Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ദേശീയ സർക്കാരിനെയും കൈവിട്ട് 40 എംപിമാർ; പാർലമെന്റിൽ ഭൂരിപക്ഷം നഷ്ടമായി; പുതിയ ധനമന്ത്രിയും രാജിവെച്ചു; അധികാരം നിലനിർത്താനുള്ള രാജപക്സെ കുടുംബത്തിന്റെ നീക്കങ്ങൾക്ക് കനത്ത തിരിച്ചടി; സാമ്പത്തിക പ്രതിസന്ധിക്ക് പിന്നാലെ ഭരണ പ്രതിസന്ധിയിൽ വലഞ്ഞ് ശ്രീലങ്ക; ഇടക്കാല സർക്കാരിനെ നിയമിച്ചേക്കും

ദേശീയ സർക്കാരിനെയും കൈവിട്ട് 40 എംപിമാർ; പാർലമെന്റിൽ ഭൂരിപക്ഷം നഷ്ടമായി; പുതിയ ധനമന്ത്രിയും രാജിവെച്ചു; അധികാരം നിലനിർത്താനുള്ള രാജപക്സെ കുടുംബത്തിന്റെ നീക്കങ്ങൾക്ക് കനത്ത തിരിച്ചടി; സാമ്പത്തിക പ്രതിസന്ധിക്ക് പിന്നാലെ ഭരണ പ്രതിസന്ധിയിൽ വലഞ്ഞ് ശ്രീലങ്ക; ഇടക്കാല സർക്കാരിനെ നിയമിച്ചേക്കും

ന്യൂസ് ഡെസ്‌ക്‌

കൊളംബോ: ഗുരുതര സാമ്പത്തിക പ്രതിസന്ധിയും രാഷ്ട്രീയ പ്രതിസന്ധിയും പരിഹരിക്കാൻ സർവകക്ഷി ദേശീയ സർക്കാരുണ്ടാക്കാനുള്ള ഭരണകക്ഷിയുടെ നീക്കത്തിന് കനത്ത തിരിച്ചടി. 40 എംപിമാർ ഭരണസഖ്യം വിട്ട് സ്വതന്ത്ര നിലപാട് സ്വീകരിച്ചതോടെ സർക്കാരിന് ഭൂരിപക്ഷം നഷ്ടമായി. സാമ്പത്തിക പ്രതിസന്ധിക്ക് പിന്നാലെ ശ്രീലങ്ക ഭരണ പ്രതിസന്ധിയിലേക്ക് നീങ്ങുകയാണ്.

ഭരണപക്ഷത്തിനൊപ്പമുള്ള 40 എംപിമാർ പിന്തുണ പിൻവലിച്ചതോടെ ശ്രീലങ്കൻ പാർലമെന്റിൽ ഭരണമുന്നണിക്ക് ഭൂരിപക്ഷം നഷ്ടമായി. ഇവർ സ്വതന്ത്രനിലപാട് പ്രഖ്യാപിച്ചതോടെ ഭരണമുന്നണിയായ പീപ്പിൾസ് ഫ്രീഡം അലയൻസിന്റെ അംഗസംഖ്യ 105 ആയി ചുരുങ്ങി. പാർലമെന്റിൽ കേവലഭൂരിപക്ഷത്തിന് 113 പേരുടെ പിന്തുണയാണ് വേണ്ടത്. കഴിഞ്ഞ ദിവസം ചുമതലയേറ്റ ധനമന്ത്രി അലി സാബ്രിയും രാജി പ്രഖ്യാപിച്ചു.

അടിയന്തരാവസ്ഥയും കർഫ്യൂവുമൊക്കെ ലംഘിച്ച് ആയിരക്കണക്കിനാളുകൾ ശ്രീലങ്കയിലെ തെരുവിലിറങ്ങുമ്പോഴും ഏതു വിധേനയും അധികാരം നിലനിർത്താനുള്ള രാജപക്സെ സഹോദരങ്ങളുടെ നീക്കത്തിനാണ് കനത്ത തിരിച്ചടിയേറ്റത്. 'ഗോട്ടബയ ഗോ ഹോം' എന്നതാണ് പ്രതിഷേധക്കാരുടെ പ്രധാന മുദ്രാവാക്യം.

എന്നാൽ പ്രസിഡന്റ്, പ്രധാനമന്ത്രി പദവികളിൽ തങ്ങളെ നിലനിർത്തിക്കൊണ്ട് പ്രതിപക്ഷ നേതാക്കളെ ഉൾപ്പെടുത്തി മന്ത്രിസഭ രൂപീകരിക്കാനും അതുവഴി പ്രതിഷേധങ്ങളെ മറികടക്കാനുമാണ് ഗോട്ടബയ രാജപക്സെയും സഹോദരൻ മഹിന്ദ രാജപക്സെയും ശ്രമിച്ചത്. പ്രതിപക്ഷ പാർട്ടികൾ ഇതു തള്ളിക്കളഞ്ഞു എന്നു മാത്രമല്ല, ഭരണമുന്നണിയിലെ അംഗങ്ങൾ തന്നെ സ്വതന്ത്രനിലപാട് പ്രഖ്യാപിക്കുകയും ചെയ്തതോടെ അധികാരമാറ്റം ഏറെക്കുറേ ഉറപ്പായിരിക്കുകയാണ്.

ഭൂരിപക്ഷം നഷ്ടമായതോടെ പ്രതിപക്ഷം ആവശ്യപ്പെടുന്നതു പോലെ പാർലമെന്റ് പിരിച്ചുവിട്ട് ഒരു ഇടക്കാല സർക്കാരിനെ നിയമിക്കാൻ ഗോട്ടബയ നിർബന്ധിതനാവും. രാഷ്ട്രീയ, സാമ്പത്തിക പ്രതിസന്ധികൾക്ക് പരിഹാരമുണ്ടാകുന്ന മുറയ്ക്ക് പൊതുതിരഞ്ഞെടുപ്പ് നടത്തുകയും ചെയ്യേണ്ടതുണ്ട്. ഇത്തരമൊരു ഇടക്കാല സർക്കാർ വന്നാൽ പ്രതിപക്ഷമടക്കം അതിലുണ്ടാവും. ശ്രീലങ്കയെ നിലവിലുള്ള പ്രതിസന്ധിയിൽനിന്ന് കരകയറ്റാനുള്ള നടപടികൾ സ്വീകരിക്കേണ്ടി വരികയും ചെയ്യും.

എല്ലാ വിലക്കുകളും ലംഘിച്ച് ജനം കൂട്ടത്തോടെ തെരുവിലിറങ്ങുകയും പ്രസിഡന്റിന്റെ വീട് അടക്കം വളയുകയും ചെയ്തതോടെ തന്റെ 26 മന്ത്രിമാരെയും ഗോട്ടബയ പിരിച്ചു വിട്ടിരുന്നു. ഇതിൽ സഹോദരങ്ങളും ധനമന്ത്രിയുമായ ബേസിൽ രാജപക്സെ, ജലസേചന മന്ത്രി ചമൽ രാജപക്സെ, മഹിന്ദയുടെ മകനും ടൂറിസം മന്ത്രിയുമായ നമൽ രാജപക്സെ എന്നിവരും ഉൾപ്പെടും. ശ്രീലങ്കൻ കേന്ദ്രബാങ്കിന്റെ തലവനും രാജി സമർപ്പിച്ചിരുന്നു. ഇതിനു പിന്നാലെയാണ് രാജപക്സെമാർ പ്രതിപക്ഷത്തെ മന്ത്രിസഭയിൽ ചേരാൻ ക്ഷണിച്ചത്. എന്നാൽ ഇത് കബളിപ്പിക്കലാണെന്നും രാജപക്സെമാർ രാജി വച്ച് പോകുന്നതു വരെ പ്രതിഷേധം അവസാനിക്കില്ലെന്നും പ്രതിപക്ഷവും പ്രതിഷേധക്കാരും വ്യക്തമാക്കുകയായിരുന്നു.

ഗോട്ടബയ ഇന്നലെ പാർട്ടിയിലെ മുതിർന്ന നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. താൻ പ്രസിഡന്റ് പദവിയിൽ തുടരുമെന്നും എന്നാൽ കേവല ഭൂരിപക്ഷം ഉറപ്പാക്കാൻ കഴിയുന്ന ആരു വന്നാലും സർക്കാരിന്റെ ചുമതല വിട്ടുനൽകാം എന്നുമാണ് അദ്ദേഹം അവരോടു വ്യക്തമാക്കിയത്. പ്രതിപക്ഷ നേതാക്കളെയും ഇക്കാര്യം അറിയിച്ചു. എന്നാൽ ഇതിനോട് അനുകൂല നിലപാടല്ല പ്രതിപക്ഷ നേതാക്കൾ അറിയിച്ചത്.

2020 ൽ നടന്ന തിരഞ്ഞെടുപ്പിൽ 225 അംഗ പാർലമെന്റിലെ 145 സീറ്റുകളും സ്വന്തമാക്കിയാണ് രാജപക്സെമാർ, മുൻ പ്രസിഡന്റ് മൈത്രിപാല സിരിസേന തുടങ്ങിയവർ ചേർന്ന ശ്രീലങ്ക പീപ്പിൾസ് ഫ്രീഡം അലയൻസ് അധികാരത്തിൽ വന്നത്. രാജപക്സെമാരുടെ ശ്രീലങ്ക പൊതുജന പേരമുനയും സിരിസേനയുടെ ശ്രീലങ്ക ഫ്രീഡം പാർട്ടിയുമായിരുന്നു ഇതിൽ പ്രധാനം. എന്നാൽ നിലവിലെ പ്രതിസന്ധിയോടെ ശ്രീലങ്ക ഫ്രീഡം പാർട്ടി സർക്കാരിൽനിന്ന് പിന്മാറുകയാണെന്ന് വ്യക്തമാക്കി. ഇവർക്ക് 14 എംപിമാരാണുള്ളത്.

ഇതിനു പുറമേ, ഭരണപക്ഷത്തെ 11 പാർട്ടികൾ ചേർന്നുണ്ടാക്കിയ, 16 എംപിമാർ അടങ്ങിയ കൂട്ടായ്മ, തങ്ങൾ പിന്മാറുകയാണെന്നും പാർലമെന്റിൽ പ്രത്യേക ബ്ലോക്കായി പ്രവർത്തിക്കുമെന്നും വ്യക്തമാക്കിയിരിക്കുകയാണ്. സാമ്പത്തിക പ്രതിസന്ധിയുടെ പേരിൽ ബേസിൽ രാജപക്സെയെ വിമർശിച്ചതിന് ഗോട്ടബയ പുറത്താക്കിയ മുൻ ഊർജമന്ത്രി ഉദയ ഗമ്മൻപില, മുൻ വ്യവസായ മന്ത്രി വിമൽ വീരവാൻസ എന്നിവരാണ് ഈ കൂട്ടായ്മയ്ക്കു പിന്നിൽ.

അതിനിടെ, പ്രധാനമന്ത്രി മഹിന്ദ രാജപക്സയുടെ വസതിക്ക് മുന്നിൽ പ്രതിഷേധിച്ചവരെ പിരിച്ചുവിടാൻ പൊലീസ് കണ്ണീർവാതകം പ്രയോഗിച്ചു. ശ്രീലങ്കയുടെ മുഖ്യ ബാങ്കായ സെൻട്രൽ ബാങ്കിന്റെ ഗവർണർ അജിത് നിർവാദ് കബ്രാൽ തിങ്കളാഴ്ച രാജിവെച്ചിരുന്നു. ഡെപ്യൂട്ടി സ്പീക്കർ രഞ്ജിത് സിയബലപിത്യയും ചൊവ്വാഴ്ച രാജിവെച്ചു. ശ്രീലങ്ക ഫ്രീഡം പാർട്ടി സർക്കാരിൽ നിന്ന് പിന്മാറി സ്വതന്ത്ര നിലപാട് എടുക്കാൻ തീരുമാനിച്ചതിന് പിന്നാലെയാണ് അദ്ദേഹം രാജിവെച്ചത്. സിലോൺ വർക്കേഴ്സ് കോൺഗ്രസും സർക്കാരിനുള്ള പിന്തുണ പിൻവലിച്ചു.

ഇത്രയും എംപിമാർ പിന്മാറിയപ്പോൾത്തന്നെ രാജപക്സെ സർക്കാരിന് മൂന്നിൽ രണ്ട് ഭൂരിപക്ഷം നഷ്ടമായിട്ടുണ്ട്. നിലവിൽ 138 പേർ തങ്ങൾക്കൊപ്പമുണ്ടെന്നാണ് രാജപക്സെമാർ പറയുന്നത്. എന്നാൽ ഇവരുടെ പാർട്ടിക്കുള്ളിൽത്തന്നെ പ്രശ്നങ്ങൾ രൂക്ഷമാവുകയാണെന്നും ജനവികാരം രാജപക്സെമാർക്ക് എതിരായതിനാൽ കൂടുതൽ പേർ പുറത്തു വരുമെന്നുമാണ് പ്രതീക്ഷിക്കുന്നത്. 113 പേരാണ് കേവല ഭൂരിപക്ഷത്തിനായി സർക്കാരിനു വേണ്ടത്.

സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതോടെയാണ് ജനം പ്രതിഷേധവുമായി തെരുവിലിറങ്ങിയത്. എന്നാൽ ഇതിനെ നേരിടാൻ രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയായിരുന്നു സർക്കാർ ചെയ്തത്. ഈ വിലക്കുകൾ മറികടന്ന് ജനങ്ങൾ വ്യാപകമായി തെരുവിലിറങ്ങുകയും പ്രതിഷേധിക്കുകയുമാണ്. മുമ്പും അടിയന്തരാവസ്ഥകളിലൂടെ ശ്രീലങ്ക കടന്നു പോയിട്ടുണ്ട്. 2018-ലെ മുസ്ലിം വിരുദ്ധ കലാപം അടിച്ചമർത്താൻ രാജ്യത്തിന്റെ ചില ഭാഗങ്ങളിൽ സിരിസേന അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു. തമിഴ് വിരുദ്ധ കലാപം നടന്ന 1983 മുതൽ 2011 വരെ അടിയന്തരാവസ്ഥയ്ക്ക് സമാനമായ അവസ്ഥയിലൂടെയാണ് ശ്രീലങ്ക കടന്നു പോയത്. 1958-ൽ സിംഹളീസ് ഏക ഔദ്യോഗിക ഭാഷയാക്കുന്ന സമയത്തും 1971 മുതൽ വിവിധ ഘട്ടങ്ങളായി തീവ്ര ഇടത് പാർട്ടിയായ ജനത വിമുക്തി പേരമുനയെ അടിച്ചമർത്തുന്നതിനായും ശ്രീലങ്കയിൽ അടിയന്തരാവസ്ഥ പ്രഖ്യാപിക്കപ്പെട്ടിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP