും പരാതിക്കാരന്റെ തിരിച്ചടവ് യാഥാർഥ്യബോധത്തോടെ നിശ്ചയിക്കാനും അദ്ദേഹം നിർദേശിച്ചു. ഇതിലും മുഖ്യമന്ത്രി ഒപ്പിട്ടിട്ടുണ്ട്. എന്നാൽ, ഹൈക്കോടതിയിലും മൈക്രോ ആൻഡ് സ്‌മോൾ എന്റർപ്രൈസസ് ഫെസിലിറ്റേഷൻ കൗൺസിൽ(എം.എസ്.ഇ.എഫ്.സി.) യിലുമുള്ള പരാതികൾ തീർപ്പാക്കിയശേഷം നടപടി സ്വീകരിക്കാമെന്നാണ് ഈ ഫയലുകളുടെ സമാഹൃതകുറിപ്പിലുള്ളത്. 36.49 ലക്ഷം രൂപ 2013 ഒക്ടോബർ പത്തുമുതൽ മൂന്നിരട്ടി പലിശസഹിതം കോമ്പൗണ്ട് ചെയ്തുനൽകാൻ വിധിച്ചിരിക്കുകയാണിവർ. മുഖ്യമന്ത്രിയും ഒരു മന്ത്രിയും ഫയലിൽ കുറിച്ചിട്ടും അഞ്ചുവർഷമായിട്ടും അതു മന്ത്രിസഭയിൽ വരാത്തതരത്തിലുള്ള ഉദ്യോഗസ്ഥ ദുഷ്പ്രഭുത്വമാണ് നിലനിൽക്കുന്നതെന്ന് ദേവസ്യ ജോസഫിനുവേണ്ടി ഹൈക്കോടതിയിൽ ഹാജരായ അഡ്വ. ഹരീഷ് വാസുദേവൻ പറഞ്ഞു.

കലക്ടറുടെ വാക്കു കേട്ട് നെല്ലു സംഭരിച്ചു, പണിയായി

ഒരു പ്രതിസന്ധിഘട്ടത്തിൽ കർഷകരെ രക്ഷിക്കാൻ, കളക്ടറുടെ വാക്കുകേട്ട് നെല്ലുസംഭരിച്ചതാണ് പുന്നപ്ര സെയ്ന്റ് തോമസ് മോഡേൺ റൈസ് മില്ലുടമ ദേവസ്യ ജോസഫിന് പണിയായത്. 18-ന് 25 സെന്റിലെ വീട് ജപ്തിയാകും. സിവിൽ സപ്ലൈസ് ഉദ്യോഗസ്ഥരുടെ തെറ്റായ റിപ്പോർട്ടുകളും പിടിവാശിയുംമൂലം തകർന്നുപോയത് 30 പേർക്ക് ജോലി നൽകിയിരുന്ന ഒരു വ്യവസായമാണ്. പുന്നപ്രയിൽ ദേവസ്യ ജോസഫ് 1996-ൽ തുടങ്ങിയ സെയ്ന്റ് തോമസ് മോഡേൺ റൈസ് മില്ല് പൂട്ടിയിട്ട് ഒമ്പതുവർഷമായി. കർഷകരിൽനിന്ന് നെല്ലു വാങ്ങി മുത്തരി എന്ന ബ്രാൻഡിൽ വിറ്റിരുന്നു. 2005-ൽ സപ്ലൈകോ നേരിട്ട് നെല്ലുസംഭരണം തുടങ്ങിയതോടെ ബ്രാൻഡ് അരിയുടെ ഉത്പാദനം നിർത്തി.

പിന്നീട് സപ്ലൈകോ സംഭരിച്ചുനൽകുന്ന നെല്ല് അരിയാക്കി നൽകിയിരുന്നു. നെല്ലിന്റെ 68 ശതമാനം അരി സപ്ലൈകോയ്ക്കു നൽകണം. 2013-ൽ ഉപ്പുവെള്ള കയറ്റംമൂലം നെല്ലിന്റെ നിലവാരം കുറഞ്ഞു. 68 ശതമാനം അരി നൽകാൻ കഴിയാത്തതിനാൽ മില്ലുകാർ നെല്ലെടുക്കാൻ വിസമ്മതിച്ചു. അന്നത്തെ കളക്ടർ പി. വേണുഗോപാൽ മില്ലുടമകളുടെ യോഗം വിളിച്ചെങ്കിലും പ്രയോജനമുണ്ടായില്ല. ആ ഘട്ടത്തിലാണ് ദേവസ്യയോട് കളക്ടർ നാട്ടുകാരനെന്ന നിലയിൽ മാനുഷികപരിഗണന നൽകി സംഭരിക്കണമെന്നാവശ്യപ്പെട്ടത്.

നഷ്ടംവരുമെന്ന് ദേവസ്യ ചൂണ്ടിക്കാണിച്ചെങ്കിലും കർഷകരെ സഹായിച്ചാൽ തിരിച്ചും സഹായിക്കാമെന്ന ഉറപ്പിൽ അദ്ദേഹം 13,445 ക്വിന്റൽ നെല്ലു സംഭരിച്ചു. 50 ശതമാനംപോലും അരി ലഭിച്ചില്ല. 5991 ക്വിന്റൽ സപ്ലൈകോയ്ക്കു നൽകി. ഗുണനിലവാരം പരിശോധിച്ച് ഉറപ്പാക്കിയെങ്കിലും 600 ക്വിന്റൽ അവർ ഏറ്റെടുത്തില്ല. മില്ലിൽത്തന്നെ കിടന്നു. 68 ശതമാനം അരി കൊടുക്കാത്തതോടെ സപ്ലൈകോ പണം നൽകിയില്ല. പലതവണ ഹൈക്കോടതിയെ സമീപിച്ച് അനുകൂല ഉത്തരവു നേടിയെങ്കിലും അതൊന്നും നടപ്പായില്ല. കളക്ടർ സ്ഥലംമാറിപ്പോകുകയും ചെയ്തു. ഇതിനിടെ അരി തിരിമറിയെന്നു കാണിച്ച് ദേവസ്യയ്‌ക്കെതിരേ സപ്ലൈകോ കേസ് നൽകിയെങ്കിലും ഹൈക്കോടതി റദ്ദാക്കി.

43 ലക്ഷംരൂപ വായ്പയെടുത്ത് തുടങ്ങിയ മില്ല് 2013 സെപ്റ്റംബർ 30-ന് പൂട്ടിപ്പോയി. സെക്യൂരിറ്റി നിക്ഷേപമായ ആറുലക്ഷവും 20 ലക്ഷംരൂപ ബാങ്ക് ഗാരന്റിയും സപ്ലൈകോ പിടിച്ചു. നെല്ല് അരിയാക്കിക്കൊടുത്തതിന്റെ 10.49 ലക്ഷം (മൂന്നും ചേർത്ത് 36.49 ലക്ഷം) കിട്ടിയതുമില്ല. വായ്പ തിരിച്ചടവു മുടങ്ങിയതോടെയാണ് കളർകോട് സനാതനപുരത്തുള്ള വീട് ജപ്തിയാകുന്നത്.

ഇതിനിടെ, എസ്. ഹരികിഷോർ ചെയർമാനായ മൈക്രോ ആൻഡ് സ്‌മോൾ എന്റർപ്രൈസസ് ഫെസിലിറ്റേഷൻ കൗൺസിൽ (എം.എസ്.ഇ.എഫ്.സി.) ദേവസ്യയ്ക്കനുകൂലമായി പലതവണ വിധിച്ചു. സപ്ലൈകോ ഓരോതവണയും ഹൈക്കോടതിയെ സമീപിച്ചെങ്കിലും പ്രയോജനമുണ്ടായില്ല. 36.49 ലക്ഷംരൂപ 2013 ഒക്ടോബർ 10 മുതൽ മൂന്നിരട്ടി പലിശസഹിതം ദേവസ്യയ്ക്ക് നൽകാൻ വിധിച്ചിട്ടുണ്ട്. പക്ഷേ, നൽകുന്നില്ല. സർക്കാരിന്റെ ഇടപെടൽ ആവശ്യപ്പെട്ട് വ്യവസായമന്ത്രിക്കും ദേവസ്യ നിവേദനം നൽകിയിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP