Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പല പൊലീസ് ഉദ്യോഗസ്ഥരും പത്രക്കാരെ മദ്യവും കശുവണ്ടിയും നൽകി സ്വാധീനിക്കുന്നുണ്ട്; അന്വേഷണ സംഘങ്ങൾ തന്നെ വ്യാജ ഫോറൻസിക് റിപ്പോർട്ടുകൾ ഉണ്ടാക്കിയ സംഭവങ്ങളുണ്ടെന്ന ശ്രീലേഖയുടെ വെളിപ്പെടുത്തൽ ഞെട്ടിക്കുന്നത്; തകരുന്നത് കേരളാ പൊലീസിന്റെ വിശ്വാസ്യത; രാമൻപിള്ള വക്കീലിന് പിടിവള്ളിയായി മുൻ ഡിജിപിയുടെ പ്രസംഗവും

പല പൊലീസ് ഉദ്യോഗസ്ഥരും പത്രക്കാരെ മദ്യവും കശുവണ്ടിയും നൽകി സ്വാധീനിക്കുന്നുണ്ട്; അന്വേഷണ സംഘങ്ങൾ തന്നെ വ്യാജ ഫോറൻസിക് റിപ്പോർട്ടുകൾ ഉണ്ടാക്കിയ സംഭവങ്ങളുണ്ടെന്ന ശ്രീലേഖയുടെ വെളിപ്പെടുത്തൽ ഞെട്ടിക്കുന്നത്; തകരുന്നത് കേരളാ പൊലീസിന്റെ വിശ്വാസ്യത; രാമൻപിള്ള വക്കീലിന് പിടിവള്ളിയായി മുൻ ഡിജിപിയുടെ പ്രസംഗവും

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: വ്യാജ ഫോറൻസിക് ലാബ് റിപ്പോർട്ടുകൾ ഉണ്ടാക്കാൻ വളരെ എളുപ്പമാണെന്ന് മുൻ ഡിജിപി ആർ ശ്രീലേഖയുടെ വെളിപ്പെടുത്തൽ സംശയ നിഴലിൽ നിർത്തുന്ന കേരളാ പൊലീസിനെ. സംസ്ഥാനത്തെ ഫോറൻസിക് ലാബ് പ്രവർത്തിക്കുന്നത് ക്രൈം ബ്രാഞ്ച് എഡിജിപിയുടെയും കേന്ദ്ര ഫോറൻസിക് ലാബുകൾ പ്രവർത്തിക്കുന്നത് സിബിഐയുടെയും കീഴിലാണെന്ന് ശ്രീലേഖ പറയുന്നു. എറണാകുളത്തെ ചടങ്ങിലെ ശ്രീലേഖയുടെ വെളിപ്പെടുത്തലുകൾ കേരളാ പൊലീസിന്റെ വിശ്വാസ്യതയെയാണ് ചോദ്യം ചെയ്യുന്നത്.

നടൻ ദിലീപിനെതിരെ ഫോറൻസിക് തെളിവുകളുടെ അടിസ്ഥാനത്തിലാണ് ക്രൈംബ്രാഞ്ച് അന്വേഷണം നടത്തുന്നത്. ഇത് കോടതികളിലും മറ്റും കേസുകളായി പരിഗണിക്കുന്നുണ്ട്. ഇതിനിടെയാണ് ശ്രീലേഖയുടെ വെളിപ്പെടുത്തൽ. പല നിരപരാധികളേയും ഫോറൻസിക് തെളിവുകളുടെ അടിസ്ഥാനത്തിൽ ശിക്ഷിക്കപ്പെട്ടിട്ടുണ്ടെന്നാണ് ശ്രീലേഖ പറയുന്നത്. ഫോറൻസിക് ലാബിന്റെ സീലിന്റെ പശ്ചാത്തലത്തിൽ പല വ്യാജ തെളിവുകളും ഉണ്ടാക്കി പല കേസുകളിലും കേരളാ പൊലീസ് വിജയശ്രീ ലാളിതരായി മാറിയിട്ടുണ്ടെന്നാണ് ശ്രീലേഖ പറയുന്നത്.

ഒരു കേസുണ്ടായാൽ കോടതിയിൽ എത്തും മുൻപ് അതു ഷെയ്പ് ചെയ്യണം എന്ന പൊലീസ് ഭാഷ്യം എന്താണെന്നു തനിക്ക് ഇതുവരെ മനസ്സിലായിട്ടില്ലെന്നും അങ്ങനെ കേസുകൾ ഷെയ്പ് ചെയ്യേണ്ടവരാണോ അന്വേഷണ ഉദ്യോഗസ്ഥരെന്നും ആർ.ശ്രീലേഖ ചോദിക്കുന്നത്. ശ്രീലേഖയുടെ ഈ പ്രസംഗം ഇനി പല കേസിലും ചർച്ചയാകും. ദിലീപ് കേസിൽ അടക്കം അഭിഭാഷകൻ രാമൻപിള്ള വക്കീൽ ഈ പ്രസംഗം ചർച്ചയാക്കുമെന്നാണ് സൂചന. ഫോറൻസിക് തെളിവുകളുടെ വിശ്വാസ്യതയാണ് ശ്രീലേഖയുടെ പ്രസ്താവന തകർക്കുന്നത്.

കോടതിക്ക് മുമ്പിൽ പല തെളിവുകളും വിശ്വാസ്യതയ്ക്കായി വ്യാജമായി ചമയ്ക്കുന്നുവെന്നാണ് ശ്രീലേഖ പറയുന്നത്. പല കേസുകളിലും അന്വേഷണ സംഘങ്ങൾ തന്നെ വ്യാജ ഫോറൻസിക് റിപ്പോർട്ടുകൾ ഉണ്ടാക്കിയ സംഭവങ്ങളുണ്ട്. ഫോറൻസിക് ലാബുകളെ സ്വതന്ത്രമാക്കിയാലേ ഇതിന് പരിഹാരമാകൂ. പല പൊലീസ് ഉദ്യോഗസ്ഥരും പത്രക്കാരെ മദ്യവും കശുവണ്ടിയും നൽകി സ്വാധീനിക്കുന്നുണ്ട്. ഇവർ കള്ളക്കേസുകൾ നിർമ്മിച്ചെടുക്കുന്നു. പ്രശസ്തരായ ചിലർ പ്രതികളാവുമ്പോൾ പൊലീസിന് എങ്ങിനെ കള്ളക്കേസുകൾ ഉണ്ടാകാൻ കഴിയുന്നുവെന്ന് എന്നോട് പലരും ചോദിക്കാറുണ്ട്. ഇവർ കള്ളക്കേസുകൾ നിർമ്മിച്ചെടുക്കുകയാണ്. പ്രശ്‌സതരായ പൊലീസിന് അങ്ങിനെ കഴിയുമെന്നും ശ്രീലേഖ പറഞ്ഞു.

ഫോറൻസിക് സയൻസ് റിപ്പോർട്ട് നിഷ്പക്ഷമായിരിക്കണം. എങ്കിൽ അതിനെ പ്രത്യേകം പൊലീസിന് പുറത്ത് നിർത്തണം. വളരെ നാളുകൾക്ക് മുൻപ് ഈ ആവശ്യം ഉന്നയിച്ച് താൻ റിപ്പോർട്ട് നൽകിയതാണ്. പല തരത്തിലുള്ള പഠനം നടത്തി പല തരത്തിലുള്ള റിപ്പോർട്ട് കൊടുത്തു. ആരും ശ്രദ്ധിച്ചില്ലെന്ന് പറഞ്ഞ മുൻ ഡിജിപി വളരെ എളുപ്പമാണ് തിരിമറികൾ നടത്താനെന്ന് ആവർത്തിച്ച് പറഞ്ഞു. സംസ്ഥാനത്തു നിരപരാധികൾ ശിക്ഷിക്കപ്പെട്ട 10 സംഭവങ്ങൾ കോർത്തിണക്കി അഭിഭാഷകനായ അരുൺ കെ. ധൻ എഴുതിയ 'നിയമം നിഴൽ വീഴ്‌ത്തിയ ജീവിതങ്ങൾ' എന്ന പുസ്തകത്തിന്റെ പ്രകാശന ചടങ്ങിലാണ് ശ്രീലേഖയുടെ അഭിപ്രായ പ്രകടനങ്ങൾ

ഈ ചടങ്ങിൽ ഗോവാ ഗവർണ്ണർ പി എസ് ശ്രീധരൻ പിള്ളയും ഉണ്ടായിരുന്നു. ചാനൽ ചർച്ചകളിലെ വികാരത്തള്ളിച്ചയും ക്രിമിനൽ കേസുകളുടെ തെരുവു വിചാരണയും നിയമവാഴ്ച തകർക്കുമെന്നു ഗോവ ഗവർണർ പി.എസ്. ശ്രീധരൻപിള്ള പറഞ്ഞു. ക്രിമിനൽ കേസുകളിൽ പെടുന്നവരിൽ ഭൂരിപക്ഷവും നിയമം നിഴൽ വീഴ്‌ത്തിയ ജീവിതങ്ങളാണെന്നു ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ബെച്ചു കുര്യൻ തോമസും പറഞ്ഞു. ജുഡീഷ്യറിക്കു തെറ്റുപറ്റുന്നുണ്ടെന്നും സുപ്രീം കോടതി പോലും അത്തരം തെറ്റുകൾ ശരിവയ്ക്കുന്നുണ്ടെന്നും ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് എൻ.നഗരേഷ് കൂട്ടിച്ചേർത്തു.

തെരുവിലെ ആരവങ്ങളല്ല കോടതി വിധികൾക്ക് അടിസ്ഥാനമാകേണ്ടതെന്നു ചടങ്ങ് ഉദ്ഘാടനം ചെയ്ത ശ്രീധരൻ പിള്ള പറഞ്ഞു. ഒരു കോടി രൂപ നഷ്ടപരിഹാരം ചോദിക്കണമെങ്കിൽ 10 ലക്ഷം രൂപ കെട്ടിവയ്ക്കേണ്ട സ്ഥിതിയാണ്. എല്ലാം നഷ്ടപ്പെട്ടു നിൽക്കുന്ന ഒരു മനുഷ്യന് ഇതെങ്ങനെ സാധ്യമാകുമെന്നു കൂടി ചിന്തിക്കണം. നിരപരാധികളായ 5 പ്രതികൾക്കു ശിക്ഷ വാങ്ങിക്കൊടുത്ത അന്വേഷണ ഉദ്യോഗസ്ഥനു ജനങ്ങൾ പൗരസ്വീകരണം നൽകിയതും അദ്ദേഹത്തിനു സ്ഥാനക്കയറ്റം ലഭിച്ചതുമെല്ലാം കേരളത്തിലാണ്. എന്നാൽ, ശിക്ഷിക്കപ്പെട്ടവർ നിരപരാധികളായിരുന്നു എന്നു തെളിഞ്ഞപ്പോൾ നഷ്ടം അവർക്കു മാത്രമായിരുന്നുവെന്നും ശ്രീധരൻ പിള്ള പറഞ്ഞു.

ന്യായാധിപർ വിധി പറയുമ്പോൾ അതു സമൂഹത്തിലുണ്ടാക്കുന്ന നല്ലതും ചീത്തയുമായ പ്രത്യാഘാതങ്ങൾ കൂടി ചിന്തിക്കണമെന്നു ജസ്റ്റിസ് നഗരേഷ് പറഞ്ഞു. ഒരാൾ പ്രതിയാകുന്നത് എല്ലാവരും അറിയുമെങ്കിലും അയാൾ നിരപരാധി ആണെന്നു തെളിയുന്നത് ആരും അറിയാതെ പോകുന്നതു വലിയ നീതി നിഷേധമാണെന്നു ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP