Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പതിനായിരം കോടിയോളം സ്വത്തുള്ള 'പാവങ്ങളുടെ' പാർട്ടി! പിഎസ്‌സി കഴിഞ്ഞാൽ കേരളത്തിലെ ഏറ്റവും വലിയ തൊഴിൽ ദാതാവ്; പിണറായിസത്തിന്റെ സമഗ്രാധിപത്യത്തിൽ യെച്ചൂരി നിസ്സഹായൻ; കമ്പ്യൂട്ടർ വിരുദ്ധതയിൽ നിന്ന് കെ റെയിലിലേക്ക്; പിണറായി ഇനി സിപിഎമ്മിന്റെ സിഇഒ; 23ാം പാർട്ടി കോൺഗ്രസിൽ സിപിഎം പൂർണ്ണമായും റെഡ് ക്യാപിറ്റലിസത്തിലേക്ക്

പതിനായിരം കോടിയോളം സ്വത്തുള്ള 'പാവങ്ങളുടെ' പാർട്ടി! പിഎസ്‌സി കഴിഞ്ഞാൽ കേരളത്തിലെ ഏറ്റവും വലിയ തൊഴിൽ ദാതാവ്; പിണറായിസത്തിന്റെ സമഗ്രാധിപത്യത്തിൽ യെച്ചൂരി നിസ്സഹായൻ; കമ്പ്യൂട്ടർ വിരുദ്ധതയിൽ നിന്ന് കെ റെയിലിലേക്ക്; പിണറായി ഇനി സിപിഎമ്മിന്റെ സിഇഒ; 23ാം പാർട്ടി കോൺഗ്രസിൽ സിപിഎം പൂർണ്ണമായും റെഡ് ക്യാപിറ്റലിസത്തിലേക്ക്

എം റിജു

'പുഷ്പനെ അറിയാമോ, ഞങ്ങടെ പുഷ്പനെ അറിയാമോ'.... എന്ന ഗാനം ഓർമ്മയില്ലേ. സിപിഎമ്മിന്റെ ജീവിച്ചിരിക്കുന്ന രക്തസാക്ഷി കൂത്ത്പറമ്പിലെ പുഷ്പന്റെ വീടിന്റെ മുന്നിലൂടെയാണ് ഇത്തവണയും 23ാം പാർട്ടികോൺഗ്രസിന്റെ അനൗൺസ്മെന്റുകളും, ജാഥകളും മുന്നോട്ടുപോവുന്നത്. വിദ്യാഭ്യാസ സ്വകാര്യവത്ക്കരണത്തിനെതിരായ സമരത്തിന്റെ ഭാഗമായി, മന്ത്രി എംവി രാഘവനെ തടഞ്ഞതിനെ തുടർന്നുണ്ടായ വെടിവെപ്പിൽ തളർന്നു കിടക്കുന്ന പുഷ്പന്, പക്ഷേ അറിയുമോ എന്നറിയില്ല, ഇന്ന് തന്റെ പാർട്ടി നയങ്ങൾ മുഴുവൻ തിരുത്തുകയാണെന്ന്. ഇന്ന് വിദ്യാഭ്യാസ മേഖലയിൽ അടക്കം സ്വകാര്യവത്ക്കരണം അനിവാര്യമാണെന്ന് സിപിഎം തിരിച്ചറിയുന്നു. അങ്ങനെയാണ് ഉന്നത വിദ്യാഭ്യാസ രംഗത്ത് വിദേശമൂലധനം കൊണ്ടുവരുന്നതിന് തീരുമാനം ആകുന്നത്. വിദേശ സർവകാലശാലകളുടെ ഓഫ് കാമ്പസുകൾ ഇനി കേരളത്തിൽ വരും. സത്യത്തിൽ വിദ്യാഭ്യാസം കൊണ്ട് മാത്രം ജീവിക്കുന്ന ഒരു ജനതയാണ് നാം. വിദേശരാജ്യങ്ങളിലേക്കുള്ള മനുഷ്യക്കയറ്റുമതി തന്നെയാണ്, നമ്മുടെ വിജയത്തിന്റെ അടിസ്ഥാനം. അതുകൊണ്ടുതന്നെ കേരളത്തിൽ വിദേശ സർവകലാശാലകൾ വരുന്നതാണ്, യഥാർഥ വിപ്ലവം. ( ഇതേകാര്യം നാലഞ്ചുകൊല്ലം മുമ്പ് പറഞ്ഞതിനാണ് നയതന്ത്ര വിദഗ്ദ്ധർ ടി.പി ശ്രീനിവാസനെ എസ്എഫ്ഐക്കാർ തല്ലിതാഴെയിട്ടത്)

പക്ഷേ സിപിഎം നയോലിബറൽ, ബൂർഷ്വാ- പെറ്റി ബൂർഷ്വാ തുടങ്ങിയ ജാർഗണുകൾ ഇട്ട് ഇത്രയും കാലം തടസ്സപ്പെടുത്തിയിരുന്നത് എന്തായിരുന്നു? പുഷ്പേെനേപ്പാലുള്ള പാവങ്ങളെ ജീവഛവമാക്കിയത് എന്തിനാണ്? കൂത്തുപറമ്പ് വെടിവെപ്പിന് ഇടയാക്കിയ, സ്വാശ്രയ കോളജ് സമരം എന്തായി. ഇന്ന് കേരളത്തിലും എത്ര സ്വാശ്രയ കോളജുകൾ ഉണ്ട്. പിന്നെ എന്തിനായിരുന്നു ഈ പാവങ്ങളുടെ കുരുതി. സിപിഎം എന്ന പാർട്ടിയുടെ 23ാം പാർട്ടികോൺഗ്രസ് കണ്ണൂരിൽ നടക്കുമ്പോൾ, ചൈനീസ് മോഡൽ റെഡ് കാപ്പിറ്റലിസത്തിലേക്കുള്ള പാർട്ടിയുടെ പ്രയാണം പൂർത്തിയാവുകയാണ്. 64ൽ തുടങ്ങിയപ്പോൾ പറഞ്ഞ എല്ലാ നയങ്ങളും സിപിഎം വിഴുങ്ങിയിരിക്കുന്നു. കമ്പ്യൂട്ടർവിരുദ്ധ-ട്രാക്ടർ വിരുദ്ധ സമരം നയിച്ചവർ ഇന്ന് ഒരുലക്ഷം കോടിയുടെ കെ റെയിലിനായി കല്ലിടുന്നു. വിദേശത്തുനിന്ന് വായ്‌പ്പകൾ എടുക്കുന്നു. കടം വാങ്ങാനുള്ള കേന്ദ്രവിലക്ക് പരിഹരിക്കാൻ കഫ്ബിയുണ്ടാക്കുന്നു. കടത്തിൽമേൽ കടം വാങ്ങിയാലും യാതൊരു കൂഴപ്പുവുമില്ല എന്ന ഒരു സിദ്ധാന്തം തന്നെ തോമസ് ഐസക്കിനെപ്പോലുള്ളവർ ഉണ്ടാക്കുന്നു. അതായത് തിരിച്ചറിയാൻ പോലും കഴിയാത്ത രീതിയിൽ സിപിഎം മാറിപ്പോയിരിക്കുന്നു.

സത്യത്തിൽ ഇത് ഒരു കണക്കിന് നല്ലയാണ്. കമ്യൂണിസവും മാർക്സിസവും, ഒരു വരിപോലും ശരിയില്ലാത്ത വെറും ആധുനിക അന്ധവിശ്വാസങ്ങൾ മാത്രമാണ്. അതിന്റെ ഭാഗമായാണ് ക്യാപിറ്റിലിസം എന്ന വാക്കിന് മലയാളി മാർക്സിസ്റ്റുകൾ, മുതലാളിത്തം എന്ന തെറ്റായ തർജ്ജമ കൊടുക്കുന്നത്. മൂലധന സമ്പദ്വ്യവസ്ഥ എന്നാണ് ക്യാപിറ്റലിസത്തിന്റെ ശരിയായ വിവർത്തനം. ക്യാപിറ്റലിസം എന്ന സ്വാഭാവികമായ സാമ്പത്തിക വ്യവസ്ഥയോട് സിപിഎമ്മിന് ഒരു കാലത്തും യോജിപ്പില്ലായിരുന്നു. എന്നാൽ തങ്ങളുടെ നയങ്ങൾ തെറ്റായതുകൊണ്ടാണ് അത് പരിഷ്‌ക്കരിച്ചത് എന്ന് പറയാനുള്ള സത്യസന്ധതയെന്നും സിപിഎമ്മിന് ഇല്ല. അവർ മുതലാളിത്തത്തിന് ( അങ്ങനെ ഒരു സാധനമേ ലോകത്ത് എവിടെയും ഇല്ല) ബദൽ ഒരുക്കുക എന്ന ചക്കര വാക്കുകൾ പറഞ്ഞാണ് ആളുകളെ പറ്റിക്കുന്നത്.

മാത്രമല്ല സിപിഎം അതിന്റെ ചരിത്രത്തിൽ ഒരിക്കലും ഇല്ലാത്ത രീതിയിൽ ഒരു വ്യകതിയിലേക്ക് ഒതുങ്ങുകയാണ്. ദേശീയ നേതൃത്വം ഇത്രമേൽ ദുർബലമായ ഒരു കാലം വേറെയുണ്ടായിരുന്നില്ല. സംസ്ഥാന പ്രസിഡന്റിനെ കണ്ടാൽ ദേശീയ പ്രസിഡന്റ് എഴുനേറ്റ് നിൽക്കുന്ന പാർട്ടിയെന്ന്, പണ്ട് പരിഹസിക്കപ്പെട്ടത് മുസ്ലിം ലീഗ് ആയിരുന്നു. പേരിൽ ദേശീയ പാർട്ടിയാണെങ്കിലും, മുസ്ലിം ലീഗിനെ സംബന്ധിച്ച് എല്ലാമെല്ലാം, സംസ്ഥാന നേതൃത്വവും പാണക്കാട് കുടുംബവുമാണ്. അവർ പറയുന്ന തീരുമാനം ദേശീയ പ്രസിഡന്റ് അംഗീകരിക്കും. ഈ വിഷയം പൊതുയോഗങ്ങളിലടക്കം എടുത്തിട്ട് സിപിഎമ്മിനെ കണക്കിന് പരിസഹിച്ചവരാണ് സിപിഎം നേതാക്കൾ. എന്നാൽ ഫലത്തിൽ സിപിഎമ്മും ഇതോ അവസ്ഥയിൽ ആയിക്കഴിഞ്ഞു.

മറ്റ് സംസ്ഥാനങ്ങളിലെല്ലാം തോറ്റ്്തൊപ്പിയിട്ട്, കെട്ടിവെച്ച കാശുപോലും കിട്ടാത്ത രീതിയിൽ ഒലിച്ചുപോയിട്ടും, കേരളം എന്ന് തുരുത്തുമാത്രം ഇന്നും ചുവന്നു നിന്നു. അതിന് കാരണഭൂതൻ മുണ്ടയിൽ കോരന്റെ മകൻ വിജയൻ എന്ന പിണറായിക്കാരൻ മാത്രമാണ്. അതുകൊണ്ട് പിണറായി ഇപ്പോൾ ജനറൽ സെക്രട്ടറി യെച്ചൂരിക്കും മുകളിൽ വളർന്നിരിക്കുന്നു. കെ റെയിലിൽ അടക്കം, പിണറായി പറയുന്നതിന് തലകുലുക്കാനല്ലായെ യെച്ചൂരിക്ക് മറ്റൊന്നും കഴിയില്ല.

64 മുതൽ 2002 വരെ

സിപിഐയിലെ വലതുപക്ഷ വ്യതിയാനങ്ങളെ ചെറുക്കാനായി സിപിഎം രൂപം കൊണ്ട് 64ന് ശേഷം നടന്ന ആദ്യ പാർട്ടി കോൺഗ്രസിലെ നയ സമീപന രേഖയും, ഇപ്പോഴത്തേതും പരിശോധിച്ചാൽ, അജഗജാന്തര വ്യത്യാസമുണ്ട്. ഒരിക്കയും വിപണി തുറക്കാൻ സമ്മതിക്കാത്ത, കമ്യൂണിസത്തിലും സോഷ്യലിസത്തിലും ആത്മാർഥമായി വിശ്വസിക്കുന്ന ഒരു പാർട്ടിയെയാണ് നിങ്ങൾക്ക് അവിടെ കാണാൻ കഴിയുക. ഫലത്തിൽ ഇന്നത്തെ സിപിഎമ്മും അന്നത്തെ സിപിഎമ്മും തമ്മിൽ സന്തോഷ് പണ്ഡിറ്റ് പറഞ്ഞപോലെ ടൈഗറും, ടൈഗർ ബിസ്്ക്കറ്റും തമ്മിലെ സാമ്യം മാത്രമേയുള്ളൂ!

സിപിഐ. (എം) എന്ന രാഷ്ട്രീയകക്ഷി രൂപം കൊള്ളുന്നത് 1964ൽ ആണെങ്കിലും, അതിന്റെ പ്രത്യയശാസ്ത്രപരമായ അടിത്തറ രൂപം കൊള്ളുന്നത് ഇന്ത്യയിലെ ആദ്യകാല കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളുടെ ഒപ്പമാണ്. 1939 ൽ പാർട്ടി ഔപചാരികമായി രൂപീകൃതമായിരുന്നു എങ്കിലും അന്ന് നിലനിന്നിരുന്ന സാഹചര്യങ്ങൾ മൂലം ഒളിവിൽ പ്രവർത്തിക്കാനേ കഴിഞ്ഞിരുന്നുള്ളു.

1925ൽ രൂപീകൃതമായ സിപിഐ എന്ന കമ്യൂണിസ്റ്റ് പാർട്ടിയിൽ നിന്നാണ് സി.പിഎമ്മിന്റെ ആവിർഭാവം. അക്കാലത്ത് കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ ഉയർന്നു വന്ന റിവിഷനിസ്റ്റ് പ്രവണതകൾക്കുമെതിരെയുള്ള എതിർപ്പുകളാണ് അവസാനം പിളർപ്പായി പരിണമിച്ചത് എന്നാണ് ഇത് സംബന്ധിച്ച സിപിഐ. (എം)ന്റെ ഔദ്യോഗിക നിലപാട്. എന്നാൽ 1960കളുടെ തുടക്കത്തിൽ സാർവദേശീയ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിൽ ഉടലെടുത്ത അഭിപ്രായ ഭിന്നതകളുടെ പ്രതിഫലനമാണ് ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ ഉണ്ടായ പിളർപ്പെന്നതാണ് യാഥാർഥ്യം. പിളർപ്പിന് ശേഷം ഒരു വിഭാഗം ദേശീയ ജനാധിപത്യ വിപ്ലവം എന്ന ലക്ഷ്യത്തോടേയും, മറ്റൊരു വിഭാഗം ജനകീയ ജനാധിപത്യ വിപ്ലവം എന്ന ലക്ഷ്യത്തോടേയും പ്രവർത്തിക്കുന്നു. ഇതിൽ ജനകീയ ജനാധിപത്യ വിപ്ലവം എന്ന ലക്ഷ്യം സ്വീകരിച്ച വിഭാഗമാണ് സിപിഎം.

ഇന്ത്യൻ ഭരണകൂടത്തിന്റെ വർഗ്ഗസ്വഭാവം വിലയിരുത്തുന്ന കാര്യത്തിലാണ് ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടായിത്തുടങ്ങിയത്. അക്കാലത്ത് ലോക കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിൽ ഉണ്ടായിരുന്ന അഭിപ്രായ വ്യത്യാസങ്ങൾ വിഭാഗീയത മൂർച്ഛിക്കുവാൻ ഇടവരുത്തി. 1956 ഏപ്രിൽ 19 മുതൽ 29 വരെ പാലക്കാട് വെച്ച് നടന്ന കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ നാലാം പാർട്ടി കോൺഗ്രസ്സിൽആണ് വിഭാഗീയത പ്രത്യക്ഷമായി തുടങ്ങിയത്. ഈ സമ്മേളനത്തിൽ വെച്ച് പാർട്ടിയിലെ ഒരു വിഭാഗം ബദൽ പ്രമേയം അവതരിപ്പിച്ചിരുന്നുവെങ്കിലും അത് പരാജയപ്പെടുകയാണുണ്ടായത്.

പാർട്ടി സമ്മേളനത്തിന്റെ പിറ്റേ ദിവസം അന്നത്തെ മലബാർ കമ്മിറ്റി സെക്രട്ടറി ആയിരുന്ന കെ. ദാമോദരൻ സെക്രട്ടറിയേറ്റ് വിളിച്ചു കൂട്ടുകയും പരാജയപ്പെട്ട പ്രമേയത്തെ പിന്തുണച്ച കെ. ദാമോദരൻ, എൻ.ഇ. ബാലറാം, ടി.സി. നാരായണൻ നമ്പ്യാർ, പി.ആർ. നമ്പ്യാർ തുടങ്ങിയവർ മലബാർ കമ്മിറ്റിയിൽ നിന്നുള്ള രാജി സമർപ്പിക്കുകയും ചെയ്തു. എന്നാൽ പിന്നീട് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ കേന്ദ്ര എക്സിക്യൂട്ടീവ് ഈ രാജി സമർപ്പണം തെറ്റാണെന്ന് വിധിച്ചു.

1961ൽ കാട്ടാമ്പള്ളിയിൽ വെച്ച് നടന്ന സംസ്ഥാനസമ്മേളനത്തിലും വിഭാഗീയത രൂക്ഷമായിരുന്നു. മോസ്‌കോയിൽ വെച്ച് നടന്ന കമ്മ്യൂണിസ്റ്റ് വർക്കേഴ്സ് പാർട്ടികളുടെ സമ്മേളനത്തിനു ശേഷമായിരുന്നു ഇത്. മുതലാളിത്തേതര പാത, സമാധാനപരമായ സഹവർത്തിത്വം, ദേശീയ ജനാധിപത്യം തുടങ്ങിയവയെ ചൊല്ലി മോസ്‌കോ സമ്മേളനത്തിൽ ഉയർന്നു വന്ന തർക്കങ്ങളുടെ അനുരണനങ്ങൾ ആയിരുന്നുവെങ്കിലും പ്രധാനമായും തർക്കവിഷയം ദേശീയ ജനാധിപത്യത്തെ ചൊല്ലി ആയിരുന്നു.

ഈ തർക്കങ്ങൾ ഈ ആശയസമരത്തെ രൂക്ഷമാക്കുന്നതിൽ പ്രധാനപ്പെട്ട ഒരു പങ്ക് വഹിച്ചു. ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ ഈ പ്രശ്നത്തിനെ രണ്ട് തരത്തിലാണ് സമീപിച്ചിരുന്നത്. സാമ്രാജ്യത്വ രാജ്യങ്ങളിൽ നിന്ന് ആയുധം ശേഖരിച്ചു കൊണ്ടാണെങ്കിലും വർഗ ശത്രുക്കളെ എതിരിടണമെന്ന് ഒരു വിഭാഗം ആവശ്യപ്പെട്ടപ്പോൾ, അതിർത്തിതർക്കങ്ങൾ സമാധാനപരമായി ഉഭയകക്ഷിചർച്ചകളിലൂടെ വേണം പരിഹരിക്കേണ്ടത് എന്ന് മറുവിഭാഗം നിലപാട് എടുത്തു. 1961 ഏപ്രിൽ 7 മുതൽ 16 വരെ വിജയവാഡയിൽ നടന്ന ആറാം പാർട്ടി കോൺഗ്രസ്സിൽ (അതിനു മുന്നോടി ആയ നടന്ന കേരള സംസ്ഥാന സമ്മേളനമായിരുന്നു കാട്ടാമ്പള്ളിയിലേത്) ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടി പിളർപ്പിന്റെ വക്കുവരെ എത്തി. ഏകീകരിച്ച ഒരു രാഷ്ട്രീയ പ്രമേയം പോലും അംഗീകരിക്കുവാൻ ആ പാർട്ടി കോൺഗ്രസ്സിൽ സാധിച്ചിരുന്നില്ല.

1962ൽ ജനറൽ സെക്രട്ടറിയായിരുന്ന അജയ് ഘോഷ് മരിക്കുകയും ഇ.എം.എസ്. നമ്പൂതിരിപ്പാട് പുതിയ ജനറൽ സെക്രട്ടറിയായും എസ്.എ. ഡാങ്കെയെ ചെയർമാൻ എന്ന പുതിയ സ്ഥാനത്തിലും നിയമിച്ചു. രണ്ടു വിഭാഗത്തിനും പ്രാതിനിധ്യം നൽകുകയായിരുന്നു ഇതിലൂടെ ചെയ്തത്. അതിൽ ഇ.എം.എസ്. ഇടതും ഡാങ്കെ വലതും വിഭാഗങ്ങളിൽ നിന്നുള്ളവരായിരുന്നു.

അതിനു ശേഷം ഒത്തുപോകാനാവാത്ത വിധത്തിൽ അഭിപ്രായഭിന്നതകൾ രൂക്ഷമാവുകയും 1964 ഏപ്രിൽ 11-ന് നടന്ന ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ നാഷണൽ കൗൺസിൽ യോഗത്തിൽ നിന്ന് 32 നേതാക്കളുടെ ഇറങ്ങിപ്പോക്കിലേക്ക് നയിക്കുകയും ചെയ്തു. (നായനാരും വി എസ്സും ഉൾപ്പെടെയുള്ള 32 അംഗങ്ങളാണ് ഇറങ്ങിപോയത്). ആദ്യം നിഷ്പക്ഷനായിരുന്നു ഇഎംഎസ് പിന്നീട് സിപിഎം പക്ഷത്തേക്ക് മാറി.

ഈ ഇറങ്ങിപ്പോയ 32 നേതാക്കൾ ആന്ധ്രാ പ്രദേശിലെ തെന്നാലിയിൽ ഒരു കൺവെൻഷൻ വിളിച്ചു കൂട്ടുകയും അതിൽ പാർട്ടി കോൺഗ്രസ്സ് കൊൽക്കത്തയിൽ വെച്ച് നടത്തുവാൻ തീരുമാനിക്കുകയും ചെയ്തു 1964 ഒക്ടോബർ 31 മുതൽ നവംബർ 7 വരെ കൊൽക്കത്തയിൽ വച്ച് ഒരു വിഭാഗം പ്രവർത്തകർ പാർട്ടി കോൺഗ്രസ്സ് ചേരുകയും, ബോംബെയിൽ സിപിഐ പാർട്ടി കോൺഗ്രസ്സ് വിളിച്ചുകൂട്ടുകയും ചെയ്തു. കൊൽക്കത്തയിൽ വെച്ച് നടന്ന പാർട്ടി കോൺഗ്രസ്സ് ജനകീയ ജനാധിപത്യ വിപ്ലവത്തിന്റേതായ ഒരു പാർട്ടി പരിപാടി അംഗീകരിച്ചപ്പോൾ ഡാങ്കെ വിഭാഗം ദേശീയ ജനാധിപത്യ വിപ്ലവത്തിന്റേതായ ഒരു പാർട്ടി പരിപാടിയും അവതരിപ്പിച്ചു. അതോടെ ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടിയിലെ പിളർപ്പ് പൂർണ്ണമായി.

നേതാക്കൾ സിപിഐയിൽ അണികൾ സിപിഎമ്മിൽ

സിപിഐ പിളർന്ന് സിപിഎം ആയപ്പോഴുള്ള എറ്റവും വിചിത്രമായ അവസ്ഥയാണ് രൂപപ്പെട്ടത്. നേതാക്കൾ കൂടുതൽ സിപിഐ ആയിരുന്നു. എന്നാൽ അണികൾ കൂടുതൽ സിപിഎമ്മിൽ ആയിരുന്നു. അതുകൊണ്ടുതന്നെ പാർട്ടി ഓഫീസുകൾക്കും, മറ്റും വേണ്ടി സിപിഎമ്മിന് സിപിഐയുമായി ഒരുപാട് മല്ലിടേണ്ടിവന്നു.

സിപിഎമ്മിന്റെ തുടക്ക കാലം വളരെ ബുദ്ധിമുട്ടുകൾ നിറഞ്ഞതായിരുന്നു. കേരളത്തിലും ബംഗാളിലും ബിഹാറിലും നിരവധി പ്രവർത്തകരെയും നേതാക്കളെയും സമരങ്ങളുടെയും മറ്റു പ്രവർത്തനങ്ങളുടെയും പേരിൽ പൊലീസ് ജയിലിൽ അടച്ചു. നിരവധി പേർ കൊല്ലപ്പെട്ടു. പലയിടത്തും കോൺഗ്രസിന്റെ പിന്തുണ സിപിഐക്ക് ആയിരുന്നു. പാർട്ടിയുടെ കൊൽക്കത്ത കോൺഗ്രസ്സിന്റെ സമയത്ത് പല പ്രമുഖ നേതാക്കളേയും വിചാരണ കൂടാതെ ജയിലിലടക്കുകയുണ്ടായി. കൊൽക്കത്തയിലെ പൊതുഗതാഗത സംവിധാനമായ ട്രാംവേയുടെ നിരക്കു വർദ്ധനക്കെതിരേയും, ഭക്ഷ്യവിലവർദ്ധനക്കെതിരേയും ജനകീയ സമരങ്ങളിൽ പങ്കെടുത്ത നേതാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു ജയിലിലടച്ചു

അതുപോലെ തന്നെ 1965 ൽ കേരളത്തിൽ പാർട്ടിയുടെ നേതാക്കളെ കൂട്ടമായി അറസ്റ്റുചെയ്തു ജയിലിലാക്കുകയുണ്ടായി. ഓഗസ്റ്റ് 9, 1965 ൽ ബീഹാറിലെ കോൺഗ്രസ്സ് സർക്കാരിനെതിരേ സമരം ചെയ്ത സിപിഎം പ്രവർത്തകരെ പൊലീസ് മൃഗീയമായി വേട്ടയാടി.ക്രൂര പീഡനം ഏറ്റു വാങ്ങിയ ജയിലിൽ നിന്നും വിട്ടയക്കപ്പെട്ട ആന്ധ്രപ്രദേശ് നേതാവായ പി. സുന്ദരയ്യ പിന്നീട് ചികിത്സക്കായി മോസ്‌ക്കോയിലേക്കു പോവുകയുണ്ടായി. സെപ്റ്റംബർ 1965 മുതൽ ഫെബ്രുവരി 1966 വരെയുള്ള കാലഘട്ടത്തിൽ സുന്ദരയ്യ ആശുപത്രിയിലായിരുന്നു.

1964 ന്റെ അവസാന കാലത്ത് പാർട്ടിയുടെ കേന്ദ്ര കമ്മിറ്റി തൃശ്ശൂരിൽ വെച്ചു കൂടുവാൻ തീരുമാനിച്ചിരുന്നുവെങ്കിലും, നേതാക്കൾക്കെതിരേ നടന്ന അറസ്റ്റ് നടപടികാരണം ആ തീരുമാനം ഉപേക്ഷിക്കുകയാണുണ്ടായത്. പിന്നീട് പാർട്ടിയുടെ ആദ്യ കേന്ദ്ര കമ്മിറ്റി 1966 ജൂണിൽ ചേർന്നു. അവിടെ വെച്ച് ബംഗാൾ രാഷ്ട്രീയത്തിൽ മറ്റു രാഷ്ട്രീയ പാർട്ടികളുമായി സഖ്യം രൂപീകരിക്കുവാൻ തീരുമാനിക്കുകയും ചെയ്തു. എന്നാൽ ഈ രാഷ്ട്രീയ ബന്ധത്തിൽ നിന്ന് രാഷ്ട്രീയസ്വയംസേവക് സംഘിനോട് പ്രതിപത്തിയുള്ള ജനസംഘ് എന്ന പാർട്ടിയേയും, ചക്രവർത്തി രാജഗോപാലാചാരിയുടെ നേതൃത്വത്തിലുള്ള സ്വതന്ത്രത പാർട്ടിയേയും ഒഴിവാക്കിയിരുന്നു. ഈ തീരുമാനത്തെ ചൈന, അൽബേനിയ, ന്യൂസീലാൻഡ് എന്നിവിടങ്ങളിലെ കമ്യൂണിസ്റ്റ് ഘടകങ്ങൾ എതിർത്തതിനെ തുടർന്ന് അതേ വർഷം ഒക്ടോബറിൽ ജലന്ധറിൽ വെച്ചു നടന്ന ദേശീയ കൗൺസിൽ ഈ നിലപാട് മാറ്റി. ഇടതു ചിന്താഗതികളുള്ള പാർട്ടികളുമായി മാത്രമേ സഖ്യത്തിൽ ഏർപ്പെടുകയുള്ളൂ എന്ന് തീരുമാനിച്ചു. ( ഇതാണ് കമ്യൂണിസ്റ്റുകളുടെ ഏറ്റവും വലിയ ഒരു പ്രശ്നം. വിദേശത്ത് എന്ത് സംഭവിക്കുന്നുവെന്ന് നോക്കിയാണ് അവരുടെ കുടപിടിക്കൽ)

ഇങ്ങനെയുള്ള നിരവധി തർക്കങ്ങളിലൂടെയും പ്രത്യയശാസ്ത്ര പ്രശ്നങ്ങളിലൂടെയുണമാണ് സിപിഎം കടന്നുപോയത്. ഫലത്തിൽ സിപിഎം ജനാധിപത്യത്തെ അംഗീകരിക്കുന്നപോലുമില്ല. ഇപ്പോഴത്തെ ജനാധിപത്യവും പാർലിമെന്റ് തെരഞ്ഞെടുപ്പുമെല്ലാം, തൊഴിലാളി വർഗ സർവാധിപത്യം സൃഷ്ടിക്കാനുള്ള ഇടക്കാല പരിപാടികൾ മാത്രമാണ്. ജനകീയ ജനാധിപത്യ വിപ്ലവത്തിലൂടെ തൊഴിലാളി വർഗ്ഗത്തിന്റെ നേതൃത്വത്തിലുള്ള ഒരു ഭരണകൂടം സ്ഥാപിക്കുക വഴി സോഷ്യലിസവും കമ്മ്യൂണിസവും കൈവരുത്തുക എന്നതാണ് സിപിഎമ്മിന്റെ ആത്യന്തികമായ ലക്ഷ്യം.

പക്ഷേ ഇത്തരം അടഞ്ഞ നിലപാടുകൾ കൊണ്ട് സിപിഎമ്മിന് ഒരിക്കലും ഇന്ത്യയുടെ ഹൃദയത്തിലേക്ക് കയറാൻ ആയില്ല. പടവലം പോലെ താഴോട്ട് വളരാൻ ആയിരുന്നു അതിന്റെ വധി.

പടവലംപോലെ താഴോട്ട് വളരുന്ന പാർട്ടി

ഇന്ത്യയുടെ ആദ്യ തെരഞ്ഞെടുപ്പിലെ മുഖ്യ പ്രതിപക്ഷം. ഇന്ത്യൻ പ്രധാനമന്ത്രിപദം വരെ വെച്ചു നീട്ട തക്ക രീതിയിൽ 90കളിൽ പ്രബലമായ കക്ഷി. ഒന്നാം യുപിഎ സർക്കാറിന്റെ കാലത്ത് കിങ്ങ്‌മേക്കേഴ്‌സ്. സിപിഎം അടക്കമുള്ള ഇടതുപക്ഷ കക്ഷികൾക്ക് പക്ഷേ ഇന്ന് പറയാനുള്ളത് നഷ്ടപ്രതാപത്തിന്റെ കഥകൾ മാത്രം. ഉത്തരേന്ത്യയിലും ഒരുകാലത്ത് തങ്ങളുടെ കുത്തകയായിരുന്നു ബംഗാളിലും തൃപുരയിലുമൊക്കെ കെട്ടിവെച്ച കാശ് കിട്ടാത്ത അവസ്ഥയിലാണ് സിപിഎം.

ഇന്ത്യൻ ലെഫ്റ്റ് എന്ന് കേൾക്കുമ്പോൾ നമുക്ക് ഓർമ്മയിൽ വരിക കേരളം, ബംഗാൾ, ത്രിപുര, എന്നീ മൂന്ന് സംസ്ഥാനങ്ങളെയാണ്. പക്ഷേ ചരിത്രം അങ്ങനെയല്ല. പഞ്ചാബിലും, യു.പിയിലും, മണിപ്പൂരിലും ഒരു കാലത്ത് ശക്തമായിരുന്നു ഇടതുപാർട്ടികൾ. ഇന്ന് നരേന്ദ്ര മോദിയുടെ മണ്ഡലമായ യു.പിയിലെ വാരാണസിപോലും ഒരുകാലത്ത് സിപിഎമ്മിന്റെ ശക്തിദുർഗമായിരുന്നു! അതുപോലെ സിപിഎമ്മിന്റെ ജനറൽ സെക്രട്ടറിയായിരുന്നു ഹർകിഷൻ സിങ്ങ് സുർജിതിനെപ്പോലുള്ള സമുന്നത നേതാക്കൾ ഉള്ള സ്ഥലമായിരുന്നു പഞ്ചാബ്. മണിപ്പൂരിൽ സിപിഐക്കും കാര്യമായ വേരുകൾ ഉണ്ടായിരുന്നു. പക്ഷേ ഇപ്പോൾ അതെല്ലാം നഷ്ടമായി കനൽ ഒരു തരിപോലുമില്ലാത്ത അവസ്ഥയിലാണ് ഇടതുപാർട്ടികൾ. ഭഗത്സിങ്ങിന്റെ കാലംമുതൽ കമ്യൂണിസ്റ്റ് ആശയങ്ങൾക്ക് വേരുള്ള മണ്ണാണ് പഞ്ചാബ്. ഹർകിഷൻ സിങ്ങ് സുർജിത്ത് എന്ന ദേശീയ ജനറൽ സെക്രട്ടറിയെ വരെ സംഭാവന ചെയ്ത പാരമ്പര്യമുണ്ട് പഞ്ചാബിന്. എന്നാൽ ഇത്തവണത്തെ നിയമസഭാ തിരഞ്ഞെടുപ്പിനു മുന്നിൽ പകച്ചു നിൽക്കുകയാണ് ഇവിടെ കമ്യൂണിസ്റ്റ് പാർട്ടികൾ. ഭഗത്സിങ്ങിന്റെ പാരമ്പര്യം പോലും ഇന്ന് ഏറ്റെടുക്കുന്നത് ആം ആദ്മി പാർട്ടിയാണ്. അവർ പഞ്ചാബിൽ അധികാരത്തിൽ ഏറുകയും ചെയ്തു.

യുപിയിലും അവസ്ഥ സമാനമാണ്.1964 ലെ പിളർപ്പിനു ശേഷവും ഇരു കമ്യൂണിസ്റ്റ് പാർട്ടികളും മിക്ക തിരഞ്ഞെടുപ്പിലും ഒട്ടേറെ സീറ്റുകളിൽ വിജയം സ്വന്തമാക്കിയെങ്കിലും, രണ്ട് പതിറ്റാണ്ടായി വളർച്ച നിലച്ച് ദുർബലമായ അവസ്ഥയാണ്. ഒരു മണ്ഡലത്തിൽ പോലും ശക്തമായ മത്സരം കാഴ്ചവയ്ക്കാൻ ശേഷിയില്ലാത്ത വിധം ദുർബലമാണ് ഇന്ന് അവർ.

ക്ഷേത്രനഗരമെന്ന് അറിയപ്പെടുന്ന വാരണാസി ഒരു കാലത്ത് ചുവപ്പണിഞ്ഞ നാടായിരുന്നു. അറുപതുകളുടെ തുടക്കത്തിൽ വാരണാസിയിലെ പല നിയമസഭാ മണ്ഡലങ്ങളിലും ഇടതുപക്ഷം ശക്തി തെളിയിച്ചു. 1962 ൽ വാരാണാസിക്കു സമീപത്ത ചില നിയമസഭാ സീറ്റുകളിൽ വിജയിച്ചത് കമ്യൂണിസ്റ്റ് പാർട്ടി ആയിരുന്നു. പിളർപ്പിനു ശേഷം 1967 ൽ സിപിഎമ്മിന് യുപിയിലെ ആദ്യ ലോക്‌സഭാംഗത്തെ സംഭാവന ചെയ്തത് വാരണാസിയാണ്. നിയമസഭയിലേക്ക് വാരണാസി സൗത്ത് മണ്ഡലത്തിൽ ജയിച്ചത് സിപിഐയാണ്. അക്കാലത്ത ഇരു കമ്യൂണിസ്റ്റ് പാർട്ടികൾക്കും അടിത്തറയുള്ള പ്രദേശമായി ഇവിടം വളർന്നിരുന്നു. എന്നാൽ, പിന്നീടുള്ള തിരഞ്ഞെടുപ്പുകളിൽ ആ വിജയം ആവർത്തിക്കാൻ ഇടതിനായിട്ടില്ല.

സിപിഎം കേരളാ പാർട്ടിയോ?

അടിമുടി ഒറ്റപ്പെട്ട് സിപിഎം ഇപ്പോൾ വെറും കേരളാ പാർട്ടിയായി ഫലത്തിൽ മാറിയിരിക്കയാണ്. ആ രീതിയിലുള്ള ഒറ്റപ്പെടലാണ് അവർ ദേശീയ തലത്തിൽ അനുഭവിക്കുന്നത്. ആർക്കും സഖ്യകക്ഷികളായിപ്പോലും അവരെ വേണ്ട. ബംഗാളിൽപോലും കോൺഗ്രസ് സഖ്യത്തിനായി കാത്തുകെട്ടിക്കിടക്കേണ്ട അവസ്ഥയാണ് യെച്ചൂരിക്കും കൂട്ടർക്കും വന്നിരിക്കുന്നത്. ത്രിപുരയിലെ കാര്യം തന്നെ നോക്കുക.36 ലക്ഷം മാത്രം ജനസംഖ്യയുള്ള ഒരു സംസ്ഥാനത്തെ ലക്ഷ്യമിട്ട് ബിജെപി വ്യക്തമായ അജണ്ട തയ്യാറാക്കിയിരുന്നു. 2013ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ആകെയുള്ള 60 സീറ്റിൽ 50 ഇടങ്ങളിൽ മത്സരിച്ച ബിജെപിക്ക് 49 മണ്ഡലങ്ങളിലും കെട്ടിവെച്ച കാശ് നഷ്ടപ്പെട്ടിരുന്നു. കിട്ടിയ വോട്ട് 1.47 ശതമാനം. അവിടെ നിന്നാണ് അവർ ഈ രീതിയിൽ വളർന്നയെന്ന് എന്ന് ഓർക്കണം. ഇന്നാകട്ടെ, രണ്ടു ലക്ഷം അംഗങ്ങൾ ബിജെപിക്ക് ഈ കൊച്ചു സംസ്ഥാനത്തുണ്ട്. ആർഎസ്എസ്- ബിജെപി കേഡറുകൾ കഴിഞ്ഞ മൂന്നു കൊല്ലമായി ഈ വടക്കു കിഴക്കൻ സംസ്ഥാനത്തെ ഓരോ വീടുകളും കയറിയിറങ്ങി പ്രചാരണം നടത്തി പാർട്ടി വളർത്തുന്നു. ഈ ഒരു കേഡർ രീതി സിപിഎം ഇടക്കുവെച്ച് മറന്നുപോയി.

ഭരണ മാറ്റം എന്ന മുദ്രാവാക്യമാണ് ത്രിപുരയിൽ ബിജെപി ഉയർത്തിയത്.
കാൽ നൂറ്റാണ്ടിലെ സിപിഎം ഭരണത്തിൽ ത്രിപുര എന്തു നേടി എന്ന ചോദ്യമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രചാരണ യോഗങ്ങളിൽ ഉന്നയിച്ചത്. ത്രിപുരയിൽ തൊഴിലില്ലായ്മ രൂക്ഷമായിരുന്നു. ''മുഖ്യമന്ത്രി മണിക് സർക്കാറിന്റെ മൂവായിരം രൂപ ബാങ്ക് നിക്ഷേപമോ ശമ്പളം പാർട്ടിക്ക് നൽകി പാർട്ടി കൊടുക്കുന്ന അലവൻസ് മാത്രം വാങ്ങി അദ്ദേഹം ജീവിക്കുന്നതോ മുഖ്യമന്ത്രിയുടെ ഭാര്യ സൈക്കിൾ റിക്ഷയിൽ സഞ്ചരിക്കുന്നതോ ജനങ്ങൾ കണ്ടില്ല. അഥവാ ജനങ്ങൾക്ക് അതൊന്നും കാണേണ്ടതില്ല. കൂടുതൽ മെച്ചപ്പെട്ട ജീവിത സാഹചര്യങ്ങളാണ് അവർ ആഗ്രഹിക്കുന്നത്. അതു നൽകുന്നിടത്തേക്കു ജനങ്ങൾ ചായും.''- എഴുത്തുകാരനും സാമൂഹിക നിരീക്ഷകനുമായ രാമചന്ദ്രഗുഹ ഒരിക്കൽ എഴുതിയത് ഇങ്ങനെയാണ്.

പശ്ചിമ ബംഗാളിൽ സംഭവിച്ചതും അതു തന്നെയായിരുന്നു. 34 കൊല്ലം സംസ്ഥാനം ഭരിച്ച സിപിഎമ്മിനു ബംഗാൾ ജനതയുടെ അടിസ്ഥാന പ്രശ്‌നങ്ങൾക്ക് പരിഹാരം കാണാൻ സാധിച്ചില്ല. ദാരിദ്ര്യത്തിനോ തൊഴിലില്ലായ്മക്കോ ഒട്ടും കുറവുണ്ടായില്ല. . മാറ്റത്തിന്റെ കാറ്റുമായി മമത ബാനർജിയുടെ തൃണമൂൽ കോൺഗ്രസ് വന്നപ്പോൾ സിപിഎമ്മിനെ അവർ പുറംകാൽ കൊണ്ടു തട്ടിയെറിഞ്ഞു. അതിനുശേഷം തൃണമൂലിന്റെ ആക്രമണം സഹിക്കാൻ കഴിയാതാവുകയും ചെയ്്തതോടെ അണികൾ കൂട്ടത്തോടെ ബിജെപിയിലേക്ക് കൂറി മാറി. 24 പർഗാന എന്ന പാർട്ടി ഗ്രാമങ്ങളിലൊക്കെ പാർട്ടി ഓഫീസും, ലോക്കൽ- ഏരിയാ സെക്രട്ടറിയും അടക്കമാണ് ബിജെപിയിലേക്ക് മാറിയത്. പല പാർട്ടി ഓഫീസുകളും അതേപടി ചുവപ്പിന് മുകളിൽ കാവി അടിക്കയായിരുന്നു. ഇപ്പോൾ ബംഗാളിൽ തൃണമൂലിനും, ബിജെപിക്കും, കോൺഗ്രസിനും പിന്നാലെ നാലാംസ്ഥാനത്തിനയാണ് സിപിഎം മത്സരിക്കുന്നത്.

ഇനി പിണറായിസത്തിന്റെ കാലം

ബംഗാളിലും ത്രിപുരയിലുമെല്ലാം വാഷ് ഔട്ട് ആയിട്ടും കേരളത്തിൽ മാത്രം എങ്ങനെ പിടിച്ചു നിൽക്കുന്നുവെന്നത് പലരും ചോദിക്കുന്നുണ്ട്. പിഎസ്‌സി കഴിഞ്ഞാൽ കേരളത്തിലെ ഏറ്റവും വലിയ തൊഴിൽ ദാതാവ് സിപിഎം ആണ് എന്നത് മറന്നുപോകരുത്. അമൃതാനന്ദമയീമഠം കഴിഞ്ഞാൽ കേരളത്തിൽ എറ്റവും സമ്പത്തുള്ള പ്രസ്ഥാനവും. മൊത്ത പതിനായിരം കോടിയോളം രൂപയുടെ സ്വത്തുക്കൾ, രാജ്യത്ത് സിപിഎമ്മിന് ഉണ്ടെന്നാണ് മുമ്പ് ജനശക്തി മാസികയിൽ വന്ന ഒരു ലേഖനം സൂചിപ്പിക്കുന്നത്. ഈ കണക്കിൽ കാര്യമായ പിശക് ഇല്ലെന്നാണ് കേരളത്തിലെ സിപിഎം നേതാക്കളും പറയുന്നത്. ഇതിൽ 90 ശതമാനം സ്വത്തുക്കളും കേരളത്തിലാണ്. ( വി എസ്- പിണറായി ഗ്രൂപ്പിസം പരോക്ഷമായി ഈ പതിനായിരം കോടിയുടെ സ്വത്തിനുവേണ്ടിയുള്ള കടിപിടികൂടിയായിരുന്നു.)

സഹകരബാങ്കുകളും, ആശുപത്രികളും, ചാനലും, പത്രവും, പാർട്ടിഫ്്ളാറ്റുകളും, അമ്യൂസ്മെന്റ് പാർക്കുകളും, കണ്ണായ സ്ഥലത്തെ ഓഫീസുകളുമൊക്കെയായി, കേരളത്തിലെ ഏറ്റവും സമ്പത്തുള്ള പാർട്ടിയാണ് സിപിഎം. അതിനുപറമെയാണ് സുസംഘടിതമായ സിഐടിയുവിന്റെ ട്രേഡ് യൂണിയൻ നെറ്റ്‌വർക്കും, എൻജിഒ യൂണിയൻ വഴി സെക്രട്ടറിയേറ്റിൽ അടക്കമുള്ള നിയന്ത്രണവും. എത് ഭരണംവന്നാലും, കേരളത്തിന്റെ വലിയൊരു ഭാഗത്തെ നിയന്ത്രിക്കുക സിപിഎം തന്നെയാണ്. രണ്ടുദിവസത്തെ അഖിലേന്ത്യാ പണിമുടക്ക്, മറ്റൊരു സംസ്ഥാനത്തും വിജയിക്കാതിരുന്നിട്ടും, കേരളത്തിൽ മാത്രം, വൻ വിജയമായത് നോക്കുക. ഈ രീതിയിൽ വ്യാപാര-വാണിജ്യ മേഖലകളിലായി കേരളത്തിന്റെ സമസ്തമേഖലകളിലും തങ്ങളുടെ പാർട്ടി ഫ്രാക്ഷന്റെ സാന്നിധ്യം ഉള്ള രീതിൽ കേരളത്തിൽ സിപിഎം മാറിയിട്ടുണ്ട്. തെരഞ്ഞെടുപ്പ് തോറ്റാലും ജയിച്ചാലും ഈ ഘടനയിൽ മാറ്റം വരില്ല. അതുകൊണ്ടാണ് യുഡിഎഫ് ഭരിക്കുമ്പോൾപോലും അവർക്ക് ഘടനാപരമായ ഒരു മാറ്റം കേരളത്തിൽ കൊണ്ടുവരാൻ കഴിയാത്തത്.

ബംഗാളിൽ 34വർഷം ഭരിച്ചിട്ടും സിപിഎമ്മിന് ഈ രീതിയിലുള്ള ഒരു സാമ്പത്തിക ശ്കതിയായി വളരാൻ കഴിഞ്ഞിട്ടില്ല. അവിടെ 'കട്ട്മണി'യെന്ന പേരിൽ, തൊഴിലുറപ്പ് പദ്ധതി തൊട്ട്, ദലിതർക്ക് ശവസംസ്‌ക്കാരത്തിന് സർക്കാർ നൽകുന്ന പണത്തിന്റെ വരെ പത്തുശതമാനം പാർട്ടി നേതാക്കൾ തട്ടിയെടുക്കുന്ന പണിയാണ് ഉണ്ടായിരുന്നത്. ( മമത വന്നപ്പോൾ തൃണമൂൽ നേതാക്കൾ ഈ കട്ട്മണി 20 ശതമാനമാക്കി ഉയർത്തി. ഇത് വിയ വാർത്തയായതോടെ മമത പ്രശ്നത്തിൽ ഇടപെടുകയും, പാർട്ടി പ്രവർത്തകർ സർക്കാർ പദ്ധതികൾക്ക് കമ്മീഷൻ പറ്റരുത് എന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു. എന്നിട്ടും കട്ട്മണി നിർബാധം നടക്കുന്നുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ.)

ത്രിപുരയിൽ ആവട്ടെ, മണിക്ക് സർക്കാർ എന്ന നിസ്വനും, ലളിത ജീവിതം നയിക്കുന്ന രാഷ്ട്രീയത്തിലെ അപൂർവ ജീവിയുമായ ഒരു മനുഷ്യനെ നേതൃത്വത്തിലാണ് സിപിഎം തെരഞ്ഞെടുപ്പ് നേരിട്ടത്. അവിടെയൊന്നും അമ്യൂസ്മെന്റ് പാർക്ക്പോയിട്ട് ഒരു പെട്ടിക്കട പോലും പാർട്ടിക്കില്ല.

ഇതോടെ ഫലത്തിൽ സിപിഎം എന്ന പാർട്ടിയുടെ സാമ്പത്തിക എപ്പിസെന്റർ കൂടിയാവുകയാണ് കേരളം. ഒരു പാർട്ടി കോൺഗ്രസിനുവേണ്ട വമ്പിച്ച ചെലവ് വഹിക്കാന മാത്രം മറ്റ് സംസ്ഥാനങ്ങളിലെ പാർട്ടി കമ്മറ്റികൾക്ക് കഴിയുമോ എന്ന കാര്യം സംശയമാണ്. കേരളത്തിലാവട്ടെ ഒരു ദിവസത്തെ ബക്കറ്റ് പിരിവുകൊണ്ട് സിപിഎമ്മിന് ലക്ഷങ്ങൾ ഉണ്ടാക്കാൻ കഴിയും. പശുവിനെയും ആടിനെയും തൊട്ട്, വിവാഹമോതിരം വരെ പാർട്ടിക്ക് കൊടുക്കുന്ന നിസ്വാർഥരായ പാർട്ടി അണികളുടെ കഥ മുമ്പും വാർത്തയായത്. എന്തിന് മുഖ്യമന്ത്രിയുടെ കോവിഡ് ദുരിതാശ്വാസ നിധിയിലേക്ക്, തന്റെ ആജീവനാന്ത സമ്പാദ്യം നൽകുന്ന ശുദ്ധാത്മാക്കളെപ്പോലും നമുക്ക് കാണാൻ കഴിയും.

ഇനി ഇതിനെല്ലാം അപ്പുറത്ത് എത്രകോടികൾ വേണമെങ്കിലും പാർട്ടിക്ക് മുടക്കാൻ കഴിയുന്ന സ്വന്തം മുതലാളിമാരും ഉള്ള നാടാണ് ഇത്. എം എ യൂസഫലിയും, രവിപിള്ളയും തൊട്ട് പുതുതായി ബാർ അനുദവിക്കപ്പെട്ടവരും, ചെറുകിട ക്വാറി ക്രഷർ ഉടമകളും ആ ലിസ്റ്റിൽ ഉണ്ട്. ( പാർട്ടി സെക്രട്ടറിയുടെ മകന്റെ ലൈംഗിക അപവാദക്കേസിലും പണം പോയത് ഒരു പ്രമുഖ വ്യവസായിക്കാണെന്ന് പരസ്യമായ രഹസ്യമാണ്) ബംഗാളിൽ യൂസഫലിയുടെയും രവിപിള്ളയോ ഉണ്ടായിരുന്നില്ല. ഇതിന്റെ ദൂഷ്യം തിരിച്ചറിഞ്ഞ് സലിം ഗ്രൂപ്പിനെയും ടാറ്റയുമൊക്കെ ക്ഷണിച്ചുവരുത്തി അതിദ്രുത വ്യവസായവത്ക്കരണത്തിന് ശ്രമിച്ചതിന്റെ ഫലമാണ് സിപിഎം പിന്നീട് അനുഭവിച്ചതും.

ചുരുക്കിപ്പറഞ്ഞാൽ അധികാരം കൊണ്ടും സമ്പത്തുകൊണ്ടും കമ്യൂണിസ്റ്റുകൾക്ക് സുഭിക്ഷമായി കഴിയാനുള്ള വകുപ്പുള്ള എക സ്ഥലം ഇന്ന് ഇന്ത്യയിൽ കേരളമാണ്. ഇതൊക്കെതന്നെയാണ് പിണറായി വിജയൻ എന്ന, ഇതിനെല്ലാം കാരണഭൂതനായ നേതാവിന്റെ പ്രസക്തി ഉയർത്തുന്നതും. പക്ഷേ സിപിഎമ്മിനെ ഒരു ഫിനാൻസ് ക്യാപ്പിറ്റലിസ്റ്റ് പാർട്ടിയാക്കിയതിന്റെ കാരണ ഭൂതൻ സത്യത്തിൽ എകെജിയാണ്. കോഫിഹൗസുകളും സഹകരണ സംഘങ്ങളുമാക്കെയായി, സമ്പത്ത് ഉണ്ടാക്കി വളരേണ്ട മാതൃക, പാർട്ടിക്ക് പരിചയപ്പെടുത്തിക്കൊടുത്തത് അദ്ദേഹമാണ്. അത് വളരെ മനോഹരമായി എക്സിക്യൂട്ട് ചെയ്യുകയാണ് പിണറായി ചെയ്യുന്നത്. ഇപ്പോൾ കെ റെയിലിന്റെ കാര്യം നോക്കുക. ഒരുലക്ഷം കോടിരൂപയുടെ ഒരു പദ്ധതി വരുമ്പോൾ, അതിന്റെ പത്തുശതമാനം പോകുന്ന പിണറായിയിലേക്കല്ല പാർട്ടിയിലേക്കാണ് എന്നാണ്, വിമർശകർ പറയുന്നത്. അതുകൊണ്ടുതന്നെയാണ് സിപിഎം ഇത്രയേറെ എതിർപ്പുണ്ടായിട്ടും കെ റെയിലിന്റെ പിറകിൽ നടക്കുന്നതെന്നും വിമർശകർ ചൂണ്ടിക്കാട്ടുന്നു.

പിണറായി ഇനി സിപിഎമ്മിന്റെ സിഇഒ

ചൈനീസ് പ്രസിഡന്റ് ഷീ ജിൻ പിങ്ങിനെ പല വിദേശമാധ്യമങ്ങളും, ചൈനയുടെ സിഇഒ എന്നാണ് വിശേഷിപ്പിക്കാറ്. അതായത് ഒരു രാഷ്ട്രത്തിലവനെപ്പോലെയല്ല, ഒരു കമ്പനിയുടെ സിഇഒ പോലെയാണ് ഷീ ജിൻ പ്രവർത്തിക്കാറുള്ളത്. അതായത് ഒരു ഭരണാധികാരിക്ക് ഒരു നയം അവതരിപ്പിച്ച് അത് പാർലിമെന്റിൽവെച്ച് തന്റെ മന്ത്രിസഭയുടെ അംഗീകരാരം വാങ്ങിയതിന് ശേഷമേ ഒരു കാര്യം നടപ്പക്കാൻ കഴിയൂ. എന്നാൽ ഒരു സിഇഒക്ക് ഇത്തരം വലിയ ചർച്ചകളുടെയും കൂടിയാലോചനകളുടെയും ഒന്നും ആശ്യമില്ല. തന്റെ കമ്പനിയുടെ വളർച്ചക്ക് ഉതകുമെന്ന് അയാൾക്ക് തോന്നുന്ന എത് കാര്യവും നടപ്പിലാക്കാം. രായക്കുരാമാനം കൊണ്ട് ബുള്ളറ്റ് ട്രെയിനുകൾ ഉണ്ടാവുന്നതും മറ്റും അങ്ങനെയാണ്. ഇതിനെയാണ് റെഡ് ക്യാപ്പിറ്റലിസം എന്ന് പൊതുവെ വിളിക്കുന്നത്.

ക്യാപിറ്റലിസം അഥവാ മൂലധന സമ്പദ് വ്യവസ്ഥ എന്നത് മത്സരാധിഷ്ഠിതമാണ്. അതിൽ ആർക്കും കുത്തകയില്ല. വമ്പൻ കമ്പനികൾ പലതും വീണുപോകുമ്പോൾ, ഗൂഗിളിലെയും ഫേസ്‌ബുക്കിനെയും പോലെ വളരെ എളിമയിൽനിന്ന് തുടങ്ങിയ സ്ഥാപനങ്ങൾ പൊരുതിക്കയറിവന്നത് ഓർക്കണം. എന്നാൽ റെഡ് ക്യാപിറ്റലിസത്തിൽ ഈ മത്സരത്തിന്റെ ഓപ്ഷൻ ഇല്ല. സ്റ്റേറ്റോ പാർട്ടിയോ അവരുടെ ക്രോണികളോ, ആയിരിക്കും കുത്തക. ഈ ചൈനീസ് നയത്തിന്റെ ഒരു ലളിത രൂപമാണ് പിണറായിസം എന്ന് അത് പഠിച്ചാൽ ബോധ്യമാവും. റെഡ് ക്യാപറ്റിലസത്തിലെന്നപോലെ പിണറായിസത്തിലെയും മുഖ്യ സാമ്പത്തിക ഗുണഭോക്താക്കൾ പാർട്ടിയോ അനുബന്ധ സ്ഥാപനങ്ങളോ അയിരിക്കും.

സിപിഎമ്മിന്റെ 23ാം പാർട്ടി കോൺഗ്രസിന് കണ്ണൂരിൽ കൊടിയേറുമ്പോൾ, അത് ആഗോളീകരണത്തിന് ബദൽ സാമ്പത്തിക നയങ്ങൾ ഒരുക്കുകയാണെന്ന വലിയ ചപ്പടാച്ചികൾ അടിച്ച് ഫലത്തിൽ ഈ റെഡ് ക്യാപ്പിറ്റലിസത്തിന് അനുമതി നൽകുകയാണ് ചെയ്യുന്നത്. അല്ലെങ്കിലും പാർട്ടിയേക്കാൾ വളർന്ന പിണറായിക്ക് എന്തിനാണ് പാർട്ടിയുടെ അനുമതി. ഷീ ജിൻ പിങ്ങിനെ ചൈനയുടെ സിഇഒ എന്ന് വിളിക്കുന്നപോലെ, പിണറായിയെ കേരളാ സിപിഎമ്മിന്റെ സിഇഒ എന്ന് വിളിക്കാം. ഇരുവരും നാവടക്കൂ പണിയെടുക്കൂ എന്ന ശൈലിയിലാണ്. ചർച്ചകളെയും സംവാദത്തെയും അവർ ഭയക്കുന്നു. നോക്കുക, കെ റെയിലിൽ നല്ല രീതിയിൽ ഒരു ഡി.പി.ആർ പോലും ഉണ്ടാക്കാൻ കഴിഞ്ഞിട്ടില്ല. മന്തിമാർക്കുപോലും വിശദാംശങ്ങൾ അറിയില്ല. പുനരധിവാസ പാക്കേജ് തൊട്ട് കടം എങ്ങനെ വീട്ടണം എന്നതിൽ അടക്കം സകലതിലും കൺഫ്യൂഷൻ. എന്നിട്ടും പിണറായിക്ക് കെ റെയിൽ നടപ്പാക്കണം. ആദം പദ്ധതി. പിന്നെ പഠനം. ഈ തലതിരിഞ്ഞ നയം ക്യാപിറ്റലിസത്തിൽ അല്ല റെഡ് ക്യാപിറ്റിലസത്തിന്റെതാണ്.

ഇതുകൊണ്ടാണ് സിപിഎമ്മിന്റെ ഈ മാറ്റം വെറും തട്ടിപ്പാണെന്ന് ചിലർ പറയുന്നത്. ജനങ്ങളോട് എന്തെങ്കിലും ആത്മാർഥത ഉണ്ടായിരുന്നെങ്കിൽ അവർ ചെയ്യേണ്ടത് തങ്ങളുടെ ആശയങ്ങൾ പൂർണ്ണമായും അശാസ്ത്രീയം ആണെന്നും അതുകൊണ്ട് ഞങ്ങൾ, ക്യാപിറ്റിലിസം എന്ന ശാസ്ത്രീയമായ സാമ്പത്തിക ശാസ്ത്രത്തിലേക്ക് തിരിയുന്നുവെന്ന് പ്രഖ്യാപിക്കലുമാണ്. അതിനുപകരം കുറേ അമേരിക്കയെന്നും, കുറേ സാമ്രജ്വത്വമെന്നും, കുറെ നിയോലബിറൽ ചിന്താ സരണികൾ എന്നൊമൊക്കെ വാചകമടിച്ച് റെഡ് ക്യാപിറ്റലിസം തിരുകിക്കയറ്റാനുള്ള ശ്രമമാണ് അവർ നടത്തതുക.ഒരു പുഴുവിൽനിന്ന് അതീവ സൗന്ദര്യമുള്ള ഒരു പൂമ്പാറ്റ രൂപം കൊള്ളുന്നതുപോലുള്ള ഒരു പരിണാമമല്ല. തെറ്റുകൾ ഒന്നും അംഗീകരിക്കാതെ, പഴയ അശാസ്ത്രീയ മനസ്സ് കളയാതെയുള്ള യാന്ത്രികമായ മാറ്റമാണ് സിപിഎമ്മിന് സംഭവിക്കുന്നത്.

സിപിഎം എന്ത് നയം എടുത്താലും അത് ലോകത്തിനോ, ഇന്ത്യയിലെ മറ്റ് ഒരു സംസ്ഥാനത്തിനോ കാര്യമായി ബാധിക്കില്ല. പക്ഷേ കേരളത്തിന്റെ കാര്യത്തിൽ അങ്ങനെ അല്ലല്ലോ.

വാൽക്കഷ്ണം: ലോകത്ത് നടപ്പാക്കിയിടത്തൊക്കെ കൊടിയ നാശം വിതച്ച സാധനമാണ് മാർക്സിസും കമ്യൂണിസവും. കേരളത്തിൽ അത് വെള്ളം ചേർത്ത്, ജനകീയ ജനാധിപത്യവിപ്ലവത്തിന്റെ പൊടിയിട്ട്, ക്യാപിറ്റലസിത്തിന്റെ വികസന മാതൃക പിന്തുടർന്ന് അവതിരിപ്പിക്കുന്നതുകൊണ്ടാണ് നാം അതിന്റെ കെടുതികൾ അറിയാത്തത്. കിഴക്കൻ യൂറോപ്പിലെ പല രാജ്യങ്ങളും അരിവാൾ ചുറ്റുക ചിഹ്നം പ്രദശിപ്പിക്കുന്നുപോലും ശിക്ഷാർഹമാണ്. കാരണം ആ രാജ്യങ്ങൾ അത്രക്ക് അനുഭവിച്ചു. മാവോസതേൂങ്ങിന്റെ ഇസം മൂലം ലക്ഷങ്ങൾ പട്ടിണി കിടന്ന് മരിച്ച ചൈനയെ നാം ഇന്നു കാണുന്ന രീതിയിൽ ആക്കിയത് ഡെങ്ങ് സിയാവോ പിങിന്റെ ക്യാപറ്റലിസ്റ്റ് നയങ്ങൾ ആണ്. ഇതിൽനിന്നൊക്കെ നമ്മുടെ പാർട്ടികോൺഗ്രസ് എന്നാണാവോ പാഠം പഠിക്കുക.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP