Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

യു ഡി ഫ് നേതൃത്വത്തിനെതിരെ കാപ്പനെ ഇളക്കി വിട്ടതിന് പിന്നിൽ ചെന്നിത്തല എന്ന് ആരോപണം; പാർട്ടിയിലെ പ്രതാപം തിരിച്ചു പിടിക്കാൻ വീട്ടുപേര്‌ ദേവദത്തം എന്നാക്കി മാറ്റി മുൻ പ്രതിപക്ഷ നേതാവ്; ഉമ്മൻ ചാണ്ടിയും വിഡിയുമായി അടുക്കുന്നുവോ? രമേശ് യുദ്ധത്തിന് കോപ്പ് കൂട്ടുമ്പോൾ കോൺഗ്രസിൽ സർവ്വത്ര ആശയക്കുഴപ്പം

യു ഡി ഫ് നേതൃത്വത്തിനെതിരെ കാപ്പനെ ഇളക്കി വിട്ടതിന് പിന്നിൽ ചെന്നിത്തല എന്ന് ആരോപണം; പാർട്ടിയിലെ പ്രതാപം തിരിച്ചു പിടിക്കാൻ വീട്ടുപേര്‌ ദേവദത്തം എന്നാക്കി മാറ്റി മുൻ പ്രതിപക്ഷ നേതാവ്; ഉമ്മൻ ചാണ്ടിയും വിഡിയുമായി അടുക്കുന്നുവോ? രമേശ് യുദ്ധത്തിന് കോപ്പ് കൂട്ടുമ്പോൾ കോൺഗ്രസിൽ സർവ്വത്ര ആശയക്കുഴപ്പം

എം എസ് സനിൽകുമാർ

തിരുവനന്തപുരം : ഒരു ഗതിയും പരഗതിയുമില്ലാതെ നിലം പറ്റി മണ്ണു തിന്ന് കിടക്കുമ്പോഴും ഗ്രൂപ്പ് കളിച്ച് പാർട്ടിയെ ഇല്ലാതാക്കുന്ന തുരപ്പൻന്മാരാണ് കേരളത്തിലെ കോൺഗ്രസുകാർ .അതായത് സ്വന്തം കുട്ടിൽ വിസർജിക്കുന്നവരാണി ക്കൂട്ടർ. ഗ്രൂപ്പ് കളിയുടെ സാധ്യതകൾ മങ്ങിത്തുടങ്ങിയപ്പോൾ പ്രതിപക്ഷ നേതാവിനെ തിരെ യു ഡി എഫിലെ ചെറു കക്ഷികളെ കുത്തിയിളക്കി വിടുന്ന പണിയും തുടങ്ങിക്കഴിഞ്ഞു.

ഇക്കഴിഞ്ഞ ദിവസം പാലാ എം എൽ എ മാണി സി കാപ്പനാണ് യു ഡി എഫ് നേതൃത്വത്തിനെതിരെ വെടി പൊട്ടിച്ചത്. തന്നെ മുന്നണി പരിപാടികൾ അറിയിക്കാറില്ലെന്നും തഴയുകയാണെന്നുമൊക്കെ യുള്ള പരിഭവം കാപ്പൻ പരസ്യമായി പങ്ക് വെച്ചത് - പ്രതിപക്ഷ നേതാവ് സതീശൻ ഉടൻ തന്നെ കാപ്പന് മറുപടിയും കൊടുത്തു - ഇത്തരമൊരു പരാതി തന്നോടിതു വരെ കാപ്പൻ പറഞ്ഞിട്ടില്ലെന്നായിരുന്നു പ്രതിപക്ഷ നേതാവിന്റെ പ്രതികരണം. കാപ്പനെ കുത്തിയിളക്കി വിട്ടതിന് പിന്നിൽ മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണെന്ന് കോൺഗ്രസുകാർ അടക്കം പറയുന്നുണ്ട്. എൻസിപി പിളർത്തി കാപ്പനെ മുന്നണിയിലേക്ക് കൊണ്ട് വന്നതിൽ മുഖ്യപങ്ക് വഹിച്ചത് ചെന്നിത്തലയായിരുന്നു. മുന്നണിക്കുള്ളിൽ ചെന്നിത്തലയെ ഒതുക്കി നിർത്തിയിരിക്കുന്നതിന്റെ പരിഭവവും കാപ്പൻ പറയാതെ പറയുകയും ചെയ്തിരുന്നു.

ഒരേ സമയം എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലിനേയും വി ഡി. സതീശനേയും വെട്ടിനിരത്താനുള്ള ദ്വിമുഖ തന്ത്രമാണ് ചെന്നിത്തല പയറ്റുന്നത്. ഇടക്കാലത്ത് ഉമ്മൻ ചാണ്ടി ഗ്രൂപ്പുമായി ചെന്നിത്തല ചേർന്ന് പ്രവർത്തിച്ചിരുന്നെങ്കിലും എം. ലിജുവിനെ രാജ്യസഭാ സ്ഥാനാർത്ഥിയാക്കാൻ ചെന്നിത്തല ചില കള്ളക്കളികൾ കളിച്ചത് ഉമ്മൻ ചാണ്ടിയെ ചൊടിപ്പിച്ചു. അതോടെ ചെന്നിത്തലയുമായുള്ള ബന്ധം ഉപേക്ഷിക്കു ന്നതായി എ ഗ്രൂപ്പ് മലയാള മനോരമ യിൽ വാർത്തയും കൊടുത്തു. തൽക്കാല ത്തേക്ക് ഒറ്റപ്പെട്ട് പോയ ചെന്നിത്തല മാണി കാപ്പനെക്കൊണ്ട് യുഡി എഫ് നേതൃത്വത്തിനെതിരെ അലമ്പുണ്ടാക്കുന്നതിൽ വിജയിച്ചു. പക്ഷേ, കോൺഗ്രസ് കൂടാരത്തിൽ നിന്ന് ആരും തനിക്കൊപ്പം വരാത്തതിൽ ചെന്നിത്തല അതിവ ഖിന്നനും പീഡിതനുമാണ്. ജോസഫ് വാഴയ്ക്കനും ജ്യോതികുമാർ ചാമക്കാലയും മാത്രമാണ് ചെന്നിത്തല ക്യാമ്പിലുള്ളത്. എം എൽ എ മാരുടേയോ എം പി മാരുടേയോ പിന്തുണ ഇല്ലാത്തതും ചെന്നിത്തല ക്യാമ്പിന് വലിയ ക്ഷീണമാണ്. സർവ്വോപരി ഹൈക്കമാണ്ടിലെ പിടി അയഞ്ഞതും തിരിച്ചടിക്ക് കാരണമായി.

പൊതു മണ്ഡലത്തിലും പാർട്ടി പരിപാടികളിലും നിറഞ്ഞു നിൽക്കാൻ പല നമ്പരും ചെന്നിത്തല പയറ്റുന്നുണ്ടെങ്കിലും ഒന്നും കാര്യമായി ക്ലച്ച് പിടിക്കുന്നില്ല - ഏറ്റവും ഒടുവിൽ ചെങ്ങന്നൂരിൽ ഒന്ന് രണ്ട് വേണ്ടപ്പെട്ട ശിങ്കിടികളുമായി പോയി കെ - റെയിലിന്റെ കുറ്റിപിഴുത് മാറ്റിയെങ്കിലും അതേ കുറ്റി മന്ത്രി സജി ചെറിയാൻ പുനഃ സ്ഥാപിച്ചതും തിരിച്ചടിയായി.

മുൻ കാല ഐ ഗ്രൂപ്പുകാരെ തിരിച്ചു കൊണ്ടുവരാൻ ചെന്നിത്തല ശ്രമിക്കുന്നുണ്ടെങ്കിലും ആരും അടുക്കാൻ തയ്യാറാവുന്നില്ല. കോൺഗ്രസുകാരുടെ ഭാഷയിൽ പറഞ്ഞാൽ ഒരു തരം ' ട്രസ്റ്റ് ഡെഫിസിറ്റ് ' അഥവാ വിശ്വാസ തകർച്ച ചെന്നിത്തല നേരിടുന്നുണ്ട്. കഴിഞ്ഞ തിരഞ്ഞെടുപ്പ് കാലത്ത് ഒരു പാട് പേർക്ക് ഇദ്ദേഹം സീറ്റ് ഓഫർ ചെയ്‌തെങ്കിലും മിക്കവരേയും പറഞ്ഞു പറ്റിച്ചു എന്നാക്ഷേപം നേരിടുന്നുണ്ട്. പഴയ ഐ ഗ്രൂപ്പ് നേതാക്കളായ പന്തളം സുധാകരൻ, ശുര നാട് രാജശേഖരൻ, വി എസ് ശിവകുമാർ തുടങ്ങിയവർ ഐ ഗ്രൂപ്പ് ഉപേക്ഷിച്ച് പോയതും കനത്ത തിരിച്ചടിയായി.

ഇതിനിടെ സാമൂഹ്യ മാധ്യമങ്ങളിൽ കെസി വേണുഗോപാലിനും, സതീശനുമെതിരെ ചെന്നിത്തല നേരിട്ട് നടത്തിയ ചില ഓപ്പറേഷനുകൾ ചീറ്റിപ്പോയതും അവയുടെ ഓഡിയോ ക്ലിപ്പുകൾ വൈറലായും കനത്ത ക്ഷീണമായി. കെ.സി ക്യാമ്പിൽ നിന്ന് ചെന്നിത്തലയെ ആക്ഷേപിക്കുന്ന ട്രോളുകളും പത്രവാർത്തകളും മുറയ്ക്ക് വരുന്നുണ്ട്. ഇതിന് തിരിച്ചടി കൊടുക്കാൻ ചെന്നിത്തല നേരിട്ട് ട്രോളറന്മാരെയും വ്യാജ പ്രൊഫൈലുകളും ഇറക്കിയിട്ടുണ്ട് ന്ന് മറുപക്ഷം ആരോപിക്കുന്നുണ്ട്- കെ.സി കോവാലൻ എന്നൊരു ഫെയ്‌സ് ബുക്ക് പേജിന് പിന്നിൽ ചെന്നിത്തല അനുയായികളാണെന്ന് ആരോപണമുണ്ട്. ഇത് കൂടാതെ കെ സി യേയും സതീശനേയും കൂട്ടരേയും തകർക്കാൻ കുടോത്രവും ശത്രുസംഹാര പൂജയും നിത്യവും നടത്തുന്നുണ്ടെന്നാണ് മറുപക്ഷത്തിന്റെ ആക്ഷേപം. - ആകെ മൊത്തം ജഗപൊക!

ഗ്രൂപ്പടി മൂപ്പിക്കുന്നതിനും ചെന്നിത്തല നേരിട്ട് ഗ്രൂപ്പ് നേതൃത്വം ഏറ്റെടുക്കുന്നതിന്റെ ഭാഗമായി അദ്ദേഹത്തിന്റെ വഴുതക്കാട്ടുള്ള വീടിന്റെ പേര് മാറ്റിയതായി മനോരമ രണ്ട് മൂന്ന് മാസം മുമ്പ് റിപ്പോർട്ട് ചെയ്തിരുന്നു. പ്രതിപക്ഷ നേതൃസ്ഥാനം ഒഴിഞ്ഞ് വഴുതക്കാട്ടെ 'സർഗം ' എന്ന വീട്ടിലേക്കാണ് ചെന്നിത്തല മാറിയത്. ജ്യോതിഷികളുടെ നിർദ്ദേശ പ്രകാരം വീട്ട് പേര് ' ദേവ ദത്തം' എന്നാക്കി മാറ്റി. ദേവദത്തം എന്ന പേര് ചുമ്മാതൊന്നും ഇട്ടതല്ല, അത്ര നിഷ്‌കളങ്കവു മായിരുന്നില്ല.കുരുക്ഷേത്രയുദ്ധത്തിൽ പടക്കൊരുങ്ങിയ അർജുനൻ ദേവദത്തം എന്ന ശംഖാണ് മുഴക്കിയത്. ' പാഞ്ചജന്യം ഹൃഷികേശോ, ദേവദത്തം ധനഞ്ജയാ ': എന്നാണ് ഭഗവത് ഗീതയിൽ പറയുന്നത്.

അതായത് കൃഷ്ണൻ പാഞ്ചജന്യവും അർജുനൻ ദേവദത്തവും മുഴക്കിയാണ് യുദ്ധ പ്രഘോഷണം നടത്തിയത്. ചെന്നിത്തലയ്ക്ക് സാരഥി യായി ഇപ്പോ ഒരു കൃഷ്ണനായി തൽക്കാലം ഐ ഗ്രൂപ്പിൽ ആരുമില്ല. ഒറ്റയ്ക്ക് പട നയിക്കുന്ന തിന്റെ ഭാഗമായി ദേവദത്തം സ്വയം ഊതുകയാണ്. ശംഖൊലി നാദം കേട്ട് വല്ലവരും വരുമോ എന്നറിയാൻ വഴിക്കണ്ണുമായി അദ്ദേഹം കാത്തിരിക്കയാണ്.പ്രതിപക്ഷ നേതൃസ്ഥാനവും ഹൈക്കമാണ്ടിലെ പിടിയും അയഞ്ഞതോടെ മുന്നണിയിലേയും പാർട്ടി യിലേയും സ്ഥാനം തിരിച്ചുപിടിക്കാനാണീ അഭ്യാസങ്ങൾ മുഴുവൻ. ആ യുദ്ധത്തിന്റെ മുന്നണിയിലേക്ക് വരുന്നതിന്റെ ഭാഗമായാണ് ദേവ ദത്തം എന്ന പേര് തന്നെ വീടിന് നൽകിയതെന്ന് ചെന്നിത്തല ക്യാമ്പിലെ അണികൾ പറയുന്നത്.

ദേവദത്തത്തിലൂടെ മുഴങ്ങുന്ന ശബ്ദം കേട്ട് കൂടുതൽ പടയാളികൾ ഐ ഗ്രൂപ്പിലേക്ക് വരുമെന്നാണ് ചെന്നിത്തലയുടെ പ്രതീക്ഷ.തന്നിലെ പോരാട്ട വീര്യം നഷ്ടപ്പെട്ടില്ലെന്ന് സതീശനേയും കെ സി യേയും ഓർമ്മിപ്പിക്കാ നാണ് മാണി സി. കാപ്പനേപ്പോലുള്ള കാലാളിനെ ഇടക്കിടെ അലമ്പുണ്ടാക്കാൻ തള്ളി വിടുന്നത്. ഉമ്മൻ ചാണ്ടി ഗ്രൂപ്പ് ചെന്നിത്തലയെ ഉപേക്ഷിച്ചതോടെ സംഘടനാ തിരഞ്ഞെടുപ്പിനെ കുരുക്ഷേത്ര യുദ്ധമായി കരുതി പോരാടാനുള്ള ശക്തി സമാഹരിക്കാൻ കഴിയുമോ എന്ന് കണ്ടറിയണം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP