Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കോട്ടയത്ത് ആരാണ് നേതാവ്? ആശയക്കുഴപ്പത്തിന് ആക്കം കൂട്ടി യുഡിഎഫിലെ ചേരിപ്പോര്; കെ റെയിൽ വിരുദ്ധ ജനസദസിൽ വി ഡി സതീശനെ ബഹിഷ്‌കരിച്ച് ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷ്; ചങ്ങനാശേരിയിൽ ചെന്നിത്തലയുടെ വരവിന് പിന്നാലെ സതീശന് എതിരെ തെരുവിൽ ഇറങ്ങി ഐഎൻടിയുസി; കാപ്പൻ കൂടി മുഖം കറുപ്പിച്ചതോടെ സേഫ് ബറ്റായ കോട്ടയം യുഡിഎഫിനെ കൈവിടുമോ?

കോട്ടയത്ത് ആരാണ് നേതാവ്? ആശയക്കുഴപ്പത്തിന് ആക്കം കൂട്ടി യുഡിഎഫിലെ ചേരിപ്പോര്;  കെ റെയിൽ വിരുദ്ധ ജനസദസിൽ വി ഡി സതീശനെ ബഹിഷ്‌കരിച്ച് ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷ്; ചങ്ങനാശേരിയിൽ ചെന്നിത്തലയുടെ വരവിന് പിന്നാലെ സതീശന് എതിരെ തെരുവിൽ ഇറങ്ങി ഐഎൻടിയുസി; കാപ്പൻ കൂടി മുഖം കറുപ്പിച്ചതോടെ സേഫ് ബറ്റായ കോട്ടയം യുഡിഎഫിനെ കൈവിടുമോ?

മറുനാടൻ മലയാളി ബ്യൂറോ

കോട്ടയം: കോട്ടയത്ത് യുഡിഎഫിൽ കാര്യങ്ങൾ അത്ര പന്തിയല്ല. തമ്മിലടി തന്നെ കാരണം. നിയമസഭാ തിരഞ്ഞെടുപ്പിൽ, കേരളാ കോൺഗ്രസ് മാണി വിഭാഗം വിട്ടു പോയിട്ടും ആകെയുള്ള ഒമ്പത് സീറ്റുകളിൽ നാലെണ്ണത്തിൽ നേടിയ യുഡിഎഫാണ് വല്ലാതെ പതറുന്നത്. സംസ്ഥാന തലത്തിലെ കോൺഗ്രസ് നേതൃമാറ്റവും, അത് ജില്ലയിൽ ഉണ്ടാക്കിയ അനുരണനങ്ങളുമാണ് ചുരുക്കി പറഞ്ഞാൽ ഇപ്പോഴത്തെ പ്രശ്‌നങ്ങളിലേക്ക്നയിച്ചത്.രണ്ടുസമീപകാലസംഭവങ്ങളിലാണ് ചേരിപ്പോര് വല്ലാതെ പ്രതിഫലിച്ചത്.

ഒന്ന്, ചങ്ങനാശേരിയിൽ, ഐഎൻടിയുസിക്കാർ പ്രതിപക്ഷ നേതാവ് വി.ഡി.സതീശന് എതിരെ പരസ്യമായി തെരുവിൽ പ്രകടനം നടത്തിയത്. രണ്ട്, വി ഡി സതീശൻ ഉദ്ഘാടനം ചെയ്ത കെ റെയിൽ വിരുദ്ധ ജനസദസ് കോട്ടയം ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷ് ബഹിഷ്‌കരിച്ചത്.

നാട്ടകം സുരേഷിന്റെ കലാപം

പ്രതിപക്ഷ നേതാവ് വരുന്നതും പോകുന്നതും അറിയുന്നില്ല

വി ഡി സതീശനെ വിമർശിച്ച് കോട്ടയം ഡിസിസി അധ്യക്ഷൻ നാട്ടകം സുരേഷ് രംഗത്തെത്തിയതാണ് ഇടർച്ചയുടെ മറ്റൊരു പ്രത്യക്ഷ ഉദാഹരണം. പ്രതിപക്ഷ നേതാവ് ജില്ലയിൽ വരുന്നതും പോകുന്നതും അറിയിക്കാറില്ലെന്നാണ് നാട്ടകം സുരേഷിന്റെ പരാതി. മുതിർന്ന മറ്റു നേതാക്കളുടെ സന്ദർശനം അറിയിക്കാറുണ്ടെന്നും വ്യക്തമാക്കിയ നാട്ടകം സുരേഷ് കോട്ടയത്ത് വിഡി സതീശൻ പങ്കെടുത്ത കെ റെയിൽ വിരുദ്ധ ജനസദസ് ബഹിഷ്‌കരിക്കുകയും ചെയ്തു.

ബാനറിൽ തന്റെ ചിത്രം വെച്ചില്ലെന്നും വേണ്ടത്ര പരിഗണന ലഭിച്ചില്ലെന്നുമുള്ള പരാതിയെ തുടർന്നാണ് സുരേഷ് പ്രതിഷേധ പരിപാടിയിൽ നിന്ന് വിട്ടുനിന്നത് എന്ന തരത്തിൽ നേരത്തെ ആക്ഷേപങ്ങൾ ഉണ്ടായിരുന്നു. എന്നാൽ ഇതിന് പിന്നാലെയാണ് പ്രതിപക്ഷ നേതാവിനോടുള്ള ഭിന്നതയാണ് പ്രതിഷേധത്തിന് പിന്നിലെന്ന് വ്യക്തമാവുന്നത്.

ഫ്‌ളക്‌സിൽ പടം വന്നാൽ കുളിര് കോരുന്ന ആളല്ല

ഫ്‌ളക്‌സിൽ പടം വന്നാൽ കുളിര് കോരുന്ന ആളല്ല, പ്രശ്‌നങ്ങൾ പാർട്ടി വേദിയിൽ പറയുമെന്നാണ് നാട്ടകം സുരേഷ് പറയുന്നത്. യുഡിഎഫ് യോഗത്തിൽ താൻ പങ്കെടുക്കാതിരുന്നതിന് കൃത്യമായ കാരണം ഉണ്ട്. അത് പാർട്ടി വേദിയിൽ പറയും. ഫ്ളക്‌സിൽ പടം വരാതിരുന്നത് കാരണമല്ല പരിപാടിയിൽ പങ്കെടുക്കാതിരുന്നത്.

യുഡിഎഫ് യോഗത്തിൽ താൻ പങ്കെടുക്കാതിരുന്നതിന് കൃത്യമായ കാരണം ഉണ്ട്. അത് പാർട്ടി വേദിയിൽ പറയും. ഫ്ളക്‌സിൽ പടം വരാതിരുന്നത് കാരണമല്ല പരിപാടിയിൽ പങ്കെടുക്കാതിരുന്നത്. പത്രത്തിൽ പടം വരുന്നതോ ഫ്‌ളക്‌സ് ബോർഡ് സ്ഥാപിക്കുനതോ കണ്ട് കുളിർ കോരുന്ന പാരമ്പര്യമല്ല തന്റേത്. പത്രത്തിൽ പടം വരാൻ ഇടിയുണ്ടാക്കി കേറുന്ന നേതാവുമല്ല താൻ. യു.ഡി.എഫിന്റെ യോഗം നടക്കുന്ന ദിവസങ്ങളിൽ പല പരിപാടികളും ഉണ്ടാകും. ഡി.സി.സി പ്രസിഡന്റ് എന്ന പദവിയുടെ രാഷ്ട്രീയ മഹത്വം ഉയർത്തിപ്പിടിക്കുകയാണ് ലക്ഷ്യം. അതിന് വേണ്ടിയാണ് യു.ഡി.എഫ് യോഗത്തിൽ നിന്ന് വിട്ട് നിന്നത്. ഏത് ജോലി ഏറ്റെടുത്താലു , അത് ഭംഗിയായി ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

അറിഞ്ഞ് കേട്ട് ചാത്തം ഉണ്ണാൻ പോകാറില്ല. പാർട്ടിയിലെ പ്രശ്‌നം പാർട്ടിയിൽ പരിഹരിക്കും. നിലവിൽ പരാതി നൽകേണ്ട പ്രശ്‌നങ്ങൾ ഒന്നുമില്ല. എന്തുകൊണ്ട് പങ്കെടുത്തില്ല എന്ന് പാർട്ടി വേദിയിൽ അറിയിക്കും. പ്രതിപക്ഷ നേതാവ് പങ്കെടുക്കുന്ന പരിപാടി ഡിസിസി പ്രസിഡന്റിനെ അറിയിക്കേണ്ടതാണ്. അറിയിക്കാറില്ല എന്നത് ഒരു പ്രശ്‌നമാണെന്നും അദ്ദേഹം പറഞ്ഞു. രമേശ് ചെന്നിത്തല കോട്ടയത്തേക്ക് വരുമ്പോൾ എപ്പോഴും വിളിച്ച് പറയാറുണ്ട്. ഉമ്മൻ ചാണ്ടിയും, കെപിസിസി പ്രസിഡന്റും അടക്കമുള്ളവരും കോട്ടയത്ത് എത്തുമ്പോൾ പറയാറുണ്ട്. പാർട്ടിയുടെ പ്രവർത്തകർ അവർക്ക് പിന്തുണ നൽകുന്നുണ്ടെന്നും നാട്ടകം സുരേഷ് പറഞ്ഞു. ചുരുക്കി പറഞ്ഞാൽ സതീശനുമായി ആണ് നാട്ടകം സുരേഷിന്റെ പ്രശ്‌നം.

കോട്ടയത്ത് ഉമ്മൻ ചാണ്ടിക്ക് പാർട്ടിയിൽ പിടി അയഞ്ഞതും, തിരുവഞ്ചൂർ രാധാകൃഷ്ണൻ ഉമ്മൻ ചാണ്ടിയോട് അകന്നതും എല്ലാം കോൺഗ്രസിനെ മന്ദഗതിയിൽ ആക്കിയതിന് പിന്നിലെ കാരണങ്ങളാണ്. വിഡി സതീശനെയും, കെ സുധാകരനെയും അനുകൂലിക്കുന്നവർ രണ്ടു ചേരികളായി തിരിഞ്ഞ് നീക്കങ്ങൾ നടത്തുന്നത് മറ്റൊരു പ്രശ്‌നവും. സിൽവർ ലൈൻ വിരുദ്ധ സമരത്തെ അടക്കം ചേരിതിരിവ് ബാധിക്കുന്നുവെന്നതാണ് യുഡിഎഫിന് തിരിച്ചടിയാകുന്നത്.

ഐഎൻടിയുസി പ്രശ്‌നത്തിനും ചേരിതിരിവ് തന്നെ കാരണം

തൊഴിലാളി സംഘടനയായ ഐഎൻടിയുസി കോൺഗ്രസിന്റെ പോഷക സംഘടനയല്ലെന്ന പ്രതിപക്ഷ നേതാവ് വിഡി സതീശന്റെ പ്രസ്താവനയ്ക്ക് എതിരെയും അമർഷം ശക്തമാണ്. വിഡി സതീശന്റെ പരാമർശത്തിന് എതിരായ പ്രതിഷേധം കെപിസിസിയെ അറിയിക്കാനാണ് ഐഎൻടിയുസിയുടെ നീക്കം. ഇന്നലെ ചേർന്ന ജില്ലാ പ്രസിഡന്റ്മാരുടെ യോഗത്തിൽ ഇത് സംബന്ധിച്ച തീരുമാനം ഉണ്ടായെന്നാണ് റിപ്പോർട്ട്.

പോഷക സംഘടനയല്ലെന്ന പ്രതിപക്ഷ നേതാവിന്റെ പ്രസ്താവനയ്ക്ക് എതിരെ ചങ്ങനാശ്ശേരിയിൽ നടന്ന ഐൻടിയുസി പ്രകടനത്തെ നേരത്തെ നേതൃത്വം തള്ളിയിരുന്നു. എന്നാൽ നിലവിലെ സാഹചര്യത്തിൽ പ്രതിഷേധിച്ചവർക്ക് എതിരെ നടപടി വേണ്ടെന്നാണ് ഐൻടിയുസി നേതൃത്വത്തിന്റെ നിലപാട്. പ്രതിഷേധം നേതൃത്വത്തിന്റെ അറിവോടെ അല്ലെന്ന് പയുമ്പോഴും പ്രവർത്തകരുടെ വികാരമാണ് സംഘടനയ്ക്ക് ആകമാനം എന്ന സൂചനകൂടി നൽക്കുകയാണ് പ്രതിഷേധക്കാരെ സംരക്ഷിക്കുന്നതിലൂടെ ഐഎൻടിയുസി നേതൃത്വം. തലേദിവസം രമേശ് ചെന്നിത്തല ചങ്ങനാശേരിയിൽ എത്തിയ കാര്യം ചൂണ്ടിക്കാട്ടിയപ്പോൾ നിങ്ങൾക്കെല്ലാം അറിയാമല്ലോ വാർത്ത കൊടുക്കൂ എന്നാണ് ചിരിച്ചുകൊണ്ട് വിഡി സതീശൻ മറുപടി നൽകിയത്. സതീശനും ചെന്നിത്തലയും സ്‌നേഹത്തിലല്ല എന്നത് പരസ്യമായ രഹസ്യമാണ് താനും.

മുഖം കറുപ്പിച്ച് മാണി സി കാപ്പൻ

കോട്ടയത്ത് മാണി സി കാപ്പനും വി ഡി സതീശനും ഒരുമിച്ച് യു ഡി എഫ് വേദിയിൽ പങ്കെടുത്തത് തന്നെ വാർത്തയായി. സിൽവൽ ലൈൻ വിരുദ്ധ സമരത്തിന്റെ ഭാഗമായുള്ള ജനകീയ സദസ്സിലാണ് ഇരുവരും പങ്കെടുത്തത്. സതീശൻ എത്തിയതോടെ, തനിക്ക് തിടുക്കമുണ്ടെന്ന് പറഞ്ഞ് മാണി സി കാപ്പൻ വേദി വിട്ടു. സതീശൻ ഷാളണിയിച്ച ശേഷമായിരുന്നു മടക്കം. അസംതൃപ്തി അവസാനിച്ചുവെന്നും ഇപ്പോൾ സംതൃപ്തി മാത്രമെന്നും മാധ്യമങ്ങളോട് സംസാരിക്കവേ മാണി സി കാപ്പൻ പറഞ്ഞു.

യു ഡി എഫ് വേദികളിൽ താൻ സ്ഥിരമായി തഴയപ്പെടുന്നുവെന്ന് നേരത്തെ മാണി സി കാപ്പൻ ആരോപിച്ചിരുന്നു. മുന്നണി നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനമാണ് അദ്ദേഹം നടത്തിയത്. മുട്ടിൽ മരംമുറി, മാടപ്പള്ളി പ്രതിഷേധം അടക്കം മുന്നണി നേതൃത്വം നൽകിയ പ്രധാനപ്പെട്ട പല കാര്യങ്ങളും തന്നെ അറിയിക്കുന്നില്ലെന്നായിരുന്നു മാണി സി കാപ്പന്റെ ആരോപണം. ഒരു നേതാവിന് മാത്രമാണ് പ്രശ്‌നമെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശനെ പരോക്ഷമായി വിമർശിച്ചുകൊണ്ട് കാപ്പൻ പറഞ്ഞിരുന്നു.

എന്നാൽ മാണി സി കാപ്പൻ അങ്ങനെ ഒരു പരാതി മുന്നണിയിൽ ഉന്നയിച്ചിട്ടില്ലെന്നാണ് വി ഡി സതീശൻ പ്രതികരിച്ചത്. 'ഞാനാണ് യു ഡി എഫ് ചെയർമാൻ. എൽ ഡി എഫിന്റെതു പോലെയല്ല യു ഡി എഫിന്റെ പ്രവർത്തനം. യു ഡി എഫിന്റെ രീതി വേറെയാണ്. മാണി സി കാപ്പന് ഇത് പരിചിതമല്ലാത്തതുകൊണ്ട് തോന്നുന്നതാകാം.' സതീശൻ പറഞ്ഞു.

പരാതി തന്നോടാണ് ഉന്നയിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. അല്ലെങ്കിൽ യു ഡി എഫ് കൺവീനറോട് പറയണം. പരസ്യമായി പറഞ്ഞത് അനൗചിത്യമാണ്, അദ്ദേഹത്തെ കിട്ടാനുള്ള ബുദ്ധിമുട്ടുകൊണ്ട് മാത്രമാണ് പരിപാടികൾ അറിയിക്കാതിരുന്നത്. എല്ലാ നേതാക്കന്മാരേയും ഒരുപോലെയാണ് വിളിക്കുന്നത്. ഘടകകക്ഷികളുടെ വലിപ്പ ചെറുപ്പം നോക്കിയല്ല കോൺഗ്രസ് പെരുമാറുന്നതെന്നും സതീശൻ പറയുകയുണ്ടായി. മാണി സി കാപ്പനും അവഗണന തന്നെയാണ് പ്രശ്‌നം. പ്രതിപക്ഷ നേതാവായിരുന്ന രമേശ് ചെന്നിത്തലയാണ് മാണി സി കാപ്പനെ യുഡിഎഫിൽ എത്തിച്ചത്. ചെന്നിത്തല മാറി സതീശൻ വന്നതോടെ അവഗണിക്കപ്പെടുന്നു എന്നാണ് കാപ്പന്റെ പരാതി.

കോട്ടയത്ത് കോൺഗ്രസിലും യുഡിഎഫിലും ഉണ്ടായ പ്രശ്‌നങ്ങൾ തീർപ്പാക്കാൻ സംസ്ഥാന നേതൃത്വം ഇടപെടുമോ എന്നാണ് കണ്ടറിയേണ്ടത്. വലതുമുന്നണിയിലെ പ്രശ്‌നങ്ങൾ മുതലെടുക്കാൻ, ഇടതുമുന്നണി പരിശ്രമിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ, വിശേഷിച്ചും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP