Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

നോർത്തേൺ വിർജീനിയ സെന്റ് ജൂഡ് സീറോ മലബാർ ഇടവക ലോക വനിതാദിനം ആഘോഷിച്ചു

നോർത്തേൺ വിർജീനിയ സെന്റ് ജൂഡ് സീറോ മലബാർ ഇടവക ലോക വനിതാദിനം ആഘോഷിച്ചു

ജോയിച്ചൻ പുതുക്കുളം

വിർജീനിയ: നോർത്തേൺ വിർജീനിയയിലെ സെന്റ് ജൂഡ് സീറോ മലബാർ ഇടവക ലോക വനിതാ ദിനം വിപുലമായ പരിപാടികളോടെ മാർച്ച് ആറാംതീയതി ഞായറാഴ്ച ആഘോഷിച്ചു. ഇടവക വികാരി ഫാ. നിക്കോളാസ് തലക്കോട്ടൂർ ഉദ്ഘാടനം നിർവഹിച്ച ചടങ്ങിൽ അമേരിക്കയിൽ ജനിച്ച് വളർന്ന് സന്യസ്തം സ്വീകരിച്ച ആദ്യ മലയാളിയായ സി. ജോസ്ലിൻ എടത്തിൽ (എം.ഡി, പി.എച്ച്.ഡി, എഫ്.എ.സി.പി) മുഖ്യാതിഥിയായിരുന്നു. പാരീഷ് കൗൺസിൽ മെമ്പർ പ്രീണ റോബർട്ടും, അമൃതയും കലാപരിപാടികൾക്ക് നേതൃത്വം നൽകി.

ഷിക്കാഗോ രൂപതയിലെ ഏറ്റവും പ്രായംകുറഞ്ഞ് സ്ത്രീ ട്രസ്റ്റി സ്ഥാനം അലങ്കരിക്കുന്ന, സെന്റ് ജൂഡ് സീറോ മലബാർ ഇടവകയിലെ കൈക്കാരിൽ ഒരാളായ ഷേർലി പുളിക്കൻ, സി. ജോസ്ലിൻ എടത്തിലിനെ വേദിയിലേക്ക് ബൊക്കെ നൽകി സ്വീകരിച്ചു.

ഫിലാഡൽഫിയയിൽ മലങ്കര കത്തോലിക്കാ കുടുംബത്തിൽ ജനിച്ചുവളർന്ന ജോസ്ലിൻ, വില്ലനോവ യൂണിവേഴ്സിറ്റിയിൽ നിന്നും അണ്ടർ ഗ്രാജ്വേഷനുശേഷം പ്രശസ്തമായ പെൻ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിൽ നിന്നും എം.ഡി, പി.എച്ച്.ഡി ഡ്യുവൽ പ്രോഗ്രാം പൂർത്തിയാക്കി. ടെംപിൾ യൂണിവേഴ്സിറ്റിയിൽ ഇന്റേണൽ മെഡിസിനിൽ റെസിഡൻസി ചെയ്ത ശേഷം അവിടെതന്നെ അസോസിയേറ്റ് പ്രൊഫസറായി സേവനം അനുഷ്ഠിക്കുന്ന ഈ വനിതാരത്നം, സിസ്റ്റേഴ്സ് ഓഫ് ദി ഇമിഗ്രേഷൻ ഓഫ് ക്രൈസ്റ്റ് എന്ന സന്യാസ സഭയിൽ നിന്നും 2016-ലാണ് തന്റെ വ്രതവാഗ്ദാനം നടത്തി, അമേരിക്കൻ മലയാളി സമൂഹത്തിൽ നിന്നുള്ള ആദ്യത്തെ സന്യാസിനിയായി മാറിയത്. ടെംപിൾ യൂണിവേഴ്സിറ്റിയിൽ അസോസിയേറ്റ് പ്രൊഫസർ ആയിരിക്കുന്നതിനോടൊപ്പം പേഷ്യന്റ് എക്സ്പീരിയൻസ് ഓഫീസർ കോ- ചീഫ് പദവിയും അലങ്കരിക്കുന്ന സി. ജോസ്ലിൻ നാഷണൽ, ഇന്റർനാഷണൽ തലങ്ങളിൽ വ്യത്യസ്തങ്ങളായ വിഷയങ്ങളിൽ സംവാദങ്ങൾ നടത്തുകയും ചെയ്യുന്നുണ്ട്.

ഒരു കത്തോലിക്കാ ഇടവക, വനിതാ ദിനം ആഘോഷിക്കുന്നതിന്റെ സന്തോഷവും പ്രാധാന്യവും സിസ്റ്റർ തന്റെ പ്രസംഗത്തിൽ പ്രകടിപ്പിച്ചു. സ്ത്രീയുടെ അസ്ഥിത്വവും പ്രാധാന്യവും ബൈബിളിന്റെ കാഴ്ചപ്പാടിൽ വ്യക്തമാക്കുവാൻ പഴയ നിയമത്തിൽ നിന്നുള്ള, രൂത്ത്, ജൂഡിത്ത്, എസ്തേർ എന്നീ പുസ്തകങ്ങളെ പരാമർശിച്ചുകൊണ്ട് സിസ്റ്റർ ജോസ്ലിൻ സംസാരിച്ചു.

പുതിയ നിയമത്തിൽ നിന്നുള്ള സ്ത്രീ ആയ മഗ്ദലന മറിയം ആണ് ഈശോയുടെ ഉയർത്തെഴുന്നേൽപ് ആദ്യമായി അറിയുന്നത്. മഗ്ദലന മറിയം ആ വാർത്ത ശിഷ്യന്മാരെ അറിയിച്ചപ്പോൾ അവർ ആദ്യത്തെ അപോസ്തോല ആയി. ഈശോയുടെ 'അമ്മ- കന്യകാ മറിയം- രക്ഷരപദ്ധതിക്ക് സമ്മതംമൂളിയപ്പോൾ അവൾ ലോകത്തിനു മുഴുവൻ രക്ഷയുടെ 'അമ്മ'യായി. യുദ്ധത്തിന്റെ കരിനിഴൽവീണ ഇക്കാലത്ത് സ്നേഹത്തിന്റേയും സമർപ്പണത്തിന്റേയും പരിപാലനയുടേയും പ്രതീകമായി നിലനിൽക്കാൻ സ്ത്രീക്കാണ് കഴിയുക. അമേരിക്കയിൽ ജീവിക്കുന്ന മലയാളി സ്ത്രീ അഭിമുഖീകരിക്കുന്നത് വ്യത്യസ്തമായ ജീവിത പ്രശ്നങ്ങളാണ്. നമ്മുടെ സംസ്‌കാരത്തിനൊപ്പം ആധുനിക മൂല്യങ്ങളേയും അംഗീകരിക്കാനും, വളർത്തുവാനും, അവ പുതിയ തലമുറയ്ക്ക് പകരുവാനും കഴിയുക എന്നത് തികച്ചും സങ്കീർണ്ണമാണ്. അതിനൊപ്പം മാറ്റപ്പെടേണ്ട പല സാമൂഹ്യ പ്രശ്നങ്ങളുമുണ്ട്. വളരെ സെക്കുലർ ആയ ടെംപിൾ യൂണിവേഴ്സിറ്റി, 2021-ൽ പേഷ്യന്റ് എക്സ്പീരിയൻസ് ഓഫീസർ കോ- ചീഫ് ആയി തന്നെ തെരഞ്ഞെടുത്തപ്പോൾ അസാധ്യമായി തോന്നുന്ന ആ ഗ്ലാസ് സീലിങ് സാധിച്ചത് അനല്പമായ സന്തോഷം നൽകുകയും, ദൈവ കൃപയിലുള്ള വിശ്വാസം ദൃഢമാക്കുകയും ചെയ്തു. പ്രാതിനിധ്യത്തിന്റെ പ്രാധാന്യം (റെപ്രസന്റേഷൻ മാറ്റേഴ്സ്) പറഞ്ഞുകൊണ്ട് സി. ജോസ്ലിൻ തന്റെ പ്രസംഗം നിർത്തിയപ്പോൾ തികഞ്ഞ കൈയടിയോടെ ഇടവക സമൂഹം ആ വാക്കുകൾ ഏറ്റെടുത്തു. ഒരു കന്യാസ്ത്രീ ഇത്ര ഉജ്വലവും ആധികാരികവുമായി സംസാരിക്കുന്നത് പലർക്കും ആദ്യ അനുഭവമായിരുന്നു. ലോക മലയാളി സമൂഹത്തിന് തന്നെ അഭിമാനിക്കാൻ വകനൽകുന്നതാണ് സി. ജോസ്ലിന്റെ ജീവിതവും പ്രവർത്തനമേഖലകളും.

തുടർന്നു നടന്ന കലാവിരുന്നിൽ ഇടവകയിലെ കുടുംബകൂട്ടായ്മകൾ തികച്ചും വ്യത്യസ്തവും, മനോഹരവുമായ കലാപരിപാടികൾ അവതരിപ്പിച്ചു. 'ബ്രേക്ക് ദി ബയസ്' എന്ന ഇത്തവണത്തെ വനിതാദിന സന്ദേശം വ്യക്തമാക്കുന്ന നിരവധി സ്‌കിറ്റുകളും ഡാൻസുകളും ഉൾപ്പെട്ടതായിരുന്നു കലാപരിപാടികൾ. സ്ത്രീകൾക്കൊപ്പം ഇടവകയിലെ പുരുഷന്മാരും കുട്ടികളും യുവജനങ്ങളും ഒന്നടങ്കം പങ്കെടുത്ത അവിസ്മരണീയമായ ഒരു ആഘോഷമായിരുന്നു ഇത്.

നിസഹായരും, അശരണരുമായ സ്ത്രീകൾക്കുവേണ്ടി കേരളത്തിൽ - മലയാറ്റൂർ, കോളയാർ, വടക്കാഞ്ചേരി, തങ്കമണി എന്നീ സ്ഥലങ്ങളിൽ പ്രവർത്തിക്കുന്ന 'ദൈവദാൻ സെന്ററിനെ' സഹായിക്കാവാനുള്ള സെന്റ് ജൂഡ് ഇടവകയുടെ പ്രാരംഭ പ്രവർത്തനങ്ങൾ സെന്റ് ജൂഡ് വിമൻസ് ഗ്രൂപ്പ് (വിങ്സ്) പ്രസിഡന്റ് ഷേർലി ദിലീപും, നീന സുജിത്തും ചേർന്ന് വിശദീകരിച്ചു.

ഉച്ചയൂണോടെ പരിപാടികൾ സമാപിച്ചു. ഇടവകയിൽ ആദ്യമായി നടത്തപ്പെട്ട ലോക വനിതാദിന പരിപാടികൾ ഇടവക സമൂഹത്തിന് കോവിഡ് കാലത്തിനുശേഷം ഒന്നിച്ച് കൂടുവാനും ആഘോഷിക്കാനുമുള്ള നല്ലൊരു അവസരമായി മാറി.

റോണി തോമസ് അറിയിച്ചതാണിത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP