Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സ്വിസ്സ് ആർക്കിടെക്റ്റ് ലി കൊബുസിയർ ആസൂത്രണം ചെയ്ത സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ ആസൂത്രിത നഗരം; സംയുക്ത തലസ്ഥാനമെങ്കിലും സുന്ദര നഗരത്തിനായി പഞ്ചാബും ഹരിയാനയും പിടിവലി തുടങ്ങിയിട്ട് അര നൂറ്റാണ്ട്; അൽഫോൻസ് കണ്ണന്താനത്തെ അഡ്‌മിനിസ്‌ട്രേറ്റർ ആക്കാൻ ശ്രമിച്ചപ്പോഴും വിവാദം; പഴയ വടവലികഥ പൊടിതട്ടി ആംആദ്മി സർക്കാറും; ഇരു സംസ്ഥാനങ്ങളും ചണ്ഡിഗഡിന്റെ പേരിൽ കോർക്കുന്നു

സ്വിസ്സ് ആർക്കിടെക്റ്റ് ലി കൊബുസിയർ ആസൂത്രണം ചെയ്ത സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ ആസൂത്രിത നഗരം; സംയുക്ത തലസ്ഥാനമെങ്കിലും സുന്ദര നഗരത്തിനായി പഞ്ചാബും ഹരിയാനയും പിടിവലി തുടങ്ങിയിട്ട് അര നൂറ്റാണ്ട്; അൽഫോൻസ് കണ്ണന്താനത്തെ അഡ്‌മിനിസ്‌ട്രേറ്റർ ആക്കാൻ ശ്രമിച്ചപ്പോഴും വിവാദം; പഴയ വടവലികഥ പൊടിതട്ടി ആംആദ്മി സർക്കാറും; ഇരു സംസ്ഥാനങ്ങളും ചണ്ഡിഗഡിന്റെ പേരിൽ കോർക്കുന്നു

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: ഇന്ത്യയിലെ സുന്ദരങ്ങളായ നഗരങ്ങളിൽ ഒന്നാണ് ചണ്ഡിഗഡ്. പഞ്ചാബിന്റെയും ഹരിയാനയുടെയും സംയുക്ത തലസ്ഥാനം. സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ ആസൂത്രിത നഗരം. സ്വിസ്സ് ആർക്കിടെക്റ്റ് ലി കൊബുസിയർ 1950-ലാണ് ഈനഗരം പണി കഴിപ്പിച്ചത്. പൂന്തോപ്പുകളും തടാകങ്ങളാലും സുന്ദരമായ നഗരം. മികവുറ്റ പൊതു കെട്ടിടങ്ങളും നടപ്പാതകളും ഉൾപ്പെടുന്ന ഒരു ജന കേന്ദ്രീകൃത നഗരമാണ് ചണ്ഡിഗഡ്. അങ്ങനെയുള്ള നഗരം തങ്ങളുടേത് മാത്രമാക്കി മാറ്റണമെന്ന ആഗ്രഹം ഹരിയാനയും പഞ്ചാബും വെച്ചു പുലർത്തുന്നുണ്ട്. കാലങ്ങളായി തന്നെ ഈ തലസ്ഥാന നഗരം തങ്ങളുടേതാക്കാൻ ശ്രമം തുടരുന്നു. എന്നാൽ, കേന്ദ്ര ഭരണപ്രദേശമെന്ന നിലയ്ക്കാണ് ചണ്ഡിഗഡിന്റെ ഇപ്പോഴത്തെ പ്രവർത്തനങ്ങൾ.

കാലങ്ങളായി തുടങ്ങിയ ആ പഴയ വൈരം വീണ്ടും സംയുക്ത തലസ്ഥാനമായ ചണ്ഡിഗഡിന്റെ പേരിൽ ഉണ്ടായിരിക്കയാണ് ഇരു സംസ്ഥാനങ്ങളും തമ്മിൽ. സുന്ദര നഗരത്തെ 'ഒറ്റയ്ക്ക്' സ്വന്തമാക്കാൻ പഞ്ചാബിനു പിന്നാലെ ഹരിയാനയും രംഗത്തിറങ്ങിയതോടെ അയൽക്കാർ തമ്മിലുള്ള പോരിനു വഴിതുറക്കുക്കയാണ്. ചണ്ഡിഗഡിനെ പഞ്ചാബിന്റെ ഭാഗമാക്കണമെന്ന് ആവശ്യപ്പെട്ട് ആംആദ്മി പാർട്ടി സർക്കാർ പ്രത്യേക നിയമസഭാ സമ്മേളനം വിളിച്ച് പ്രമേയം പാസാക്കിയതിനു പിന്നാലെ, ചണ്ഡിഗഡിനെ തിരികെ ആവശ്യപ്പെടുന്ന കാര്യം ഏപ്രിൽ അഞ്ചിന് ചേരുന്ന പ്രത്യേക നിയമസഭാ സമ്മേളനത്തിൽ ചർച്ച ചെയ്യാൻ ഹരിയാനയും തീരുമാനിച്ചു. മാത്രമല്ല, ഹിന്ദി സംസാരിക്കുന്ന പ്രദേശങ്ങളും ഹരിയാനയോടു ചേർക്കണമെന്ന ആവശ്യവും ശക്തമായി ഉന്നയിക്കാനാണ് ഹരിയാനയുടെ നീക്കം.

മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടറിന്റെ വസതിയിൽ ചേർന്ന കാബിനറ്റ് യോഗത്തിലാണ് ഈ ആവശ്യങ്ങൾ ഉൾപ്പെടെ ചർച്ച ചെയ്യുന്നതിന് ഏപ്രിൽ അഞ്ചിന് പ്രത്യേക നിയമസഭാ സമ്മേളനം വിളിക്കാൻ തീരുമാനിച്ചത്. ഏപ്രിൽ അഞ്ചിന് രാവിലെ 11ക്കാണ് പ്രത്യേക നിയസഭാ സമ്മേളനം ആരംഭിക്കുകയെന്ന് സംസ്ഥാന സർക്കാരിന്റെ വക്താവ് അറിയിച്ചു.

ചണ്ഡിഗഡിനു മേലുള്ള അവകാശവാദം ശക്തമാക്കി പൊടുന്നനെ പഞ്ചാബ് രംഗത്തെത്തിയതിൽ ഹരിയാന സർക്കാർ അദ്ഭുതം പ്രകടിപ്പിച്ചു. ഇത്തരമൊരു അവകാശ വാദം നിയമസഭാ സമ്മേളനം വിളിച്ച് ഉന്നയിക്കുന്നതിനു മുൻപ് ബന്ധപ്പെട്ട എല്ലാവരേയും പഞ്ചാബ് സർക്കാർ വിശ്വാസത്തിലെടുക്കേണ്ടതായിരുന്നുവെന്ന് ഹരിയാന മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടർ ചൂണ്ടിക്കാട്ടി.

അതിനിടെ ഹരിയാനയുമായും പഞ്ചാബുമായും ബന്ധപ്പെട്ട യഥാർഥ പ്രശ്‌നങ്ങളെന്തെന്ന് മനസ്സിലാക്കാനാകാത്ത 'കുട്ടി പാർട്ടി'യാണ് ആംആദ്മി പാർട്ടിയെന്ന് ഹരിയാന ആഭ്യന്തര മന്ത്രി അനിൽ വിജ് പരിഹസിച്ചു. ചണ്ഡിഗഡിനായി അവകാശ വാദമുന്നയിച്ച പഞ്ചാബ് സർക്കാരിനെ അദ്ദേഹം വിമർശിച്ചു. പഞ്ചാബിലെ ജനത്തിനു നൽകിയ തിരഞ്ഞെടുപ്പു വാഗ്ദാനങ്ങൾ പാലിക്കാനാകില്ലെന്ന് തിരിച്ചറിഞ്ഞതോടെ, ആളുകളുടെ ശ്രദ്ധ യഥാർഥ വിഷയങ്ങളിൽനിന്ന് തിരിക്കാനാണ് എഎപി സർക്കാർ ഇത്തരമൊരു ആവശ്യം ഉയർത്തുന്നതെന്നും അദ്ദേഹം ആരോപിച്ചു.

നേരത്തെ ചണ്ഡിഗഡ് ഉടൻ തിരികെ നൽകണമെന്ന് പഞ്ചാബ് നിയമസഭ ആവശ്യപ്പെട്ടപ്പോൾ ബിജെപി അംഗങ്ങൾ വാക്കൗട്ട് നടത്തുകയായിരുന്നു. ആംആദ്മി പാർട്ടി, കോൺഗ്രസ്, ശിരോമണി അകാലി ദൾ, ബിഎസ്‌പി എന്നീ കക്ഷികളെല്ലാം ചേർന്ന് ഒറ്റക്കെട്ടായാണ് മുഖ്യമന്ത്രി ഭഗവന്ത് മാൻ അവതരിപ്പിച്ച പ്രമേയത്തെ പിന്തുണച്ചത്. രാഷ്ട്രപതി, പ്രധാനമന്ത്രി, കേന്ദ്ര ആഭ്യന്തരമന്ത്രി തുടങ്ങിയവരെ വരുംദിവസങ്ങളിൽ കണ്ട് പഞ്ചാബിന്റെ ആവശ്യം അറിയിക്കുമെന്നും ചണ്ഡിഗഡിലെ ഭരണസംവിധാനത്തെ തകിടം മറിക്കുന്ന കേന്ദ്ര നടപടി സ്വേച്ഛാപരമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ചണ്ഡിഗഡിലെ സർക്കാർ ജീവനക്കാർക്ക് കേന്ദ്ര സർക്കാരിന്റെ സേവന വ്യവസ്ഥകൾ ബാധകമാക്കിയതിനെ തുടർന്നാണിത്.

അതേസമയം 'പഞ്ചാബിന്റെയും ഹരിയാനയുടെയും സംയുക്ത തലസ്ഥാനമായി ചണ്ഡിഗഡ് തുടരും. ഇരുസംസ്ഥാനങ്ങൾക്കും ചർച്ച ചെയ്യാൻ ഇതല്ലാതെ വേറെ അനേകം വിഷയങ്ങളുണ്ട്. പഞ്ചാബ് സർക്കാർ ജനത്തെ തെറ്റിദ്ധരിപ്പിക്കുകയാണ്. കേന്ദ്ര സർക്കാർ നടപടി സ്വാഗതാർഹമാണ്. ജീവനക്കാരുടെ ആവശ്യവും താൽപര്യവും കണക്കിലെടുത്തായിരുന്നു തീരുമാനം. ചണ്ഡിഗഡിലെ ജീവനക്കാർക്ക് ഇതുവരെ ഓരോ കേന്ദ്ര സർക്കാർ ഉത്തരവും നടപ്പാക്കിക്കിട്ടാൻ പഞ്ചാബ് സർക്കാരിന്റെ വിജ്ഞാപനം കൂടി വേണമായിരുന്നു. ഇനി അതു നേരിട്ടു തന്നെ ബാധകമാകും. ഇതു ജീവനക്കാർക്കു വളരെയേറെ ഗുണകരമാണെന്നാണ് ഹരിയാന മുഖ്യമന്ത്രി മനോഹർലാൽ ഖട്ടർ പറഞ്ഞത്.

തലസ്ഥാന 'വടംവലി' തുടങ്ങിയിട്ട് അരനൂറ്റാണ്ട്

ഇരു സംസ്ഥാനങ്ങളും തമ്മിലുള്ള വടംവലിക്ക് അര നൂറ്റാണ്ടിന്റെ പഴക്കമുണ്ട്. സംസ്ഥാനം വിഭജിച്ച് ഹരിയാന രൂപീകരിക്കുന്നതിനു മുമ്പ് 1952 മുതൽ 1966 വരെ പഞ്ചാബിന്റെ തലസ്ഥാനമായിരുന്നു ചണ്ഡീഗഢ്. പിന്നീട് ഈ നഗരത്തെ ചൊല്ലിയുള്ള ഇരു സംസ്ഥാനങ്ങളുടേയും അവകാശവാദത്തിൽ തീർപ്പു കൽപ്പിനാകാതെ വന്നപ്പോൾ കേന്ദ്ര സർക്കാർ 1966-ലെ പഞ്ചാബ് പുനസ്സംഘടനാ നിയമത്തിലെ നാലാം വകുപ്പു പ്രകാരം 1966 നവംബർ ഒന്നു മുതൽ ചണ്ഡീഗഢിനെ കേന്ദ്ര ഭരണ പ്രദേശമാക്കി മാറ്റുകയായിരുന്നു. അങ്ങനെ ചണ്ഡീഗഢ് ഭരണം നേരിട്ട് കേന്ദ്രത്തിന്റെ കൈകളിലെത്തുകയും ഒരു ഐ എ എസ് ഓഫീസറെ ചീഫ് കമ്മീഷണറായി നിയമിക്കുകയും ചെയ്തു.

1980-കളുടെ തുടക്കത്തിലുണ്ടായ പഞ്ചാബ് സായുധ പോരാട്ടത്തിന്റെ അനുരണനങ്ങൾ ചണ്ഡീഗഢിലും ഉണ്ടായി. തീവ്രവാദ പ്രശ്നങ്ങളും ക്രമസമാധാനവും കൈകാര്യം ചെയ്യാൻ കേന്ദ്രം 1983-ൽ ചണ്ഡീഗഢ് പ്രശ്നബാധിത മേഖലാ നിയമം പാർലമെന്റിൽ പാസാക്കി. 1984 ജൂൺ ഒന്നു മുതൽ പഞ്ചാബ് ഗവർണർക്ക് നഗര ഭരണത്തിന്റെ ചുമതല നൽകുകയും തീവ്രവാദവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളിൽ പഞ്ചാബുമായി കൂടുതൽ സഹകരിച്ച് പ്രവർത്തിക്കാൻ ചണ്ഡീഗഢ് ഭരണകൂടത്തോട് ആവശ്യപ്പെടുകയും ചെയ്തു. തുടർന്ന് ചീഫ് കമ്മീഷണർ എന്ന പദവി അഡ്‌മിനിസ്ട്രേറ്ററുടെ ഉപദേശകൻ എന്നാക്കി മാറ്റി. ചണ്ഡീഗഢ് അഡ്‌മിനിസ്ട്രേറ്ററുടെ പദവിയുള്ള പഞ്ചാബിന്റെ ആദ്യ ഗവർണർ അർജുൻ സിങ് ആയിരുന്നു. 2012-ൽ പഞ്ചാബ് ആൻഡ് ഹരിയാന ഹൈക്കോടതി ചണ്ഡീഗഢ് പ്രശ്നബാധിത മേഖലാ നിയമം റദ്ദാക്കിയെങ്കിലും ഈ രീതി തന്നെ പിന്തുടർന്നു പോന്നു.

പഞ്ചാബ് ഗവർണർ തന്നെ ചണ്ഡീഗഢ് അഡ്‌മിനിസ്ട്രേറ്ററുടെ പദവി കൂടി വഹിക്കുന്ന 34 വർഷത്തെ രീതി ഈ നഗരം പഞ്ചാബിന്റെ തലസ്ഥാനമാണെന്ന വാദത്തെ പിന്താങ്ങുന്നതാണെന്നാണ് പഞ്ചാബ് സർക്കാർ കാലങ്ങളായി വാദിച്ചു കൊണ്ടിരുന്നത്. ഹരിയാന സ്വന്തമായി പുതിയ തലസ്ഥാന നഗരം രൂപീകരിക്കുന്നതുവരെ തൽസ്ഥിതി തുടരാമെന്ന ഒരു ധാരണ ഉണ്ടായിരുന്നതായും വാദമുണ്ട്. കാലക്രമേണ, ചണ്ഡീഗഢ് പഞ്ചാബിനു കൈമാറുക, ഹരിയാനയുമായി നദീജലം പങ്കിടുക, പഞ്ചാബി സംസാരിക്കുന്ന ഹരിയാന പ്രദേശങ്ങൾ പഞ്ചാബിന് കൈമാറുക എന്നിവ പഞ്ചാബിൽ അധികാരത്തിലിരിക്കുന്ന പാർട്ടികൾക്ക് വലിയ രാഷ്ട്രീയ പ്രത്യാഘാതങ്ങളുണ്ടാക്കുന്ന തരത്തിലുള്ള വലിയ രാഷ്ട്രീയ പ്രശ്നങ്ങളായി മാറി. എന്നിരുന്നാലും നഗര ഭരണം പഞ്ചാബ് ഗവർണറുടെ കയ്യിലായത് റദ്ദാക്കപ്പെട്ട ചണ്ഡീഗഢ് പ്രശ്നബാധിത മേഖലാ നിയമത്തിന്റെ അടിസ്ഥാനത്തിലായിരുന്നെന്ന കാര്യം പാർട്ടികൾ അവഗണിച്ചു.

വാസ്തുവിദ്യ, സാംസ്‌കാരിക വളർച്ച, അധുനികവൽക്കരണം എന്നീ കാര്യങ്ങളിൽ ലോകത്തെ മികച്ച നഗരങ്ങളിലൊന്നായാണ് ചണ്ഡീഗഢിനെ 2015-ൽ ബിബിസി എണ്ണിയത്. ചണ്ഡീഗഢിലെ കാപിറ്റോൾ കോംപ്ലക്സിന് ലോക പൈതൃക പട്ടികയിൽ ഉൾപ്പെടുത്തി യുനെസ്‌കോ പ്രഖ്യാപിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്വപ്ന പദ്ധതിയായ സ്മാർട്ടി സിറ്റി മിഷനിലും ഈ നഗരത്തെ ഉൾപ്പെട്ടിട്ടുണ്ട്്.

ഒരിക്കൽ വിവാദത്തിൽ പെട്ടത് അൽഫോൻസ് കണ്ണന്താനം

കേന്ദ്ര ഭരണപ്രദേശമായ ചണ്ഡിഗഢിൽ ഒരു സ്വതന്ത്ര അഡ്‌മിനിസ്ട്രേറ്ററെ നിയമിക്കാനുള്ള നീക്കം ഒരിക്കൽ വിവാദമായപ്പോൾ ഉയർന്നത് ഒരു മലയാളിയുടെ പേരായിരു്‌നു. ബിജെപി നേതാവ് അൽഫോൻസ് കണ്ണന്താനത്തെ ചണ്ഡീഗഢ് അഡ്‌മിനിസ്ട്രേറ്ററായി നിയമിക്കാൻ ഒന്നാം മോദി സർക്കാറിന് ആലോച ഉണ്ടായിരുന്നു. ഇതിനെതിരെ കടുത്ത എതിർപ്പാണ് ഇരുപക്ഷത്തു നിന്നും ഉയർന്നത്. തുർന്ന് ഈ നീക്കം കേന്ദ്രം ഉപേക്ഷിക്കുകയാണ് ഉണ്ടായത്. കാലങ്ങളായി ഈ നഗരത്തെ ചൊല്ലി പഞ്ചാബും ഹരിയാനയും കൊമ്പുകോർക്കുന്നു. ഇരു സംസ്ഥാനങ്ങളുടേയും ആവശ്യം ചണ്ഡീഗഢിനെ തങ്ങളുടെ തലസ്ഥാനമാക്കണമെന്നാണ്. ഇപ്പോൾ വീണ്ടും ആം ആദ്മിയാണ് ചണ്ഡീഗഡ് വികാരം പൊടിതട്ടി എടുത്തിരിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP