Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഇന്ധനം പൂഴ്‌ത്തിവച്ച് വ്യാജക്ഷാമം സൃഷ്ടിക്കാൻ നയാറ എനർജി ലിമിറ്റഡ് കമ്പനി ശ്രമിക്കുന്നുവെന്ന് നയാറ പെട്രോൾ ഡീലേഴ്‌സ് അസോസിയേഷൻ; ലക്ഷ്യം അധിക ലാഭമുണ്ടാക്കലെന്നും ആരോപണം; പ്രതികരിക്കാൻ വിസമ്മതിച്ച് മാനേജ്‌മെന്റ് പ്രതിനിധി; ഇന്ധനം പൂഴ്‌ത്തിവയ്ക്കൽ വിവാദം ഇങ്ങനെ

ഇന്ധനം പൂഴ്‌ത്തിവച്ച് വ്യാജക്ഷാമം സൃഷ്ടിക്കാൻ നയാറ എനർജി ലിമിറ്റഡ് കമ്പനി ശ്രമിക്കുന്നുവെന്ന് നയാറ പെട്രോൾ ഡീലേഴ്‌സ് അസോസിയേഷൻ; ലക്ഷ്യം അധിക ലാഭമുണ്ടാക്കലെന്നും ആരോപണം; പ്രതികരിക്കാൻ വിസമ്മതിച്ച് മാനേജ്‌മെന്റ് പ്രതിനിധി; ഇന്ധനം പൂഴ്‌ത്തിവയ്ക്കൽ വിവാദം ഇങ്ങനെ

എം എസ് സനിൽ കുമാർ

തിരുവനന്തപുരം : നയാറ എനർജി ലിമിറ്റഡ് എന്ന ഇന്ധന കമ്പനി പെട്രോൾ ഡീസൽ വില വർധനവിന്റെ മറവിൽ ഡീലർമാർക്ക് നൽകാതെ ഇന്ധനം പൂഴ്‌ത്തി വെയ്ക്കുന്നതായി പരാതി. കമ്പനിക്ക് കേരളത്തിൽ 160 ഔട്ട്ലെറ്റുകളുണ്ട്. ദിനംപ്രതി ഏകദേശം 1200 കിലോലിറ്റർ ഇന്ധനമാണ് (പെട്രോൾ &ഡീസൽ) ഔട്ട്ലെറ്റുകൾക്ക് നൽകിക്കൊണ്ടിരുന്നത്. എന്നാൽ ഇപ്പോൾ ദിവസവും എണ്ണ വില വർദ്ധിപ്പിക്കുന്നത് കാരണം കൊച്ചിയിലെ കമ്പനിയുടെ എണ്ണ സംഭരണശാലയിൽ മതിയായ ഇന്ധനം ഉണ്ടായിട്ടും അത് പൂഴ്‌ത്തിവെച്ചു കൊണ്ട് ദിനംപ്രതിയുള്ള ഇന്ധന വിതരണം 350 കിലോലിറ്ററായി വെട്ടിക്കുറച്ചതായാണ് ആരോപണം.

ഇന്ധനവില വർദ്ധനവ് കമ്പനിക്ക് ലാഭം ആക്കി മാറ്റുവാൻ വേണ്ടിയാണ് ഈ പൂഴ്‌ത്തിവയ്‌പ്പ് നടത്തിക്കൊണ്ടിരിക്കുന്നത്. ഇത് കാരണം നയാറ എനർജി ലിമിറ്റഡ് കമ്പനിയുടെ ഫ്രാഞ്ചൈസികളിൽ ഇന്ധന വിതരണം തടസ്സപ്പെട്ടിരിക്കുകയാണ് . ഇതുമൂലം ജനങ്ങൾക്ക് വലിയതോതിൽ ബുദ്ധിമുട്ട് അനുഭവപ്പെടുന്നതായി ഉപഭോക്താവായ ആരോമലുണ്ണി കേന്ദ്ര പെട്രോളിയം മന്ത്രിക്ക് നൽകിയ പരാതിയിൽ ചൂണ്ടിക്കാട്ടുന്നു. പൂഴ്‌ത്തിവെയിപ്പിലൂടെ കൊള്ളലാഭം ഉണ്ടാക്കാനുള്ള കമ്പനിയുടെ ഈ നീക്കത്തിനെതിരെ ശക്തമായ നിയമ നടപടികൾ സ്വീകരിക്കണമെമെന്നും പരാതിയിൽ പറയുന്നു.

ഇന്ധനം പൂഴ്‌ത്തിവച്ച് വ്യാജക്ഷാമം സൃഷ്ടിക്കാൻ നയാറ എനർജി ലിമിറ്റഡ് കമ്പനി ശ്രമിക്കുന്നുവെന്ന് നയാറ പെട്രോൾ ഡീലേഴ്‌സ് അസോസിയേഷനും ആരോപിക്കുന്നുണ്ട്. പൊതുവിപണിയിലെക്കാൾ കൂടിയ വിലയ്ക്ക് പെട്രോളും ഡീസലും വിൽക്കാൻ കമ്പനി പമ്പ് ഉടമകളെ നിർബന്ധിച്ചു. ഇതിൽ പ്രതിഷേധിച്ചപ്പോൾ വിതരണം നിർത്തിവയ്ക്കുകയാണ് ഉണ്ടായത്. ഇതുമൂലം സംസ്ഥാനത്തെ 160 നയാറ പമ്പുകളുടെയും പ്രവർത്തനം നിലച്ചിരിക്കുകയാണെന്ന് അസോസിയേഷൻ പ്രസിഡന്റ് ജോസ് കാട്ടൂക്കാരൻ പറഞ്ഞു.

ആറുദിവസമായി പെട്രോളിന് 1.25 രൂപയും ഡീസലിന് ഒരുരൂപയും കൂട്ടിവിൽക്കാനാണ് കമ്പനി ആവശ്യപ്പെട്ടത്. വില കൂടുതലാകുമ്പോൾ ഉപയോക്താക്കൾ ഇന്ധനം വാങ്ങാതാകും. ഡിപ്പോകളിലുള്ള ഇന്ധനം പിടിച്ചുവച്ച് വില കൂടുമ്പോൾ കൂടുതൽ ലാഭമുണ്ടാക്കാനുള്ള നീക്കമാണ് ഇതിനുപിന്നിലെന്ന് അസോസിയേഷൻ ആരോപിച്ചു. അത് നടക്കാതെ വന്നപ്പോൾ ഇന്ധനം സ്റ്റോക്കില്ലെന്നു പറഞ്ഞ് വിതരണം നിർത്തിവച്ചിരിക്കുകയാണ്.

ഏപ്രിൽ പതിനഞ്ചാകുമ്പോഴേക്കും പെട്രോളിനും ഡീസലിനും 15 രൂപയോളം വർധിക്കുമെന്നാണ് കണക്കാക്കുന്നത്. പൂഴ്‌ത്തിവച്ച ഇന്ധനം 15നുശേഷം പമ്പുകളിൽ എത്തിക്കുമ്പോൾ കമ്പനിക്ക് 1575 കോടി രൂപയിലധികം ലാഭമുണ്ടാക്കാനാകും. ഓരോ പമ്പും മാസംതോറും വിൽക്കേണ്ട കുറഞ്ഞ അളവ് കരാർ ചെയ്തിട്ടുണ്ട്. അതിൽ കുറവുവന്നാൽ ആയിരം ലിറ്ററിന് 400 മുതൽ 450 രൂപവരെ കമ്പനി പിടിക്കും. ഇപ്പോൾ ഇന്ധനം ലഭിക്കാത്തതിനാൽ ഈ ടാർജറ്റ് കൈവരിക്കാൻ ഡീലർമാർക്ക് കഴിയുന്നില്ല. അപ്പോൾ ആ വഴിയും ഭീമമായ തുക ഡീലർമാരിൽ നിന്നും കമ്പനിക്ക് പിഴിഞ്ഞെടുക്കാനാകും.

ഇന്ധനം കിട്ടാത്തതിനാൽ പമ്പുജീവനക്കാർക്ക് വേതനം നൽകാനും ബാങ്ക് വായ്പകൾ തിരിച്ചടയ്ക്കാനും കഴിയുന്നില്ല.കോടികൾ വായ്പ എടുത്താണ് പലരും നയാറയുടെ ഡീലർഷിപ് എടുത്തു പമ്പ് തുടങ്ങിയിരിക്കുന്നത്. ഇവരൊക്കെ ഇപ്പോൾ ഇന്ധനം കിട്ടാത്തത് കാരണം വൻ പ്രതിസന്ധിയിലാണ്.വില്ലിങ്ടൺ ഐലൻഡിലെ കമ്പനിയുടെ ഡിപ്പോയിൽ ഇന്ധനം പൂഴ്‌ത്തിവച്ച് വ്യാജക്ഷാമം സൃഷ്ടിക്കുകയാണ്. ഇതിനെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടു ജില്ലാ കലക്ടർക്ക് അസോസിയേഷൻ നിവേദനം നൽകിയതായി ഭാരവാഹികൾ മറുനാടനോട് പറഞ്ഞു. അനുകൂലതീരുമാനം ഉണ്ടായില്ലെങ്കിൽ ഹൈക്കോടതിയെ സമീപിക്കുമെന്നും അസോസിയേഷൻ ഭാരവാഹികൾ വ്യക്തമാക്കി.

റോസ്‌നെഫ്റ്റ് എന്ന റഷ്യൻ കമ്പനിയുടെ ഉടമസ്ഥതയിൽ ഉള്ള ഇന്ത്യൻ കമ്പനിയാണ് നയാറ. കൊച്ചി വില്ലിങ്ടൻ ഐലന്റിലാണ് കമ്പനിയുടെ ഇന്ധന സംഭരണ കേന്ദ്രം. ഇവിടെ വൻ തോതിൽ ഇന്ധനം പൂഴ്‌ത്തിവെച്ചിരിക്കുന്നതായാണ് ഇപ്പോൾ ആരോപണം ഉയർന്നിരിക്കുന്നത്. സംഭരണ കേന്ദ്രത്തിന് മുന്നിൽ ഓരോദിവസവും നിലവിലുള്ള സ്റ്റോക്ക് സംബന്ധിച്ച വിവരം പ്രദർശിപ്പിക്കണമെന്ന് പെട്രോളിയം നിയമത്തിൽ വ്യക്തമാക്കുന്നുണ്ട്. എന്നാൽ നയാറയുടെ സംഭരണ കേന്ദ്രത്തിൽ ഇത്തരത്തിൽ ബോർഡ് വെച്ചിട്ടില്ലെന്നും കമ്പനി നിയമം ലംഘിക്കുകയാണെന്നും ഡീലർമാർ പറയുന്നു.

അതേസമയം ഈ സമയത്ത് മാധ്യമങ്ങളുമായി വിവരങ്ങൾ പങ്ക് വെയ്ക്കാൻ ആവില്ലെന്ന നിലപാടാണ് നയാറ കമ്പനിയുടേത് മാധ്യമങ്ങളോട് സംസാരിക്കാൻ കഴിയില്ലെന്ന് നയാറ ഡിവിഷണൽ മാനേജർ മറുനാടൻ മലയാളിയോട് പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP