Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

ബിഹാർ മുഖ്യമന്ത്രി സ്ഥാനത്തു 16 വർഷം; വിമർശനങ്ങൾ ഏറെ; ദേശീയ തലത്തിലേക്ക് തിരിച്ചെത്താൻ നിതീഷ് കുമാർ; രാജ്യസഭ മോഹം പറഞ്ഞ് കണ്ണുവയ്ക്കുന്നത് ഉപരാഷ്ട്രപതി പദം; ജെഡിയു നീക്കം തുടങ്ങി; ബിജെപി നിലപാട് നിർണായകം

ബിഹാർ മുഖ്യമന്ത്രി സ്ഥാനത്തു 16 വർഷം; വിമർശനങ്ങൾ ഏറെ; ദേശീയ തലത്തിലേക്ക് തിരിച്ചെത്താൻ നിതീഷ് കുമാർ; രാജ്യസഭ മോഹം പറഞ്ഞ് കണ്ണുവയ്ക്കുന്നത് ഉപരാഷ്ട്രപതി പദം; ജെഡിയു നീക്കം തുടങ്ങി; ബിജെപി നിലപാട് നിർണായകം

ന്യൂസ് ഡെസ്‌ക്‌

പാറ്റ്ന: രാജ്യസഭാംഗമായി പ്രവർത്തിക്കുവാൻ തനിക്ക് താൽപര്യമുണ്ടെന്ന ബീഹാർ മുഖ്യമന്ത്രിയും ജെഡിയു നേതാവുമായ നിതീഷ് കുമാറിന്റെ തുറന്നുപറച്ചിൽ ദേശീയ രാഷ്ട്രീയത്തിൽ ചുവടുറപ്പിക്കാനുള്ള മോഹമെന്ന് വിലയിരുത്തൽ. ബിഹാർ മുഖ്യമന്ത്രി പദം ബിജെപിക്കു കൈമാറി ഉപരാഷ്ട്രപതി സ്ഥാനത്തേക്ക് നിതീഷിനെ എത്തിക്കാനുള്ള ജെഡിയുവിന്റെ രാഷ്ട്രീയ നീക്കങ്ങളാണ് നിതീഷിന്റെ പരാമർശത്തിന് ആധാരം. മുഖ്യമന്ത്രി നിതീഷ് കുമാർ കഴിഞ്ഞ ദിവസം പരോക്ഷമായി ഇക്കാര്യം മാധ്യമങ്ങളോട് സൂചിപ്പിച്ചതോടെയാണ് വിഷയം ചർച്ചയാകുന്നത്.

തന്റെ രാഷ്ട്രീയ ഭാവിയെ കുറിച്ചാണ് നിതീഷിന്റെ പരാമർശം എന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ. 'ലോക്സഭാംഗമായും കേന്ദ്ര മന്ത്രിസഭയിൽ മന്ത്രിയുമായി. എംഎൽഎയായി, എംഎൽസിയായി. സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയുമായി. പക്ഷെ രാജ്യസഭാംഗമായിട്ടില്ല. ഒരു നാൾ രാജ്യസഭാംഗമായി പ്രവർത്തിക്കണമെന്ന് എനിക്ക് ആഗ്രഹമുണ്ട്. ഇപ്പോൾ ഞാനതിനെ കുറിച്ച് ആലോചിക്കുന്നില്ല', എന്നാണ് നിതീഷ് കുമാർ പാറ്റ്നയിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞത്.

ഒരു കാരണവുമില്ലാതെ നിതീഷ് കുമാർ ഇങ്ങനെയൊരു പരാമർശം നടത്തില്ലെന്നാണ് രാഷ്ട്രീയ നിരീക്ഷകർ പറയുന്നത്. ഉപരാഷ്ട്രപതി സ്ഥാനത്തേക്ക് ഒഴിവ് വരുന്നത് നിതീഷിനറിയാം. എന്ത് തന്നെയായാലും ബീഹാർ രാഷ്ട്രീയത്തിൽ നിന്ന് അഭിമാനത്തോടെ ഒരു വിടവാങ്ങൽ അദ്ദേഹം ആഗ്രഹിക്കുന്നുണ്ടെന്നും നിരീക്ഷകർ പറയുന്നു.

ബിഹാർ മുഖ്യമന്ത്രി സ്ഥാനത്തു 16 വർഷം പിന്നിട്ട നിതീഷിനു ദേശീയ തലത്തിലേക്കു മാറാൻ താൽപര്യമുണ്ട്. ബിഹാറിൽ ജെഡിയുവിനു ബിജെപിയേക്കാൾ അംഗസംഖ്യ കുറവായതിനാൽ മുഖ്യമന്ത്രി സ്ഥാനത്തു നിതീഷ് കടുത്ത സമ്മർദവും നേരിടുന്നു. മുഖ്യമന്ത്രി സ്ഥാനം ബിജെപിക്ക് അർഹതപ്പെട്ടതാണെന്ന് പാർട്ടി എംഎൽഎമാർ ഇടയ്ക്കിടെ പരസ്യ പ്രസ്താവന നടത്തുന്നതും നിതീഷിനു ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്.

2020ൽ നടന്ന നിയമസഭ തെരഞ്ഞെടുപ്പിൽ ജെഡിയുവിന് 45 സീറ്റുകൾ മാത്രമാണ് നേടാൻ കഴിഞ്ഞത്. സീറ്റുകളുടെ എണ്ണത്തിൽ മൂന്നാം സ്ഥാനം മാത്രമാണ് നേടിയത്. എങ്കിലും മുഖ്യമന്ത്രി സ്ഥാനം ബിജെപിയോട് വിലപേശി വാങ്ങുകയായിരുന്നു.

സംസ്ഥാനത്തെ ബിജെപിയുമായുള്ള സഖ്യത്തിലും കല്ലുകടിയുണ്ട്. ഭരണത്തിലെ പ്രശ്നങ്ങളെ ചൊല്ലി ബിജെപി നിതീഷ് കുമാറിനെതിരെ നിരന്തരം വിമർശനങ്ങളുന്നയിക്കുന്നുണ്ട്. ബുധനാഴ്ച ബിജെപി എംഎൽഎയായ വിനയ് ബീഹാറി നിതീഷ് കുമാറിനെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് മാറ്റി ഉപമുഖ്യമന്ത്രിയും ബിജെപി നേതാവുമായ തേജ് കിഷോർ പ്രസാദിനെ മുഖ്യമന്ത്രിയാക്കണമെന്ന് പരസ്യമായി തന്നെ ആവശ്യപ്പെട്ടിരുന്നു.

സംസ്ഥാനത്തെ ബിജെപിയുമായി തർക്കങ്ങളുണ്ടെങ്കിലും പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി നിതീഷിന് മികച്ച ബന്ധമാണുള്ളത്. അതുകൊണ്ട് തന്നെ മികച്ച സ്ഥാനം കരസ്ഥമാക്കി ഡൽഹിയിലേക്ക് മാറുവാൻ നിതീഷ് ശ്രമിച്ചേക്കും. അതേ സമയം ലോക്സഭയിലേക്ക് മടങ്ങാൻ തനിക്ക് താൽപര്യമില്ലെന്ന് നിതീഷ് വ്യക്തമാക്കി കഴിഞ്ഞു. ബിഹാർ മുഖ്യമന്ത്രി സ്ഥാനം ഏറ്റെടുത്ത് പകരം നിതീഷിനു ഉപരാഷ്ട്രപതി സ്ഥാനം നൽകാൻ ബിജെപി നേതൃത്വത്തിനു താൽപര്യമുണ്ടാകുമോയെന്ന കാര്യത്തിൽ വ്യക്തതയില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP