Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ദുബായ് ഭരണാധികാരി ഒരു കടയിൽ കയറി ചായ ആവശ്യപ്പെട്ടത് കണ്ട് എത്തിയത് ശരിയായ സ്ഥലത്തെന്ന് തിരിച്ചറിഞ്ഞ വ്യക്തി; ബോണ്ട് പടം പോലെയോ അതുക്കും മീതെയോ വയ്ക്കാവുന്ന ജീവിത കഥ; ഇന്ന് അറബ് സിനിമയുടെ ഗോഡ് ഫാദർ; മലയാള സിനിമയിലെ 'ഗുൽഷൻ' ഈ ഗോൾച്ചിൻ തന്നെയോ?

ദുബായ് ഭരണാധികാരി ഒരു കടയിൽ കയറി ചായ ആവശ്യപ്പെട്ടത് കണ്ട് എത്തിയത് ശരിയായ സ്ഥലത്തെന്ന് തിരിച്ചറിഞ്ഞ വ്യക്തി; ബോണ്ട് പടം പോലെയോ അതുക്കും മീതെയോ വയ്ക്കാവുന്ന ജീവിത കഥ; ഇന്ന് അറബ് സിനിമയുടെ ഗോഡ് ഫാദർ; മലയാള സിനിമയിലെ 'ഗുൽഷൻ' ഈ ഗോൾച്ചിൻ തന്നെയോ?

മറുനാടൻ മലയാളി ബ്യൂറോ

ദുബായ്: മലയാള സിനിമയെ നിയന്ത്രിക്കുന്നത് ഡി കമ്പനിയിലെ 'ഗുൽഷൻ' ആനെന്നാണ് കുറേ കാലമായുള്ള അണിയറ സംസാരം. ആർക്കും നേരിട്ട് അറിയാത്ത ഗുൽഷൻ. ചില ഏജന്റുമാരിലൂടെ മലയാള സിനിമയെ ഇയാൾ നിയന്ത്രിക്കുന്നുവെന്നായിരുന്നു നടിയെ ആക്രമിച്ചതിന് പിന്നാലെ കേരളത്തിൽ ചർച്ചയായ വാർത്ത. ഇത് മറുനാടൻ റിപ്പോർട്ട് ചെയ്യുകയും ചെയ്തു. ദിലീപിന് ഗുൽഷനുമായി ബന്ധമുണ്ടെന്ന ചർച്ചകളാണ് അന്ന് സിനിമാ ലോകത്തുണ്ടായത്. പിന്നീട് ഗുൽഷനെ കുറിച്ച് ആരും കേൾക്കാതെയായി. ഇതിനിടെയാണ് ദിവസങ്ങൾക്ക് മുമ്പ് ബാലചന്ദ്രകുമാർ വെളിപ്പെടുത്തലുമായി എത്തുന്നത്.

ഗുൽഷനെന്ന അധോലോക നായകനുണ്ടെന്നായിരുന്നു ബാലചന്ദ്രകുമാർ പറഞ്ഞത്. ഇയാളുടെ പേര് അഹമ്മദ് ഗോൾച്ചിനാണെന്നും ഇറാനുകാരനാണെന്നും റിപ്പോർട്ടർ ടിവിയിൽ വെളിപ്പെടുത്തി. ബൈജു കൊട്ടാരക്കരയെന്ന സംവിധായകനും ഇതേ പേര് ചർച്ചയാക്കി. പിന്നാലെ ഗോൾച്ചിന്റെ ചിത്രം സഹിതം റിപ്പോർട്ടർ ടിവി വാർത്തയും നൽകി. ഇതോടെയാണ് ഗോൾച്ചിന്റെ മുഖം ആരോപണങ്ങളിൽ എത്തുന്നത്. എന്നാൽ റിപ്പോർട്ടർ ടിവി നൽകിയ ചിത്രത്തിലെ ഗോൾച്ചിൻ യുഎഇയിലെ സിനിമയിലെ എല്ലാം എല്ലാമാണ്. അറബ് സിനിമയുടെ ഗോഡ് ഫാദർ. ആ ഗോൾച്ചിനെതിരെയാണ് ബാലചന്ദ്രകുമാർ ആരോപണം ഉന്നയിക്കുന്നത്.

നടിയെ ആക്രമിച്ച കേസിലെ പ്രതിയായ നടൻ ദിലീപിന്റെ വിദേശ ബന്ധങ്ങൾ അന്വേഷിക്കാൻ എൻഐഎ തയ്യാറെടുക്കുന്നുവെന്ന് റിപ്പോർട്ടർ ടിവി പറയുന്നു. കേസിൽ ഇറാൻ വംശജനായ അഹമ്മദ് ഗൊൽച്ചിന്റെ ഇടപെടൽ അന്വേഷിക്കാനാണ് അന്വേഷണസംഘം എൻഐഎയുടെ സഹായം തേടുന്നത്. അഹമ്മദ് ഗൊൽച്ചിനും ദിലീപുമായുള്ള ബന്ധമാണ് എൻഐഎ അന്വേഷിക്കുക. കേസിലെ സാക്ഷികളെ മൊഴി മാറ്റാൻ ഗൊൽച്ചിൻ സഹായിച്ചിട്ടുണ്ടോയെന്നും പരിശോധിക്കാനാണ് അന്വേഷണസംഘത്തിന്റെ തീരുമാനം.ഇരുവരും തമ്മിലുള്ള സാമ്പത്തിക ഇടപാടുകളും പരിശോധിക്കാനാണ് തീരുമാനം. ദുബായ് ആസ്ഥാനമായ പാർസ് ഫിലിംസ് സ്ഥാപകനാണ് ഗൊൽച്ചിനെന്നും വാർത്ത പറയുന്നു.

ദിലീപിന്റെ സഹോദരി ഭർത്താവ് സൂരജ് പാർസ് ഫിലിംസിലെ ജീവനക്കാരനായിരുന്നു. ജയിൽ മോചിതനായതിന് പിന്നാലെ ദുബായിൽ എത്തി ദിലീപ് ഗൊൽച്ചിനെ കണ്ടിരുന്നെന്നും അന്വേഷണസംഘം കണ്ടെത്തിയിരുന്നു. ഇതൊക്കെയായിരുന്നു വാർത്തകൾ. ഈ സാഹചര്യത്തിലാണ് ഗോൾച്ചിന്റെ ജീവിതവും സിനിമാ കഥയും വീണ്ടും ചർച്ചയാകുന്നത്. എന്നാൽ ഗോൾച്ചിന് ഗുൽഷൻ എന്നൊരു വിളിപ്പേരുമുണ്ടെന്ന് മലയാള സിനിമയിലെ പ്രമുഖരും സമ്മതിക്കുന്നുണ്ടെന്നതാണ് വസ്തുത. പക്ഷേ ഗുൽഷനെന്ന ഗോൾച്ചിൻ അറബ് സിനിമയുടെ ഗോഡ് ഫാദറാണെന്നതാണ് വസ്തുത.

ആരാണ് ഈ ഗോൾച്ചിൻ?

ചിരി പോലെ തന്നെ സരസനാണ് അഹമ്മദ് ഗോൾച്ചിൻ. തന്റെ ജീവിതകഥ ഇയാൻ ഫ്ളമിങ്ങിന്റെ ജെയിംസ് ബോണ്ട് പടം പോലെയോ അതുക്കും മീതെയോ ആണെന്നാണ് ഗോൾച്ചിൻ തന്നെ പറയാറുള്ളത്. യുഎഇയിലെ വിജയഗാഥ തുടങ്ങിയിട്ട് 57 വർഷം. ഇതിനോട് ഇടയ്ക്ക് എന്തെല്ലാം മാറ്റങ്ങൾ. 1964 ൽ ആദ്യമായി ദുബായിൽ ലാൻഡ് ചെയ്യുമ്പോൾ അൽ നാസ്സർ സ്‌ക്വയറിൽ ഒരു സിനിമാ തിയേറ്റർ മാത്രം. ടിക്കറ്റിന് രണ്ടുരൂപ. സിനിമ കളിക്കുന്നത് രാത്രിയിൽ മാത്രം.

ഇന്നോ യുഎഇയിൽ മൾട്ടിപ്ലക്സുകളുടെ പട തന്നെയുണ്ട്. ഇതിൽ പലതും സ്ഥാപിച്ചത് മറ്റാരുമല്ല, ഗോൾച്ചിൻ തന്നെ. കുറച്ചുസ്ഥലവും, നാല് മൺചുവരുകളും ആയി സിനിമ യുഎഇയിൽ തുടങ്ങിയ കാലം. ഓപ്പൺ എയർ തിയേറ്ററിൽ തടിക്കസേരകളായിരുന്നു. മറ്റു ചിലർ, മണ്ണിൽ തന്നെ കുത്തിയിരുന്നു സിനിമ കാണും. തിയേറ്ററിന്റെ ഭിത്തിയിൽ ഒരു ചെറിയ തുളയുണ്ടാകും. അതാണ് ടിക്കറ്റുകൾ വിൽക്കാനുള്ള ബോക്സ് ഓഫീസ്. സിനിമ തുടങ്ങുന്നതിന് അഞ്ച് മിനിറ്റ് മുമ്പ് ബെൽ അടിക്കും. അതോടെ ആളുകൾക്ക് അകത്ത് കടന്നിരിക്കാം.സിനിമ തീരുന്നതിന് അഞ്ച് മിനിറ്റ് മുമ്പും ബെല്ലടിക്കും.

പേർഷ്യൽ-ഹിന്ദി ചിത്രങ്ങളായിരുന്നു അന്ന് ജനപ്രിയം. സങ്കടവും, കരച്ചിലും, ദേഷ്യവുമായി വികാരങ്ങളുടെ വേലിയേറ്റമായിരുന്നു ആ സിനിമകളിൽ. ചിലപ്പോൾ കണ്ണീർ, ചിലപ്പോൾ കണ്ണുകളിൽ നിന്ന് തീപാറും. അന്നൊക്കെ, പെപ്സി, ഗ്ലാസ് ബോട്ടിലുകളിൽ ആണ് കൊടുത്തിരുന്നത്. ചിലപ്പോൾ, ചില സീനുകൾ കണ്ട് ദേഷ്യം വരുന്ന മാത്രയിൽ ഈ കുപ്പി ബോട്ടിലുകൾ സ്‌ക്രീനിലേക്ക് പറക്കുന്നത് കാണാം, ഗൾഫ് ന്യൂസിന് നൽകിയ അഭിമുഖത്തിൽ ഗോൾച്ചിൻ ചിരിച്ചുകൊണ്ട് പറയുന്നു. അതോട പെപ്സി പ്ലാസ്റ്റിക് ബോട്ടിലുകളിലാക്കി.

കുട്ടിക്കാലത്തെ സ്വന്തം കാലിൽ നിൽക്കാൻ ശ്രമം

1942 ൽ ഇറാനിലാണ് ഗോൾച്ചിൻ ജനിച്ചത്. രണ്ടാം ലോകമഹായുദ്ധം കൊടുമ്പിരി കൊണ്ട കാലം. അച്ഛന്റെ മൂന്നാമത്തെ ഭാര്യയിൽ ജനിച്ച മകന് സ്വപ്നങ്ങൾ മാത്രമായിരുന്നു കൂട്ട്. അച്ഛൻ കടുത്ത മതവിശ്വാസിയായികുന്നു. സിനിമ കാണാൻ വിലക്കുണ്ടായിരുന്നു, 80 കാരൻ പറയുന്നു. തനിക്ക് അഞ്ച് വയസ് ഉള്ളപ്പോൾ അച്ഛൻ അമ്മയെ ഡിവോഴ്സ് ചെയ്തു. അന്നുമുതൽ ഇന്നുവരെ സ്വന്തം കാലിൽ നിൽക്കാനാണ് ശ്രമിച്ചത്.തനിക്ക് താനും പുരയ്ക്ക് തൂണും എന്ന് പറയാറില്ലേ....അതുപോലെ.

ഒമ്പതാം വയസിൽ ഒരപകടത്തിൽ ഒരുകണ്ണിന്റ കാഴ്ച നഷ്ടമായെങ്കിലും, പോക്കറ്റ് മണി ഉണ്ടാക്കാൻ സൂത്രങ്ങൾ ഒപ്പിച്ചു. ഏതുവിധേയനയും ജീവിക്കുക, അതായിരുന്നു ലക്ഷ്യം. വീടുകൾ തോറും നടന്ന്, ആളുകൾ വായിക്കാതെ ഉപേക്ഷിക്കുന്ന പുസ്തകങ്ങൾ ശേഖരിച്ച് വിറ്റാണ് ഓരോ രാത്രിയും സിനിമയ്ക്കുള്ള കാശ് കണ്ടെത്തിയത്.

 

ആദ്യം കണ്ട സിനിമ

1956 ൽ മോബിഡിക്കാണ് ഗോൾച്ചിൻ ആദ്യമായി കണ്ട സിനിമ. പത്രങ്ങൾ വിറ്റും, മറ്റുമാണ് അക്കാലത്ത് ജീവിച്ചത്. പിന്നീട് പുസ്തക പ്രസാധനത്തിലേക്ക് കടന്നു. 140 ഓളം പുസ്തകങ്ങൾ അങ്ങനെ പ്രസിദ്ധീകരിച്ചു. എന്നാൽ, ഏതാനും ചില പുസ്തകങ്ങളുടെ പേരിൽ ചില അപകടകാരികളായ ടീംസുമായി ഉടക്കേണ്ടി വന്നു. ജീവൻ തന്നെ പോകുമെന്ന അവസ്ഥയായപ്പോൾ ഗോൾച്ചിൻ, 1964 ൽ ഇറാനിൽ നിന്ന് കപ്പൽ കയറി. ചില പ്രാദേശിക കടൽ കൊള്ളക്കാരുടെ സഹായത്തോടെയാണ് യുഎഇയിലേക്ക് കടൽ കടന്നത്.

യുഎഇയിൽ എത്തിയപ്പോൾ

മരണഭയത്തോടെയായിരുന്നു കടൽകൊള്ളക്കാർക്കൊപ്പം ഉള്ള യാത്ര. ആകെ ആശ്വാസം യുഎഇയിൽ സ്വപ്ന സാക്ഷാത്കാരത്തിന് ഇറങ്ങിപ്പുറപ്പെട്ട ഏഴുപേർ കൂടി ഒപ്പമുണ്ടായിരുന്നു എന്നുമാത്രം. എന്തായാലും ഒരുവൈകുന്നേരം 7 മണിക്കാണ് ഒരു സൂട്ട്‌കേസും പിടിച്ച താൻ ദുബായിൽ എത്തിയതെന്ന് ഗോൾചിൻ ഓർക്കുന്നു. അൽ നാസർ സ്‌ക്വയറിലെ ഗസ്‌ററ് ഹൗസിൽ ഒരു മുറി കിട്ടി. ലഗേജിൽ, താൻ കഷ്ടപ്പെട്ട് സമ്പാദിച്ച പണവും, 35 എംഎം മെക്‌സിക്കൻ പടം 'ഫൈറ്റ് ടു ഡെത്തിന്റെ' പേർഷ്യൻ ഡബ്ഡ് വേർഷനും ഉണ്ടായിരുന്നു. അടുത്ത ദിവസം പുലർച്ചെ സൂട്ട്‌കേസ് തുറന്നപ്പോൾ ഞെട്ടി പോയി. പണം മാത്രമല്ല, പാസ്‌പോർട്ടും ആരോ അടിച്ചുമാറ്റിയിരിക്കുന്നു. എന്തു ചെയ്യണമെന്ന് അറിയാത്ത അവസ്ഥ.

ആകെ ആശ്വാസം, ഗസ്റ്റ് ഹൗസ് ഉടമ ദയാലുവായിരുന്നു എന്നതാണ്. അടുത്തുള്ള ഒരു കോഫി ഷോപ്പിൽ പോയി ഒരാളെ കണ്ട് പുതിയ പാസ്‌പോർട്ടിനുള്ള അപേക്ഷ എഴുതിക്കാൻ പറഞ്ഞു. പിന്നീട് ജീവിക്കാൻ ഒരു ജോലി ആയിരുന്നു ആവശ്യം. കുട്ടിക്കാലത്ത് പഠിച്ച ചില വിദ്യകൾ ഇവിടെ ഗോൾചിന്റെ സഹായത്തിന് എത്തി. മതപരമായ ചുവർ ചിത്രങ്ങൾ ഉണ്ടാക്കി വിറ്റ് തൽക്കാലം അന്നം മുട്ടാതെ കഴിഞ്ഞു. പാസ്‌പോർട്ട് കിട്ടിയാൽ, യുഎസിലേക്കോ, യുകെയിലേക്കോ പോകാനായിരുന്നു പ്ലാൻ. എന്നാൽ, ദുബായ് ഭരണാധികാരിയായിരുന്ന ഷേക് റാഷിദ് ബിൻ സായിദ് അൽ മക്തൂമിനെ ഒരുദിവസം യാദൃശ്ചികമായി കണ്ടതോടെ കാര്യങ്ങൾ മാറി മറിഞ്ഞു.

ദുബായ് ഭരണാധികാരിയെ കണ്ടുമുട്ടുന്നു

പുലർച്ചെ ആറ് മണി. കടൽ തീരത്ത് രാവിലെ കുളിക്കാൻ എത്തിയതായിരുന്നു ഗോൾചിൻ. കുറച്ച് ദൂരെ നിന്നായി സംഗീതം അലയടിക്കുന്നത് കേട്ടു. ബീച്ചിൽ ബ്രിട്ടീഷ് സൈനികരുണ്ടായിരുന്നു. അവർ എന്തോ സംഗീതം ആസ്വദിക്കുകയായിരുന്നു. അപ്പോഴാണ്, എല്ലാവരെയും അഭിവാദ്യം ചെയ്തുകൊണ്ട് ഷേക് റാഷിദ് അവിടേക്ക് കടന്നുവന്നത്. അദ്ദേഹം അവിടുത്തെ ടെക്‌സ്‌റ്റൈൽ ഷോപ്പുകളിലൂടെ ചുറ്റിയടിച്ചു. ബിസിനസൊക്കെ എങ്ങനെ പോകുന്നു എന്ന് കച്ചവടക്കാരോട് ആരാഞ്ഞു. ഒരു കടയിൽ കയറി ചായ ആവശ്യപ്പെട്ടു. അതെ ദുബായി ഭരണാധികാരി കടയിൽ കയറി ചായ കുടിക്കുന്ന കാഴ്ചയ്ക്കും അന്ന് ഗോൾചിൻ സാക്ഷിയായി. .

അവിടെ അദ്ദേഹം വ്യാപാരികളോട് സംസാരിക്കുന്നതും ബിസിനസ് വികസിപ്പിക്കാനുള്ള ആശയങ്ങൾ ചോദിക്കുന്നതും ഒക്കെ കണ്ടപ്പോൾ ഗോൾചിന്റെ ഉള്ളിൽ ഒരു കൊള്ളിയാൻ മിന്നി. അതെ, ഞാൻ ശരിയായ ഇടത്ത്, ശരിയായ ആളുടെ അടുത്ത് എത്തിയിരിക്കുന്നു.

സിനിമ എന്ന മായികലോകത്തിലേക്ക്

യുഎഇയിൽ ആളുകൾ വിനോദത്തിനായി കൊതിക്കുന്നുണ്ടെന്ന് ഗോൾചിന് തോന്നി, അല്ല മനസ്സിലായി. അന്ന് പ്രാദേശികമായി അച്ചടിക്കുന്ന പത്രങ്ങൾ ഉണ്ടായിരുന്നില്ല. ടെലിവിഷനുകൾ അവിടെയും ഇവിടെയും ചലത് മാത്രം. തങ്ങളുടെ സമ്പാദ്യത്തിൽ മിച്ചം വരുന്നത് ചെലവഴിക്കാൻ അവിടെ സിനിമ മാത്രമായിരുന്നു ഒരു മാർഗ്ഗം. ഗോൾചിൻ അവിടെ തുടങ്ങി.

യുഎഇയിലെ ആദ്യ സിനിമാ തിയേറ്റർ ഷാർജ പാരമൗണ്ടായിരുന്നു. ബ്രിട്ടീഷ് റോയൽ എയർഫോഴ്‌സ് അവരുടെ ഉദ്യോഗസ്ഥരുടെ ഉല്ലാസത്തിനായി 1940 കളിൽ പണി തീർത്ത ആദ്യ തിയേറ്റർ. പിന്നീട് സാധാരണക്കാർക്ക് വേണ്ടിയും അവർ അന്നത്തെ കൊട്ടകകൾ പണിതു. 1950 ൽ ഒരു ബഹ്‌റിൻകാരനായ ബിസിനസുകാരൻ അബ്ദള്ള അൽ റഹീം ദുബായിൽ സിനിമ തിയേറ്റർ തുറക്കാൻ പദ്ധതിയുമായി വന്നു. ഏറെ നാളത്തെ പരിശ്രമത്തിന് ശേഷം ഷെയ്ക് റാഷിദ് ദുബായിൽ അൽ നാസർ സ്‌ക്വയറിൽ തിയേറ്റർ നിർമ്മിക്കാൻ അബ്ദള്ളയ്ക്ക് അനുമതി നൽകി.

പിന്നീട് ജുമൈറയിലും സമാനമായ ഒരു തിയേറ്റർ വന്നു. ബഹറിനിലെ തന്റെ ബന്ധങ്ങൾ ഉപയോഗിച്ച് യുഎഇയിൽ സിനിമ്ാ വിതരണക്കാരനായി മാറി ഗോൾച്ചിൻ. രാജ് കപൂറിന്റെ ശ്രീ 420, ദിലീപ് കുമാറിന്റെ കണ്ണീർ പടം ഗംഗ ജമുന, നർഗീസിന്റെ മദർ ഇന്ത്യ ഇതൊക്കെ യുഎഇ പ്രേക്ഷകരെ പിടിച്ചിരുത്തുന്നത് ആയിരുന്നു. 35 എംഎം പ്രിന്റുകൾ അത്ര മെച്ചപ്പെട്ടതായിരുന്നില്ല. ഇന്ത്യയിലെ ഗ്രാമങ്ങളിൽ അടക്കം പ്രദർശിപ്പിച്ച ശേഷമാണ് ഹിന്ദി സിനിമകൾ ഗൾഫിലേക്ക് വന്നിരുന്നത്. ചില സീനുകൾ മുറിയുന്നതും, അടുത്തതിലേക്ക് എടുത്ത് ചാടുന്നതും മറ്റും സാധാരണമായിരുന്നു. എന്നിരുന്നാലും ഒരു സിനിമ കാണാൻ ഉണ്ടായിരുന്നു.

ഹിന്ദി ചിത്രങ്ങൾ കൂടാതെ പേർഷ്യൻ സിനിമകൾക്കും ഗൾഫിൽ കാഴ്ചക്കാരുണ്ടായിരുന്നു. തന്റെ ബന്ധങ്ങൾ ഉപയോഗിച്ച് 1967 ൽ ഇറാനിലേക്ക് പോയി ചില ജനപ്രിയ ചിത്രങ്ങൾ യുഎഇയിലേക്ക് കൊണ്ടുവന്നു. അടുത്ത വർഷം, 1967 ൽ ഫാർസ് ഫിലിംസ് പിറവി കൊണ്ടു. ദുബായിലെ നാഷണൽ തിയേറ്ററിന്റെ നടത്തിപ്പ് ഏറ്റെടുത്തതോടെ, ഓരോ രാത്രിയിലും സിനിമാ പ്രദർശനത്തിന് ശേഷം പ്രേക്ഷകരെ നേരിൽ കണ്ട് സംസാരിക്കുമായിരുന്നു. അവരുടെ അഭിരുചികൾ ആരായുമായിരുന്നു. സിനിമ ഇഷ്ടപ്പെട്ടോ എന്ന പതിവ് ചോദ്യത്തിന് അപ്പുറം. ഉത്തരങ്ങൾക്ക് അനുസരിച്ചായിരിക്കും പിറ്റേന്ന് ഏത് ചിത്രം പ്രദർശിപ്പിക്കണമെന്ന് തീരുമാനിക്കുക.

പടർന്ന് പന്തലിച്ച്..അങ്ങനെ..

1970 ആയപ്പോഴേക്കും കാനിലും മിലാനിലും ഒക്കെ സിനിമാ വിൽപ്പനക്കാരുമായി നേരിട്ട് ഇടപെടുന്ന സ്റ്റൈലിലേക്ക് ഗോൾചിൻ മാറി. ഒരുവർഷം കൂടി പിന്നിട്ടതോടെ, അന്താരാഷ്ട്ര വിപണിയിൽ ആകർഷകമായ സിനിമ വിതരണ ബിസിനസ് കെട്ടിപ്പടുക്കാൻ മിടുക്ക് കാട്ടി. കാനിലും, മിലാനിലും ഒക്കെ പുരസ്‌കാരം കിട്ടുന്ന ചിത്രങ്ങൾ യുഎഇയിലേക്ക് എത്തിച്ചെങ്കിലും, തിയേറ്ററുകൾ വിപുലീകരിക്കാതെ, ആരും കാഴ്ചക്കാരായി ഉണ്ടാവില്ലെന്ന് ഗോൾചിൻ തിരിച്ചറിഞ്ഞു. അൽഐനിലും, അൽ ഖെയ്മിയയിലും, സിനിമ അവതരിപ്പിക്കാനും, അജ്മനിൽ റോയൽ തിയേറ്റർ തുടങ്ങാനും കാരണക്കാനായെന്ന് പറയാം. എന്നാൽ, കാലം മാറുന്നതറിഞ്ഞ്, ഗോൾചിൻ യുഎഇയിലെ ആദ്യ എസി തിയേറ്ററായ ദെയ്‌റ സിനിമ തുറക്കുന്നതിന് പരിശ്രമിച്ചു. ഷെയ്ഖ് റാഷിദ് തന്നെയായിരുന്നു ഉദ്ഘാടനം. കുറച്ചുനാൾ ദെയ്‌റ സിനിമയുടെ നടത്തിപ്പും ഗോൾചിൻ നോക്കി. യുഎഇയിലെ മറ്റ് ജനപ്രിയ തിയേറ്ററുകൾ തുറക്കുന്നതിന് പിന്നിലും ഗോൾചിന്റെ കൈയുണ്ട്. അൽ നാസർ സിനിമ ഒരു ഉദാഹരണം.

80 കളും 90 കളും കടന്ന് ഗോൾച്ചിന്റെ പ്രയാണം തുടരുന്നു...

1989 ൽ സലിം റാമിയയുമായി ചേർന്ന് ഗൾഫ് ഫിലിംസ് തുടങ്ങി. ഹോളിവുഡ് പടങ്ങളും മറ്റ് അന്താരാഷ്ട്ര ചിത്രങ്ങളും ഗൾഫിലും, വടക്കൻ ആഫ്രിക്കയിലും മാർക്കറ്റ് ചെയ്യാനും വിതരണം ചെയ്യാനും വേണ്ടിയായിരുന്നു അത്. ടൈറ്റാനിക്കിന്റെ സൂപ്പർ പ്രദർശനം പോലൊന്ന് അതിന് മുമ്പ് യുഎഇ കണ്ടിട്ടില്ല എന്നാണ് ഗോൾചിൻ ഓർത്തെടുക്കുന്നത്. അത്രയ്ക്കായിരുന്നു ജനസമുദ്രം.

2000 ആയപ്പോഴേക്കും മൾട്ടിപ്ലക്‌സുകളുടെ കാലമായി. ഗ്രാൻഡ് സിനിമാസ് ആയിരുന്നു ആ വകയിലെ ആദ്യത്തെ തുടക്കം. മിക്കവാറും എല്ലാ മാളുകളിലും ഗോൾച്ചിൻസ് തിയേറ്റേഴ്‌സ് ഉണ്ടായിരുന്നു. ഇബ്ൻ ബട്ടുട്ട മാൾ ആലോചിക്കുന്ന സമയത്ത് തന്നോട് എത്ര സ്‌ക്രീൻ സ്‌പേസ് വേണമെന്ന് ചോദിച്ചപ്പോൾ 44 എന്നാണ് മറുപടി പറഞ്ഞതെന്ന് ഓർക്കുന്നു ഗോൾചിൻ. പിന്നീട് രാജ്യത്തെ ആദ്യ ഐമാക്‌സ് അടക്കം 21 സ്‌ക്രീനുകൾ സെറ്റ് ചെയ്തു.

2012 ൽ റാമിയയും ഗോൾച്ചിനും രണ്ടാവാൻ തീരുമാനിച്ചു. ഗ്രാൻഡ് സിനിമാസിനെ ഖത്തർ മീഡിയ സർവീസസിന് വിറ്റു. പിന്നീട് സിനിമാ വിതരണത്തിലും പ്രൊഡക്ഷനിലും മാത്രമായി ശ്രദ്ധ. 2008 ൽ ഡാനി ബോയിലിന്റ സ്ലം ഡോഗ് മില്ല്യനയർ ആദ്യം കണ്ടത് ഗോൾചിൻ ഇപ്പോഴും ഓർക്കുന്നു. ഷാരൂഖ്, ഖാനോ, സൽമാൻ ഖാനോ ആമിർ ഖാനോ ഇല്ല. അനിൽ കപൂറിനെ കാണാൻ ആരുവരും? എന്നാൽ, പദ്ധതിയുടെ ഭാഗമായി സിനിമ കണ്ടപ്പോൾ അന്തം വിട്ടുപോയി. തങ്ങളുടെ തിയേറ്ററുകളിൽ നിന്ന് മറ്റ് എല്ലാ സിനിമകളും മാറ്റാനും, സ്ലം ഡോഗ് മില്യനയർ കാണിക്കാനും തീരുമാനിച്ചപ്പോൾ തന്റെ പങ്കാളി പോലും കരുതി തനിക്ക് ഭ്രാന്താണാന്ന്. എന്നാൽ, തന്റെ തീരുമാനം ശരിയായിരുന്നുവെന്ന് പിന്നീട് തെളിഞ്ഞു.

80 പിന്നിട്ട ഗോൾചിൻ റിട്ടയർ ചെയ്യാനുള്ള മൂഡിലാണെന്ന് കരുതരുത്. സ്ഥിരോത്സാഹിയാണ് ഈ മനുഷ്യൻ. ഇത്രയും നാൾ നേടിയതിൽ അഭിമാനമുണ്ട്. എന്നാൽ, ഇനിയും കൂടുതലായി എന്തൊക്കെയോ ചെയ്യാൻ ബാക്കി. ഇപ്പോഴും താൻ ചെറുപ്പമാണെന്നും സ്വ്പ്നങ്ങൾ പലതും യാഥാർഥ്യമാക്കാൻ ഉണ്ടെന്നും പറയും ഗോൾചിൻ.

കടപ്പാട്: ഗൾഫ് ന്യൂസ് 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP