Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

സിൽവർ ലൈൻ ഭുമിയിലെ ബാങ്ക് വായ്പയിൽ സർക്കാരിന്റേത് വെറും ബഡായികൾ മാത്രം; കെ- റെയിൽ പദ്ധതി പ്രദേശങ്ങളിൽ സിപിഎം ഭരിക്കുന്ന സഹകരണ ബാങ്ക്കളും വായ്പ നിഷേധിക്കുന്നു; കല്ലിട്ട ഭൂമി ഈടായി എടുത്ത് വിദ്യാഭ്യാസ വായ്പ പോലും നൽകില്ല; പാവപ്പെട്ട കുട്ടികളുടെ പഠന മോഹവും അവതാളത്തിൽ

സിൽവർ ലൈൻ ഭുമിയിലെ ബാങ്ക് വായ്പയിൽ സർക്കാരിന്റേത് വെറും ബഡായികൾ മാത്രം; കെ- റെയിൽ പദ്ധതി പ്രദേശങ്ങളിൽ സിപിഎം ഭരിക്കുന്ന സഹകരണ ബാങ്ക്കളും വായ്പ നിഷേധിക്കുന്നു; കല്ലിട്ട ഭൂമി ഈടായി എടുത്ത് വിദ്യാഭ്യാസ വായ്പ പോലും നൽകില്ല; പാവപ്പെട്ട കുട്ടികളുടെ പഠന മോഹവും അവതാളത്തിൽ

എം എസ് സനിൽകുമാർ

തിരുവനന്തപുരം: കേരളത്തിന്റെ ദുരന്ത പദ്ധതിയെന്ന് വിശേഷിക്ക പ്പെടുന്ന സിൽവർ ലൈൻ റെയിൽ പാത വരുന്നതിന് മുമ്പേ ജനങ്ങളുടെ ദുരിതങ്ങൾ ഏറിത്തുടങ്ങി. പുതിയ അധ്യയന വർഷം തുടങ്ങാൻ രണ്ട് മാസം മാത്രം ബാക്കി അവശേഷിക്കെ, പദ്ധതി പ്രദേശങ്ങളിലെ മാതാപിതാക്കൾ കുട്ടികളുടെ ഉന്നത വിദ്യാഭ്യാസ മോഹങ്ങൾ എങ്ങനെ സഫലമാക്കുമെന്ന ആധിയിലാണ്. വിദേശത്തും സ്വദേശത്തുമൊക്കെ ഉന്നത പഠനത്തിന് പോകാൻ ഉദ്ദേശിക്കുന്ന കൂട്ടികൾക്ക് വസ്തു പണയം വെച്ച് ലോൺ കിട്ടാത്ത സ്ഥിതിയാണ് നില നിൽക്കുന്നത്. വസ്തുവിന്റെ നോൺ അറ്റാച്ച് മെന്റ് സർട്ടിഫിക്കേറ്റുകൾ കൊടുക്കാൻ റവന്യൂ വകുപ്പ് തയ്യാറാവുന്നില്ല. പദ്ധതി പ്രദേശങ്ങളിലെ മിക്ക വിദ്യാർത്ഥി കളുടേയും ഉന്നത വിദ്യാഭ്യാസ മോഹങ്ങൾ ഈ സാഹചര്യത്തിൽ കൂമ്പടയാനാണ് സാധ്യത.

കെ റെയിൽ സർവ്വെ തുടങ്ങിയതോടെ ബാങ്ക് ഉദ്യോഗസ്ഥരും മറ്റ് അധികാരികളും വായ്പ നൽകിയതും ഈട് വെച്ചതുമായ സ്ഥലങ്ങൾ പരിശോധിക്കാനെത്തുന്നത് ഇപ്പോൾ പതിവാണെന്ന് സ്ഥലവാസികൾ സാക്ഷ്യപ്പെടുത്തുന്നു.ഇതോടെ വായ്‌പ്പകളും ക്രമവിക്രയവും കൂടുതൽ സങ്കീർണ്ണമാകുമെന്ന് ഇവർ പറയുന്നു. അടയാളക്കല്ലുകൾ സ്ഥാപിച്ച പ്രദേശങ്ങൾക്ക് ഒരു കിലോമീറ്റർ ചുറ്റളവിലുള്ള പ്രദേശങ്ങളിലെ സ്ഥലമുടമകൾക്കുപോലും വായ്പ നിഷേധിക്കുന്ന ഗുരുതരമായ സ്ഥിതിയാണുള്ളത്.

സിൽവർ ലൈനിനായി അതിരടയാള കല്ലിട്ട സ്ഥലം ഈടുവെച്ച് വായ്പയെ ടുക്കാൻ തടസ്സമില്ലെന്ന് ധനമന്ത്രി കെ.എൻ ബാലഗോപാൽ പറയുന്നുണ്ടെങ്കിലും ദേശസാൽകൃത ബാങ്കുകൾക്ക് പുറമേ സഹകരണ ബാങ്കുകളും വായ്പ അപേക്ഷ പോലും വാങ്ങാൻ തയ്യാറാവുന്നില്ല. വായ്പ നിഷേധ വിഷയങ്ങൾ രൂക്ഷമായതോടെ , അപേക്ഷകരെ തണുപ്പിക്കാൻ മന്ത്രിയും സർക്കാരും പല ബഡായികളും തട്ടിവിടുന്നുണ്ടെങ്കിലും ബാങ്ക് അധികൃതർ അതൊന്നും വക വെയ്ക്കുന്നില്ല.

ഭരണകക്ഷിയായ സി പി എം ഭരിക്കുന്ന സഹകരണ ബാങ്കുകളാണ് വായ്പ നിഷേധിക്കുന്നതിൽ മുന്നിൽ നിൽക്കുന്നത്. ധനമന്ത്രിയും സർക്കാരും എന്തെല്ലാം തൊടുന്യായങ്ങൾ പറഞ്ഞാലും വായ്പ അനുവദിക്കുന്നതിലെ അന്തിമ തീരുമാനം ബാങ്കുകളുടേത് മാത്രമാണ്. ജനരോഷം തണുപ്പിക്കാൻ ചില മോഹന വാഗ്ദാനങ്ങൾ പറയാമെന്നല്ലാതെ ദേശസാൽകൃത ബാങ്കുകളുടെ മേൽ സംസ്ഥാന സർക്കാരിന് ഒന്നും ചെയ്യാനാവില്ല. എന്തിനധികം പറയുന്നു, സർക്കാർ ഉടമസ്ഥതയിലുള്ള ധനകാര്യ സ്ഥാപനങ്ങളായ കെ എസ് എഫ് ഇ , കെ എഫ് സി എന്നിവ പോലും പദ്ധതി പ്രദേശങ്ങളിലെ വസ്തു ഈടിന്മേൽ വായ്പ നൽകാൻ തയ്യാറാവില്ല.

പത്തനംതിട്ട ജില്ലയിലെ കുന്നന്താനത്ത് സിൽവർ ലൈൻ പദ്ധതിക്കായി സർവേ നടത്തിയ ഭൂമിയിൽ ഉൾപ്പെട്ടതിനാൽ ബാങ്ക് വായ്പ നിഷേധിച്ചിരുന്നു. കുന്നന്താനം സ്വദേശി രാധാമണിയമ്മക്കാണ് വീട് വെക്കുന്നതിനുള്ള വായ്പ നിഷേധിച്ചത്. വായ്പ നൽകാതിരിക്കുന്ന ഒറ്റപ്പെട്ട സംഭവങ്ങളിൽ സർക്കാർ ഇടപെടുമെന്നും ബാങ്കുകൾ ഓവർ സ്മാർട്ടാകരുതെന്നും ബാങ്കേഴ്സ് സമിതിയുമായി വിഷയം ചർച്ചചെയ്യുമെ ന്നൊക്കെയാണ് ബാലഗോപാലിന്റെ അവകാശ വാദം. ഇതേ പ്രദേശത്തുള്ള സലി എന്ന വ്യക്തിക്കും സമാനമായ അവസ്ഥ നേരിടുന്നതായി ചാനലുകൾ ഇന്ന് റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

കെ റെയിൽ അലൈന്മെന്റിൽ സർവേ നമ്പർ പെട്ടതോടെ, സിപിഎം ഭരിക്കുന്ന സഹകരണ ബാങ്ക് വായ്പ നിഷേധിച്ചു. കുന്നന്താനം സ്വദേശി സലിക്കാണു വായ്പ പുതുക്കി നൽകാതിരുന്നത്. നിയമോപദേശം തേടിയിട്ടു വായ്പയുടെ കാര്യം പരിഗണിക്കുമെന്നാണ് സി പി എം ഭരിക്കുന്ന ബാങ്കിന്റെ നിലപാട്.ലോൺ കൊടുക്കില്ലെന്ന് തീരുമാനമില്ലെന്നാണ് കുന്നന്താനം സഹകരണബാങ്ക് പ്രസിഡന്റ് പറയുന്നത്. നിയമോപദേശം തേടിയ ശേഷം ലോൺ അനുവദിക്കണോ വേണ്ടയോ എന്നു ഭരണസമിതി തീരുമാനിക്കും. സലി ബാങ്കിനെ സമീപിച്ച് രണ്ട് മാസം കഴിഞ്ഞു, പക്ഷേ തീരുമാനമായിട്ടില്ല.

സലി യുടെ സ്ഥിതി ഇതാണെങ്കിൽ ആദ്യ ഗഢു അനുവദിച്ച ബാങ്ക് തുക മടക്കിത്തരാൻ ആവശ്യപ്പെടുന്നതിന് പുറമേ, ബാക്കി വായ്പ തുക തരില്ലെന്ന് പറഞ്ഞതായി കുന്നന്താനം സ്വദേശി രാധാമണിയമ്മ പറയുന്നു. '2019 മാർച്ചിലാണ് മകന്റെ വീട് നിർമ്മാണത്തിനായി ചെങ്ങരച്ചിറ സൗത്ത് ഇന്ത്യൻ ബാങ്കിൽ രാധമണിയമ്മ ലോണിനായി സമീപിക്കുന്നത്. 22 സെന്റ് വസ്തു ഈട് വച്ചാണ് 20 ലക്ഷം രൂപ വായ്പ ആവശ്യപ്പെട്ടത്. ലോൺ അനുവദിക്കുകയും അഞ്ച് ലക്ഷം രൂപ ആദ്യ ഗഢുവായി നൽകുകയും ചെയ്തു. പിന്നീടാണ് ഈട് വെച്ച സ്ഥലത്തിൽ കെ-റെയിൽ കടന്നുപോകുന്നതെന്ന് മനസ്സിലാക്കി ബാക്കി തുക അനുവദിക്കാനാവില്ലെന്നും നൽകിയ തുക തിരികെ നൽകണമെന്നും ബാങ്ക് അധികൃതർ അറിയിച്ചത്.'' രാധമണിയമ്മ പറഞ്ഞു.

സംസ്ഥാന സർക്കാരിന്റെ നിയന്ത്രണത്തിലുള്ള സഹകരണ ബാങ്കുകൾ പോലും സിൽവർ ലൈൻ പദ്ധതി പ്രദേശത്തുള്ള വസ്തു ഈട് വാങ്ങി വായ്പ നൽകേണ്ടതില്ലെന്ന് തീരുമാനിച്ചിട്ടുണ്ട്. കെ-റെയിൽ അടയാളക്കല്ലിട്ട ഭൂമി പണയമാക്കാനാകില്ലെന്ന് കോൺഗ്രസ് നിയന്ത്രിക്കുന്ന സഹകരണ ബാങ്കുകൾ. നിലവിൽ പണയമായ ഭൂമിയിൽ കല്ലിടുന്നത് പ്രശ്‌നമല്ല. പ്രതിസന്ധി ഒഴിവാക്കാൻ ഉത്തരവിറക്കണമെന്ന് സഹകരണ ജനാധിപത്യ വേദി ആവശ്യപ്പെട്ടു. ഇത് എല്ലാ സഹകരണ ബാങ്കുകളുടെയും പ്രശ്‌നമാണെന്ന് സഹകരണ ജനാധിപത്യ വേദി ചെയർമാൻ കരകുളം കൃഷ്ണപിള്ള മാധ്യമങ്ങളോട് വെളിപ്പെടുത്തിയിട്ട് അധിക ദിവസമായിട്ടില്ല. എന്നിട്ടും കേരള സർക്കാരിനും ധനമന്ത്രിക്കും മിണ്ടാട്ടമില്ല.

-റെയിൽ എന്ന് രേഖപ്പെടുത്തിയ കല്ലിട്ട ഭൂമി ഒരു പ്രത്യേക ആവശ്യത്തിനായി ഏറ്റെടുക്കാൻ പോകുന്ന ഭൂമിയാണ് എന്നുള്ള കാര്യം വ്യക്തമാണ്. ഈ ഭൂമി അടുത്ത ഘട്ടത്തിൽ സർക്കാർ എന്താണ് ചെയ്യാൻ പോകുന്നതെന്ന കാര്യം വായ്പ നൽകുന്ന സംഘങ്ങൾക്ക് അറിയാൻ കഴിയില്ല. വായ്പ കൊടുക്കുന്ന സംഘങ്ങൾക്ക് അത് ഈടാക്കാൻ കഴിയാത്ത സാഹചര്യമുണ്ടാകുമ്പോൾ അത് ബാധ്യതയായി മാറും. അതുകൊണ്ടുതന്നെ അത്തരമൊരു റിസ്‌ക് എടുക്കാൻ സഹകരണ സംഘങ്ങൾക്ക് സാധിക്കില്ല. കല്ലിട്ടതുകൊണ്ട് ഈ വസ്തുവിന്റെ ഉടമസ്ഥാവകാശം സംബന്ധിച്ചോ ക്രയവിക്രയം സംബന്ധിച്ചോ ഒരു തടസവുമില്ലെന്ന് സർക്കാർ ഉത്തരവ് പുറത്തിറങ്ങിയാൽ ഈ പ്രശ്‌നങ്ങൾ പരിഹരിക്കാനാവും. പക്ഷേ, സർക്കാർ ഇക്കാര്യത്തിൽ പൊട്ടൻ കളി തുടരുകയാണ്.

കേരളത്തിലെ പ്രതിപക്ഷ-ഭരണപക്ഷ പാർട്ടികൾ നിയന്ത്രിക്കുന്ന ഒരു സഹകരണ ബാങ്കിനും ഈ ഭൂമിയുടെ മേൽ വായ്പ കൊടുക്കാനാകാത്ത സാഹചര്യമാണ് നിലവിലുള്ളത്. നിലവിൽ പണയംവെച്ച ഭൂമിയിൽ കല്ലിട്ടത് സംഘങ്ങളെ ബാധിക്കില്ല. അത്തരം സാഹചര്യത്തിൽ മറ്റ് ഭൂമി ഏറ്റെടുക്കലിലെ ന്നപോലെ ബാധ്യതകൾ തീർത്ത ശേഷമേ ഉടമയ്ക്ക് നഷ്ടപരിഹാരം ലഭിക്കുകയുള്ളുവെന്നും കരകുളം കൃഷ്ണപിള്ള പറഞ്ഞു.

അതേസമയം, കെ. റെയിൽ കല്ലിടൽ വലിയ വിവാദമായ മാടപ്പള്ളിയിൽ, മാടപ്പള്ളി സർവീസ് സഹകരണ ബാങ്ക് ഇക്കാര്യത്തിൽ നിലപാട് വ്യക്തമാക്കി. കല്ലിട്ട ഭൂമി പണയമായി ആരെങ്കിലും വായ്പയ്ക്കായി സമീപിച്ചാൽ അത് അനുവദിക്കേണ്ടതില്ലെന്നാണ് സഹകരണ ബാങ്കുകളുടെ പൊതു തീരുമാനം. ഇതോടെ കെ-റെയിൽ കല്ലിട്ട ഭൂമിയിലെ വായ്പ അനുവദിക്കൽ വലിയ പ്രശ്‌നമായി സംസ്ഥാ നത്തെ സഹകരണ ബാങ്കുകൾക്ക് മുന്നിലെത്തിയിരിക്കയാണ്. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP