Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

'ഞാൻ അത്ര ചീപ്പല്ല'; വി ഡി സതീശനെതിരെ ഐഎൻടിയുസിയെ ഇളക്കി വിടുന്നുവെന്ന ആരോപണത്തിൽ രമേശ് ചെന്നിത്തല; പദവിക്ക് പിന്നാലെ പോകുന്നയാളല്ല താൻ; പാർട്ടി പ്രവർത്തനത്തിന് പദവി നിർബന്ധമില്ലെന്നും രമേശ് ചെന്നിത്തല

'ഞാൻ അത്ര ചീപ്പല്ല'; വി ഡി സതീശനെതിരെ ഐഎൻടിയുസിയെ ഇളക്കി വിടുന്നുവെന്ന ആരോപണത്തിൽ രമേശ് ചെന്നിത്തല; പദവിക്ക് പിന്നാലെ പോകുന്നയാളല്ല താൻ; പാർട്ടി പ്രവർത്തനത്തിന് പദവി നിർബന്ധമില്ലെന്നും രമേശ് ചെന്നിത്തല

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും ഐഎൻടിയുസിയും തമ്മിലുള്ള തർക്കത്തിനു പിന്നിൽ താനല്ലെന്ന് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. 'ഐഎൻടിയുസിയെ ഇളക്കി വിടാൻ ഞാനത്ര ചീപ്പല്ല. നിലവിലെ പ്രശ്‌നങ്ങൾ പരിഹരിക്കേണ്ടത് സംസ്ഥാന നേതൃത്വമാണ്. പദവിക്ക് പിന്നാലെ നടക്കുന്ന ആളല്ല ഞാൻ. എന്നെ അറിയുന്ന ആരും അത് വിശ്വസിക്കില്ല' അദ്ദേഹം പറഞ്ഞു.

ഐഎൻടിയുസി കോൺഗ്രസിന്റെ പോഷക സംഘടനയല്ലെന്ന വി.ഡി.സതീശന്റെ പ്രസ്താവനയാണ് വിവാദമായത്. സതീശന്റെ പ്രസ്താവനയെ നിഷേധിച്ച ഐഎൻടിയുസി, പ്രസ്താവന പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഐഎൻടിയുസി കോൺഗ്രസിന്റെ പോഷക സംഘടനയാണെന്നും പാർട്ടി അത് അംഗീകരിച്ചിട്ടുണ്ടെന്നും ഐഎൻടിയുസി സംസ്ഥാന പ്രസിഡന്റ് ആർ.ചന്ദ്രശേഖരൻ പറഞ്ഞു.ഇ വിവാദത്തിന് പിന്നാലെയാണ് രമേശ് ചെന്നിത്തല മറുപടിയുമായി രംഗത്തെത്തിയത്.

കേരളത്തിലെ സമകാലിക വിഷയങ്ങൾ സോണിയാഗാന്ധിയുമായി ചർച്ച ചെയ്യേണ്ടതില്ല. കോൺഗ്രസ് അധ്യക്ഷയോട് പറയേണ്ട അത്രയ്ക്ക് പ്രാധാന്യമൊന്നും അതിനില്ല. അതൊക്കെ നാട്ടിൽ സംസാരിച്ചു തീർക്കേണ്ട വിഷയങ്ങളാണ്.അതെല്ലാം കെപിസിസി പ്രസിഡന്റ് ചർച്ച ചെയ്ത് പ്രശ്നങ്ങളെല്ലാം പരിഹരിക്കുമെന്നാണ് വിശ്വസിക്കുന്നത്. തനിക്ക് ഒരു പദവി വേണമെന്ന് ആരോടും ആവശ്യപ്പെട്ടിട്ടില്ല. പദവി തരാമെന്ന് തന്നോടും ആരും പറഞ്ഞിട്ടില്ല.

തന്റെ പദവി ജനങ്ങളുടെ മനസ്സിലാണ്. എന്നും ജനങ്ങളിൽ വിശ്വാസമുള്ളയാളാണ് താൻ. പദവിയുണ്ടെങ്കിലും ഇല്ലെങ്കിലും കേരളത്തിലെ പാർട്ടി പ്രവർത്തകരുടെയും ജനങ്ങളുടെയും മനസ്സിൽ തനിക്കൊരു സ്ഥാനമുണ്ടെന്ന് വിശ്വസിക്കുന്നു.തന്നെ ആരും മാറ്റിനിർത്തിയിട്ടില്ല. പാർട്ടിയുടെ എല്ലാക്കാര്യത്തിലും നേതൃത്വവുമായി യോജിച്ചുകൊണ്ടു തന്നെ മുമ്പിൽ തന്നെയുണ്ട്. സ്ഥാനം വേണമെന്ന പ്രശ്നമേയില്ല. പാർട്ടി പ്രവർത്തകരുടേയും ജനങ്ങളുടേയും പരിപൂർണ പിന്തുണ അതിന് ലഭിക്കുന്നുണ്ട്.

കോൺഗ്രസ് ഹൈക്കമാൻഡുമായുള്ള കൂടിക്കാഴ്ചയിൽ പൂർണ തൃപ്തനാണ്. പാർട്ടിയെ കൂടുതൽ ശക്തമായി മുന്നോട്ടുകൊണ്ടുപോകാൻ സോണിയാഗാന്ധിക്കും രാഹുൽഗാന്ധിക്കും കഴിയുമെന്നാണ് തന്റെ പൂർണ വിശ്വാസമെന്നും ചെന്നിത്തല പറഞ്ഞു. ഐഎൻടിയുസി കോൺഗ്രസിന്റെ പോഷകസംഘടനയല്ലെന്ന വി ഡി സതീശന്റെ പ്രസ്താവന മാധ്യമപ്രവർത്തകർ ചൂണ്ടിക്കാട്ടിയപ്പോൾ, അതെല്ലാം കെപിസിസി നേതൃത്വം ഇടപെട്ട് പരിഹരിക്കുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

എഐസിസി പുനഃസംഘടന നടക്കാനിരിക്കേയാണ് സോണിയാ ഗാന്ധിയുമായി രമേശ് ചെന്നിത്തലയുടെ കൂടിക്കാഴ്ച. കെ സി വേണുഗോപാൽ, വി ഡി സതീശൻ ഗ്രൂപ്പുകൾ ഉന്നയിച്ച പരാതികളിൽ ചെന്നിത്തല തന്റെ ഭാഗം ന്യായീകരിക്കുമെന്ന് നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. പുതിയ നേതൃത്വത്തിലെ തമ്മിലടിയും പുനഃസംഘടന മുടങ്ങിയതും ചെന്നിത്തല ആയുധമാക്കിയേക്കും. കെ സി വേണുഗോപാലിന്റെ അനാവശ്യ ഇടപെടലുകളെ കുറിച്ചും പരാതിപ്പെട്ടേക്കുമെന്നും വിവരങ്ങൾ നേരത്തെ പുറത്തുവന്നിരുന്നു.

ഐഎൻടിയുസി കലാപത്തിനും മാണി സി കാപ്പന്റെ പ്രതിഷേധത്തിനും പിന്നിൽ ചെന്നിത്തലയാണെന്ന പരാതി സതീശൻ വിഭാഗം കേന്ദ്ര നേതൃത്വത്തെ ധരിപ്പിച്ചിട്ടുണ്ട്. രമേശ് ചെന്നിത്തലക്കെതിരെ ഹൈക്കമാന്റിന് നിരവധി പരാതികൾ ലഭിച്ചിരുന്നു. സംഘടനാ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാലിനെ ചെന്നിത്തല സാമൂഹ്യ മാധ്യമങ്ങൾ വഴി അപമാനിക്കുന്നെന്ന് ചൂണ്ടിക്കാട്ടി തിരുവനന്തപുരം മുൻ ഡിസിസി പ്രസിഡന്റ് നെയ്യാറ്റിൻകര സനലും ഹൈക്കമാന്റിനെ സമീപിച്ചിരുന്നു.

അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഫലം വന്നതിന് ശേഷം ആസൂത്രിത ആക്രമണം നടന്നെന്നും ചെന്നിത്തലയ്ക്ക് എതിരെ നടപടി വേണമെന്നും സോണിയാ ഗാന്ധിക്ക് നൽകിയ കത്തിൽ നെയ്യാറ്റിൻകര സനൽ ആവശ്യപ്പെട്ടു. ചെന്നിത്തല അണികൾക്ക് നിർദ്ദേശം നൽകുന്ന ശബ്ദ സന്ദേശം പുറത്ത് വന്നതും പരാതിയിലുണ്ട്. ചെന്നിത്തലയ്‌ക്കെതിരെ അച്ചടക്ക നടപടി ആവശ്യപ്പെട്ട് സോണിയ ഗാന്ധിക്ക് യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി സാജു ഖാനും പരാതി നൽകിയിരുന്നു. കെസിക്കെതിരെ പോസ്റ്റിടാൻ നിർദ്ദേശം നൽകുന്ന ശബ്ദം ചെന്നിത്തലയുടേതാണ് എന്ന പ്രചാരണം കോൺഗ്രസ് സൈബർ സ്‌പേസിൽ ശക്തമായി മാറിയിരുന്നു.

ആ ശബ്ദം രമേശ് ചെന്നിത്തലയുടേതല്ലെന്നും ഫേക്കാണെന്നുമാണ് ചെന്നിത്തല അനുകൂലികളുടെ വിശദീകരണം. എന്നാൽ കെസി വേണുഗോപാലിനും തനിക്കുമെതിരായി നടക്കുന്ന സൈബർ ആക്രമണത്തിന് പിന്നിൽ ചെന്നിത്തല ബ്രിഗേഡിനെ വിഡി സതീശൻ സംശയിക്കുന്നുണ്ട്. നേരിട്ട് പോസ്റ്റിട്ടാൽ പോലും ഹാക്ക് ചെയ്‌തെന്ന വാദം നിരത്തി രക്ഷപ്പെടാമെന്നുള്ളതിനാൽ മുതിർന്ന നേതാക്കളും സൈബറിടത്തെ ഒളിപ്പോരിൽ പിന്നിലല്ല.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP