Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

നാലു വിക്കറ്റുമായി തിളങ്ങി ആവേശ് ഖാൻ ; അവസാന ഓവറുകളിൽ ബൗളിങ്ങ് മികവിൽ മത്സരം സ്വന്തമാക്കി ലക്‌നൗ; സൂപ്പർ ജയന്റ്‌സിന്റെ ആവേശ ജയം 12 റൺസിന്; സീസണിൽ വിജയം കണ്ടെത്താനാകാതെ ഹൈദരാബാദും തുടർച്ചയായ രണ്ടാം ജയവുമായി ലക്‌നൗവും

നാലു വിക്കറ്റുമായി തിളങ്ങി ആവേശ് ഖാൻ ; അവസാന ഓവറുകളിൽ ബൗളിങ്ങ് മികവിൽ മത്സരം സ്വന്തമാക്കി ലക്‌നൗ; സൂപ്പർ ജയന്റ്‌സിന്റെ ആവേശ ജയം 12 റൺസിന്; സീസണിൽ വിജയം കണ്ടെത്താനാകാതെ ഹൈദരാബാദും തുടർച്ചയായ രണ്ടാം ജയവുമായി ലക്‌നൗവും

സ്പോർട്സ് ഡെസ്ക്

മുംബൈ: ഐപിഎല്ലിൽ ലഖ്നൗ സൂപ്പർ ജയന്റ്സിന് തുടർച്ചയായ രണ്ടാം ജയം. അവസാന ഓവർ വരെ നീണ്ടുന്നിന്ന ആവേശത്തിനൊടുവിൽ സൺറൈസേഴ്സ് ഹൈദാരാബാദിനെതിരെ 12 റൺസിനാണ് ലഖ്നൗ തോൽപ്പിച്ചത്. മുംബൈ ഡിവൈ പാട്ടിൽ സ്റ്റേഡിയത്തിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിന് ഇറങ്ങിയ ലഖ്നൗ നിശ്ചിത ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 169 റൺസാണ് നേടിയത്. മറുപടി ബാറ്റിംഗിൽ ഹൈദരാബാദിന് ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 157 റൺസ് നേടാനാണ് സാധിച്ചത്. നാല് വിക്കറ്റ് നേടിയ ആവേഷ് ഖാനാണ് കെയ്ൻ വില്യംസണിനേയും സംഘത്തേയും തകർത്തത്.

170 റൺസ് വിജയലക്ഷ്യവുമായി ബാറ്റിങ്ങിനിറങ്ങിയ ഹൈദരാബാദിന്റെ തുടക്കം തകർച്ചയോടെയായിരുന്നു. നാലാം ഓവറിൽ നായകൻ കെയിൻ വില്യംസണെയും (16) ആറാം ഓവറിൽ സഹ ഓപ്പണർ അഭിഷേക് ശർമയേയും (13) നഷ്ടമായി. ഇരുവരെയും യുവ ഇന്ത്യൻ പേസർ ആവേശ് ഖാനാണ് പുറത്താക്കിയത്.

തുടർന്ന് മൂന്നാം വിക്കറ്റിൽ ഇന്ത്യൻ താരം രാഹുൽ ത്രിപാഠിയും ദക്ഷിണാഫ്രിക്കൻ യുവതാരം എയ്ഡൻ മർക്രമും (12) ചേർന്ന് 44 റൺസ് കൂട്ടിച്ചേർത്തെങ്കിലും ക്രുണാൽ പാണ്ഡ്യയുടെ പന്തിൽ രാഹുലിന് ക്യാച്ച് നൽകി മർക്രം പുറത്തായത് ഹൈദരാബാദിന് തിരിച്ചടിയായി. മികച്ച രീതിയിൽ ബാറ്റ് ചെയ്ത ത്രിപാഠിയും (44) ക്രുണാലിന് കീഴടങ്ങിയതോടെ ഹൈദരാബാദ് വീണ്ടും പതറി.

എന്നാൽ തകർപ്പൻ കടന്നാക്രമണവുമായി വിൻഡീസ് വിക്കറ്റ്കീപ്പർ ബാറ്റർ നിക്കോളാസ് പുരാൻ കളം നിറഞ്ഞതോടെ ഹൈദരാബാദ് പ്രതീക്ഷകൾക്ക് ചിറകുവച്ചു. അവസാന അഞ്ചു ഓവറിൽ ആറ് വിക്കറ്റ് ശേഷിക്കെ 50 റൺസ് എന്ന നിലയിലേക്ക് വിജയലക്ഷ്യം ചുരുങ്ങി. മറുവശത്തു ഉറച്ച പിന്തുണയുമായി വാഷിങ്ടൺ സുന്ദർ കളിച്ചതോടെ മൽസരം ഹൈദരാബാദിന് അനുകൂലമായി. പക്ഷെ കളിയുടെ ഗതിക്ക് വിപരീതമായി പുരാൻ (34) പതിനെട്ടാം ഓവറിൽ പുറത്തായതോടെ ലക്നൗ മത്സരത്തിൽ ശക്തമായി തിരിച്ചുവന്നു. തൊട്ടടുത്ത പന്തിൽ ഫിനിഷറുടെ റോളിൽ കളിക്കാനെത്തിയ അബ്ദുൾ സമദും പുറത്താതായതോടെ ഹൈദരാബാദ് ബാക്ക്ഫുട്ടിലായി.

തുടർച്ചയായി വിക്കറ്റുകൾ നഷ്ടപ്പെട്ടതു ഹൈദരാബാദിന് തിരിച്ചടിയായെങ്കിലും പത്തൊൻപതാം ഓവറിലെ നാലാം പന്ത് ലോങ്ങ് ഓണിന് മുകളിലൂടെ സിക്സർ പറത്തി റൊമാരിയോ ഷെപ്പേർഡ് ഹൈദരാബാദിന് പ്രതീക്ഷ പകർന്നു. എന്നാൽ അവസാന ഓവറിലെ ആദ്യ പന്തിൽ സുന്ദർ (18) പുറത്തായതോടെ ഹൈദരാബാദ് പ്രതീക്ഷകൾ അസ്തമിച്ചു.

നേരത്തെ, വെറും 27 റൺസിനിടെ മൂന്നു വിക്കറ്റ് നഷ്ടമാക്കി കൂട്ടത്തകർച്ചയിലേക്കു നീങ്ങിയ ലക്‌നൗ സൂപ്പർ ജയന്റ്‌സിന് പൊരുതാവുന്ന സ്‌കോർ സമ്മാനിച്ചത് ക്യാപ്റ്റൻ കെ.എൽ. രാഹുലും ദീപക് ഹൂഡയുമൊത്തുള്ള നാലാം വിക്കറ്റ് കൂട്ടുകെട്ടാണ്. ഇരുവരും അർധസെഞ്ചുറിയും നേടിയതോടെയാണ് ഹൈദരാബാദിനു മുന്നിൽ ലക്‌നൗ 170 റൺസ് വിജയലക്ഷ്യം ഉയർത്തിയത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ലക്‌നൗ നിശ്ചിത 20 ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിലാണ് 169 റൺസെടുത്തത്.

50 പന്തിൽനിന്ന് 68 റൺസെടുത്ത ക്യാപ്റ്റൻ കെ.എൽ. രാഹുലാണ് ലക്‌നൗവിന്റെ ടോപ് സ്‌കോറർ. ഓപ്പണറായി ഇറങ്ങി ആറു ഫോറും ഒരു സിക്‌സും സഹിതം 68 റൺസെടുത്ത രാഹുൽ, 19ാം ഓവറിലാണ് പുറത്തായത്. സീസണിലെ മൂന്നാം മത്സരത്തിൽ രണ്ടാം അർധസെഞ്ചുറി കുറിച്ച ഹൂഡ, 51 റൺസെടുത്ത് പുറത്തായി. 33 പന്തിൽ മൂന്നു വീതം സിക്‌സും ഫോറും ഉൾപ്പെടുന്നതാണ് ഹൂഡയുടെ ഇന്നിങ്‌സ്. കൂട്ടത്തകർച്ചയുടെ വക്കത്തായിരുന്ന ലക്‌നൗവിനെ നടുനിവർത്താൻ പ്രാപ്തമാക്കിയത് നാലാം വിക്കറ്റൽ ഇവർ പടുത്തുയർത്തിയ അർധസെഞ്ചുറി കൂട്ടുകെട്ടാണ്. 62 പന്തിൽനിന്ന് ഇരുവരും ലക്‌നൗ സ്‌കോർ ബോർഡിലെത്തിച്ചത് 87 റൺസാണ്.

ഇവർക്കു പുറമേ ലക്‌നൗ നിരയിൽ രണ്ടക്കം കണ്ടത് വെറും രണ്ടു പേർ മാത്രം. യുവതാരം ആയുഷ് ബദോനി 12 പന്തിൽ മൂന്നു ഫോറുകൾ സഹിതം 19 റൺസെടുത്ത് അവസാന പന്തിൽ റണ്ണൗട്ടായി. മനീഷ് പാണ്ഡെ 10 പന്തിൽ ഓരോ സിക്‌സും ഫോറും സഹിതം 11 റൺസെടുത്തും പുറത്തായി. ജെയ്‌സൻ ഹോൾഡർ മൂന്നു പന്തിൽ ഒരു സിക്‌സ് സഹിതം എട്ടു റൺസുമായി പുറത്താകാതെ നിന്നു. ഓപ്പണർ ക്വിന്റൻ ഡികോക്ക് (നാലു പന്തിൽ ഒന്ന്), എവിൻ ലൂയിസ് (അഞ്ച് പന്തിൽ ഒന്ന്), ക്രുണാൽ പാണ്ഡ്യ (മൂന്നു പന്തിൽ ആറ്) എന്നിവർ നിരാശപ്പെടുത്തി.

പവർപ്ലേ ഓവറുകളിൽ ലക്‌നൗവിനു മൂക്കുകയറിട്ട വാഷിങ്ടൻ സുന്ദർ, നാല് ഓവറിൽ 28 റൺസ് വഴങ്ങി രണ്ടു വിക്കറ്റ് സ്വന്തമാക്കി. നാല് ഓവറിൽ 26 റൺസ് മാത്രം വഴങ്ങി രണ്ടു വിക്കറ്റെടുത്ത ടി. നടരാജന്റെ പ്രകടനവും ശ്രദ്ധേയമായി. വിൻഡീസ് താരം റൊമാരിയോ ഷെഫേർഡ് നാല് ഓവറിൽ 42 റൺസ് വഴങ്ങിയും രണ്ടു വിക്കറ്റ് വീഴ്‌ത്തി. അതിവേഗ ബോളർ ഉംറാൻ മാലിക്ക് മൂന്ന് ഓവറിൽ 39 റൺസ് വഴങ്ങിയെങ്കിലും വിക്കറ്റൊന്നും ലഭിച്ചില്ല.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP