Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പീഡിപ്പിച്ചത് 13 വിദ്യാർത്ഥിനികളെ; ഇരയായത് പതിനൊന്നിനും 14 വയസ്സിനും ഇടയിൽ പ്രായമുള്ളവർ; ഒമ്പത് കുഞ്ഞുങ്ങൾക്കാണ് ജന്മം നൽകി; സ്‌കൂൾ പ്രിൻസിപ്പലിന് വധശിക്ഷ വിധിച്ച് കോടതി; സ്വത്തുക്കൾ പിടിച്ചെടുക്കാനും ഉത്തരവ്

പീഡിപ്പിച്ചത് 13 വിദ്യാർത്ഥിനികളെ; ഇരയായത് പതിനൊന്നിനും 14 വയസ്സിനും ഇടയിൽ പ്രായമുള്ളവർ; ഒമ്പത് കുഞ്ഞുങ്ങൾക്കാണ് ജന്മം നൽകി; സ്‌കൂൾ പ്രിൻസിപ്പലിന് വധശിക്ഷ വിധിച്ച് കോടതി; സ്വത്തുക്കൾ പിടിച്ചെടുക്കാനും ഉത്തരവ്

ന്യൂസ് ഡെസ്‌ക്‌

ജക്കാർത്ത: പ്രായപൂർത്തിയാകാത്ത പതിമൂന്ന് വിദ്യാർത്ഥിനികളെ പീഡിപ്പിച്ച കേസിൽ ഇന്തൊനീഷ്യയിലെ സ്‌കൂൾ പ്രിൻസിപ്പലിന് വധശിക്ഷ വിധിച്ച് കോടതി. കീഴ്‌ക്കോടതി വിധിച്ച ജീവപര്യന്തം തടവിനെതിരെ പ്രോസിക്യൂഷൻ സമർപ്പിച്ച ഹർജി അംഗീകരിച്ചാണ് ഹെറി വിരാവൻ എന്ന മുപ്പത്താറുകാരനായ അദ്ധ്യാപകന് മേൽക്കോടതി വധശിക്ഷ വിധിച്ചത്. ഇയാളെ രാസഷണ്ഡീകരണത്തിന് വിധേയനാക്കണമെന്നും വധശിക്ഷ നൽകണമെന്നും ആവശ്യപ്പെട്ടാണ് പ്രോസിക്യൂഷൻ മേൽക്കോടതിയെ സമീപിച്ചത്.

ഇൻഡൊനീഷ്യയിലെ ഒരു ഇസ്ലാമിക് ബോർഡിങ് സ്‌കൂളിലെ പ്രിൻസിപ്പലാണ് ഹെറി വിരാവൻ. ബൻദുങ് ഹൈക്കോടതിയാണ് ഇയാൾക്ക് വധശിക്ഷ വിധിച്ചത്. പ്രിൻസിപ്പലിന്റെ സ്വത്തുക്കൾ പിടിച്ചെടുക്കാനും ഹൈക്കോടതി ഉത്തരവിട്ടിട്ടുണ്ട്.

അതേസമയം, പ്രതിയെ ഷണ്ഡീകരണത്തിന് വിധേയനാക്കണമെന്ന പ്രോസിക്യൂട്ടർമാരുടെ ആവശ്യം ഹൈക്കോടതി തള്ളി. ഒരാളെ വധശിക്ഷയ്ക്കോ ജീവപര്യന്തത്തിനോ ശിക്ഷിച്ചാൽ മറ്റു ശിക്ഷകൾക്ക് വിധേയമാക്കാനാവില്ലെന്നായിരുന്നു കോടതിയുടെ മറുപടി.



ഇന്തൊനീഷ്യയെ ഒന്നാടെ നടുക്കിയ സംഭവം കഴിഞ്ഞ വർഷമാണ് പുറത്തുവന്നത്. അദ്ധ്യാപകൻ പീഡിപ്പിച്ച് ഗർഭിണിയാക്കിയെന്ന പരാതിയുമായി ഒരു വിദ്യാർത്ഥിനിയുടെ കുടുംബം പൊലീസിനെ സമീപിച്ചതോടെയാണ് സംഭവങ്ങളുടെ ചുരുളഴിഞ്ഞത്.

2016 മുതൽ 2021 വരെയുള്ള കാലയളവിൽ പ്രായപൂർത്തിയാകാത്ത പതിമൂന്ന് വിദ്യാർത്ഥിനികളെ പ്രിൻസിപ്പൽ ലൈംഗികമായി പീഡിപ്പിച്ചെന്നാണ് കേസ്. 11 വയസ്സിനും 14 വയസ്സിനും ഇടയിൽ പ്രായമുള്ള വിദ്യാർത്ഥിനികളാണ് പീഡനത്തിനിരയായത്. വെസ്റ്റ് ജാവയിലെ സ്‌കൂളിൽവെച്ചും ഹോട്ടലുകളിൽവെച്ചും വാടക ഫ്ളാറ്റുകളിൽവെച്ചുമാണ് പ്രിൻസിപ്പൽ കുട്ടികളെ പീഡിപ്പിച്ചത്. ഇതിൽ ചില പെൺകുട്ടികൾ ഗർഭിണികളാവുകയും കുഞ്ഞുങ്ങൾക്ക് ജന്മം നൽകുകയും ചെയ്തു. പ്രിൻസിപ്പലിന്റെ ലൈംഗിക പീഡനത്തിന് ഇരകളായ വിവിധ പെൺകുട്ടികൾ ആകെ ഒമ്പത് കുഞ്ഞുങ്ങൾക്കാണ് ജന്മം നൽകിയത്.

ബൻദുങ്ങിലെ ജില്ലാ കോടതിയാണ് കേസ് ആദ്യം പരിഗണിച്ചിരുന്നത്. വാദം കേട്ട ശേഷം കഴിഞ്ഞ ഫെബ്രുവരിയിൽ ജില്ലാ കോടതി പ്രിൻസിപ്പലിനെ ജീവപര്യന്തം തടവിന് ശിക്ഷിച്ചു. എന്നാൽ പ്രതിക്ക് വധശിക്ഷ നൽകണമെന്ന് ആവശ്യപ്പെട്ട് പ്രോസിക്യൂട്ടർ ഹൈക്കോടതിയിൽ അപ്പീൽ സമർപ്പിക്കുകയായിരുന്നു. ഈ അപ്പീൽ അംഗീകരിച്ചാണ് ഹൈക്കോടതി പ്രതിക്ക് വധശിക്ഷ വിധിച്ചത്. ഇസ്ലാമിക് ബോർഡിങ് സ്‌കൂളുകളുടെ സൽപ്പേരാണ് പ്രതി കളങ്കപ്പെടുത്തിയതെന്നും പ്രതിയുടെ ചെയ്തികൾ ഇരകൾക്കും അവരുടെ മാതാപിതാക്കൾക്കും വലിയ മാനസികാഘാതമുണ്ടാക്കിയെന്നും കോടതി വിലയിരുത്തി.

പ്രതിയുടെ പീഡനത്തെത്തുടർന്ന് ഇരകൾ ജന്മം നൽകിയ ഒമ്പത് കുഞ്ഞുങ്ങളെ വനിതാ-ശിശു സംരക്ഷണ ഏജൻസിക്ക് കൈമാറാനും കോടതി നിർദ്ദേശിച്ചിട്ടുണ്ട്. കുഞ്ഞുങ്ങളെ പരിപാലിക്കാൻ പെൺകുട്ടികൾ മാനസികമായി സജ്ജമാകുന്നത് വരെയോ കുഞ്ഞുങ്ങളെ തിരിച്ചെടുക്കാൻ അവരുടെ സാഹചര്യങ്ങൾ അനുവദിക്കുന്നത് വരെയോ ശിശുസംരക്ഷണ ഏജൻസി ഈ കുഞ്ഞുങ്ങളെ പരിപാലിക്കണമെന്നാണ് നിർദ്ദേശം.

പെൺകുട്ടികളിൽ ചിലർക്ക് പീഡനത്തിനിടെ പരുക്കുകളും ഏറ്റതായി കീഴ്‌ക്കോടതി ജഡ്ജി ഫെബ്രുവരിയിൽ വ്യക്തമാക്കിയിരുന്നു. ഈ വിദ്യാർത്ഥിനികളിൽ തനിക്കു പിറന്ന കുഞ്ഞുങ്ങളെ സംരക്ഷിക്കാനും വളർത്താനും പിതാവെന്ന നിലയിൽ തന്റെ സാന്നിധ്യം ആവശ്യമാണെന്നും കടുത്ത ശിക്ഷയിൽനിന്ന് ഒഴിവാക്കണമെന്നും ഹെറി വിരാവൻ കീഴ്‌ക്കോടതിയോട് അപേക്ഷിച്ചിരുന്നു. എന്നാൽ, വിദ്യാർത്ഥിനികളെ ലൈംഗിക പീഡനത്തിന് ഇരയാക്കിയ അദ്ധ്യാപകനുള്ള ശിക്ഷ ജീവപര്യന്തത്തിൽ ഒതുക്കിയത് ഇന്തൊനീഷ്യയിൽ കടുത്ത പ്രതിഷേധമാണ് വരുത്തിവച്ചത്.

ലൈംഗിക പീഡനത്തിനെതിരെ ദീർഘകാലമായി ഇന്തൊനീഷ്യൻ പാർലമെന്റിന്റെ പരിഗണനയിലായിരുന്ന ബിൽ പാസാക്കാൻ കടുത്ത സമ്മർദ്ദവും ഉയർന്നു. ഇന്തൊനീഷ്യയിലെ ശിശുക്ഷേമ വകുപ്പ് മന്ത്രിയുൾപ്പെടെയുള്ളവർ പ്രതിക്ക് വധശിക്ഷ നൽകണമെന്ന് പരസ്യമായി ആവശ്യപ്പെട്ടു. അതേസമയം, രാജ്യത്തെ മനുഷ്യാവകാശ കമ്മിഷൻ വധശിക്ഷയ്ക്കെതിരെയും നിലപാടെടുത്തു.

ഇന്തൊനീഷ്യയിൽ ദരിദ്രമായ പശ്ചാത്തലത്തിൽനിന്ന് വരുന്ന കുട്ടികൾക്ക് വിദ്യാഭ്യാസം നേടാനുള്ള ഏക മാർഗമായ ബോർഡിങ് സ്‌കൂളിലെ അദ്ധ്യാപകൻ തന്നെ വിദ്യാർത്ഥിനികളെ പീഡിപ്പിച്ച സംഭവം പുറത്തായതിനു പിന്നാലെ കഴിഞ്ഞ വർഷം മാത്രം 14 സമാനമായ കേസുകളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. ഇതോടെ, ഇത്തരം സ്ഥാപനങ്ങളിലും വിദ്യാർത്ഥികളുടെ സുരക്ഷ ഉറപ്പാക്കണമെന്ന് ആവശ്യമുയർന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP