Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

31 പന്തുകളിൽ നിന്ന് 70 റൺസ്; ബാറ്റിങ് തകർച്ചയിൽ നിന്നും കൊൽക്കത്തയെ ഒറ്റയ്ക്ക് ചുമലിലേറ്റി ആന്ദ്രെ റസ്സൽ; പഞ്ചാബിനെ തകർത്തത് ആറുവിക്കറ്റിന്; 138 റൺസ് വിജയലക്ഷ്യം മറികടന്നത് 33 പന്തുകൾ ശേഷിക്കെ

31 പന്തുകളിൽ നിന്ന് 70 റൺസ്; ബാറ്റിങ് തകർച്ചയിൽ നിന്നും കൊൽക്കത്തയെ ഒറ്റയ്ക്ക് ചുമലിലേറ്റി ആന്ദ്രെ റസ്സൽ; പഞ്ചാബിനെ തകർത്തത് ആറുവിക്കറ്റിന്; 138 റൺസ് വിജയലക്ഷ്യം മറികടന്നത് 33 പന്തുകൾ ശേഷിക്കെ

സ്പോർട്സ് ഡെസ്ക്

മുംബൈ: ഐപിഎല്ലിൽ പഞ്ചാബ് കിങ്‌സിനെതിരെ കൊൽക്കത്തയ്ക്ക് ആറു വിക്കറ്റിന്റെ തകർപ്പൻ ജയം. ബാറ്റിങ് തകർച്ച നേരിട്ട കൊൽക്കത്തയെ ഒറ്റയ്ക്ക് ചുമലിലേറ്റിയ ആന്ദ്രെ റസ്സലാണ് ടീമിന്റെ രക്ഷകനായത്. വെറും 31 പന്തിൽ എട്ടു സിക്‌സും രണ്ടു ഫോറും സഹിതം 70 റൺസെടുത്ത ആന്ദ്രെ റസ്സലാണ് കൊൽക്കത്തയുടെ വിജയശിൽപി.

138 റൺസ് വിജയലക്ഷ്യം കൊൽക്കത്ത അഞ്ച് ഓവറും മൂന്നു പന്തു ബാക്കി നിൽക്കെ മറികടന്നു. 14.3 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിലാണ് അവർ 141 റൺസ് എടുത്ത്. 23 പന്തിൽ 24 റൺസുമായി പുറത്താകാതെ നിന്ന സാം ബില്ലിങ്‌സ് പിന്തുണ നൽകി.

ഒരു ഘട്ടത്തിൽ ബാറ്റിങ് തകർച്ച നേരിട്ട ടീമിനെ റസ്സൽ ഒറ്റയ്ക്ക് വിജയിപ്പിക്കുകയായിരുന്നു. നാലുവിക്കറ്റെടുത്ത ഉമേഷ് യാദവിന്റെ പ്രകടനത്തിലാണ് പഞ്ചാബ് ചെറിയ സ്‌കോറിലൊതുങ്ങിയത്. സീസണിൽ കൊൽക്കത്തയുടെ രണ്ടാം വിജയമാണിത്.

138 റൺസ് വിജയലക്ഷ്യവുമായി മറുപടി ബാറ്റിങ് ആരംഭിച്ച കൊൽക്കത്ത തുടക്കത്തിൽ തന്നെ തകർച്ച നേരിട്ടു. ടീം സ്‌കോർ 14-ൽ നിൽക്കേ ഓപ്പണർ അജിങ്ക്യ രഹാനെയെ കൊൽക്കത്തയ്ക്ക് നഷ്ടമായി. 12 റൺസെടുത്ത രഹാനെ റബാദയുടെ പന്തിൽ ഒഡിയൻ സ്മിത്തിന് ക്യാച്ച് സമ്മാനിച്ച് മടങ്ങി. പിന്നാലെ വന്ന ശ്രേയസ്സ് അയ്യർ മികച്ച രീതിൽ ബാറ്റ് ചെയ്യാൻ തുടങ്ങി.

പക്ഷേ മറുവശത്ത് റൺസ് കണ്ടെത്താൻ ബുദ്ധിമുട്ടിയ വെങ്കടേഷ് അയ്യരെ മടക്കി സ്മിത്തുകൊൽക്കത്തയ്ക്ക് പ്രഹരമേൽപ്പിച്ചു. വെറും മൂന്ന് റൺസാണ് താരത്തിന്റെ സമ്പാദ്യം. പിന്നാലെ വന്ന സാം ബില്ലിങ്സിനെ കൂട്ടുപിടിച്ച് ശ്രേയസ് ടീം സ്‌കോർ 50 കടത്തി. എന്നാൽ മികച്ച തുടക്കം നല്ലൊരു ഇന്നിങ്സായി മാറ്റാൻ ശ്രേയസ്സിന് സാധിച്ചില്ല.

15 പന്തുകളിൽ നിന്ന് 26 റൺസെടുത്ത താരത്തെ രാഹുൽ ചഹാർ റബാദയുടെ കൈയിലെത്തിച്ചു. അതേ ഓവറിൽ തന്നെ അപകടകാരിയായ നിതീഷ് റാണയെ റൺസെടുക്കുംമുൻപ് വിക്കറ്റിന് മുന്നിൽ കുടുക്കി ചാഹർ കൊൽക്കത്തയെ തകർത്തു. ഇതോടെ കൊൽക്കത്ത 51 ന് നാല് വിക്കറ്റ് എന്ന സ്‌കോറിലേക്ക് കൂപ്പുകുത്തി.

പക്ഷേ പിന്നീട് ക്രീസിലെത്തിയ റസ്സൽ ബില്ലിങ്സിനെ കൂട്ടുപിടിച്ച് ടീമിനെ നയിച്ചു. മികച്ച ഷോട്ടുകൾ കളിച്ച് റസ്സൽ ടീം സ്‌കോർ ഉയർത്തി. ഒഡിയൻ സ്മിത്ത് ചെയ്ത 12-ാം ഓവറിൽ മൂന്ന് സിക്സും ഒരു ഫോറുമടക്കം 23 റൺസാണ് റസ്സൽ അടിച്ചെടുത്തത്. ബില്ലിങ്സിന്റെ സിക്സടക്കം ആ ഓഴറിൽ 29 റൺസ് പിറന്നു. ഇതോടെ കളി കൊൽക്കത്തയുടെ കൈയിലായി.

14-ാം ഓവറിൽ റസ്സൽ അർധസെഞ്ചുറി നേടി. വെറും 26 പന്തുകളിൽ നിന്നാണ് റസ്സൽ 50-ൽ എത്തിയത്. വൈകാതെ റസ്സലിന്റെ ചിറകിലേറി കൊൽക്കത്ത സീസണിലെ രണ്ടാം വിജയം സ്വന്തമാക്കി. റസ്സൽ 31 പന്തുകളിൽ നിന്ന് രണ്ട് ഫോറിന്റെയും എട്ട് സിക്സിന്റെയും അകമ്പടിയോടെ 70 റൺസെടുത്തും ബില്ലിങ്സ് 24 റൺസ് നേടിയും പുറത്താവാതെ നിന്നു. പഞ്ചാബിനായി രാഹുൽ ചാഹർ രണ്ടുവിക്കറ്റെടുത്തപ്പോൾ റബാദയും സ്മിത്തും ഓരോ വിക്കറ്റ് സ്വന്തമാക്കി.

റോയൽ ചാലഞ്ചേഴ്‌സിനെതിരായ കഴിഞ്ഞ മത്സരത്തിൽ 206 റൺസിന്റെ കൂറ്റൻ വിജയലക്ഷ്യം മറികടന്ന് ഞെട്ടിച്ച പഞ്ചാബ് കിങ്‌സ്, മുംബൈ വാങ്കഡെ സ്റ്റേഡിയത്തിൽ കൂട്ടത്തോടെ നിരാശപ്പെടുത്തിയാണ് 137 റൺസിന് പുറത്തായത്. കൂട്ടത്തിൽ ഭേദപ്പെട്ടുനിന്നത് വെറും ഒൻപതു പന്തിൽനിന്ന് 31 റൺസടിച്ച ശ്രീലങ്കൻ താരം ഭാനുക രജപക്‌സയുടെ കടന്നാക്രമണം മാത്രം. ആകെ നേരിട്ട ഒൻപതു പന്തിൽനിന്ന് മൂന്നു വീതം സിക്‌സം ഫോറും കണ്ടെത്തിയാണ് രജപക്‌സ 31 റൺസെടുത്തത്.

അവസാന ഓവറുകളിൽ 16 പന്തിൽ നാലു ഫോറും ഒരു സിക്‌സും സഹിതം 25 റൺസെടുത്ത കഗീസോ റബാദയുടെ പ്രകടനവും ശ്രദ്ധേയമായി. ശിഖർ ധവാൻ (15 പന്തിൽ 16), ലിയാം ലിവിങ്സ്റ്റൺ (16 പന്തിൽ 19), രാജ് ബാവ (13 പന്തിൽ 11), ഹർപ്രീത് ബ്രാർ (18 പന്തിൽ 14) എന്നിവരാണ് പഞ്ചാബ് നിരയിൽ രണ്ടക്കം കണ്ട മറ്റുള്ളവർ. ക്യാപ്റ്റൻ മയാങ്ക് അഗർവാൾ (അഞ്ച് പന്തിൽ ഒന്ന്), ഷാരൂഖ് ഖാൻ (0), രാഹുൽ ചാഹർ (0), അർഷ്ദീപ് സിങ് (0) എന്നിവർ നിരാശപ്പെടുത്തി.

കൊൽക്കത്ത നിരയിൽ നാലു വിക്കറ്റ് വീഴ്‌ത്തിയ ഉമേഷ് യാദവിനു പുറമെ രണ്ടു വിക്കറ്റെടുത്ത ടിം സൗത്തിയും തിളങ്ങി. നാല് ഓവറിൽ 36 റൺസ് വഴങ്ങിയാണ് സൗത്തി രണ്ട് വിക്കറ്റ് വീഴ്‌ത്തിയത്. നാല് ഓവറിൽ 23 റൺസ് വഴങ്ങി ഒരു വിക്കറ്റെടുത്ത സുനിൽ നരെയ്‌ന്റെ പ്രകടനം ശ്രദ്ധേയമായി. ശിവം മാവി രണ്ട് ഓവറിൽ 39 റൺസ് വഴങ്ങിയെങ്കിലും ഒരു വിക്കറ്റ് വീഴ്‌ത്തി. മാവിക്കെതിരെ ഒരു ഓവറിൽ രണ്ടുവീതം സിക്‌സും ഫോറും സഹിതം 22 റൺസെടുത്ത ഭാനുക രജപക്‌സയെ താരം തന്നെ പുറത്താക്കുകയായിരുന്നു. രണ്ടു പന്തു മാത്രം എറിഞ്ഞ റസ്സൽ റണ്ണൊന്നും വിട്ടുകൊടുക്കാതെ ഒരു വിക്കറ്റ് വീഴ്‌ത്തി.

ഉമേഷ് യാദവ് നാല് ഓവറിൽ ഒരു മെയ്ഡൻ സഹിതം 23 റൺസ് വഴങ്ങി നാലു വിക്കറ്റ് വീഴ്‌ത്തി. ഇതോടെ, ഐപിഎലിൽ പവർപ്ലേ ഓവറുകളിൽ 50 വിക്കറ്റ് തികയ്ക്കുന്ന നാലാമത്തെ മാത്രം ബോളറായി ഉമേഷ് യാദവ് മാറി. മുന്നിലുള്ളത് സഹീർ ഖാൻ (52), സന്ദീപ് ശർമ (52), ഭുവനേശ്വർ കുമാർ (51) എന്നിവർ മാത്രം. ഐപിഎലിൽ ഒരേ ടീമിനെതിരെ കൂടുതൽ വിക്കറ്റെടുക്കുന്ന താരമെന്ന നേട്ടവും ഉമേഷ് യാദവിനു സ്വന്തമായി. ഇന്നത്തെ നാലു വിക്കറ്റ് നേട്ടത്തോടെ പഞ്ചാബ് കിങ്‌സിനെതിരെ ഉമേഷ് യാദവിന് ആകെ 33 വിക്കറ്റുകളായി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP