Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

റമീസിനെ അകത്താക്കാൻ തെളിവായി മാറിയത് ദൈവത്തിന്റെ അദൃശ്യ കരങ്ങൾ; പെൺകുട്ടികളെ കണ്ടാൽ മലയാളി യുവാക്കൾക്ക് കടിച്ചു കീറാനുള്ള മനോഗതി; വാടക ഒഴിവാക്കാൻ ലിവിങ് ടുഗെതർ; വിദ്യാർത്ഥികൾക്ക് തണൽ ഒരുക്കുന്ന ലണ്ടനിലെ തൊഴിൽ സ്ഥാപനങ്ങളും നിരീക്ഷണത്തിൽ

റമീസിനെ അകത്താക്കാൻ തെളിവായി മാറിയത് ദൈവത്തിന്റെ അദൃശ്യ കരങ്ങൾ; പെൺകുട്ടികളെ കണ്ടാൽ മലയാളി യുവാക്കൾക്ക് കടിച്ചു കീറാനുള്ള മനോഗതി; വാടക ഒഴിവാക്കാൻ ലിവിങ് ടുഗെതർ; വിദ്യാർത്ഥികൾക്ക് തണൽ ഒരുക്കുന്ന ലണ്ടനിലെ തൊഴിൽ സ്ഥാപനങ്ങളും നിരീക്ഷണത്തിൽ

പ്രത്യേക ലേഖകൻ

ലണ്ടൻ: ഏതു കുറ്റവാളിയെയും കുടുക്കുന്ന ഒരു തെളിവ് അവശേഷിക്കും എന്നത് പല കുറ്റങ്ങളേയും സമൂഹത്തിനു മുന്നിൽ തുറന്നു കാട്ടാൻ നീതിപീഠത്തെ സഹായിക്കുന്ന അദൃശ്യ ശക്തിയാണ്. ഇത്തരം ഒരു തെളിവാണ് ദൈവത്തിന്റെ അദൃശ്യ കരങ്ങൾ പോലെ ബ്രിട്ടീഷ് നഗരമായ ബ്രൈറ്റനിൽ നടന്ന കൂട്ട ബലാത്സംഗ കേസിലും നിർണായകമായി മാറിയത്. അർദ്ധ രാത്രിയോടെ മദ്യപിച്ച നിലയിൽ സ്ഥലകാല ബോധം ഇല്ലാതെ ഒറ്റയ്ക്ക് മുന്നിൽ എത്തിയ 20 കാരിയായ യുവതിയെ റമീസ് അക്കരയും സംഘവും പീഡനത്തിന് ഇരയാക്കിയ സംഭവത്തിൽ പൊലീസിനെ സഹായിക്കുന്ന ഏറ്റവും വലിയ തെളിവായി മാറിയത് ഒരു വിഡിയോ കോളാണ്.

അർദ്ധരാത്രിയിൽ തന്റെ കൂട്ടുകാരിയോട് സംസാരിക്കവെ എവിടെയാണെന്നും മറ്റുമുള്ള ചോദ്യങ്ങൾക്കു വ്യക്തത ഇല്ലാത്ത മറുപടി പീഡനത്തിന് ഇരയായ യുവതി നൽകിയപ്പോൾ എന്തോ അപകടം മണത്തിട്ടെന്ന പോലെ വിഡിയോ ദൃശ്യങ്ങൾ റെക്കോർഡ് ചെയ്യാൻ തയ്യാറാവുക ആയിരുന്നു പ്രിയ സുഹൃത്ത്. പീഡനം നടന്ന ശേഷം പിറ്റേന്ന് പൊലീസ് സഹായം തേടിയ യുവതിക്ക് എന്താണ് സംഭവിച്ചത് എന്നോർത്തെടുക്കാൻ സാധിക്കുന്ന സാഹചര്യത്തിൽ ആയിരുന്നില്ല. ഇതോടെയാണ് വീഡിയോ കോൾ റെക്കോർഡ് ചെയ്യപ്പെട്ട കാര്യം പൊലീസ് ശ്രദ്ധിച്ചത്. ഒട്ടും പ്രതീക്ഷ ഇല്ലാതിരുന്നെങ്കിലും ഒരു തുമ്പു ലഭിച്ച ആശ്വാസത്തോടെ പ്രത്യേകം വൈദഗ്ധ്യം നേടിയ അന്വേഷണ സംഘം സംഭവം നടന്ന ബ്രൈറ്റനിലെ ദി അവന്യു കേന്ദ്രീകരിച്ചു വീടുകൾ കയറിയുള്ള അന്വേഷണമാണ് നടത്തിയത്.

ഇതിനായി പൊലീസ് വലിയ തോതിലുള്ള സന്നാഹങ്ങളും ഏർപ്പെടുത്തിയിരുന്നു. വീഡിയോ ദൃശ്യങ്ങളോട് സമീപം ഉള്ള കെട്ടിടവും പരിസരവും തിരിച്ചറിയുക എന്നതായിരുന്നു പൊലീസിന്റെ ആദ്യ വെല്ലുവിളി. ഒടുവിൽ ഒരാഴ്ച നീണ്ട പരിശ്രമത്തിനൊടുവിൽ പൊലീസ് മലയാളി ചെറുപ്പക്കാർ താമസിച്ച ഫ്ലാറ്റ് കണ്ടെത്തുക ആയിരുന്നു. ഇതോടെയാണ് അറസ്റ്റിനു വഴി ഒരുങ്ങിയത്.

സെപ്റ്റംബർ 22 നു നടന്ന അതിക്രമത്തെ നിരന്തര വിശ്രമം ഇല്ലാതെ പിന്തുടർന്ന പൊലീസിന് ഒക്ടോബർ ഒന്നാം തിയതിയാണ് മലയാളി ചെറുപ്പക്കാരായ തെമ്മാടിക്കൂട്ടത്തിന്റെ വാസസ്ഥലം കണ്ടെത്താനായത്. അഞ്ചു പേരെയും അന്ന് തന്നെ അറസ്റ്റ് ചെയ്ത പൊലീസ് ഇവരെ തുടർച്ചയായി 24 മണിക്കൂർ ചോദ്യം ചെയ്താണ് സംഭവത്തിന്റെ ചുരുൾ അഴിച്ചത്. ചോദ്യം ചെയ്യലിനിടയിൽ കരഞ്ഞും കാലുപിടിച്ചും നിരപരാധികൾ ആണെന്ന് സ്ഥാപിക്കാൻ ശ്രമിച്ച അഞ്ചു പേരും ഒരു ഘട്ടത്തിൽ പൊലീസിനെ വലയ്ക്കുകയും ചെയ്തു.

ഈ ഘട്ടത്തിൽ പ്രതികൾ മലയാളികളിൽ ചിലരുടെ സഹായവും തേടിയിരുന്നു. മൊഴികളിൽ അഞ്ചു പേരും സ്ഥിരം ക്രിമിനൽ കുറ്റവാളികളെ പോലെ ഉറച്ചു നിന്നപ്പോൾ ഫോറൻസിക് തെളിവുകളാണ് പൊലീസിന് സഹായകമായി മാറിയത്. മുഖ്യ പ്രതിയായ റെമീസിന്റെ ഡിഎൻഎ തെളിവുകൾ യുവതിയിൽ നിന്നും ശേഖരിച്ച സാംപിളിൽ സാമ്യം കണ്ടെത്തിയതോടെ ഇയാളെ അറസ്റ്റ് ചെയ്തു ജയിലിൽ റിമാൻഡ് ചെയ്യുക ആയിരുന്നു പൊലീസ്.

തെളിയിക്കപ്പെടാതെ പോകുമായിരുന്ന കേസെന്നു പൊലീസ് ഉദ്യോഗസ്ഥർ

തങ്ങൾ ആദ്യ ഘട്ടത്തിൽ വല്ലാതെ പ്രയാസപ്പെട്ടു പോയ കേസാണിതെന്നു കോടതി വിധിയെ തുടർന്നു മാധ്യമങ്ങൾക്ക് വിശദീകരണം നൽകാൻ എത്തിയ പൊലീസ് ഡിക്ടറ്റീവ് ചീഫ് ജോണ് ജിലിങ്സ് വെളിപ്പെടുത്തി. ഒക്ടോബർ നാലിന് റെമീസിന്റെ അറസ്റ്റ് രേഖപ്പെടുത്തിയ പൊലീസ് വിചാരണ ആരംഭിക്കുന്ന മാർച്ച് 22 വരെ ജാമ്യം നേടി പുറത്തിറങ്ങരുതെന്ന് ഉറപ്പു വരുത്തിയിരുന്നു.

കുറ്റവാളിക്കെതിരെ അന്വേഷണ ഘട്ടത്തിലും കോടതിയിലും മൊഴി നൽകാൻ എത്തിയ യുവതിയെ പൊലീസ് ചീഫ് പ്രത്യേകം അഭിനന്ദിക്കുകയും ചെയ്തു. പ്രതികളെ കണ്ടെത്താൻ സമീപവാസികളായ ജനങ്ങൾ നൽകിയ സഹകരണത്തിലും പൊലീസ് നന്ദി രേഖപ്പെടുത്തി. വിരലിൽ എണ്ണാവുന്ന ദിവസങ്ങൾ കൊണ്ട് വിചാരണ പൂർത്തിയാക്കി ജഡ്ജിങ് പാനൽ ഏകപക്ഷീയമായാണ് റമീസിനെ എട്ടു വർഷം കൽത്തുറുങ്കിൽ അടയ്ക്കാൻ വിധിയായത്. കൂടെയുണ്ടായിരുന്ന നാല് പേരെയും സംശയത്തിന്റെ ആനുകൂല്യം നൽകി വിട്ടയക്കുകയായിരുന്നു പൊലീസ്.

മലയാളി പെൺകുട്ടികളും ഇരകളാകുന്നു, പ്രതികരിക്കാൻ കഴിയാത്ത സാഹചര്യം

അതിനിടെ ബ്രൈറ്റണിൽ നടന്നത് കൂട്ട ബലാത്സംഗം എന്ന നിലയിലാണ് സമൂഹത്തിന്റെ ശ്രദ്ധ നേടുന്നതെങ്കിൽ ആയിരക്കണക്കിന് എന്നതിൽ നിന്നും പതിനായിരക്കണക്കിന് എന്ന നിലയിലേക്ക് മലയാളി വിദ്യാർത്ഥികളുടെ ഒഴുക്ക് തുടങ്ങിയതോടെ മലയാളി പെൺകുട്ടികളും വ്യാപകമായി ചൂഷണം ചെയ്യപ്പെടുകയാണ് എന്ന പരാതികളും ഏറെയാണ്. ഒരേ പട്ടണത്തിൽ ഒറ്റയടിക്ക് നൂറു കണക്കിന് വിദ്യാർത്ഥികൾ എത്തിയതോടെയും വാടക നിരക്കുകൾ കുത്തനെ ഉയർന്നതുമാണ് കേരളത്തിൽ നിന്നും എത്തുന്ന പെൺകുട്ടികളെ നിസ്സഹായതയുടെ വക്കിൽ എത്തിച്ചിരിക്കുന്നത്.

പഠിക്കുക എന്നത് ലക്ഷ്യമേ അല്ലാതെ കുറച്ചുകാലം ഉല്ലസിക്കാൻ കഴിയണം എന്ന ചിന്തയോടെ എത്തുന്ന പണച്ചാക്കുകളുടെ മക്കൾ ഇവിടെയാണ് വല വിരിച്ചു കാത്തിരിക്കുന്നത്. തൽക്കാലം കുറഞ്ഞ വാടകയിൽ താമസിക്കാം എന്ന ഓഫറിൽ വീഴുന്ന പെൺകുട്ടികൾ പിന്നീട് വാടക വേണ്ടന്ന വാക്കിൽ ലിവിങ് റ്റുഗതർ ആശയത്തിലേക്ക് എത്തപ്പെടുകയാണ്. തങ്ങളെ ആരും തിരിച്ചറിയുന്നില്ല എന്ന ധൈര്യവും അറിയുന്നവരോട് ഭാവി വരൻ ആണെന്നും പറയാൻ മടിക്കാത്ത സാഹചര്യത്തിലൂടെ കടന്നു പോകുന്നത് അനേകം പേരാണ്. പലയിടത്തും പിന്നീട് ഇത്തരം ബന്ധങ്ങൾ പ്രശ്നങ്ങൾക്കും വഴിയൊരുക്കിയിട്ടുണ്ട്.

മാഞ്ചസ്റ്റർ, ലൂട്ടൻ, ബിർമിങ്ഹാം തുടങ്ങിയ പ്രധാന പട്ടണങ്ങളിൽ നിന്നെല്ലാം ഇത്തരം പരാതികൾ ഒരു വർഷത്തിനിടെ ഉയർന്നതുമാണ്. പ്രായപൂർത്തിയായ രണ്ടു പേർ ഒന്നിച്ചു താമസിക്കുന്നത് തെറ്റല്ലാത്ത നാട്ടിൽ അതിന്റെ പേരിൽ നടക്കുന്ന ചൂഷണം ആരും ചോദ്യം ചെയ്യാനില്ല എന്ന അവസ്ഥയിലേക്കാണ് മാറപ്പെടുന്നത്. തങ്ങൾക്ക് വേറെ വഴിയില്ലെന്നാണ് പല വിദ്യാർത്ഥികളും ഒടുവിൽ കുറ്റബോധത്തോടെ പറയുന്നത്. വർഷങ്ങൾക്ക് മുൻപ് ഇത്തരം സാഹചര്യങ്ങൾ അമേരിക്കൻ പെൺകുട്ടികൾക്കിടയിൽ സാധാരണമായത് മാധ്യമങ്ങൾ വലിയ പ്രാധാന്യത്തോടെ റിപ്പോർട്ട് ചെയ്തതാണ്.

ഒടുവിൽ അതേ സാഹചര്യം ബ്രിട്ടനിൽ എത്തി നിൽക്കുന്നത് മലയാളി വിദ്യാർത്ഥികൾക്കിടയിൽ ആണെന്നതാണ് ഏറെ അസ്വസ്ഥത സൃഷ്ടിക്കപ്പെടുന്നത്. ഇക്കൂട്ടത്തിൽ റമീസിനെ പോലെ പെൺകുട്ടികളെ കണ്ടാൽ കടിച്ചു കീറണം എന്ന ചിന്താഗതിയിൽ എത്തുന്ന തെമ്മാടികൾ കൂടി ആകുമ്പോൾ യുകെയിൽ ജനിച്ചു വളർന്ന തങ്ങളുടെ പെൺകുട്ടികളുടെ യൂണിവേഴ്‌സിറ്റി ജീവിതം പോലും അപകടത്തിൽ ആയേക്കും എന്ന ആശങ്കയാണ് യുകെയിലെ മലയാളി സമൂഹത്തിൽ പടരുന്നത്.

നഴ്‌സിങ് കെയർ ഏജൻസികൾ വിദ്യാർത്ഥികൾക്കു വഴി വിട്ട ജീവിതത്തിനു തണൽ ഒരുക്കുന്നുവെന്നും ആക്ഷേപം

ചതിയും വഞ്ചനയും അത്ര വേഗത്തിൽ തിരിച്ചറിയാൻ സാധിക്കാത്ത സാഹചര്യത്തിൽ വളർന്ന യുകെയിലെ മലയാളി പെൺകുട്ടികൾ റമീസിനെ പോലെയുള്ള വേറിയന്മാരുടെ കണ്ണിൽ പെടരുതേ എന്ന പ്രാർത്ഥനയിലാണ് യുകെയിലെ മലയാളി സമൂഹം. ബ്രിട്ടീഷ് ജീവിത രീതിക്കിണങ്ങാത്ത തരത്തിൽ ഒന്നോ രണ്ടോ വർഷത്തെ ജീവിതം ലക്ഷ്യമിട്ടു കേരളത്തിൽ നിന്നും എത്തുന്ന വിദ്യാർത്ഥികൾ തെമ്മാടിക്കൂട്ടങ്ങൾ ആകാനുള്ള ശ്രമത്തിലാണെങ്കിൽ അതിനെ ചോദ്യം ചെയ്യുക തന്നെ ചെയ്യുമെന്ന് ഒട്ടേറെ മലയാളി സംഘടനാ പ്രതിനിധികൾ വ്യക്തമാക്കുന്നു.

മലയാളി വിദ്യാർത്ഥികൾ തമ്പടിക്കുന്ന കെയർ ഏജൻസികളും മറ്റും മലയാളി സമൂഹത്തിന്റെ നിരീക്ഷണത്തിലേക്കു കൂടി തിരിയുവാൻ അടുത്ത കാലത്തു വിദ്യാർത്ഥികൾ ഉൾപ്പെട്ട ക്രിമിനൽ കേസുകളും കാരണമാകുകയാണ്. പണവും സുഖ സൗകര്യവും കൂടുന്നതനുസരിച്ചു വിദ്യാർത്ഥികൾക്കിടയിൽ വഴി വിട്ട ജീവിതവും വേരുപിടിക്കുകയാണ് എന്നാണ് ആക്ഷേപം. ഇതിനു വഴി ഒരുക്കുന്ന കെയർ ഏജൻസികൾ അടക്കമുള്ള സ്ഥാപനങ്ങളെയും നിലയ്ക്ക് നിർത്താൻ മലയാളി സമൂഹത്തിൽ ശ്രമം ആരംഭിച്ചു കഴിഞ്ഞു എന്നാണ് പല കേന്ദ്രങ്ങളിൽ നിന്നും ലഭിക്കുന്ന സൂചന. വിദ്യാർത്ഥികൾക്ക് ആവശ്യത്തിൽ അധികം ഷിഫ്റ്റുകൾ നൽകുന്ന പ്രവണത കെയർ ഏജൻസികൾ അവസാനിപ്പിച്ചില്ലെങ്കിൽ റിപ്പോർട്ട് ചെയ്യാൻ തയ്യാറായി വാട്സാപ്പ് കൂട്ടായ്മകളിൽ ചർച്ചകൾ സജീവമായിട്ടുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP