Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

വെടിക്കെട്ടിന് തുടക്കമിട്ട് ഡി കോക്കും രാഹുലും; ഏറ്റെടുത്ത് എവിൻ ലൂയിസ്; ഫിനിഷറായും തിളങ്ങി 'ബേബി' ബഡോനി; ചെന്നൈയുടെ റൺമല അനായാസം മറികടന്ന് ലഖ്നൗ; 211 റൺസ് വിജയലക്ഷ്യം പിന്നിട്ടത് മൂന്ന് പന്തുകൾ ശേഷിക്കെ; ഐപിഎല്ലിലെ 'ആദ്യ' ജയം ആറ് വിക്കറ്റിന്

വെടിക്കെട്ടിന് തുടക്കമിട്ട് ഡി കോക്കും രാഹുലും; ഏറ്റെടുത്ത് എവിൻ ലൂയിസ്; ഫിനിഷറായും തിളങ്ങി 'ബേബി' ബഡോനി; ചെന്നൈയുടെ റൺമല അനായാസം മറികടന്ന് ലഖ്നൗ; 211 റൺസ് വിജയലക്ഷ്യം പിന്നിട്ടത് മൂന്ന് പന്തുകൾ ശേഷിക്കെ; ഐപിഎല്ലിലെ 'ആദ്യ' ജയം ആറ് വിക്കറ്റിന്

സ്പോർട്സ് ഡെസ്ക്

മുംബൈ: ഇന്ത്യൻ സൂപ്പർ ലീഗിലെ ആവേശകരമായ മത്സരത്തിൽ നിലവിലെ ചാമ്പ്യന്മാരായ ചെന്നൈ സൂപ്പർ കിങ്സിനെ തകർത്ത് ആദ്യ വിജയം ചരിത്രമാക്കി ലഖ്നൗ സൂപ്പർ ജയന്റ്സ്. ആറുവിക്കറ്റിനാണ് ലഖ്നൗവിന്റെ വിജയം. കൂറ്റൻ സ്‌കോർ പിറന്ന മത്സരത്തിൽ ചെന്നൈ ഉയർത്തിയ 211 റൺസ് വിജയലക്ഷ്യം ലഖ്നൗ 19.3 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ മറികടന്നു.

ബാറ്റർമാർ നിറഞ്ഞാടിയ മത്സരത്തിൽ ഒടുവിൽ അവിസ്മരണീയ ജയമാണ് ലക്‌നൗ സ്വന്തമാക്കിയത്. ആദ്യ മത്സരത്തിൽ ഗുജറാത്തിനോട് അവർ പരാജയപ്പെട്ടിരുന്നു. അതേസമയം, ചെന്നൈയുടെ തുടർച്ചയായ രണ്ടാം തോൽവിയാണ് ഇത്. ക്യാപ്റ്റനായി രവീന്ദ്ര ജഡേജയുടെയും. ഉദ്ഘാടന മത്സരത്തിൽ കൊൽക്കത്തയോടും ചെന്നൈ പരാജയപ്പെട്ടിരുന്നു.

അവസാന ഓവറുകളിൽ അടിച്ചുതകർത്ത എവിൻ ലൂയിസും ആയുഷ് ബഡോനിയുമാണ് ലഖ്നൗവിന് മിന്നുന്ന ജയം സമ്മാനിച്ചത്. 19-ാം ഓവർ ചെയ്ത ശിവം ദൂബെയിലൂടെയാണ് മത്സരത്തിന്റെ ഗതി മാറിയത്. വിജയത്തിലേക്ക് കുതിക്കുകയായിരുന്ന ചെന്നൈ ആ ഓവറിലൂടെ പരാജയത്തിന്റെ വക്കിലെത്തി. ബാറ്റിങ്ങിലൂടെ മികച്ച പ്രകടനം പുറത്തെടുത്ത ദുബെ ഒരേ സമയം നായകനും വില്ലനുമായി മാറി.

അർധസെഞ്ചുറി നേടിയ ഡി കോക്കും നായകൻ രാഹുലും മികച്ച തുടക്കമാണ് നൽകിയത്. ഇരുവരും ആദ്യ അഞ്ചോവറിൽ തന്നെ ടീം സ്‌കോർ 50 കടത്തി. എന്നാൽ ആറാം ഓവറിലെ രണ്ടാം പന്തിൽ ഡി കോക്കിനെ പുറത്താക്കാനുള്ള സുവർണാവസരം മോയിൻ അലി പാഴാക്കി. ബ്രാവോയുടെ പന്തിൽ ലഭിച്ച ക്യാച്ചാണ് മോയിൻ അലി പാഴാക്കിയത്.

ടീം സ്‌കോർ 78-ൽ നിൽക്കേ രാഹുലിന്റെ ക്യാച്ചും ചെന്നൈ പാഴാക്കി. തുഷാർ ദേശ്പാണ്ഡെയാണ് ക്യാച്ച് പാഴാക്കിയത്. ആദ്യ എട്ടോവറിൽ ലഖ്നൗ 80 റൺസാണ് അടിച്ചെടുത്തത്. പിന്നാലെ ഡി കോക്ക് അർധസെഞ്ചുറി നേടി. 34 പന്തുകളിൽ നിന്നാണ് താരം അർധശതകം കുറിച്ചത്. പക്ഷേ ടീം സ്‌കോർ 99-ൽ നിൽക്കേ നായകൻ രാഹുൽ പുറത്തായി.

പ്രിട്ടോറിയസിന്റെ പന്തിൽ സിക്സ് നേടാനുള്ള രാഹുലിന്റെ ശ്രമം അമ്പാട്ടി റായുഡുവിന്റെ കൈയിൽ അവസാനിച്ചു.26 പന്തുകളിൽ നിന്ന് രണ്ട് ഫോറിന്റെയും മൂന്ന് സിക്സിന്റെയും അകമ്പടിയോടെ 40 റൺസെടുത്താണ് രാഹുൽ മടങ്ങിയത്. ആദ്യ വിക്കറ്റിൽ 99 റൺസ് കൂട്ടിച്ചേർത്താണ് നായകൻ ക്രീസ് വിട്ടത്. രാഹുലിന് പകരം മനീഷ് പാണ്ഡെ ക്രീസിലെത്തി.

10.3 ഓവറിൽ ടീം ലഖ്നൗ 100 കടന്നു. പക്ഷേ മനീഷ് പാണ്ഡെയ്ക്ക് അധികനേരം പിടിച്ചുനിൽക്കാനായില്ല. വെറും അഞ്ച് റൺസ് മാത്രമെടുത്ത പാണ്ഡെയെ തുഷാർ ദേശ്പാണ്ഡെ ഡ്വെയ്ൻ ബ്രാവോയുടെ കൈയിലെത്തിച്ചു. മനീഷിന് പകരം എവിൻ ലൂയിസ് ക്രീസിലെത്തി.

ലൂയിസ് ആക്രമിച്ച് കളിക്കാനാണ് ശ്രമിച്ചത്. അതുകൊണ്ടുതന്നെ റൺറേറ്റ് കുറയാതെ കാക്കാൻ ലഖ്നൗവിന് സാധിച്ചു. പക്ഷേ 15-ാം ഓവറിൽ ഡി കോക്കിനെ ലഖ്നൗവിന് നഷ്മായി. പ്രെട്ടോറിയസിന്റെ പന്തിൽ സിക്സ് നേടാനുള്ള ഡികോക്കിന്റെ ശ്രമം ധോനിയുടെ കൈയിലെത്തി. 45 പന്തുകളിൽ നിന്ന് ഒൻപത് ഫോറിന്റെ അകമ്പടിയോടെ 61 റൺസെടുത്താണ് ഡി കോക്ക് മടങ്ങിയത്. ഡി കോക്കിന് പകരം ദ്രീപക് ഹൂഡ ക്രീസിലെത്തി. 15.3 ഓവറിൽ ലഖ്നൗ 150 കടന്നു.

പക്ഷേ അവസാന ഓവറുകളിൽ ചെന്നൈ ബൗളർമാർ അവസരത്തിനൊത്ത് ഉയർന്നതോടെ ലഖ്നൗവിന്റെ സ്‌കോറിങ് വേഗം കുറഞ്ഞു. അവസാന മൂന്നോവറിൽ ലഖ്നൗവിന്റെ വിജയലക്ഷ്യം 46 റൺസായി മാറി.

ബ്രാവോയെറിഞ്ഞ 18-ാം ഓവറിലെ ആദ്യ പന്തിൽ ഹൂഡ സിക്സ് നേടിയെങ്കിലും രണ്ടാം പന്തിൽ താരം പുറത്തായി. എട്ട് പന്തിൽ 13 റൺസെടുത്ത ഹൂഡയെ ബ്രാവോ ജഡേജയുടെ കൈയിലെത്തിച്ചു. ഇതോടെ ഐ.പി.എല്ലിൽ ഏറ്റവുമധികം വിക്കറ്റ് വീഴ്‌ത്തിയ താരം എന്ന റെക്കോഡ് ബ്രാവോ സ്വന്തമാക്കി. ഹൂഡയ്ക്ക് പകരം കഴിഞ്ഞ മത്സരത്തിലെ ഹീറോ ആയുഷ് ബഡോനി ക്രീസിലെത്തി. ആ ഓവറിൽ 12 റൺസാണ് ബ്രാവോ വഴങ്ങിയത്. ഇതോടെ രണ്ടോവറിൽ ലഖ്നൗവിന്റെ വിജയലക്ഷ്യം 33 റൺസായി മാറി.

19-ാം ഓവർ ചെയ്യാൻ ശിവം ദുബെയെയാണ് ജഡേജ തിരഞ്ഞെടുത്തത്. എന്നാൽ താരത്തിന്റെ ആദ്യ പന്തിൽ തന്നെ ബഡോനി സിക്സടിച്ചു. രണ്ടാമത്തെയും മൂന്നാമത്തെയും പന്ത് വൈഡായി. പിന്നാലെ ലഖ്നൗ സിംഗിളും ഡബിളുമെടുത്തും. നാലാമത്തെയും അഞ്ചാമത്തെയും പന്തിൽ ലൂയിസ് ബൗണ്ടറി നേടിയതോടെ ലഖ്നൗ മത്സരത്തിലേക്ക് തിരിച്ചുവന്നു. അവസാന പന്തിൽ സിക്സ്ടിച്ച് ലൂയിസ് അർധസെഞ്ചുറി നേടി. ഇതോടെ അവസാന ഓവറിൽ ലഖ്നൗവിന്റെ വിജയലക്ഷ്യം വെറും ഒൻപത് റൺസായി ചുരുങ്ങി. 25 റൺസാണ് ദുബെയുടെ 19-ാം ഓവറിൽ പിറന്നത്.

മുകേഷ് ചൗധരിയാണ് അവസാന ഓവർ ചെയ്തത്. മുകേഷിന്റെ ആദ്യ രണ്ട് പന്തും വൈഡിൽ കലാശിച്ചു. പിന്നാലെ സിക്സടിച്ചുകൊണ്ട് ബഡോനി സ്‌കോർ സമനിലയിലാക്കി. രണ്ടാം പന്തിൽ റൺസ് പിറന്നില്ല. മൂന്നാം പന്തിൽ സിംഗിളെടുത്ത് ബഡോനി ടീമിന് വിജയം സമ്മാനിച്ചു. ബഡോനി വെറും 9 പന്തുകളിൽ നിന്ന് പുറത്താവാതെ 19 റൺസെടുത്തു. 23 പന്തുകളിൽ നിന്ന് ആറ് ഫോറിന്റെയും മൂന്ന് സിക്സിന്റെയും അകമ്പടിയോടെ പുറത്താവാതെ 55 റൺസെടുത്ത് ടീമിന്റെ വിജയനായകനായി. ചെന്നൈയ്്ക്ക് വേണ്ടി ഡ്വെയ്ൻ പ്രിട്ടോറിയസ് രണ്ടുവിക്കറ്റെടുത്ത് മികച്ച പ്രകടനം പുറത്തെടുത്തു.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ചെന്നൈ നിശ്ചിത 20 ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിലാണ് 210 റൺസെടുത്തത്. പവർപ്ലേയിൽ റോബിൻ ഉത്തപ്പയുടെ വെടിക്കെട്ട് ബാറ്റിംഗിൽ കുതിച്ച ചെന്നെ മധ്യ ഓവറുകളിൽ ശിവം ദുബെയുടെ ബാറ്റിഗ് മികവിലാണ് മികച്ച സ്‌കോറിലേക്ക് കുതിച്ചത്. അവസാന ഓവറുകളിൽ രവീന്ദ്ര ജഡേജയും എം എസ് ധോണിയും ചേർന്ന് ചെന്നൈയെ 200 കടത്തി.

അർധസെഞ്ചുറി നേടിയ ഓപ്പണർ റോബിൻ ഉത്തപ്പ, അർധസെഞ്ചുറിക്ക് തൊട്ടരികെ പുറത്തായ ശിവം ദുബെ എന്നിവരുടെ പ്രകടനങ്ങളാണ് ചെന്നൈ ഇന്നിങ്‌സിൽ നിർണായകമായത്. ഉത്തപ്പ 27 പന്തിൽ എട്ടു ഫോറും ഒരു സിക്‌സും സഹിതം 50 റൺസെടുത്ത് പുറത്തായി. ദുബെ 30 പന്തിൽ അഞ്ച് ഫോറും രണ്ടു സിക്‌സും സഹിതം 49 റൺസെടുത്തു. മൊയീൻ അലി (22 പന്തിൽ 35), അമ്പാട്ടി റായുഡു (20 പന്തിൽ 27), രവീന്ദ്ര ജഡേജ (ഒൻപതു പന്തിൽ 17) എന്നിവരും ചെന്നൈയ്ക്കായി തിളങ്ങി. 19ാം ഓവറിൽ ക്രീസിലെത്തിയ ധോണി ആറു പന്തിൽ രണ്ടു ഫോറും ഒരു സിക്‌സും സഹിതം പുറത്താകാതെ 16 റൺസുമായി ഇന്നിങ്‌സ് 'ഫിനിഷ്' ചെയ്തു.

രണ്ടാം വിക്കറ്റിൽ റോബിൻ ഉത്തപ്പ മൊയീൻ അലി സഖ്യവും (30 പന്തിൽ 56), നാലാം വിക്കറ്റിൽ അമ്പാട്ടി റായുഡു ശിവം ദുബെ സഖ്യവും (37 പന്തിൽ 60) കൂട്ടിച്ചേർത്ത അർധസെഞ്ചുറി കൂട്ടുകെട്ടുകളാണ് ചെന്നൈ ഇന്നിങ്‌സിന്റെ നട്ടെല്ല്. ഓപ്പണിങ് വിക്കറ്റിൽ റോബിൻ ഉത്തപ്പ ഋതുരാജ് ഗെയ്ക്വാദ് സഖ്യവും (14 പന്തിൽ 28), മൂന്നാം വിക്കറ്റിൽ മോയിൻ അലി ശിവം ദുബെ സഖ്യവും (16 പന്തിൽ 22), അഞ്ചാം വിക്കറ്റിൽ രവീന്ദ്ര ജഡേജ ശിവം ദുബെ സഖ്യവും (12 പന്തിൽ 23) ചെന്നൈ സ്‌കോർ ബോർഡിലേക്ക് നിർണായകമായ സംഭാവനകൾ നൽകി.

ഓപ്പണർ ഋതുരാജ് ഗെയ്ക്വാദിനു (ഒന്ന്) പുറമേ ഡ്വെയിൻ പ്രിട്ടോറിയസും (0) ചെന്നൈ നിരയിൽ നിരാശപ്പെടുത്തി. ഡ്വെയിൻ ബ്രാവോ ഒരു റണ്ണുമായി പുറത്താകാതെ നിന്നു. ലക്‌നൗവിനായി നാല് ഓവറിൽ 24 റൺസ് മാത്രം വഴങ്ങി രണ്ടു വിക്കറ്റ് വീഴ്‌ത്തിയ രവി ബിഷ്‌ണോയിയുടെ പ്രകടനം ശ്രദ്ധേയമായി. ആൻഡ്രൂ ടൈ നാല് ഓവറിൽ 41 റൺസ് വഴങ്ങിയും ആവേശ് ഖാൻ നാല് ഓവറിൽ 38 റൺസ് വഴങ്ങിയും രണ്ടു വിക്കറ്റ് വീതം വീഴ്‌ത്തി.

മുൻനിര ബാറ്റർമാർ തിളങ്ങിയതോടെ പവർപ്ലേയിൽ ഐപിഎൽ ചരിത്രത്തിലെ തങ്ങളുടെ ഉയർന്ന നാലാമത്തെ സ്‌കോറാണ് ചെന്നൈ സൂപ്പർ കിങ്‌സ് കുറിച്ചത്. ആറ് ഓവറിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ 73 റൺസാണ് ചെന്നൈ നേടിയത്. മാത്രമല്ല, ആദ്യ 10 ഓവറിൽ ചെന്നൈ ഏറ്റവും കൂടുതൽ ബൗണ്ടറികൾ നേടുന്ന മൂന്നാമത്തെ മത്സരമായും ഇത് മാറി. ആദ്യ 10 ഓവറിൽ 18 ബൗണ്ടറികളാണ് ചെന്നൈ താരങ്ങൾ അടിച്ചുകൂട്ടിയത്.

നേരത്തെ ടോസ് നേടിയ ലഖ്‌നൗ ഫീൽഡിങ് തെരഞ്ഞെടുക്കുകയായിരുന്നു. കഴിഞ്ഞ മത്സരം കളിച്ച ടീമിൽ മൂന്ന് മാറ്റങ്ങളുമായാണ് ചെന്നൈ ഇന്നിറങ്ങിയത്. ഇംഗ്ലണ്ട് ഓൾ റൗണ്ടർ മൊയീൻ അലി ചെന്നൈ നിരയിൽ തിരിച്ചെത്തി. ദക്ഷിണാഫ്രിക്കൻ താരം ഡ്വയിൻ പ്രിട്ടോറിയസും ചെന്നൈ ടീമിലുണ്ട്. മൂന്ന് വിദേശ താരങ്ങളുമായാണ് ചെന്നൈ ഇന്നിറങ്ങുന്നത്. ലഖ്‌നൗ ടീമിലും ഒരു മാറ്റമുണ്ട്. ആൻഡ്ര്യു ടൈ ലഖ്‌നൗവിനായി ഇന്ന് അരങ്ങേറ്റം കുറിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP