Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

വൃദ്ധരെ പാർപ്പിക്കാൻ പുതിയ കേന്ദ്രങ്ങൾ; സംസ്ഥാനത്ത് വർദ്ധിച്ചു വരുന്ന വയോജനങ്ങളെ ലക്ഷ്യമാക്കി ആധുനിക പെയ്ഡ് ഓൾഡ് ഏജ് ഹോമുകളുടെ എണ്ണം പെരുകുന്നു; 2025 ആവുമ്പോഴേക്കും ജനസംഖ്യയുടെ 23 ശതമാനം നരച്ചവരായിരിക്കുമെന്ന കണക്കുകൂട്ടലിൽ പുതിയ കച്ചവട സാധ്യത സജീവമാകുമ്പോൾ

വൃദ്ധരെ പാർപ്പിക്കാൻ പുതിയ കേന്ദ്രങ്ങൾ; സംസ്ഥാനത്ത് വർദ്ധിച്ചു വരുന്ന  വയോജനങ്ങളെ ലക്ഷ്യമാക്കി ആധുനിക പെയ്ഡ് ഓൾഡ് ഏജ് ഹോമുകളുടെ എണ്ണം പെരുകുന്നു; 2025 ആവുമ്പോഴേക്കും ജനസംഖ്യയുടെ 23 ശതമാനം നരച്ചവരായിരിക്കുമെന്ന കണക്കുകൂട്ടലിൽ പുതിയ കച്ചവട സാധ്യത സജീവമാകുമ്പോൾ

എം എസ് സനിൽകുമാർ

തിരുവനന്തപുരം : കേരളത്തിലിപ്പോൾ തഴച്ചുവളരുന്ന കച്ചവടങ്ങളിലൊന്നാണ് ആധുനിക വയോജന മന്ദിര നിർമ്മാണങ്ങളും അവയുടെ നടത്തിപ്പും. പഠനത്തിനും ജോലി തേടിയും ഒക്കെ മക്കൾ വിദേശത്തേക്ക് ചേക്കേറുമ്പോൾ ഒറ്റപ്പെട്ടു പോവുന്ന മാതാപിതാക്കളുടെ ജീവിതം പിന്നെ ഇത്തരം ഇടങ്ങളിലാണവസാനിക്കുന്നത്- ഇതിന് ആരെയും കുറ്റപ്പെടുത്തിയിട്ട് കാര്യമില്ല. സാഹചര്യങ്ങളുടെ സമ്മർദ്ദങ്ങളാണ് ഇത്തരം പുതിയ സാധ്യതകളുടെ മേച്ചിൽ പുറങ്ങൾ തുറന്നിടുന്നത് - ആധുനിക സൗകര്യങ്ങളോട് കൂടിയ പുത്തൻ വയോജന ആവാസ കേന്ദ്രങ്ങൾ പുതിയ സംസ്‌കാരത്തിന്റേയും നിക്ഷേപ സാധ്യതകളുടേയും വാതായനങ്ങളാണ് തുറക്കുന്നത്. വൻകിട നിർമ്മാണ കമ്പനികളും വ്യവസായികളും ഈ രംഗത്തേക്ക് കടന്നിട്ടുണ്ട്.

സംസ്ഥാനത്തെ ജനസംഖ്യയുടെ 19 ശതമാനം 60 വയസിന് മുകളിൽ പ്രായമുള്ളവരാണ്. അതായത് കേരളത്തിന്റെ ജനസംഖ്യയുടെ 19 % നരച്ചവരാണെന്ന് ചുരുക്കം. ഇന്ത്യയിലെ മറ്റൊരു സംസ്ഥാനത്തും കാണാത്ത പ്രത്യേക പ്രവണതയാണിത്. 2025 ആവുമ്പോഴേക്കും വൃദ്ധരുടെ എണ്ണം 23 ശതമാനമാവുമെന്നാണ് കരുതുന്നത്. നോക്കാനും കാണാനും ആരുമില്ലാതാവുമ്പോൾ ഇത്തരം കേന്ദ്രങ്ങളെ ആശ്രയിക്കാതെ തരമില്ലെന്നാവുന്നു - മിക്കവരും സമൃദ്ധിയുടെ നടുവിലെ ദാരിദ്ര്യം അനുഭവിക്കുന്നവരുമാണ് -

വൃദ്ധസദനങ്ങളുടെ എണ്ണം പെരുകുന്നത് അഭ്യസ്ത്യസമൂഹത്തിന്റെ ആതുരാവസ്ഥയുടെ അടയാളമായിത്തന്നെ വേണം കാണാൻ. മാതാപിതാക്കളെ അവരുടെ വാർദ്ധക്യത്തിൽ ഉപേ ക്ഷിക്കുന്ന സമൂഹം രോഗാതുരമായ സാമൂഹ്യവ്യവസ്ഥയുടെ പരിഛേദം തന്നെയാണെ ന്നൊക്കെ നീട്ടിപ്പറയാമെങ്കിലും വാസ്തവം അതിനപ്പുറത്താണ്. രാജ്യത്ത് വർദ്ധിച്ചു വരുന്ന തൊഴിലില്ലായ്മയും, വ്യവസായ മുരടിപ്പും, ജാതിരാഷ്ട്രീയവുമൊക്കെ ചെറുപ്പക്കാരെ വീടും കൂട്ടും ഉപേക്ഷിച്ച് നാട് വിടാൻ പ്രേരിപ്പിക്കുന്നു.

സംസ്ഥാനത്തെ വൃദ്ധസദനങ്ങളിലെ താമസക്കാരുടെ എണ്ണത്തിൽ കഴിഞ്ഞ അഞ്ച് വർഷത്തിനിടയിൽ 10,000 പേരുടെ വർദ്ധനവുണ്ടായെന്നാണ് സാമൂഹിക നീതി ഡയറക്ടറേറ്റിന്റെ കണക്കുകൾ കാണിക്കുന്നത്. 2016-17 കാലഘട്ടത്തിൽ അന്തേവാസികളുടെ എണ്ണം 19,149 ആയിരുന്നെങ്കിൽ 2020-21 കാലത്തെത്തുമ്പോൾ അത് 28,788 ആയി വർദ്ധിച്ചു. 2021- 22 കാലത്തെ കണക്കിനിയും ലഭിച്ചിട്ടില്ല - 30000 കടന്ന് കഴിഞ്ഞ് കാണുമെന്നാണ് വിലയിരുത്തൽ.

സാമൂഹ്യനീതി വകുപ്പിന്റെ കണക്കുകൾ പ്രകാരം ആറേഴ് വർഷത്തിനിടയിൽ വൃദ്ധ സദനങ്ങളിലെ അന്തേവാസികളുടെ എണ്ണത്തിലുണ്ടായ ക്രമാനുഗതമായ വർദ്ധനവ് കാണുക.
2015-16---17,499
2016-17---19,149
2017-18---27,272
2018-19---28,029

കേരളത്തിൽ സർക്കാർ നേരിട്ട് നടത്തുന്ന 16 വൃദ്ധസദനങ്ങളാണുള്ളത്. സർക്കാർ സഹായത്തോടെ പ്രവർത്തിക്കുന്നവയുടെ എണ്ണം 82 ആണ്. ഭൂരിഭാഗം വയോജന കേന്ദ്രങ്ങളും സ്വകാര്യ മേഖലയിലാണ്. അതിൽതന്നെ ഭൂരിഭാഗവും കത്തോലിക്കാ സഭയുടെ മേൽനോട്ടത്തിലും. വളരെ കുറച്ചു മാത്രം സ്വകാര്യവ്യക്തികളോ സന്നദ്ധ സംഘടനകളോ നടത്തുന്നവയാണ്. ഓർഫനേജ് കൺട്രോൾ ബോർഡിനു കീഴിൽ രജിസ്റ്റർ ചെയ്ത് പ്രവർത്തിക്കുന്ന 623 വൃദ്ധമന്ദിരങ്ങളും 28750 അന്തേവാസികളുമുണ്ട്. 2015 ൽ 502 ഓൾഡ് ഏജ് ഹോമുകളും 14642 അന്തേവാസികളുമുണ്ടായിരുന്നതിലാണ് 125 ലധികം സ്ഥാപനങ്ങളുടെ വർദ്ധനവുണ്ടായത്. ഇവയിൽ 27 എണ്ണം പണം വാങ്ങി പരിപാലിക്കുന്ന സ്വകാര്യ സ്ഥാപനങ്ങളാണ്. ആശുപത്രികളോട് ചേർന്ന് പോലും ഇപ്പോൾ വൃദ്ധസദനങ്ങൾ നടത്തുന്നുണ്ട്. പത്തനംതിട്ട ജില്ലയിലെ കുമ്പനാട്ടിൽ മാർത്തോമ്മ സഭയുടെ കീഴിലുള്ള ഫെല്ലോഷിപ്പ് മിഷൻ ആശുപത്രിയുടെ വളപ്പിൽ വൃദ്ധ മാതാപിതാക്കളെ പരിചരിക്കുന്ന ആധുനിക സ്ഥാപനം പ്രവർത്തിക്കുന്നുണ്ട്.ഇത്തരത്തിലുള്ള സംസ്ഥാന ത്തെ ആദ്യത്തെ പെയ്ഡ് വയോജന മന്ദിരങ്ങളി ലൊന്നാണിത്.

ഇന്ത്യയിലെ മറ്റൊരു സംസ്ഥാനത്തും അധികമായി കാണാത്ത പുതിയൊരു കച്ചവട പ്രവണതയും ഇവിടെ വളർന്നു വരുന്നുണ്ട്. വിദേശ രാജ്യങ്ങളിലേ പ്പോലെ പണം കൊടുത്ത് പരിചരിക്കുന്ന 27 വൃദ്ധ സദനങ്ങൾ ഇപ്പോൾ കേരളത്തിൽ പ്രവർത്തിക്കുന്നുണ്ട്. ആധുനിക സൗകര്യങ്ങളോടെ പ്രവർത്തിക്കുന്ന ഇത്തരം ഓൾഡ് ഏജ് ഹോമുകളിൽ ശിഷ്ടകാലം താമസിക്കുന്നതിന് കൃത്യമായ പണം നൽകണം. പെയ്ഡ് ഓൾഡ് ഏജ് ഹോം എന്നറിയപ്പെടുന്ന ഇത്തരം മന്ദിരങ്ങളുടെ നിർമ്മാണവും നടത്തിപ്പും സ്വകാര്യ വ്യക്തികളും നിർമ്മാണ കമ്പിനികളുമാണ്. ഒറ്റയ്ക്ക് നഗരങ്ങളിലും ഗ്രാമങ്ങളിലും താമസിക്കുന്ന മാതാപിതാക്കൾക്ക് ഇത്തരം വീടുകൾ സുരക്ഷിതവും സൗകര്യപ്രദവുമാണ് - 2019- 2 1 കാലത്ത് മാത്രം 10 പുതിയ 'പെയ്ഡ് ഹോമുകൾ, പ്രവർത്തിച്ചു തുടങ്ങിയിട്ടുണ്ട്. ഇത്തരം വീടുകൾ കൂടുതലായി പ്രവർത്തിക്കുന്നത് എറണാകുളം, തൃശൂർ എന്നീ നഗരങ്ങളുടെ പ്രാന്ത പ്രദേശങ്ങളിലാണ്. സെക്യൂരിറ്റി തുകയ്ക് പുറമേ പ്രതിമാസ ചെലവുകൾക്കുള്ള തുകയും അന്തേവാസികളിൽ നിന്ന് ഈടാക്കും. അവർക്കാവശ്യമായ എല്ലാ സൗകര്യങ്ങളും ഇവിടെ ലഭ്യമാക്കുന്നുണ്ടെന്നാണ് നടത്തിപ്പുകാർ അവകാശപ്പെടുന്നത്. സെക്യൂരിറ്റിയായി 3 ലക്ഷവും പ്രതിമാസ ചെലവുകൾക്കായി 20000 മുതൽ 30000 വരെയും ഈടാക്കുന്ന പെയ്ഡ് ഹോമുകളുമുണ്ട്. സൗകര്യങ്ങളുടെ അടിസ്ഥാനത്തിൽ ഓൾഡ് ഏജ് കൺട്രോൾ ബോർഡ് ഗ്രേഡിങ് ഏർപ്പെടുത്തിയിട്ടുണ്ട്. സ്വകാര്യ മേഖലയിൽ ഇത്തരം പെയ്ഡ് ഹോമുകൾ പ്രവർത്തിക്കുന്നതിന് സർക്കാർ നിയന്ത്രങ്ങളും മേൽ നോട്ടങ്ങളുമുണ്ടെന്നാണ് സാമൂഹ്യ സുരക്ഷാ വകുപ്പിന്റെ അവകാശ വാദം - എന്നാൽ വൃദ്ധസദനങ്ങളുടെ നടത്തിപ്പിൽ കൃത്യമായ മാനദണ്ഡങ്ങളോ നടപടി ക്രമങ്ങളോ, സർക്കാർ മേൽനോട്ടങ്ങളോ ഇല്ലാത്തതു കൊണ്ട് ഈ മേഖലയിൽ വ്യാപക തട്ടിപ്പും നിയമ വിരുദ്ധ പ്രവർത്തനങ്ങളും നടക്കുന്നുണ്ട്. 10- 15 വർഷങ്ങൾക്ക് മുമ്പ് ഓർത്തഡോക്‌സ് സഭയുടെ കൊച്ചി ഭദ്രാസനത്തിന്റെ ആഭിമുഖ്യത്തിൽ രൂപം കൊടുത്ത മുളന്തുരുത്തിക്കടുത്ത് ഓർത്തഡോക്‌സ് ഹോം എന്ന പദ്ധതി തുടക്കത്തിൽ തന്നെ കോടികളുടെ വെട്ടിപ്പു നടത്തി അവസാനിപ്പിച്ച സംരഭമായിരുന്നു. റിട്ടയർമെന്റ് ജീവിതം അടിപൊളിയാക്കാമെന്ന വാഗ്ദാനത്തിലാണ് ഇത്തരമൊരു സംരഭത്തിന് പലരും വൻ തുകകൾ കൊടുത്തത്. നടത്തിപ്പുകാരും നിർമ്മാണ കമ്പിനിയും ചേർന്ന് ഉപഭോക്താക്കളെ തുടക്കത്തിൽ ത്തന്നെ പറ്റിച്ചു. ഒടുവിൽ സഭ ഈ പദ്ധതി തന്നെ ഉപേക്ഷിച്ചു.

ഒരു കാലത്ത് കേരളത്തിലെ ക്രൈസ്തവ സഭകൾ അനാഥരാവുന്ന വൃദ്ധജനങ്ങളുടെ പരിപാലനത്തിനായി ധാരാളം സ്ഥാപനങ്ങൾ തുടങ്ങുകയും അവ തരക്കേടില്ലാത്ത വിധത്തിൽ നടത്തിക്കൊണ്ടുമിരുന്നു. ഇതിന്റെ നടത്തിപ്പിനായി വിദേശങ്ങളിൽ നിന്ന് സഹായങ്ങളും ലഭിച്ചിരുന്നു. 2014 ൽ ബിജെപി അധികാരത്തിൽ വന്നശേഷം ഒട്ടേറെ ക്രൈസ്തവ സന്നദ്ധ സംഘടനകളുടെ വിദേശ സഹായങ്ങൾ നിർത്തലാക്കി - തദ്ദേശിയമായ സാമ്പത്തികത്തിലാണ് ഇപ്പോൾ ഇത്തരം സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നത്.

ആത്മീയതയും സന്നദ്ധ സേവനങ്ങളും പിന്നണിയിലേക്ക് മാറ്റി സഭകൾ കമ്പോള സംസ്‌കാരത്തിലേക്ക് തിരിഞ്ഞതോടെ കൂടുതൽ സൗജന്യ സേവന കേന്ദ്രങ്ങളുടെ നടത്തിപ്പിൽ നിന്ന് പിൻവാങ്ങി എന്നതാണ് യാഥാർത്ഥ്യം. കുറച്ചു കൂടി ആദായകരമായ ആധുനിക സ്‌ക്കൂൾ, കോളജ്, ആശുപത്രികളുടെ നടത്തിപ്പിലേക്ക് സഭകൾ മാറിയതോടെയാണ് നിർമ്മാണ കമ്പനികളും വ്യക്തികളും ആധുനിക വയോജന മന്ദിര നിർമ്മാണത്തിലേക്ക് ഇറങ്ങിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP