Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഒറ്റമരക്കാടുകൾ

ഒറ്റമരക്കാടുകൾ

ഷാജി ജേക്കബ്‌

'Will the freshness, lightheartedness, the need for love, and strength of faith which you have in childhood ever return? What better time when the two best virtues-innocent joy and the boundless desire for love-were the only motives in life?'

- Leo Tolstoi, Childhood.

മാധവിക്കുട്ടി എഴുതിയ സ്വന്തം ജീവിതസ്മരണകളാണ് മലയാളത്തിലുണ്ടായ ഏറ്റവും പ്രസിദ്ധമായ ആത്മകഥാസംരംഭം - രണ്ടു തലങ്ങളിൽ. സ്ത്രീ എഴുതിയത് എന്ന നിലയിലും ആത്മകഥയുടെ ഭാവശില്പസാധ്യതകൾ ഏറ്റവും നന്നായി ഉപയോഗപ്പെടുത്തിയ രചനകൾ എന്ന നിലയിലും. ലിയോ ടോൾസ്റ്റോയിയുടെ ആദ്യനോവലായ Childhoodനെക്കുറിച്ചു പറയാറുള്ളതുപോലെ ഭാവനയും ജീവിതവും തമ്മിൽ വേർപെടുത്താൻ കഴിയാത്ത വിധം ഇഴപിരിഞ്ഞുനിൽക്കുന്ന രചനകളാണവ. സ്ഥൂലതലത്തിൽ സമൂഹവും കുടുംബവും സൂക്ഷ്മതലത്തിൽ തന്റെ തന്നെ ചോദനകളും കാമനകളും ചേർന്നു രൂപപ്പെടുത്തുന്ന വ്യക്തിയുടെ വിഭക്തസ്വത്വത്തിന്റെ കഥ. ടോൾസ്റ്റോയ് തന്നെ പറഞ്ഞതുപോലെ, അഭ്രശുഭ്രമായ ആനന്ദങ്ങളും അതിരില്ലാത്ത സ്‌നേഹദാഹങ്ങളും മാത്രം നിറഞ്ഞ കാലത്തിന്റെയും.

ഈ ഭൂമിയിൽ ജീവിച്ച, ജീവിക്കുന്ന ഓരോ വ്യക്തിക്കും മരണമെന്നതു പോലെ തന്നെ ഭയങ്കരമായി  അനുഭവിക്കേണ്ടി വരുന്ന മറ്റൊരവസ്ഥ ഒറ്റപ്പെടലായിരിക്കും. സ്വയം വരിക്കാത്ത  ഏകാന്തതയെക്കാൾ വലിയ സങ്കടമില്ല , സത്യവും. ഭാവനാ ലോകത്താകട്ടെ ഏകാന്തതയെക്കാൾ  സൗന്ദര്യമുള്ള മറ്റൊരനുഭൂതിയും മനുഷ്യർ ഇന്നോളം കണ്ടെത്തിയിട്ടുമില്ല. കാരണം ഭാവനയിലെ പരമ സൗന്ദര്യമെന്നത് ജീവിതത്തിലെ പരമ സങ്കടത്തിനു കൈവരുന്ന കലാരൂപമാണ്. ഈ സങ്കടമെഴുത്തുകളാണ് എക്കാലത്തെയും മികച്ച കലാ സാഹിത്യസൃഷ്ടികൾ  . നമ്മുടെ കാലത്ത് നോവലിനും സിനിമക്കു മൊപ്പം ഈ ജൈവ സത്യത്തെ മികച്ച  സൗന്ദര്യമാക്കി മാറ്റുന്ന മറ്റൊരു രൂപമാണ് ആത്മകഥ.


Biographyയെ ജീവ'ചരിത്രം' എന്നു വിളിക്കുമ്പോൾതന്നെ Auto biographyയെ ആത്മ'കഥ' എന്നു വിളിക്കുന്ന മലയാളത്തിന്റെ സാധ്യത ഈ ആഖ്യാനത്തിന്റെ ഭാവശില്പത്തെ രൂപപ്പെടുത്തുന്നതിൽ ചെറുതല്ലാത്ത പങ്കു വഹിക്കുന്നുണ്ടെന്നും പറയാം.


സ്ത്രീകളുടെ ആത്മകഥാരചനയ്ക്ക് മലയാളത്തിൽ മാധവിക്കുട്ടിക്കു മുൻപും പിൻപും ശ്രദ്ധേയങ്ങളായ മാതൃകകളുണ്ട്. സി.കെ. രേവതിയമ്മയും അക്കാമ്മ ചെറിയാനും കെ.ആർ. ഗൗരിയമ്മയും കെ. അജിതയും സി.കെ. ജാനുവും മറ്റുമെഴുതിയ അടിമുടി രാഷ്ട്രീയബദ്ധമായ സാമൂഹിക ജീവിതാഖ്യാനങ്ങൾ ഒരു വശത്ത്. റോസി തോമസും ലളിതാംബിക അന്തർജനവും മറ്റുമെഴുതിയ സ്‌ത്രൈണാനുഭവങ്ങളുടെ ആത്മകഥനങ്ങൾ മറുവശത്ത്. സമീപകാലത്താകട്ടെ ഈ എഴുത്തുഗണത്തിനു സംഭവിച്ചിട്ടുള്ള അപൂർവമായ സാംസ്‌കാരിക സ്വരൂപവും വിപണമൂല്യവും മറ്റൊരു തലത്തിലേക്കാണ് വിരൽ ചൂണ്ടുന്നത്. മാധവിക്കുട്ടിയുടെതന്നെ 'എന്റെ കഥ'യാണ് ഈ വഴിമാറ്റത്തിന്റെ മാതൃകാപാഠം എന്നു തോന്നുന്നു-തുറന്നെഴുത്തുകളുടെ ആത്മാർഥതയും പ്രകോപനപരതയും കൊണ്ട്. എച്ച്മുക്കുട്ടിയും സിസ്റ്റർ ജെസ്മിയും മറ്റും വെളിപ്പെടുത്തുന്നതുപോലെ, കുമ്പസാരത്തിൽ നിന്ന് കുറ്റവിചാരണയിലേക്കു മാറിയ കാഴ്ചപ്പാടുകളുടെ കാലവുമാണിത്. നിശ്ചയമായും ഈ ശൈലിയിൽനിന്നു ഭിന്നമായ ജീവിതാഖ്യാനങ്ങളുമുണ്ട്.

'ബാല്യകാലസ്മരണക'ളും 'എന്റെ കഥ'യും ഒന്നുചേർന്നു സൃഷ്ടിക്കുന്ന സ്‌ത്രൈണ സ്മൃതികളുടെ ഒരു പാഠമാതൃക സങ്കല്പിച്ചു നോക്കൂ. ആത്മത്തിന്റെ തളിർപ്പുകളും അപരത്തിന്റെ പിളർപ്പുകളും ഒത്തുചേരുന്ന ബാല്യകൗമാരങ്ങളുടെയും യൗവനാരംഭത്തിന്റെയും കഥാത്മകജീവിതം ആവിഷ്‌ക്കരിക്കുന്ന സുധക്കുട്ടിയുടെ 'തനിച്ചു നനഞ്ഞ മഴകൾ' അത്തരമൊരു കൃതിയാണ്. കഥയും ജീവിതവും ഒന്നായി മാറുന്ന സ്മൃതിചിത്രങ്ങൾ.

          തിരുവിതാംകൂറിലെ ഏറ്റവും പ്രസിദ്ധവും സമ്പന്നവുമായിരുന്ന ഈഴവപ്രമാണിമാരുടെ താവഴിയിലാണ് സുധക്കുട്ടിയുടെ കുടുംബവേരുകൾ. 1904ൽ രാജാവിനും ദിവാനും ശേഷം രാജ്യത്തെ മൂന്നാമത്തെ റോൾസ്‌റോയ്‌സ് കാർ സ്വന്തമാക്കിയ ആലുമ്മൂട്ടിൽ ചാന്നാന്റെ ഹരിപ്പാട്ടുള്ള തറവാട്ടിൽ നിന്നാണ് അവരുടെ അമ്മ. അച്ഛൻ കൊച്ചിയിൽനിന്ന്. ആലപ്പുഴയിൽ ധനികരായ കയർവ്യവസായികളായി മാറിയ ആ കുടുംബത്തിൽ ആറാമത്തെ കുട്ടിയായി ജനിച്ച സുധ തന്റെ ബാല്യകൗമാരങ്ങളുടെയും യൗവനാരംഭം വരെയുമുള്ള ജീവിതമെഴുതുകയാണ് ഈ പുസ്തകത്തിൽ. സാമ്പത്തികമായ അല്ലലോ സാമൂഹികമായ അഴലോ ബാധിക്കാത്ത ബാല്യം. അച്ഛന്റെ വ്യവസായവും കച്ചവടവും തകർന്ന് തറവാട് കുളം തോണ്ടിപ്പോയ പിൽക്കാലം. ആൺകോയ്മകൾ ആളിക്കത്തിയ സമൂഹത്തിലും കുടുംബത്തിലും സ്ഥാപനങ്ങളിലും പെൺകുട്ടിയെന്ന നിലയിൽ അനുഭവിച്ച കീഴടക്കലുകളുടെയും മാറ്റിനിർത്തലുകളുടെയും അനുഭവങ്ങളിലൂടെ വിവാഹത്തിലേക്കു കടക്കുന്നതുവരെയുള്ള ജീവിതത്തിന്റെ നേർചിത്രങ്ങൾ വാർന്നുവീഴുകയാണ് ഈ ആത്മകഥയിൽ. നിശ്ചയമായും നമ്മെ അടിമുടി പൂത്തുലയിക്കുന്ന മാധവിക്കുട്ടിയുടേതുപോലെയോ അകം പുറം തകർത്തുകളയുന്ന എച്ച്മുക്കുട്ടിയുടേതുപോലെയോ ഉള്ള അനുഭവാഖ്യാനമല്ല ഉള്ളടക്കത്തിലും ഭാഷയിലും സുധക്കുട്ടിയുടേത്. ജാതീയമോ സാമ്പത്തികമോ സാമൂഹികമോ ലൈംഗികമോ ആയ നരകത്തീയിൽ വെന്ത സ്ത്രീത്വമല്ല അവരുടേത്. എങ്കിലും ഓരോ സ്ത്രീയും പുറത്തുപറയാൻ കൊതിക്കുന്നതും അതേസമയംതന്നെ അങ്ങനെ പറയാൻ കഴിയാതെ വീർപ്പുമുട്ടുന്നതുമായ ഒരുപാടനുഭവങ്ങളുടെയും നഷ്ടലോകങ്ങളുടെയും സൂക്ഷ്മമായ മറനീക്കലുകൾ സുധക്കുട്ടി നടത്തുന്നു. വിശേഷിച്ചും സ്വന്തം കുടുംബത്തിനുള്ളിൽ പക നീർത്തിയാടിയ ആണധികാരത്തിന്റെ സർപ്പഫണങ്ങളെക്കുറിച്ച്. (വിവാഹാനന്തരം താൻ കടന്നുപോയ അഗ്നിപരീക്ഷകളെക്കുറിച്ചുള്ള ആഖ്യാനം ആത്മകഥയുടെ രണ്ടാം ഭാഗമായി എഴുതിവരികയാണ് സുധക്കുട്ടി.)


കഥകൾ പോലെതന്നെ വായിക്കാവുന്ന മുപ്പത്താറധ്യായങ്ങൾ. ജീവിതാഖ്യാനം എന്ന നിലയിൽ തനിച്ചുനനഞ്ഞ മഴകൾ കൊണ്ടാൽ മൂന്നു ഭാവധാരകളിൽ രൂപപ്പെടുന്ന കാൽനൂറ്റാണ്ടിന്റെ സ്ഥലകാലാനുഭവങ്ങൾക്കൊപ്പം നിങ്ങൾക്കു സഞ്ചരിക്കാം. 20 വയസ്സുവരെ ആലപ്പുഴയിൽ ജീവിച്ച സുധയുടെ അനുഭവങ്ങൾ ഒരു പെണ്ണിന്റെ കഥ മാത്രമല്ല, ഒരുപാട് പെണ്ണുങ്ങളുടെയും ആ ദേശത്തിന്റെ തന്നെയും കഥകളായി മാറുന്നു. തനിക്കു ചുറ്റും കണ്ട ഒരുപിടി മനുഷ്യരുടെ ജീവിതങ്ങളോട് ചേർത്താണ് തന്നെ ഈ എഴുത്തുകാരി പൂരിപ്പിക്കുന്നത്. അപ്പോഴും ഒറ്റമരങ്ങൾ ഓരോ കാടായി മാറുന്നതുപോലെ ഓരോരുത്തരും ഓരോ തുരുത്താണ് എന്ന യാഥാർഥ്യം അവർ തിരിച്ചറിയുകയും ചെയ്യുന്നുണ്ട്. എങ്കിലും ആത്മാനുഭവങ്ങൾ പോലെതന്നെ പ്രധാനമാണ് ഈ വ്യക്തിചിത്രങ്ങളും. ഈ രണ്ടു തലങ്ങൾക്കുമൊപ്പമാണ് ഈ കഥകൾ സാക്ഷ്യപ്പെടുത്തുന്ന 1960കളുടെയും 70കളുടെയും തിരുവിതാംകൂറിന്റെ സാമൂഹിക-രാഷ്ട്രീയ-സാംസ്‌കാരിക ചരിത്രവും സുധക്കുട്ടിയുടെ അനുഭവങ്ങളുടെ അടിത്തറയാകുന്നത്. രാഷ്ട്രീയ സാമൂഹിക മണ്ഡലങ്ങളിലെ പുരുഷഗോപുരങ്ങൾ പലതും സുധ അടുത്തുനിന്നു കാണുന്നു-ഒരു പെൺകുട്ടിയുടെ വിടർന്ന കണ്ണുകളിലെ അത്ഭുതാദരങ്ങളിലൂടെ. ഒപ്പം, തന്റെ തറവാട്ടിൽ നടന്ന ചില പടുമരണങ്ങളുടെ അസാധാരണമായ രേഖപ്പെടുത്തലുകളും.

ആത്മാനുഭവങ്ങളും വ്യക്തിചിത്രങ്ങളും ഏതാണ്ടൊരു ഡി.എൻ.എ. ഹെലിക്‌സ്‌പോലെ ചുറ്റിപ്പിണഞ്ഞു പിരിഞ്ഞു കയറിപോവുകയാണ് ആഖ്യാനത്തിലുടനീളം. സ്‌നേഹനിധിയായ അമ്മ. നഷ്ടപ്രതാപങ്ങളിൽ ചുവടിടറിപ്പോയ അച്ഛൻ. അകാലത്തു മരിച്ച കൊച്ചച്ഛൻ. മൂന്നു ധ്രുവങ്ങളിൽ ജീവിച്ച മൂന്നു സഹോദരന്മാർ. രണ്ടു സഹോദരിമാർ. ഉറ്റവരും ഒറ്റുകാരുമായി മാറിമാറി വേഷമിടുന്ന ബന്ധുക്കൾ. പ്രാണനോളം ചേർന്നുനിന്ന കൂട്ടുകാരികൾ. സഹായികളായ സ്ത്രീകൾ. വാത്സല്യസമ്പന്നരായിരുന്ന അദ്ധ്യാപികമാർ. പതിമൂന്നാം വയസ്സിലാരംഭിച്ച പ്രണയകഥയിലെ നായകൻ.... സുധയുടെ ജീവിതം ഒരുപാടു മനുഷ്യരുടെ ചൂടും ചൂരുമേറ്റു വളരുകയായിരുന്നു. ഇവരെക്കുറിച്ചു പറയുന്ന അതേ ആർജ്ജവത്തോടെ സുധ പറയുന്ന മറ്റൊരുപാട് മനുഷ്യരുടെ ജീവിതങ്ങളാണ് ഒരുപക്ഷെ ഈ ആത്മകഥയെ ഒരു വ്യക്തിയുടെ അനുഭവമണ്ഡലത്തിൽ നിന്നുയർത്തി നിർത്തുന്നത്.

          തോട്ടിപ്പണിക്കാരനായിരുന്ന രാഘവൻ, മന്ത്രവാദിയായ മുസ്ലിം വൈദ്യർ, മോഷ്ടാവായ സ്വാമി, നന്മനിറഞ്ഞ അഭിസാരികമാർ, ധ്യാനകേന്ദ്രങ്ങളിലെ ആൾദൈവങ്ങൾ, ചന്തയിലെ വച്ചുവാണിഭക്കാർ, ആലപ്പുഴയിൽ നെടുകെയും കുറുകെയും പാഞ്ഞുനടന്ന 'തങ്കമ്മ'മാർ, പ്രേതഭവനത്തിൽ കാലങ്ങളോളം ജീവിച്ച് ഒടുവിൽ കടലിൽ ചാടി മരിച്ച കേനിസായ്‌വ്, തൊഴിലാളിനേതാവായിരുന്ന ആർ. സുഗതനെ പ്രണയിച്ചുവെങ്കിലും വിവാഹം നടക്കാതെവന്നതോടെ ആമരണം അവിവാഹിതയായി തുടർന്ന പത്മിനിടീച്ചർ, ഒന്നിലധികം സന്ദർഭങ്ങളിൽ ആത്മാവിൽ സ്പർശിച്ച ഒ.വി. വിജയൻ, തിരുവിതാംകൂർ രാഷ്ട്രീയത്തിൽ മായാത്ത വ്യക്തിമുദ്ര പതിപ്പിച്ച ടി.വി. തോമസ്, ആർ. സുഗതൻ, എ.പി. ഉദയഭാനു തുടങ്ങിയവർ, ചലച്ചിത്രകലാപ്രവർത്തനങ്ങളിൽ പിൽക്കാലത്തു പ്രസിദ്ധരായവർ..... വ്യക്തികളും സമൂഹവും ബന്ധുവീടുകളും കലാലയങ്ങളും നാടും നഗരവും കൂടിക്കുഴയുന്ന ഒരു കാലിഡോസ്‌കോപ്പാണ് 'തനിച്ചു നനഞ്ഞ മഴകൾ'.


ജീവിതവും അതിജീവിതവും മിഴിവാർന്നു മുഖാമുഖം നിൽക്കുന്ന ഒരു വാങ്മയ ദൃശ്യം കാണൂ:

          'കുരുവിക്കൂടുപോലെ കുടിലുകൾ, പനമ്പും ഓലയും കൊണ്ടുണ്ടാക്കിയവ. മുറ്റത്തെ വാഴച്ചോട്ടിൽ വക്കുടഞ്ഞ മൺകുടങ്ങൾ, സൈക്കിൾ ടയറുരുട്ടിക്കളിക്കുന്ന കുഞ്ഞുങ്ങൾ. കൂട്ടംകൂടിയിരുന്ന് കലപില പറയുന്ന പെണ്ണുങ്ങൾ. അവരെ ചുറ്റിപ്പറ്റി മുഷിഞ്ഞ വേഷമിട്ട കുറെ ആണുങ്ങൾ. അപരിചിതത്വം ഒന്നും ഭാവിക്കാതെ അവരിൽ ചിലർ ഞങ്ങളെ നോക്കി പുഞ്ചിരിച്ചു. നല്ല ചിരിയായിരുന്നു പലതും. കൂട്ടത്തിൽ നിന്നൊരുത്തി എഴുന്നേറ്റ് വായിലെ മുറുക്കാൻ നീട്ടി തുപ്പിയിട്ട് പുരയ്ക്കകത്തേക്ക് നടന്നു. അവൾക്ക് പിന്നാലെ ആൺകൂട്ടത്തിൽ നിന്നൊരാളും.


സൊറ പറഞ്ഞിരിക്കുന്ന പെൺകൂട്ടത്തിൽ നിന്ന് മുതിർന്ന ഒരു സ്ത്രീ പരിചിതഭാവത്തിൽ തലയാട്ടി വിളിച്ചു. അടുക്കണോ വേണ്ടയോ എന്ന് സംശയിച്ചുനില്‌ക്കെ ചിട്ടിപ്പണം പിരിക്കാൻ നാടുനീളെ അലയുന്ന നാരായണി ഞങ്ങൾക്ക് മുന്നിൽ പെട്ടെന്ന് അവതരിച്ചു. അവർക്കിത്തിരി നൊസ്സുണ്ട്. ഇന്നതേ പറയൂ എന്നില്ല. ഞങ്ങൾ വേഗം തിരിഞ്ഞുനടന്നു. '.............മ്മ (സ്ത്രീ നാമം) ഗുണ്ടിൽ ഇങ്ങെന്താ കാര്യം' നാരായണി ചീറി അടുത്തു. ഞങ്ങൾ ഇടംവലം നോക്കാതെ ഓടി. നാരായണി അമ്മയോട് ഏഷണി പറഞ്ഞാൽ അടി ഉറപ്പാണ്. തൈത്തെങ്ങിന്റെ ഓലയിൽ നിന്ന് തുഞ്ചാണി വെട്ടിയാണ് തല്ലുക. ചൂളിപ്പിടിക്കും. ആങ്ങളമാരിൽ രണ്ടാമനറിഞ്ഞാൽ ശിക്ഷ അതിലും കടുക്കും. സിമന്റ് തറയിൽ പൂഴിമണലിട്ട് അതിന്മേൽ മുട്ടുകുത്തിക്കും. കുരിശിൽ തറയ്ക്കുന്നതുപോലെ കൈകൾ ഇരുവശത്തേക്കും നീട്ടിപ്പിടിക്കണം. തോളിൽനിന്ന് കൈ ഊരിപ്പോകുന്ന വേദനയ്‌ക്കൊപ്പം കാൽമുട്ടുകൾ മണലിൽ നൊന്ത് വാപിളർക്കും. കൈകൾ അറിയാതെ ചലിച്ചാൽ അതിന്മേൽ അടിവീഴും. ഇവ്വിധം ക്രൂരമായ വിനോദമായിരുന്നു ശിക്ഷ. ചെറിയ കുട്ടികളോട് ഇത്തരത്തിൽ നിന്ദ്യമായി പെരുമാറിയാൽക്കൂടി ആരും അത് ചോദ്യം ചെയ്യുമായിരുന്നില്ല. കുതിരവാൽ പോലെ ഉയർത്തിക്കെട്ടിയ മുടി തുള്ളിച്ചുകൊണ്ട് ഞങ്ങൾ വീട്ടിൽ വന്ന് കയറിയെങ്കിലും ഏത് നിമിഷത്തിലും സംഭവിക്കാനിടയുള്ള നാരായണിയുടെ വരവും കാത്ത് മ്ലാനവദനരായി ഇരുന്നു.

വഴിപിഴച്ചവളെന്ന് മുദ്രകുത്തപ്പെട്ട ആരെയും നാട്ടുകാർ ഒരിക്കലും പൊതു ഇടങ്ങളിൽ നിന്ന് മാറ്റി നിർത്തിയില്ല. പകൽനേരങ്ങളിൽ അവർ ഞങ്ങളുടെ വീട്ടുജോലികൾ ചെയ്യാനെത്തി. സ്‌കൂളിൽനിന്നും കുട്ടികളെ കൂട്ടിക്കൊണ്ട് വരാനും കുഞ്ഞുങ്ങൾക്ക് പാല് കാച്ചി നല്കാനുമുള്ള ഉത്തരവാദിത്വം സ്വയമേറ്റെടുത്തു. അത്താഴമൂട്ട് വിരുന്നുകളിലും, ദേഹണ്ഡപ്പുരകളിലും അവർ എല്ലുമുറിയെ പണിയെടുത്തു. അറുപത്തിനാലു കലകളുടെയും ചേരുവകൾ നന്നായറിഞ്ഞിരുന്നതുകൊണ്ട് അവർ വച്ചുണ്ടാക്കുന്നതെന്തും ഹൃദ്യമായിരുന്നുവെന്ന് നാട്ടുകാർ അടക്കം പറഞ്ഞു. അമ്പലത്തിൽ കാണുമ്പോഴും ആഘോഷങ്ങൾക്കിടയിലും തറവാട്ടമ്മമാർ അവരോട് സ്‌നേഹത്തോടെ കുശലംതിരക്കി. അവർക്കറിയാമായിരുന്നു അവരുടെ ആണുങ്ങളിൽ ചിലർ ഇക്കൂട്ടരുടെ കളിപ്പാവകളാണെന്ന്. അവരുടെ ആണുങ്ങളുടെ ഇഷ്ടനിറമുള്ള ജമ്പറുകൾ, പുളിയിലക്കര മുണ്ടുകൾ തന്നെയാണ് ഈ പെണ്ണുങ്ങളും ധരിച്ചിട്ടുള്ളതെന്ന്.

രാത്രി ചൂട്ടു കത്തിച്ച് ഭർത്താക്കന്മാർക്ക് നല്കി ശുഭയാത്ര നേർന്നിരുന്ന പാരമ്പര്യമുള്ള നാടല്ലേ? എന്തൊരു സഹവർത്തിത്വം. അതോ കൊടുങ്കാറ്റിന് മുന്നേയുള്ള ശാന്തതയോ? ഓണക്കാലത്ത് കുടുംബ സദസ്സുകളിൽ,

'ആറ്റിറമ്പിലെ സുന്ദരിയെ നിന്റെ

ആങ്ങിളമാരെങ്ങു പോയി' എന്ന് പാടി ചുവടുവെച്ചു കളിക്കുകയും കുമ്മിയടിക്കുകയും ചെയ്തു. ചെമ്പുകുടത്തിൽ കല്ലിട്ട് കുടമൂതി പൊട്ടിച്ചിരിച്ചു. നാട് അവരെ ചേർത്തു പിടിച്ചു. പക്ഷേ, പല കുടുംബങ്ങളിലും സമ്പദ്‌വ്യവസ്ഥ തവിടുപൊടിയായി. കടക്കണ്ണെറിഞ്ഞെറിഞ്ഞ് സുഗന്ധി കവലയിലെ നല്ല കച്ചവടമുണ്ടായിരുന്ന ജവുളിക്കട പൂട്ടിച്ചു. അന്തിവരെ പണിയെടുത്തവരുടെ ദിവസക്കൂലി സ്വന്തം വീട്ടിലെത്താതായി. ബോട്ട് സ്രാങ്കുമാരും തുറമുഖജോലിക്കാരും താന്താങ്ങളുടെ ജോലികളിൽ സമർത്ഥരായിട്ടും ശമ്പളം പാതിയേ കുടുംബത്തെത്തിയുള്ളൂ. സമ്പദ്‌വ്യവസ്ഥ താറുമാറായിട്ടും സുഗന്ധിമാരെ ആരും കൂട്ടംതിരിഞ്ഞ് ആക്രമിച്ചില്ല. ഒറ്റപ്പെടുത്തിയില്ല. ഇതൊക്കെ എല്ലാക്കാലത്തെയും വിധിയായി നാട്ടുകാർ എഴുതിത്ത്ത്ത്ത്ത്ത്തള്ളി. അർദ്ധപട്ടിണിയിലും എത്തിക്‌സ് കാത്ത സുഗന്ധിയെ നോക്ക്. അമ്മയും അമ്മൂമ്മയും ചെയ്ത പാരമ്പര്യ തൊഴിലിൽ സുഗന്ധി പ്രാവീണ്യം നേടി.

എന്റെ ബന്ധുവായ ഒരു പയ്യൻസിന് സുഗന്ധിയിൽ പൂതി തോന്നിയത് സ്വാഭാവികം. മൂന്ന് രൂപയാണ് റേറ്റ്. വില തുച്ഛം, ഗുണം മെച്ചം. രൂപ ഒരാളിൽനിന്ന് കടം വാങ്ങി സുഗന്ധിയുടെ തള്ളയെ ഏല്പിച്ച് വിനയത്തടെ പറഞ്ഞു. 'എന്നാപ്പിന്നെ വൈകിട്ട് ഞാൻ'. തള്ള കാശ് മടിക്കുത്തിൽ തിരുകി, ഇരുത്തിയൊന്ന് മൂളി നടന്നു. മധുക മനോജ്ഞ സ്വപ്നങ്ങൾ നുണഞ്ഞിരിക്കെ പോയതിനെക്കാൾ വേഗത്തിൽ തള്ളയതാ തിരിച്ചുവരുന്നു. മുണ്ടിൻകോന്തല അഴിച്ച് മൂന്ന് രൂപാ മനസ്സില്ലാമനസ്സോടെ തിരികെ നീട്ടി. 'അവള് സമ്മതിക്കില്ല മോനേ, ചേട്ടനും അനിയനും ഒരേ പാത്രത്തീന്ന്. അവക്ക് പറ്റൂലാന്ന്'.'.

തൊഴിലാളിനേതാവായിരുന്ന ആർ. സുഗതന്റെ ജീവിതത്തിൽ നിന്നടർത്തിയെടുത്ത ഒരേട് വായിക്കൂ:

'വിഖ്യാതമായ ഒരു പ്രണയകഥയിലെ ദുരന്തനായികയാണ് അവരെന്ന് അറിഞ്ഞത് ബാല്യം പിന്നിട്ടപ്പോഴാണ്. ഇഷ്ടപ്പെട്ട പുരുഷനെ വിവാഹം ചെയ്യാൻ വീട്ടുകാർ അനുവദിക്കാഞ്ഞതിനാൽ ജീവിതകാലം മുഴുവൻ ഒറ്റയ്ക്ക് ജീവിക്കാൻ തീരുമാനിച്ച കാമരകി. അളവറ്റ ഭൂസ്വത്തും അതിലേറെ താൻപോരിമയും ഉണ്ടായിരുന്നിട്ടും നഷ്ടപ്രണയത്തിന്റെ വിരൽതുമ്പിൽ മുറുകെ പിടിച്ചു ജീവിച്ച അവരോട് ഇത്തിരി ഇഷ്ടം തോന്നിയത് ആ കാമുകനാരായിരുന്നു എന്നറിഞ്ഞപ്പോഴാണ്. സഖാവ് ആർ. സുഗതൻ!! സമുന്നതനായ കമ്യൂണിസ്റ്റ് നേതാവ്. കയർ ഫാക്ടറി തൊഴിലാളികളെ സംഘടിപ്പിക്കാൻ ജീവിതം ഉഴിഞ്ഞുവച്ച ആൾ. രണ്ടു പ്രാവശ്യം കേരള നിയമസഭാംഗം.

          നേരിന്റെ വിളക്കുവെട്ടത്തിൽ കേരളത്തിന്റെ രാഷ്ട്രീയ ചരിത്രം വായിക്കുന്നവർക്ക് മുന്നിൽ നട്ടെല്ലുറപ്പോടെ ആ കുറിയ മനുഷ്യൻ നിവർന്നങ്ങനെ നില്ക്കും. സെക്രട്ടറിയേറ്റ് ഇടിച്ചു നിരത്തി ചൊറിതണം നടാൻ ആഹ്വാനം ചെയ്ത ക്രാന്തദർശി. പ്രണയനഷ്ടത്തിന്റെ നോവിൽ ജീവിതം എരിച്ചുതീർത്ത രണ്ടുപേർ. വീടിനടുത്തെ സ്‌കൂളിൽ അദ്ധ്യാപകനായി എത്തിയ വിപ്ലവകാരിയായ ചെറുപ്പക്കാരനോട് തോന്നിയ ഇഷ്ടം. അപ്പോഴേക്കും ബിരുദധാരിയായ കാമുകിക്ക് കേന്ദ്രസർക്കാരിൽ ഉദ്യോഗം ലഭിച്ചിരുന്നു. സമ്പന്ന കുടുംബാംഗമായ കാമുകിയെ വിവാഹം ചെയ്തുതരണമെന്ന് ആവശ്യപ്പെട്ടത് പെണ്ണിന്റെ അമ്മാവന്മാർക്ക് ഇഷ്ടമായില്ല. അവർ അപമാനിച്ച് തിരിച്ചയയ്ക്കുകയായിരുന്നു. ലക്ഷ്മണരേഖ മറികടക്കാൻ പെണ്ണിനും കഴിഞ്ഞില്ല.

          'ശോകാന്തമാകുമീ ലോകത്തിൽ ഞാൻ വെറും

          ഏകാകിയായ് കഴിഞ്ഞുകൊള്ളാം

          പൂമേട പൂകാതെ പൂമഞ്ചമേറാതെ

          പൂമേനി പുല്കാതെ, പുൽചാളയിൽ

          .....................

          ഏഴകളാകുന്ന തോഴോരോടൊന്നിച്ചീ-

          യൂഴിയെ സേവിച്ചു പാർത്തുകൊള്ളാം'

          ആർ. സുഗതൻസാർ മുപ്പതുകളിലെഴുതിയ 'താഴ്മ' എന്ന ഈ കവിത നഷ്ടപ്രണയത്തിന്റെ ശാശ്വത സ്മാരകമാണ്. ജീവിതകാലം മുഴുവൻ നീണ്ടുനിന്ന ഒരു പ്രതിജ്ഞ കൂടിയായിരുന്നു അതെന്ന് ചരിത്രകാരനായ പുതുപ്പള്ളി രാഘവൻ രേഖപ്പെടുത്തിയിട്ടുണ്ട്.

നാട്ടിലെ അമ്പലങ്ങളുടെ പുനരുദ്ധാരണങ്ങൾക്ക് വാരിക്കോരി സംഭാവന നല്കിയും ആശ്രമങ്ങൾക്കും അനാഥാലയങ്ങൾക്കും വസ്തുവകകൾ എഴുതിനല്കിയും സ്വന്തം പേരെഴുതിവച്ച ശിലാഫലകങ്ങൾ നോക്കി നിർവൃതിയടഞ്ഞും അവർ ഒറ്റയ്ക്ക് ജീവിക്കാൻ തീരുമാനിച്ചത് ബന്ധുക്കളോടുള്ള സ്‌നേഹപ്പകവീട്ടലായിരിക്കണം. അത്രമേൽ പരസ്പരം സ്‌നേഹിച്ചിരുന്ന ഇരുവരും ഒന്നിച്ചുജീവിക്കാൻ എത്രയോ മാർഗ്ഗങ്ങൾ ഉണ്ടായിരുന്നിരിക്കാം. യാഥാസ്ഥിതികത്വത്തിനെതിരെ പടപൊരുതാൻ നില്ക്കാതെ പിന്മാറാൻ സുഗതൻ സാറിനെ പ്രേരിപ്പിച്ചതെന്താവാം. വിപ്ലവമുണ്ടാക്കി നേടേണ്ടതല്ല ജീവിതമെന്ന് വിദ്യാസമ്പന്നയായ കാമുകി തീരുമാനിച്ചതിനും യുക്തി കണ്ടെത്താനാവുന്നില്ല. അല്ലെങ്കിൽത്തന്നെ ജീവിതത്തിനും പ്രണയത്തിനുമൊക്കെ എന്താണ് യുക്തി? മറ്റൊരു വിവാഹത്തിനും വഴങ്ങാതെ ജീവിച്ച അവരുടെ സ്‌നേഹത്തിന്റെ തീവ്രത എത്രയായിരുന്നിരിക്കും?

          1970 ഫെബ്രുവരിയിൽ ആർ. സുഗതൻ എന്ന വിളക്കുമരം കണ്ണടച്ചു. ഒട്ടും മൃദുലമല്ലാത്ത കൈവിരലുകളാൽ അവർ ആദ്യമായി എന്നെക്കൊണ്ട് എഴുതിച്ചത് തീവ്രാനുരാഗത്തിന്റെ ഹരിശ്രീ ആയിരുന്നുവെന്ന് ഇന്നെനിക്ക് ഉറപ്പുണ്ട്.

          പിന്തിരിയാൻ കാരണങ്ങൾ പലതുണ്ടായിട്ടും കാനൽജലം പോലെ വിഭ്രാന്തിയുണ്ടാക്കിയ ഒരു പ്രണയത്തിന്റെ അസ്വസ്ഥപ്പെടുത്തുന്ന ഓർമ്മകളിൽ കുരുങ്ങിപ്പോയപ്പോഴൊക്കെ ഞാനവരെ പ്രണമിച്ചിട്ടുണ്ട്. ഇത്രയും ഭ്രാന്തമായ തോന്നലുകളിൽ എന്നെ തളച്ചതിന്'.

          അവിസ്മരണീയമായ മറ്റൊരു വ്യക്തിചിത്രം പ്രശസ്ത മനഃശാസ്ത്രജ്ഞനായിരുന്ന പി.എം. മാത്യു വെല്ലൂരിന്റെ ഭാര്യ സൂസന്റേതാണ്.

'ഒരു ദിവസം മാത്യു വെല്ലൂർ എന്നെയും ശശിയെയും മുറിയിലേക്ക് വിളിച്ചു കുറെനേരം കുശലം പറഞ്ഞു. എന്റെ അമ്മയുടെ കുടുംബത്തിൽ 1921 ൽ പ്രമാദമായ ഒരു കൊല നടന്നിരുന്നു. മരുമക്കത്തായ അധികാര തർക്കത്തിൽ അമ്മാവനെ അനന്തരവൻ വെട്ടിക്കൊന്ന ചരിത്രസംഭവം. അനന്തരവൻ അന്ന് അഭയം കണ്ടത് മാത്യുസാറിന്റെ ചെന്നിത്തലയിലുള്ള തട്ടുപുരയ്ക്കൽ എന്ന കുടുംബവീടിന്റെ തട്ടിൻപുറത്തായിരുന്നു. സാർ ആ കഥ ആവർത്തിച്ചു.

'എന്റെ ഭാര്യയെ കണ്ടിരുന്നോ സുധ'. ഇല്ല എന്ന് മറുപടി പറഞ്ഞത് ശശിയാണ്. 'സുധ എഴുതുമെന്ന് സൂസമ്മയ്ക്ക് അറിയാം. ഏതായാലും ഒന്ന് കാണൂ. താഴെ മുറിയിൽ കാത്തിരിപ്പുണ്ട്'. ശശി ഒന്നും പറഞ്ഞില്ല. സാറി കരുതിയിരുന്നു, എല്ലാം എനിക്കറിയാം എന്ന്. താഴത്തെ നിലയിൽ സാറിന്റെ കുടുംബമുണ്ടെന്ന് എനിക്കറിയാമായിരുന്നു. വല്ലപ്പോഴും വെളിയിൽ കാണാറുള്ള ചട്ടയും മുണ്ടും ധരിച്ച സ്ത്രീ സാറിന്റെ അമ്മച്ചിയാണെന്ന് മനസ്സിലാക്കിയിരുന്നു. കോളേജ് വിദ്യാർത്ഥിനിയായ ഇളയ മരൾ എപ്പോഴോ ഓഫീസിൽ വന്ന് കണ്ടിരുന്നു. താഴേക്കിങ്ങാൻ തുടങ്ങിയപ്പോൾ മാത്രം ശശി ശബ്ദം താഴ്‌ത്തി പറഞ്ഞു. 'അവര് അന്ധയാണ്' ആ നിമിഷം എന്റെ കണ്ണിൽ ഇരുട്ട് കയറി. കാതുകളാരോ പൊത്തിപ്പിടിച്ചു. താഴേക്കുള്ള പടികളിലൊന്നിൽ തപ്പിത്തടഞ്ഞ് ഞാനിരുന്നു. എത്രനേരമെന്ന് അറിയാതെ. ഇളം ചൂടാർന്ന കൈത്തലത്തിൽ സ്പർശിച്ചപ്പോൾ അവർ പുഞ്ചിരിയോടെ എണീറ്റിരുന്നു.

          കണ്ണിന് ചുറ്റും കറുപ്പ് പടർന്നിരുന്നെങ്കിലും മനഃശക്തിയുടേതാവാം വല്ലാത്ത പ്രസരിപ്പായിരുന്നു ആ മുഖത്ത്. മനോഹരമായി അവർ ചിരിച്ചു. അന്ധയല്ല, അന്ധതയെ വിജയിച്ചവരാണ് സൂസൻ എന്ന് എനിക്കു തോന്നി. അകക്കണ്ണുകളാൽ അവർ എന്നെ ചൂഴ്ന്ന് നോക്കി. എങ്ങനെ തുടങ്ങണം എവിടെ തുടങ്ങണം എന്നറിയാതെ കുഴങ്ങി ഞാൻ. മൃദുവായ ശബ്ദത്തിൽ അവർ എന്തൊക്കെയോ ചോദിച്ചു. എന്തൊക്കെയോ മറുപടി നല്കി. 'നാളെ വരുമോ. എനിക്കെന്തേലും വായിച്ചു തരുമോ'. 'എന്താണിഷ്ടം, എന്താണ് ഞാൻ വായിക്കേണ്ടത്?' 

          ഒന്നും മിണ്ടാതെ, ശൂന്യതയിലേക്ക് കണ്ണുംനട്ട് ഏതോ ആലോചനയിലായിരുന്നു അവർ. മനുഷ്യമനസ്സിന്റെ ഇരുട്ടറകളിലേക്ക് വെളിച്ചമിറ്റിക്കാൻ ശ്രമിക്കുന്ന ഭർത്താവ്. ജീവിതമെന്ന കടുംകെട്ടഴിക്കാൻ അഭയംതേടി ആളുകൾ ഓടി എത്തുന്ന ഇടം. ഇരുണ്ട കാടിന്റെ നിഗൂഢതയിലേക്ക് മെല്ലെമെല്ലെ ചാഞ്ഞിറങ്ങുന്ന ഭാര്യ. മനസ്സിൽ തത്ത്വചിന്ത പഴുക്കുമ്പോൾ താന്തോന്നിക്കവിയെയാണ് എനിക്ക് ഓർമ്മ വരിക.

          എല്ലാ പൊട്ടിച്ചിരികളും

          കണ്ണീരിൽ മുങ്ങി മരിക്കുന്നു

          എല്ലാ കെട്ടിപ്പിടുത്തവും

          അയഞ്ഞയഞ്ഞ് അന്ത്യയാത്ര പറയുന്നു (കവിയുടെ കാല്പാടുകൾ)

മലയാളത്തിൽ മറ്റേത് കവിയുണ്ട് ഇങ്ങനെയെഴുതാൻ? '.

ചേച്ചി ഉഷയും കൂട്ടുകാരി ലൈസാമ്മയുമൊത്ത് നടത്തിയ ബാല്യകാലസാഹസസഞ്ചാരങ്ങൾ മുതൽ പേര് വെളിപ്പെടുത്താത്ത കുറെ ബന്ധുക്കളുടെയും പരിചയക്കാരുടെയും അവിശ്വസനീയമാം വിധം താളം തെറ്റിയ ജീവിതബന്ധങ്ങളുടെ കഥകൾ വരെയുള്ളവ സുധ എഴുതുന്നുണ്ട്. മനുഷ്യജീവിതം എത്രമേൽ വിചിത്രവും ദുരൂഹവും സങ്കീർണവുമാണ് എന്ന് അമ്പരപ്പോടെ നമ്മെ ബോധ്യപ്പെടുത്തുന്നുമുണ്ട്.

'എത്രകാലം പ്രണയിച്ചാലും എത്രകാലം ഒന്നിച്ച് കഴിഞ്ഞാലും ഓരോ മനുഷ്യനും ഒറ്റയ്ക്കാണ്. മനസ്സിന്റെ കാണാക്കയങ്ങളിൽ എത്രയൊക്കെ നീന്തിത്തുടിച്ചാലും അതിലൊരു ഭാഗം അജ്ഞാതമായി തുടരും, മരണം വരെ. ആലങ്കാരികമായി എന്തൊക്കെ പറഞ്ഞാലും ഓരോ മനുഷ്യനും പല മനുഷ്യനാണ്. എല്ലാം കീഴടക്കിയെന്ന് വീമ്പിളക്കിയാലും ഒരു കപ്പിത്താനും പൂർണ്ണമായി കണ്ടെത്താനാവാത്തത്ര കടലാഴമാണ് മനസ്സിന്', എന്ന് സുധക്കുട്ടി എഴുതുന്നത് തന്റെയും താൻ കണ്ട മനുഷ്യരുടെയും ജീവിതങ്ങളുടെ അപാരമായ ഏകാന്തതയെക്കുറിച്ചുള്ള തിരിച്ചറിവിൽ നിന്നാണ്. ആത്യന്തികമായി ഓരോ വ്യക്തിയും ഒറ്റയാണ്. പറ്റജീവിതങ്ങളുടേതല്ല ഒറ്റജീവിതങ്ങളുടേതാണ് ഇക്കാണായ മനുഷ്യകഥകളൊന്നടങ്കം എന്ന് അടിവരയിട്ടു പറയുകയാണ് 'തനിച്ചു നനഞ്ഞ മഴകൾ'; ഒറ്റമരങ്ങൾപോലെ, അവ ഏതു മഴയ്ക്കുശേഷവും പെയ്തുകൊണ്ടേയിരിക്കുമെന്നും.

പുസ്തകത്തിൽ നിന്ന്:-

'മദ്ധ്യവേനലവധിക്ക് സ്‌കൂൾ പൂട്ടിയാൽ ഞങ്ങൾ കുട്ടികൾ ആലപ്പുഴയിൽനിന്ന് തിടുക്കപ്പെട്ട് യാത്രതിരിക്കും, ഹരിപ്പാട് മുട്ടത്തുള്ള വലിയമ്മമാരുടെ വീടുകളിലേക്ക്. ഒരു വർഷക്കാലത്തെ കാത്തിരിപ്പിനുശേഷം കിട്ടുന്ന ആഘോഷദിവസങ്ങൾക്ക് ചിറകു മുളയ്ക്കുകയായി. പരിഷ്‌കൃതനഗരമായിരുന്നുവെങ്കിലും ആലപ്പുഴയിലെ ജീവിതക്കാഴ്ചകളിൽ നിന്നുള്ള താല്ക്കാലിക രക്ഷപ്പെടലുകളാണ് ഇത്തരം യാത്രകൾ. വലിയമ്മമാരുടെ വീടുകൾ മാത്രമല്ല, ആ പ്രദേശത്തെ എല്ലാ വീടുകളും ഞങ്ങൾക്ക് ബന്ധുവീടുകളാണ്. അല്ലെങ്കിൽത്തന്നെ ഞങ്ങൾ കുട്ടികളുടെ കളിസംഘങ്ങൾക്ക് തണ്ണീർത്തടങ്ങളാക്കാൻ ഇന്നവീടെന്നുണ്ടോ? കാലത്തുണർന്ന് ചായകുടിക്കുന്നിടത്തുനിന്നായിരിക്കില്ല പ്രാതൽ. കളിയുടെ ആവേശക്കുതിപ്പ് എവിടെച്ചെന്നു നില്ക്കുന്നുവോ അവിടെയാവും ഉച്ചയൂണ്. സായാഹ്ന മധുരം മറ്റൊരു വീട്ടിൽ, അത്താഴവും ഉറക്കവും ഏതു വീട്ടിലാകുമെന്ന് ആർക്കുമൊരു നിശ്ചയവുമില്ലാത്ത അവസ്ഥ. ഫോൺ സംവിധാനമൊന്നും ഇല്ലാത്ത കാലമായതിനാൽ ആര്, എവിടെ, എന്ത് എന്ന ചോദ്യങ്ങൾക്ക് ഉത്തരം വീടുകളിലെ മുതിർന്ന ആളുകളോ വീട്ടുജോലിക്കാരോ പരസ്പരം കാണുമ്പോൾ കൈമാറുന്ന കൊച്ചുവർത്തമാനങ്ങൾ മാത്രം. ആലുംമൂട്ടിൽ, ആലുംമൂട്ടിൽ പടീറ്റേതിൽ, ചാപ്രാ പടീറ്റേതിൽ, തെരീ തെക്കേതിൽ, കിഴക്കേകൊച്ചു വീട്ടിൽ, കണിച്ചീരത്ത് എന്നിങ്ങനെ ഞങ്ങൾ വിഹരിക്കാത്ത ബന്ധുവീടുകൾ ഇല്ലല്ലോ. വിശക്കുമ്പോൾ സമപ്രായക്കാരുള്ള എല്ലാ വീടുകളും ഞങ്ങൾക്കു സ്വന്തം. കൂറ്റൻ ആഞ്ഞിലിമരങ്ങളും, ഒട്ടനേകം നാട്ടുമാവുകളും നിഴൽവിരിക്കുന്ന വിശാലമായ പറമ്പിലെ തണലും, തണുപ്പും തേടിയുള്ള യാത്രകൾ. പുന്നെല്ല് മണക്കുന്ന ഇടവഴികളിലേക്ക്. തത്തച്ചുണ്ടൻ മാവിന്റെ, കൊച്ചു ചക്കരച്ചിയുടെ ചൊനയിറ്റ തണലിടങ്ങളിലേക്ക്. കുളങ്ങൾക്ക് പല ആകൃതികളാണ്. വൃത്തത്തിലും ചതുരത്തിലും ഓവൽ ആകൃതിയിലും വെട്ടിയ കുളങ്ങൾ. ഓരോന്നിനും ഓരോ ഉദ്ദേശ്യങ്ങളാണ്. ഒന്നിൽ വരാലും മുഷിയും കരട്ടിയും ചെമ്പല്ലിയും പൂഞ്ഞാനുമൊക്കെ കോരുവലയിൽ കുടുങ്ങാനുള്ള തങ്ങളുടെ നേരവും കാത്ത് തത്തിക്കളിച്ചുകൊണ്ടിരിക്കും. മറ്റൊന്നിൽനിന്നും വീട്ടാവശ്യത്തിനു മാത്രം വെള്ളമെടുക്കും. അവിടെ കളിക്കാൻ കുട്ടികൾക്കനുവാദമില്ല.

          തറവാട്ടമ്പലമായ തെക്കേടത്തെ കുളത്തിലാണ് ചിത്രയ്ക്കും സീതാമ്മയ്ക്കും വാവാച്ചിക്കുമൊപ്പം ആടിത്തിമിർത്തുള്ള കുളി. കുളക്കരയിലെമ്പാടും മഞ്ഞനിറമുള്ള കോളാമ്പിപ്പൂക്കളുടെ കാടാണ്. ഇളംപച്ച നിറമുള്ള കുളത്തിൽ നിറയെ ആഴാന്തകളുണ്ട്. നഗരത്തിൽ ജനിച്ചുവളർന്ന എനിക്കാകട്ടെ പാമ്പുകളെന്നു കേൾക്കുന്നതേ ഭയവും. ഒത്തിരിയൊത്തിരി രഹസ്യങ്ങൾ ഗർഭത്തിലൊളിപ്പിച്ച ആലുംമൂട്ടിൽ തറവാട്.

വല്യേച്ചിയുടെ മരൾ ചിത്രയ്ക്കും എനിക്കും അന്ന് ഏഴോ എട്ടോ വയസ്സ് പ്രായം. ഒളിച്ചുകളിക്കുന്നതിനിടയിൽ രണ്ടാം നിലയിലെ മുറികളിലെ ഇരുണ്ട ഭാഗത്തുചെല്ലുമ്പോൾ അവൾ ഭയപ്പെടുത്തും. 'ദാ, ഇവിടെ വച്ചാണ് അപ്പൂപ്പനെ വെട്ടിക്കൊന്നത്. ഭിത്തിയിലേക്ക് സൂക്ഷിച്ചു നോക്ക്. കറുത്ത പാട് കണ്ടോ, രക്തക്കറയാണ്. ശ്വാസം ആഞ്ഞെടുത്തേ. ഒരു ചോരമണമില്ലേ?' അവൾ കണ്ണുരുട്ടുകയായി. 'ഈ കട്ടിലിലാ സംഭവം. ഇവിടെ ഒളിക്കാം. പേടിച്ചിട്ട് ആരും വന്ന് തെരയൂല'. ഒരു വാൾത്തലയുടെ മിന്നലാട്ടത്തിൽ ചീറിപ്പായുന്ന ചോരക്കടൽ അപ്പോൾ കണ്ണിൽ തിരമാലകളുയർത്തും. മുന്നോർക്കുടം പൊട്ടി ചോർന്നുപോയ ഒരു സന്ധ്യയുടെ തളർന്ന കിതപ്പ്. ഓർക്കാപ്പുറത്തുള്ള വെട്ടേറ്റ് ആറടിപ്പൊക്കത്തിന്റെ തലയെടുപ്പിൽ ഒന്നുയർന്ന് കുതറി അമറിക്കൊണ്ട് ഒരാൾ നിലംപതിച്ചപ്പോൾ ആപാദചൂഢം ചന്തംതികഞ്ഞ കൂറ്റന്മേട ഉലഞ്ഞിട്ടുണ്ടാവില്ലേ? താഴെ എട്ടുകെട്ടിൽ അലസ സായാഹ്നത്തിന്റെ അന്തിത്തിരിവെട്ടത്ത് വെടിപറഞ്ഞിരുന്ന അന്തഃപുര സ്ത്രീകളുടെ അലമുറ നാടിനെ നടുക്കിയിട്ടുണ്ടാവും, തീർച്ച. വെട്ടേറ്റ് മരിച്ച് അപ്പൂപ്പന്റെയും ഉന്നംതെറ്റാതെ വെട്ടിയ അനന്തിരവന്റെയും വീരകഥകൾ കേട്ടാണ് ഞങ്ങളുടെ തലമുറ വളർന്നത്.

ചരിത്രബോധം തീരെ കുറവായതിനാൽ മരുമക്കത്തായ വ്യവസ്ഥയുടെ വ്യഥകൾ എനിക്കന്ന് മനസ്സിലായില്ല. 1904ൽ തിരുവിതാംകൂറിൽ മഹാരാജാവിനും ദിവാനും ശേഷം മൂന്നാമത്തെ റോൾസ്‌റോയ്‌സ് കാർ ഉണ്ടായിരുന്നത് അതിസമ്പന്നനായ ഈ കാരണവർക്കു മാത്രമായിരുന്നു. എന്നല്ലാതെ ഇദ്ദേഹത്തിന് മൂന്ന് ഭാര്യമാർ ഉണ്ടായിരുന്നു എന്ന സത്യം ആഭിജാത്യത്തിന്റെ കഥകൾ പറഞ്ഞുതന്ന അമ്മ ഒരിക്കൽപോലും സൂചിപ്പിച്ചില്ല. പതിനെട്ടു പശുക്കൾ നിരന്നുനിന്ന എരിത്തിലും നടുമുറ്റത്തിട്ടു വാർത്ത കൂറ്റൻ ഓട്ടുരുളിയും ഒഴിയാത്ത നെൽപ്പുരയും നിലവറയ്ക്കുള്ളിലെ കനകത്തിളക്കവും ആഢ്യത്വത്തിന്റെ ബാക്കിപത്രമായി അവതരിപ്പിച്ചപ്പോഴും അതിനുള്ളിൽ സദാ പുകഞ്ഞുകൊണ്ടിരുന്ന പകയുടെ കനലുകൾ ആരും കാട്ടിത്തന്നില്ല. തറവാട്ടിലെ അളവറ്റ സമ്പത്തിനെക്കുറിച്ചുള്ള കഥകൾ അന്നാട്ടിലെ മിത്തുകളായി മാറിയിരുന്നു.

          ഒരിക്കൽ തറവാട്ടിലെ കാരണവർ സന്ധ്യാവന്ദനത്തിനു മുൻപുള്ള കുളിക്കും തേവാരത്തിനും പുറപ്പെടുന്ന നേരത്ത് അതിസുന്ദരിയായ ഒരതിഥി ഉമ്മറത്തെത്തിയത്രേ. ആതിഥ്യം സ്വീകരിച്ച് തിരിച്ചുപോകാനെഴുന്നേറ്റ യുവതിയോട് താൻ തിരിച്ചെത്തിയിട്ടേ പോകാവൂ എന്ന് അപേക്ഷിച്ചിട്ട് കാരണവർ കുളക്കരയിലേക്ക് പോയി. എന്നിട്ട് വാളെടുത്ത് സ്വയം തലയറുത്ത് മരണം വരിച്ചുപോലും. പൂമുഖത്ത് കുടുങ്ങിയത് സാക്ഷാൽ ലക്ഷ്മീദേവി. ദൈവങ്ങൾ വാക്കുപാലിക്കേണ്ടവരല്ലേ? നമ്മുടെ കാരണവരുടെ ദീർഘദർശനത്തിൽ കുടുങ്ങി ദേവി ആലുംമൂട്ടിൽ തറവാട്ടിൽ കുടിപാർത്തു. കഥയിലെ യുക്തി എന്തുമാകട്ടെ. തറവാടിന്റെ ഐശ്വര്യത്തിനായി സ്വയം മൃത്യുവിനെ ആശ്ലേഷിച്ച കാരണവരുടെ കഥ പിൻതലമുറയ്ക്കുള്ള ഒന്നാം പാഠം. ബ്രിട്ടനിൽനിന്നും കൊച്ചിയിലെത്തിയ ഗോതമ്പുനിറച്ച കപ്പൽ ഏറ്റെടുക്കാൻ ആളില്ലാതിരുന്ന വേളയിൽ അന്നത്തെ കാരണവരായിരുന്ന കുത്തകക്കാരനപ്പൂപ്പൻ പണമെറിഞ്ഞ് അതേറ്റെടുത്ത് മുട്ടത്തെത്തിച്ചതും ആ കൊച്ചുഗ്രാമം ഗോതമ്പുമണികളാൽ നിറഞ്ഞ് വീർപ്പുമുട്ടിയതും വീരകഥകളിലെ രണ്ടാംപാഠം.

കൃഷിയും വ്യാപാരവുമായിരുന്നു തറവാടിന്റെ ഐശ്വര്യം. കേരളത്തിനു പുറമെ മദിരാശിയിലേക്കും പടർന്നു പന്തലിച്ചു സമ്പത്ത്. തറവാട്ടിലെ പുരുഷപ്രജകൾക്കെല്ലാം ഉയർന്ന വിദ്യാഭ്യാസ യോഗ്യത. എന്നാൽ കൗമാരത്തിൽത്തന്നെ സ്ത്രീകളെ വിവാഹം ചെയ്തയയ്ക്കുകയായിരുന്നു അന്ന് പതിവ്. അതും അവരുടെ അഭിപ്രായമൊന്നും ആരായാതെയുള്ള അടിമക്കച്ചവടമായിരുന്നുവെന്നും പറയാം. പഴയ ഇല്ലങ്ങളിലെ സമ്പ്രദായംപോലെ തന്നെക്കാൾ മൂന്നും നാലും ഇരട്ടി പ്രായമുള്ള നവവരന്റെ മൂന്നാമത്തെയോ, നാലാമത്തെയോ കെട്ടിലമ്മയായി തീരാനായിരുന്നു സുന്ദരികൾക്ക് യോഗം. മൂപ്പിളമുറയ്ക്ക് അധികാരക്കൈമാറ്റം വിധിച്ചിട്ടുള്ള തറവാടുകളിൽ കാരണവർസ്ഥാനത്തിനുമേലെ പരുന്തും പറക്കില്ലല്ലോ? കാലാന്തരത്തിൽ ചിറകുകളിൽ കുതിരശക്തിയുമായി പിറന്ന ഒരു പരുന്ത് തറവാടിന്റെ ചരിത്രത്തിൽ നിർണ്ണായക മാറ്റത്തിന് ഹേതുവായി. എത്രയോവട്ടം പിന്നീടാലോച്ചിച്ച് തലപുകച്ചിട്ടുണ്ട്. ലക്ഷ്മീദേവി എപ്പോഴാകും ആ എട്ടുകെട്ടിന്റെ പൂമുഖത്തുനിന്നിറങ്ങി നടകൊണ്ടത് ആവോ എന്ന്. ഒരുപക്ഷേ പടിയിറക്കവും ആ കറുത്തദിനത്തിലെ കറുത്ത സന്ധ്യക്കു തന്നെയാവാം സംഭവിച്ചത്.

          എത്രയോ വർഷങ്ങൾക്കുശേഷം എത്തിയിട്ടും മുറ്റത്തെ രാജമല്ലിച്ചെടി എന്നെ തിരിച്ചറിഞ്ഞു മന്ദഹസിച്ചു. എവിടെ പശനാരങ്ങാച്ചെടി? നാരങ്ങാവാസനയുള്ള അതിന്റെ ഇലകൾ. അതിനുള്ളിലെ ചെറുകായ്കൾ അടർത്തിത്തിന്നാൽ മത്സരിച്ചിരുന്ന ബാല്യം. ചെറു കാറ്റൊന്നുലയ്ക്കുമ്പോൾ തുരുതുരെ കൊഴിയുന്ന കൊച്ചു ചക്കരച്ചി മാമ്പഴത്തിന് പിന്നാലെയുള്ള ഭ്രാന്തൻ ചുവടുകൾ. ആലനക്കമില്ലാത്ത എട്ടുകെട്ടിന്റെയും പത്തായപ്പുരയുടെയും മുറ്റത്ത് ക്രിക്കറ്റ് കളിച്ചുനിന്നിരുന്ന കുട്ടികളുടെ മുഖത്ത് കൗതുകം. താക്കോലുമായി ലക്ഷ്മി എന്നുപേരുള്ള സ്ത്രീ ഓടിയെത്തി. മേട തുറന്ന് ഞാനും ചിത്രയും ഭൂതകാലത്തേക്ക് വലംകാൽവച്ചു കയറി. സീരിയലുകാരും സിനിമാക്കാരും ഷൂട്ടിങ്ങിന് ഉപയോഗിച്ചിട്ടാവാം തറയൊക്കെ ആകെ വൃത്തികേടായി എന്ന് ഒപ്പം വന്ന സ്ത്രീ പതം പറഞ്ഞു. തടികൊണ്ടുള്ള ഗോവണിയിൽ ചവിട്ടിയപ്പോൾ ചിലതു വിറകൊണ്ടു. ചിലത് വിളറിയ കാലത്തിന്റെ തേങ്ങലെന്നോണം നേർത്ത ശബ്ദമുണ്ടാക്കി'. 

തനിച്ചു നനഞ്ഞ മഴകൾ
സുധക്കുട്ടി
ചിന്ത പബ്ലിഷേഴ്സ് 
2022
210 രൂപ

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

MNM Recommends +

Go to TOP