Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

പ്രീ പ്രൈമറി അദ്ധ്യാപികർക്ക് ലഭിക്കുന്ന തുച്ഛമായ ഓണറേറിയവും മുടങ്ങി; കാര്യം തിരക്കിയപ്പോൾ പരിഹസിച്ച് ഉദ്യോഗസ്ഥർ

പ്രീ പ്രൈമറി അദ്ധ്യാപികർക്ക് ലഭിക്കുന്ന തുച്ഛമായ ഓണറേറിയവും മുടങ്ങി; കാര്യം തിരക്കിയപ്പോൾ പരിഹസിച്ച് ഉദ്യോഗസ്ഥർ

സ്വന്തം ലേഖകൻ

തിരുവനന്തപുരം: മൂന്ന് മാസമായി മുടങ്ങിക്കിടക്കുന്ന പരിമിതമായ ഓണറേറിയം എന്നു ലഭിക്കുമെന്നറിയാൻ പൊതു വിദ്യാഭ്യാസ ഡയറക്ടററേറ്റിലേക്കു വിളിച്ച പ്രീ പ്രൈമറി അദ്ധ്യാപികയോടു തട്ടിക്കയറി ഉദ്യോഗസ്ഥൻ. പൊതു വിദ്യാഭ്യാസ വകുപ്പിൽനിന്നു കൃത്യസമയത്ത് അപേക്ഷ ലഭിക്കാത്തതിനാലാണ് തുക അനുവദിക്കാത്തതെന്നാണു ധന വകുപ്പ് ഉദ്യോഗസ്ഥൻ കഴിഞ്ഞ ദിവസം അവിടെ വിളിച്ച അദ്ധ്യാപകരെ അറിയിച്ചത്. ഇതേത്തുടർന്നാണ് അദ്ധ്യാപക പ്രതിനിധി ഡിപിഐ ഓഫിസിൽ വിളിച്ചത്.

ഫോണെടുത്ത പ്രീപ്രൈമറി വിഭാഗം ഉദ്യോഗസ്ഥ ഓണറേറിയം ആയിട്ടില്ലെന്നു മറുപടി നൽകിയപ്പോൾ, ഇത്തവണയെങ്കിലും കൃത്യമായി ധനവകുപ്പിലേക്കു പ്രൊപ്പോസൽ കൊടുക്കണേ എന്ന് അദ്ധ്യാപിക അഭ്യർത്ഥിച്ചു. അതോടെ 'ഒരു സ്ത്രീ 2 ദിവസം കൊണ്ടു വിളിച്ചു വായിൽ വരുന്നതൊക്കെ പറയുന്നു' എന്ന ആമുഖത്തോടെ ഉദ്യോഗസ്ഥ സൂപ്രണ്ടിനു ഫോൺ കൈമാറി. തുടർന്നു നടന്ന സംഭാഷണത്തിലെ പ്രധാന ഭാഗങ്ങൾ ഇങ്ങനെ.

അദ്ധ്യാപിക: സാറെ... ഞങ്ങളുടെ ഓണറേറിയത്തിന്റെ പ്രൊപ്പോസൽ ഇപ്പോഴേ കൊടുത്താലേ അവർ തരൂ. കഴിഞ്ഞ തവണ ഇവിടെ നിന്നു കൊടുക്കാൻ വൈകി. ജനുവരി മുതൽ മാർച്ച് വരെ ഓണറേറിയം ലഭിച്ചിട്ടില്ല.

ഉദ്യോഗസ്ഥൻ: ഞങ്ങൾക്കറിയാമല്ലോ. ഞങ്ങളല്ലേ അനുവദിക്കുന്നത്.

അദ്ധ്യാപിക: അറിഞ്ഞിട്ടാണല്ലോ 3 മാസമായി കിട്ടാതായത്.

ഉദ്യോഗസ്ഥൻ: എന്റെ പോക്കറ്റിൽ നിന്നു തന്നാൽ മതിയോ.

അദ്ധ്യാപിക: സാറിന്റെ പോക്കറ്റിൽ നിന്നു തരാൻ പറഞ്ഞില്ലല്ലോ.

ഉദ്യോഗസ്ഥൻ: പിന്നെന്താ.. ഒരു സെക്ഷനിൽ ചെയ്യാവുന്നതിന്റെ പരമാവധി ചെയ്യുന്നുണ്ട്. പിന്നെ നിങ്ങൾ വിളിച്ചിട്ടാണോ ഞങ്ങളെ പഠിപ്പിക്കുന്നത്.

അദ്ധ്യാപിക: ഇങ്ങനെയൊക്കെയാണോ സാറന്മാർ പറയുന്നത്?

ഉദ്യോഗസ്ഥൻ: സർക്കാർ കാശു തരാത്തതു കൊണ്ടാണു തരാത്തത്. കാശ് തരാൻ പതിനായിരം വട്ടം ഇവിടെ നിന്ന് എഴുതിയിട്ടുണ്ട്.

അദ്ധ്യാപിക: ധനവകുപ്പിൽ അന്വേഷിച്ചപ്പോൾ ഇവിടെ നിന്നു കൃത്യമായി പ്രൊപ്പോസൽ കൊടുത്തില്ലെന്നാണു പറഞ്ഞത്.

ഉദ്യോഗസ്ഥൻ: അത് അവർ പറയുന്നതല്ലേ. നിങ്ങളുടെ സംഘടനാ നേതാക്കളോടു വിളിച്ചു ചോദിക്ക്. അവിടെപ്പോയി രാവിലെ മുതൽ കിടക്കുവായിരുന്നല്ലോ. എന്നിട്ട് എന്തേ കിട്ടാത്തത്.

അദ്ധ്യാപിക: പ്രൊപ്പോസൽ സമയത്തു കൊടുക്കുന്നില്ല എന്നാണ് അവർ പറയുന്നത്.

ഉദ്യോഗസ്ഥൻ: അതു നിങ്ങൾ അല്ലല്ലോ തീരുമാനിക്കേണ്ടത്. എന്തേ പത്രവാർത്ത വന്നിട്ട് ഞങ്ങളോട് ആരും വിളിച്ചു ചോദിച്ചില്ല. മന്ത്രിയുടെ ഓഫിസിൽ നിന്നോ ഡയറക്ടറോ വിളിച്ചില്ലല്ലോ. അവർക്കു കാര്യമറിയാം.

അദ്ധ്യാപിക: വിഷുവും ഈസ്റ്ററും വരുന്നു. ഇപ്രാവശ്യം അങ്ങനെ സംഭവിക്കരുത് എന്നതുകൊണ്ടാണ്.

ഉദ്യോഗസ്ഥൻ: മാഡം ഇങ്ങോട്ടു വരൂ. ഞാനങ്ങു മാറിത്തരാം. ഇവിടെയിരുന്നങ്ങു ചെയ്‌തോ.

അദ്ധ്യാപിക: എങ്കിൽ സന്തോഷമായി.

ഉദ്യോഗസ്ഥൻ: അങ്ങനെ പഠിപ്പിക്കേണ്ട. കിട്ടുമ്പോൾ അയയ്ക്കും (ഫോൺ കട്ട് ചെയ്യുന്നു)

ധന വകുപ്പിലെ ബന്ധപ്പെട്ട ഉദ്യോഗസ്ഥൻ അദ്ധ്യാപകരെ അറിയിച്ചത് ഇങ്ങനെ:

''ഓണറേറിയത്തിന് ഫണ്ട് അനുവദിച്ചിട്ടില്ല. ഈ വർഷം ഇനി ഫണ്ട് അനുവദിക്കാനാകില്ല എന്നു വ്യക്തമാക്കി ഫയൽ ജനറൽ എജ്യൂക്കേഷനിലേക്കു മടക്കിയിട്ടുണ്ട്. ഞങ്ങളുടെ പ്രശ്‌നമല്ല. തലേ ദിവസം വന്നു ഫണ്ട് വേണമെന്നു പറഞ്ഞാൽ തരാനാകില്ല. അതിനൊക്കെ നടപടിക്രമമുണ്ട്''.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP