Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സർവകലാശാലയുടെ കണക്കിൽ പരീക്ഷയെഴുതേണ്ടത് ആകെ 2915 വിദ്യാർത്ഥികൾ; അവസാന വർഷ എം.ബി.ബി.എസ് പരീക്ഷ ബഹിഷ്‌കരിച്ചത് 2155 പേർ; ആദ്യ പരീക്ഷയിലെ ഹാജർനില കണക്കിലെടുക്കണമെന്ന ഹൈക്കോടതി ഉത്തരവിൽ പ്രതീക്ഷയർപ്പിച്ച് വിദ്യാർത്ഥികൾ

സർവകലാശാലയുടെ കണക്കിൽ പരീക്ഷയെഴുതേണ്ടത് ആകെ 2915 വിദ്യാർത്ഥികൾ; അവസാന വർഷ എം.ബി.ബി.എസ് പരീക്ഷ ബഹിഷ്‌കരിച്ചത് 2155 പേർ; ആദ്യ പരീക്ഷയിലെ ഹാജർനില കണക്കിലെടുക്കണമെന്ന ഹൈക്കോടതി ഉത്തരവിൽ പ്രതീക്ഷയർപ്പിച്ച് വിദ്യാർത്ഥികൾ

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട്: അവസാന വർഷ എംബിബിഎസ് പരീക്ഷ കൂട്ടത്തോടെ ബഹിഷ്‌കരിച്ച് വിദ്യാർത്ഥികൾ. ക്ലാസുകൾ വേണ്ടത്ര ലഭിക്കാതെ പരീക്ഷ നടത്തുന്നതിൽ പ്രതിഷേധിച്ചാണ് ഗവ.മെഡിക്കൽ കോളേജിലെ അവസാന വർഷ എം.ബി.ബി.എസ് പരീക്ഷ വിദ്യാർത്ഥികളടക്കം പരീക്ഷ ബഹിഷ്‌കരിച്ചത്. 2915 വിദ്യാർത്ഥികൾ പേർ രജിസ്റ്റർ ചെയ്തതിൽ 2156 വിദ്യാർത്ഥികൾ പരീക്ഷ എഴുതിയില്ലെന്ന് ഇത് സംബന്ധിച്ച കണക്കുകൾ പുറത്തുവിട്ട് വിദ്യാർത്ഥികൾ പറയുന്നു.

അക്കാദമിക് മാനദണ്ഡമനുസരിച്ചു പരീക്ഷയ്ക്കു മുൻപ് 800 മണിക്കൂർ ക്ലാസുകൾ പൂർത്തിയാക്കണം. എന്നാൽ 500 മണിക്കൂർ ക്ലാസുകൾ മാത്രമേ പൂർത്തിയാക്കിയിട്ടുള്ളൂവെന്നു വിദ്യാർത്ഥികൾ ആരോപിച്ചു. ഹൗസ് സർജൻസിയുടെ ദൈർഘ്യം ഓഗസ്റ്റ് വരെ ശേഷിക്കുന്നുണ്ടെങ്കിലും ക്ലാസുകൾ പൂർത്തീകരിക്കാൻ സർവകലാശാല ഒരുക്കമല്ലെന്നും വിദ്യാർത്ഥികൾ ആരോപിക്കുന്നു.

കോവിഡ് കാരണം ക്ലിനിക്കൽ പോസ്റ്റിങ് വെട്ടിച്ചുരുക്കിയതാണ് വിദ്യാർത്ഥികളുടെ പരാതിയുടെ പ്രധാന കാരണം. മതിയായ അധ്യയനം ലഭിച്ചില്ലെന്നത് ന്യായമായ പരാതിയെന്ന് അധികൃതർ പറയുന്നു. എന്നാൽ നിസഹായരെന്നാണ് ആരോഗ്യ സർവ്വകലാശാല നൽകുന്ന വിശദീകരണം. 

സിലബസ് പ്രകാരം 792 മണിക്കൂർ ക്ലിനിക്കൽ ക്ലാസുകൾ നടന്നിട്ടില്ലെന്നതിനാൽ പരീക്ഷ നീട്ടണമെന്നാവശ്യപ്പെട്ട്് എം.ബി.ബി.എസ് അവസാനവർഷ വിദ്യാർത്ഥികൾ ഹൈക്കോടതിയെ സമീപിച്ചിരുന്നു. വിഷയം പരിശോധിച്ച കോടതി ആദ്യ പരീക്ഷയുടെ ഹാജർ നില പരിശോധിച്ച ശേഷം വേണ്ട നടപടികൾ സ്വീകരിക്കാൻ നിർദ്ദേശിച്ചിരുന്നു.



ക്ലിനിക്കൽ പോസ്റ്റിങ്‌സും തിയറി ക്ലാസുകളും വേണ്ടത്ര ലഭിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് വിദ്യാർത്ഥികൾ സർവകലാശാലയ്ക്ക് മുന്നിൽ പരീക്ഷ നീട്ടിവയ്ക്കണമെന്ന ആവശ്യം ഉന്നയിച്ചത്. ഒരു വർഷം കൊണ്ടു പഠിപ്പിച്ചു തീർക്കേണ്ട പാഠഭാഗങ്ങൾ ആറ് മാസം കൊണ്ട് പഠിപ്പിച്ചു തീർത്ത് പരീക്ഷ നടത്താനുള്ള ശ്രമങ്ങളാണ് ഉണ്ടായതെന്ന് വിദ്യാർത്ഥികൾ ആക്ഷേപം ഉന്നയിക്കുന്നു. പല തവണ വിദ്യാർത്ഥികൾ യൂണിവേഴ്‌സിറ്റിയെ സമീപിക്കുകയും പരീക്ഷ നീട്ടി വയ്ക്കുകയും ചെയ്യണമെന്ന് ആവശ്യപ്പെട്ടിരുന്നു. യൂണിവേഴ്‌സിറ്റി ഈ ആവശ്യം നിരസിച്ചതോടെയാണ് വിദ്യാർത്ഥികൾ നിയമത്തിന്റെ വഴിതേടിയത്.

മാർച്ച് 31ന് നടക്കുന്ന മെഡിസിൻ പേപ്പർ 1 പരീക്ഷയിൽ എത്ര വിദ്യാർത്ഥികൾ പങ്കെടുക്കുന്നു എന്നത് പരിശോധിച്ച് തുടർ നടപടികൾ സ്വീകരിക്കണമെന്നാണ് വിദ്യാർത്ഥികളുടെ ഹർജിയിൽ ഹൈക്കോടതി ഇടക്കാല ഉത്തരവിട്ടത്.

തുടർന്ന് 2156 വിദ്യാർത്ഥികൾ ആദ്യ പരീക്ഷ ബഹിഷ്‌കരിച്ചു. ഇക്കാര്യം ്അഞ്ചാം തീയതി നടക്കുന്ന പരീക്ഷയ്ക്ക് മുമ്പായി ഹൈക്കോടതിയുടെ പരിഗണനയിൽ എത്തുമെന്നാണ് വിദ്യാർത്ഥികളുടെ പ്രതീക്ഷ. വിദ്യാർത്ഥികളുടെ മാനസ്സികമായ സംഘർഷം അടക്കം പരിഗണിക്കണമെന്നാണ് ആവശ്യം. മൂന്ന് മാസത്തിനുള്ളിൽ ആവശ്യമായ തിയറി - ക്ലാസുകൾ നൽകിയ ശേഷം റെഗുലർ പരീക്ഷ നടത്തണമെന്നാണ് വിദ്യാർത്ഥികൾ ആവശ്യപ്പെടുന്നത്. റെഗുലർ പരീക്ഷ എഴുതാൻ സാധിക്കാതെ വരികയും സപ്ലിമെന്ററി പരീക്ഷയിൽ ഹാജരാകേണ്ടിയും വന്നാൽ തങ്ങളുടെ ഉപരി പഠനത്തെ അത് പ്രതീകൂലമായി ബാധിക്കുമെന്ന് വിദ്യാർത്ഥികൾ ചൂണ്ടിക്കാണിക്കുന്നു.

കോളേജുകൾ പ്രസിദ്ധീകരിച്ച ടൈം ടേബിൾ പരിശോധിക്കുമ്പോൾ 580 മണിക്കൂർ മാത്രമേ ക്ലാസ് നടന്നിട്ടുള്ളൂവെന്നാണ് വിദ്യാർത്ഥികളുടെ വാദം. എന്നാൽ ഏപ്രിലിൽ ക്ലാസുകൾ ആരംഭിച്ചെന്നും അധിക ക്ലാസെടുത്തെന്നുമാണ് സർവകലാശാല കോടതിയിൽ അറിയിച്ചത്.

വാർത്തകൾ ബഹിഷ്‌കരിച്ചത് സംബന്ധിച്ച് മാധ്യമങ്ങളിൽ വന്ന വാർത്തയിൽ ബഹിഷ്‌കരിച്ച വിദ്യാർത്ഥികളുടെ എണ്ണത്തിൽ തെറ്റു വന്നിട്ടുണ്ടെന്നും വാർത്തയിൽ പറയുന്നതിൽ ഏറെ വിദ്യാർത്ഥികൾക്ക് പരീക്ഷ എഴുതാൻ സാധിച്ചില്ല എന്നും അവർ പറയുന്നു.


2017റെഗുലർ ബാച്ചിലെ വിദ്യാർത്ഥികളാണ് ഇന്നലെ നടന്ന പരീക്ഷ ബഹിഷ്‌കരിച്ചത്. എറണാകുളം ഗവ. മെഡിക്കൽ കോളേജിൽ 91 വിദ്യാർത്ഥികൾ രജിസ്റ്റർ ചെയ്തതിൽ പതിനേഴ് വിദ്യാർത്ഥികൾ മാത്രമാണ് പരീക്ഷ എഴുതിയത്. 74 വിദ്യാർത്ഥികൾ പരീക്ഷയ്ക്ക് ഹാജരായില്ല. കണ്ണൂർ മെഡിക്കൽ കോളേജിൽ ആകെയുള്ള 88 വിദ്യാർത്ഥികളിൽ എട്ട് വിദ്യാർത്ഥികൾ മാത്രമാണ് പരീക്ഷ എഴുതിയത്. 80 വിദ്യാർത്ഥികൾ ബഹിഷ്‌കരിച്ചു.

കൊല്ലം ഗവർമെന്റ് മെഡിക്കൽ കോളേജിലെ 82 വിദ്യാർത്ഥികളിൽ 63 വിദ്യാർത്ഥികൾ പരീക്ഷ എഴുതിയപ്പോൾ 19 വിദ്യാർത്ഥികൾ ബഹിഷ്‌കരിച്ചു. കോട്ടയം മെഡിക്കൽ കോളേജിലെ 134 വിദ്യാർത്ഥികളിൽ 78 വിദ്യാർത്ഥികൾ ആദ്യ പരീക്ഷ എഴുതി. 56 വിദ്യാർത്ഥികൾ ബഹിഷ്‌കരിച്ചു. കോഴിക്കോട് മെഡിക്കൽ കോളേജിൽ 210 വിദ്യാർത്ഥികളിൽ 22 പേർ പരീക്ഷ എഴുതുകയും 188 വിദ്യാർത്ഥികൾ ബഹിഷ്‌കരിക്കുകയും ചെയ്തു.

മഞ്ചേരി മെഡിക്കൽ കോളേജിൽ 88 വിദ്യാർത്ഥികളിൽ ആറ് വിദ്യാർത്ഥികൾ മാത്രമാണ് പരീക്ഷയ്ക്ക് ഹാജരായത്. 82 വിദ്യാർത്ഥികൾ പരീക്ഷ ബഹിഷ്‌കരിക്കുന്ന സാഹചര്യം ഉണ്ടായി. പാലക്കാട് 61 വിദ്യാർത്ഥികളിൽ മൂന്ന് ഹാജരായി. 58 വിദ്യാർത്ഥികൾ ബഹിഷ്‌കരിച്ചു. തൃശൂർ മെഡിക്കൽ കോളേജിൽ 134 വിദ്യാർത്ഥികളിൽ 32 വിദ്യാർത്ഥികൾ പരീക്ഷയ്ക്ക് ഹാജരായി. 102 വിദ്യാർത്ഥികൾ ബഹിഷ്‌കരിച്ചു. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ആകെയുള്ള 186 വിദ്യാർത്ഥികളിൽ 97 പേർ പരീക്ഷ എഴുതിയപ്പോൾ 87 വിദ്യാർത്ഥികൾ പരീക്ഷയിൽ നിന്നും വിട്ടുനിന്നു. ആലപ്പുഴ മെഡിക്കൽ കോളേജിൽ 132 വിദ്യാർത്ഥികളിൽ 74 പേർ പരീക്ഷ എഴുതി. 58 പേർ പരീക്ഷ ബഹിഷ്‌കരിച്ചു. തൊടുപുഴ അൽ അസ്ഹർ മെഡിക്കൽ കോളേജിലെ 124 വിദ്യാർത്ഥികളിൽ 37 വിദ്യാർത്ഥികൾ പരീക്ഷയ്ക്ക് ഹാജരായി. 87 വിദ്യാർത്ഥികൾ വിട്ടുനിന്നു.

തിരുവല്ല ബില്ലീവേഴ്‌സ് ചർച്ച് മെഡിക്കൽ കോളേജിലെ 112 വിദ്യാർത്ഥികളിൽ 30 വിദ്യാർത്ഥികൾ പരീക്ഷയ്ക്ക് ഹാജരായി. 82 വിദ്യാർത്ഥികൾ പരീക്ഷ ബഹിഷ്‌കരിച്ചു. വയനാട് ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജിലെ 142 വിദ്യാർത്ഥികളിൽ ഒരു വിദ്യാർത്ഥി മാത്രമാണ് പരീക്ഷയ്‌ക്കെത്തിയത്. തൃശൂർ ജൂബിലി മിഷൻ മെഡിക്കൽ കോളേജിലെ 89 വിദ്യാർത്ഥികളിൽ 45 വിദ്യാർത്ഥികൾ പരീക്ഷ എഴുതി. 44 പേർ പരീക്ഷയ്ക്ക് ഹാജരായില്ല. പാലക്കാട് കരുണ മെഡിക്കൽ കോളേജിലെ 65 വിദ്യാർത്ഥികളിൽ 19 വിദ്യാർത്ഥികൾ പരീക്ഷയ്‌ക്കെത്തിയപ്പോൾ 46 വിദ്യാർത്ഥികൾ വിട്ടുനിന്നു. കോഴിക്കോട് കെഎംസിറ്റി മെഡിക്കൽ കോളേജിലെ 118 വിദ്യാർത്ഥികളിൽ 102 വിദ്യാർത്ഥികൾ പരീക്ഷ ബഹിഷ്‌കരിച്ചു. കോഴിക്കോട് മലബാർ മെഡിക്കൽ കോളേജിലെ 141 വിദ്യാർത്ഥികളിൽ 136 വിദ്യാർത്ഥികളും പരീക്ഷ ബഹിഷ്‌കരിച്ചു. അടൂർ മോണ്ട് സിയോൺ മെഡിക്കൽ കോളേജിലെ 67 വിദ്യാർത്ഥികളിൽ 46 പേരും പരീക്ഷയിൽ നിന്നും വിട്ടുനിന്നു.

പാലക്കാട് പി കെ ദാസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിലെ 131 വിദ്യാർത്ഥികളിൽ 34 വിദ്യാർത്ഥികൾ പരീക്ഷയ്ക്ക് ഹാജരായി. 97 വിദ്യാർത്ഥികൾ വിട്ടുനിന്നു. വെഞ്ഞാറമൂട് ശ്രീ ഗോകുലും മെഡിക്കൽ കോളേജിലെ 144 വിദ്യാർത്ഥികളിൽ 131 പേരും പരീക്ഷ ബഹിഷ്‌കരിച്ചു. ശ്രീനാരായണ ഇൻസ്റ്റിറ്റൂട്ട് ഓഫ് മെഡിക്കൽ സയൻസിലെ 101 വിദ്യാർത്ഥികളിൽ ഒരാൾ മാത്രമാണ് പരീക്ഷ എഴുതിയത്. വെങ്കോട് എസ് യു ടി അക്കാദമിയിലെ 88 വിദ്യാർത്ഥികളിൽ 64 പേർ വിട്ടുനിന്നു. കൊല്ലം ട്രാവൻകൂർ മെഡിക്കൽ കോളേജിലെ 92 വിദ്യാർത്ഥികളിൽ 89 പേരും പരീക്ഷ ബഹിഷ്‌കരിച്ചു. തൃശൂർ അമല ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിലെ 77 വിദ്യാർത്ഥികളിൽ അഞ്ച് വിദ്യാർത്ഥികൾ മാത്രമാണ് പരീക്ഷ ബഹിഷ്‌കരിച്ചത്.

കൊല്ലം അസീസിയ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിലെ 65 വിദ്യാർത്ഥികളിൽ 32 വിദ്യാർത്ഥികൾ പരീക്ഷ ബഹിഷ്‌കരിച്ചു. പെരിന്തൽമണ്ണ എംഇഎസിലെ 101 വിദ്യാർത്ഥികളിൽ 87 പേർ പരീക്ഷയിൽ നിന്നും വിട്ടുനിന്നതായി കണക്കുകളിൽ വ്യക്തമാകുന്നു. തിരുവല്ല പുഷ്‌കഗിരി കോളേജിലെ 81 വിദ്യാർത്ഥികളിൽ അഞ്ച് വിദ്യാർത്ഥികൾ പരീക്ഷയിൽ പങ്കെടുത്തില്ല. തിരുവനന്തപുരം സിഎസ് ഐ മെഡിക്കൽ കോളേജിലെ 154 വിദ്യാർത്ഥികളിൽ 56 വിദ്യാർത്ഥികൾ പരീക്ഷയിൽ പങ്കെടുത്തില്ലെന്നും ഇത് സംബന്ധിച്ച റിപ്പോർട്ടിൽ പറയുന്നു.

സെൽഫ് ഫിനാൻസിങ് മെഡിക്കൽ കോളജുകളിലെ വിദ്യാർത്ഥികളടക്കം പരീക്ഷ ബഹിഷ്‌കരിച്ച് രംഗത്തുണ്ട്. അതേസമയം മിക്ക കേന്ദ്രങ്ങളിലും പരീക്ഷ സുഗമമായി നടന്നുവെന്നും ശേഷിക്കുന്ന പരീക്ഷകൾ പ്രഖ്യാപിത സമയക്രമമനുസരിച്ചു നടത്തുമെന്നുമാണ് ആരോഗ്യ സർവകലാശാല വൈസ് ചാൻസലർ പറയുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP