Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മോദിയെ അറിയിക്കാൻ പുടിന്റെ രഹസ്യസന്ദേശം; റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലാവ്റോവ് എത്തിയത് ബന്ധങ്ങൾ കൂട്ടിവിളക്കാൻ മാത്രമല്ല, റഷ്യൻ പ്രസിഡന്റിന്റെ വ്യക്തിപരമായ സന്ദേശം കൈമാറാനും; അമേരിക്ക കണ്ണുരുട്ടുന്നതിന് ഇടയിലും റഷ്യയിൽ നിന്ന് വാങ്ങാൻ ആഗ്രഹിക്കുന്ന എന്തും തരാൻ സന്നദ്ധമെന്നും ലാവ്റോവ്‌

മോദിയെ അറിയിക്കാൻ പുടിന്റെ രഹസ്യസന്ദേശം; റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലാവ്റോവ് എത്തിയത് ബന്ധങ്ങൾ കൂട്ടിവിളക്കാൻ മാത്രമല്ല, റഷ്യൻ പ്രസിഡന്റിന്റെ വ്യക്തിപരമായ സന്ദേശം കൈമാറാനും; അമേരിക്ക കണ്ണുരുട്ടുന്നതിന് ഇടയിലും റഷ്യയിൽ നിന്ന് വാങ്ങാൻ ആഗ്രഹിക്കുന്ന എന്തും തരാൻ സന്നദ്ധമെന്നും ലാവ്റോവ്‌

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: ഇന്ത്യയുടെ സ്വതന്ത്ര വിദേശ നയത്തെ പുകഴ്‌ത്തുന്നതിൽ ഒട്ടും പിശുക്ക് കാണിക്കാതെ റഷ്യൻ വിദേശകാര്യമന്ത്രി സെർജി ലാവ് റോവ്. 'റഷ്യയിൽ നിന്ന് വാങ്ങാൻ ഇന്ത്യ ആഗ്രഹിക്കുന്ന എന്തും വിതരണം ചെയ്യാൻ ഞങ്ങൾ സന്നദ്ധമാണ്. ഇക്കാര്യം ചർച്ച ചെയ്യാനും, പരസ്പരം ധാരണയിലെത്തി സഹകരിക്കാനും തയ്യാറാണ്,' ഇന്ത്യൻ വിദേശ കാര്യമന്ത്രി എസ്.ജയശങ്കറുമായി ഉള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം ലാവ് റവ് പറഞ്ഞു.

യുക്രെയിൻ അധിനിവേശത്തെ തുടർന്ന് ഉപരോധവും, കടുത്ത അന്താരാഷ്ട്ര സമ്മർദ്ദവും നേരിടുന്നതിനിടയിലാണ് റഷ്യൻ വിദേശകാര്യമന്ത്രി ഇന്നലെ വൈകുന്നേരം ഡൽഹിയിലെത്തിയത്. കുറഞ്ഞ വിലയിൽ റഷ്യയിൽ നിന്ന് ഇന്ത്യ കൂടുതൽ അളവിൽ അസംസ്‌കൃത എണ്ണ വാങ്ങാനിരിക്കെയാണ് ഉന്നതതലചർച്ച നടന്നത്.

യുക്രെയിൻ വിഷയത്തിൽ ഇന്ത്യൻ നിലപാടിനെ ലാവ്‌റോവ് അഭിനന്ദിച്ചു. യുക്രെയിൻ വിഷയത്തിൽ റഷ്യയ്ക്ക് ഒന്നും ഒളിക്കാനില്ല. എല്ലാം ഇന്ത്യയ്ക്കറിയാം. ഇക്കാര്യത്തിൽ ഇന്ത്യൻ നിലപാട് മികച്ചതാണ്. ഏകപക്ഷീയ നിലപാട് സ്വീകരിക്കുന്നില്ല എന്നത് അഭിനന്ദനാർഹമാണെന്ന് സെർജി ലാവ്റോവ് പറഞ്ഞു.

സൗഹൃദവും പരസ്പര വിശ്വാസവുമാണ് ഇന്ത്യ-റഷ്യ ബന്ധത്തിന്റെ കാതൽ. ഇന്ത്യയുമായുള്ള തന്ത്രപ്രധാന മേഖലകളിലെ സഹകരണത്തിന് പ്രഥമ സ്ഥാനമെന്നും റഷ്യൻ വിദേശകാര്യമന്ത്രി പറഞ്ഞു. നയതന്ത്ര തലത്തിലൂടെയുള്ള പ്രശ്ന പരിഹാരം എന്നതാണ് ഇന്ത്യയുടെ നിലപാടെന്ന് വിദേശകാര്യമന്ത്രി എസ് ജയശങ്കർ അറിയിച്ചു. എല്ലാക്കാലത്തും ഈ നിലപാടാണ് ഇന്ത്യ സ്വീകരിച്ചിട്ടുള്ളതെന്നും മന്ത്രി ജയ്ശങ്കർ പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും റഷ്യൻ വിദേശകാര്യമന്ത്രി ഇന്ന് കൂടിക്കാഴ്ച നടത്തും.

റഷ്യയിൽ നിന്നും കൂടുതൽ അളവിൽ, എണ്ണ വാങ്ങുകയും, അതുവഴി തങ്ങൾ ഏർപ്പെടുത്തിയ ഉപരോധത്തെ അട്ടിമറിക്കുകയും ചെയ്യുന്നത് അപകടമെന്ന് അമേരിക്ക ഇന്ത്യക്ക് മുന്നറിയിപ്പ് നൽകിയിരിക്കെയാണ് ലാവ്‌റോവിന്റെ സന്ദർശനം എന്ന കാര്യം ശ്രദ്ധേയമാണ്. റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനിൽ നിന്നുള്ള വ്യക്തിപരമായ സന്ദേശം തനിക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കൈമാറാൻ ഉണ്ടെന്നും ലാവ്‌റോവ് പറഞ്ഞു. പ്രസിഡന്റ് പുടിനും, പ്രധാനമന്ത്രി നരേന്ദ്ര മോദിയും നിരന്തരം സമ്പർക്കത്തിൽ ഏർപ്പെടുന്നുണ്ട്. പ്രസിഡന്റ് തന്റെ സന്ദേശം മോദിയെ അറിയിക്കാൻ ഏൽപ്പിച്ചിട്ടുണ്ട്, ലാവ് റോവ് പറഞ്ഞു.

യുക്രെയിൻ അധിനിവേശത്തോടെ, മറ്റുരാജ്യങ്ങൾ മുഖം തിരിച്ചതോടെ, ബാരലിന് 35 ഡോളർ വിലയ്ക്ക് എണ്ണ തരാമെന്നാണ് റഷ്യയുടെ വാഗ്ദാനം. അതായത് യുദ്ധത്തിന് മുമ്പുള്ള വിലയേക്കാൾ കുറച്ച് കൂടുതൽ ചരക്കെടുക്കാൻ ഇന്ത്യയെ പ്രേരിപ്പിക്കുകയാണ് റഷ്യയുടെ ലക്ഷ്യമെന്ന് ബ്ലൂംബർഗ് റിപ്പോർട്ട് ചെയ്യുന്നു.

15 ദശലക്ഷം ബാരൽ എണ്ണ ഇന്ത്യ വാങ്ങണമെന്നാണ് റഷ്യയുടെ താൽപര്യം. സർക്കാർ തലത്തിൽ ചർച്ചകൾ തുടരുകയാണ്. അന്താരാഷ്ട്ര സമ്മർദ്ദവും, ഉപരോധ ഭീഷണിയും മറികടന്നാണ് റഷ്യയുടെ പക്കൽ നിന്ന് അസംസ്‌കൃത എണ്ണ വാങ്ങുന്നത് ഇന്ത്യ ഇരട്ടിയാക്കുന്നത്. അതേസമയം, കുതിച്ചുയരുന്ന എണ്ണവില പിടിച്ചുനിർത്താൻ, അമേരിക്കയിലെ ജോ ബൈഡൻ ഭരണകൂടം, ഒരുദശലക്ഷം ബാരൽ എണ്ണ പ്രതിദിനം കരുതൽ ശേഖരത്തിൽ നിന്ന് പുറത്തുവിടുന്ന കാര്യം ആലോചിക്കുകയാണ്.

അമേരിക്ക ഇന്ത്യയുടെ മേൽ എണ്ണ വാങ്ങാതിരിക്കാൻ, കടുത്ത സമ്മർദ്ദമാണ് ചെലുത്തുന്നത്. റഷ്യയിൽ നിന്നുള്ള എണ്ണഇറക്കുമതി ഇന്ത്യ കൂട്ടരുതെന്നും, അങ്ങനെ ചെയ്താൽ അത് അപകടത്തിലേക്ക് നയിക്കുമെന്നും മുതിർന്ന യുഎസ് ഉദ്യോഗസ്ഥൻ മുന്നറിയിപ്പ് നൽകി. എന്ത് അപകടമാണ് ഉണ്ടാവുക എന്ന് ഉദ്യോഗസ്ഥൻ വ്യക്തമാക്കിയില്ല. റഷ്യൻ എണ്ണ വാങ്ങുന്നതിന് ഉപരോധം ഏർപ്പെടുത്താൻ ആണോ അമേരിക്ക ഉദ്ദേശിക്കുന്നതെന്ന് വ്യക്തമല്ല.

റോയിട്ടേഴ്സിന്റെ റിപ്പോർട്ട് പ്രകാരം, റഷ്യയിൽ നിന്ന് ഇന്ത്യ എണ്ണവില കുറച്ച് വാങ്ങുന്നതിൽ അമേരിക്കയ്ക്ക് എതിർപ്പില്ല. എന്നാൽ, ഇറക്കുമതിയുടെ തോത് കുത്തനെ കൂട്ടരുത് എന്നാണ് യുഎസിന്റെ കടുംപിടുത്തം. സർവനാശം വിതയ്ക്കുന്ന യുദ്ധം അവസാനിപ്പിക്കാൻ റഷ്യയെ നിർബന്ധിതരാക്കാൻ സംയുക്ത നീക്കം വേണ്ടതിന്റെ പ്രാധാന്യം ഇന്ത്യ അടക്കമുള്ള രാജ്യങ്ങളെ ബോധ്യപ്പെടുത്താൻ പരിശ്രമിച്ചുകൊണ്ടിരിക്കുകയാണെന്നും അമേരിക്കൻ വിദേശകാര്യ വക്താവ് പറഞ്ഞിരുന്നു.

ഉപരോധങ്ങളെ മാനിച്ചുകൊണ്ടുള്ള എണ്ണ ഇറക്കുമതിയാണ് യുഎസ് ഇന്ത്യയിൽ നിന്ന് പ്രതീക്ഷിക്കുന്നത്. എന്നാൽ, ഇറക്കുമതി കുത്തനെ കൂട്ടിയാൽ, അത് വച്ചുപൊറുപ്പിക്കില്ല എന്ന സന്ദേശമാണ് യുഎസ് നൽകുന്നത്.

ഇന്ത്യയുടെ ക്വാഡ് പങ്കാളികളായ യുഎസും, ഓസ്ട്രേലിയയും റഷ്യയുമായി ഉള്ള ഇന്ത്യയുടെ വാണിജ്യ ബന്ധങ്ങളെ നിലവിൽ അംഗീകരിക്കുന്നില്ല. ' ചരിത്രത്തിന്റെ ശരിയായ വശത്ത് നിൽക്കേണ്ട സമയമാണിത്. അമേരിക്കയ്ക്കും ഒരുഡസൻ മറ്റുരാജ്യങ്ങൾക്കും ഒപ്പം. യുക്രെയിൻ ജനതയുടെ സ്വാതന്ത്ര്യത്തിനും, ജനാധിപത്യത്തിനും, പരമാധികാരത്തിനും വേണ്ടി നിലകൊള്ളേണ്ട സമയം. അതല്ലാതെ പുടിന്റെ യുദ്ധത്തെ ഫണ്ടുചെയ്യുകയും സഹായിക്കുകയും അല്ല, യുഎസ് വാണിജ്യ സെക്രട്ടറി ഗീന റെയ്മോണ്ടോയെ ഉദ്ധരിച്ച് ബ്ലൂംബർഗ് റിപ്പോർട്ട് ചെയ്തു. ഓസ്ട്രേലിയൻ വാണിജ്യ മന്ത്രി ഡാന തോഹാനും സമാന കാര്യമാണ് പറഞ്ഞത്.

ലോകത്തെ മൂന്നാമത്തെ ഏറ്റവും വലിയ എണ്ണഇറക്കുമതി-ഉപഭോക്തൃ രാഷ്ട്രമാണ് ഇന്ത്യ. യുക്രെയിൻ അധിനിവേശത്തിന് പിന്നാലെ പല രാജ്യങ്ങളും റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നത് താത്കാലികമായി നിർത്തിയിരുന്നു. ഈ അവസരത്തിൽ വിലക്കുറവ് മുതലാക്കി ഇന്ത്യ ഇറക്കുമതി വർദ്ധിപ്പിച്ചു. ഫെബ്രുവരി 24 ന ശേഷം റഷ്യയുടെ പക്കൽ നിന്ന് 13 ദശലക്ഷം ബാരൽ എണ്ണ ഇന്ത്യ വാങ്ങി. എന്നാൽ, 2021 ൽ ആകെ 16 ദശലക്ഷം ബാരൽ എണ്ണ മാത്രമാണ് വാങ്ങിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP