Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

രഞ്ജിത്തിനെ ആദരിക്കാൻ വിളിച്ചത് 'നടിയെ ആക്രമിച്ച കേസ്' ചർച്ചയാക്കാൻ; യോഗത്തിന് ഇല്ലെന്ന് പറഞ്ഞിരുന്ന നടൻ നിലപാട് മാറ്റി എത്തിയത് അക്കാഡമി ചെയർമാൻ എത്തുമെന്ന് അറിഞ്ഞതോടെ; രഞ്ജിത്തിനെ പ്രതിസന്ധിയിലാക്കിയത് വിജയകുമാറിന്റെ പാളിപ്പോയ തന്ത്രം

രഞ്ജിത്തിനെ ആദരിക്കാൻ വിളിച്ചത് 'നടിയെ ആക്രമിച്ച കേസ്' ചർച്ചയാക്കാൻ; യോഗത്തിന് ഇല്ലെന്ന് പറഞ്ഞിരുന്ന നടൻ നിലപാട് മാറ്റി എത്തിയത് അക്കാഡമി ചെയർമാൻ എത്തുമെന്ന് അറിഞ്ഞതോടെ; രഞ്ജിത്തിനെ പ്രതിസന്ധിയിലാക്കിയത് വിജയകുമാറിന്റെ പാളിപ്പോയ തന്ത്രം

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: ഭരണഘടന ഭേദഗതിയിൽ ഉൾപ്പെടെ തീരുമാനം എടുക്കാൻ സംസ്ഥാനത്തെ തിയറ്ററുടമകളുടെ സംഘടനയായ ഫിയോക്കിന്റെ ജനറൽ ബോഡി കൊച്ചിയിൽ ചേരുമ്പോൾ വീണ്ടും സംഘടനയിൽ പിടിമുറുക്കുകായണ് നടൻ ദിലീപ്. സംഘടനയുടെ ആജീവനാന്ത ചെയർമാനാണ് ദിലീപ്. ഭരണഘടനാ ഭേദഗതിയിലൂടെ ദീലീപിനെ മാറ്റാനായിരുന്നു പ്രസിഡന്റ് വിജയകുമാറിന്റെ നീക്കം. ഇതിനെ നേരിട്ടെത്തി ദിലീപ് പൊളിച്ചു. നടൻ ദുൽഖർ സൽമാന്റെ നിർമ്മാണ കമ്പനിക്കുള്ള വിലക്കും പിൻവലിച്ചു. ദുൽഖറിന്റെ ഒരു ചിത്രവും ഇനി തിയേറ്ററിൽ പ്രദർശിപ്പിക്കില്ലെന്നായിരുന്നു ഫിയോക്കിന്റെ പ്രഖ്യാപനം. ഇതാണ് തിരുത്തുന്നത്.

നിലവിൽ ഫിയോക്കിന്റെ ആജീവനാന്ത ചെയർമാനായ ദിലീപിനെയും വൈസ് ചെയർമാനായ ആന്റണി പെരുമ്പാവൂരിനെയും സ്ഥാനങ്ങളിൽ നിന്ന് നീക്കാനുള്ള ഭരണഘടന ഭേദഗതിക്കാണ് ഫിയോക് ഒരുങ്ങുന്നത്. ഈ സ്ഥാനങ്ങളിലേക്ക് തെരഞ്ഞെടുപ്പ് പാടില്ലെന്ന ചട്ടം നീക്കം ചെയ്യാനാണ് വിജയകുമാർ പദ്ധതി തയ്യാറാക്കിയത്. ദിലീപ് യോഗത്തിന് എത്തില്ലെന്നായിരുന്നു സൂചനകൾ. നടിയെ ആക്രമിച്ച കേസിൽ പ്രതിയായ ശേഷം സിനിമാ സംഘടനകളിൽ നിന്ന് അകലം പാലിക്കുകയായിരുന്നു ദിലീപ് ചെയ്തിരുന്നത്. ഇതിൽ നിന്ന് വ്യത്യസ്തമായി ഫിയോക് യോഗത്തിലേക്ക് ദിലീപ് എത്തി. ഈ യോഗത്തിൽ ആദരിക്കാനായി ചലച്ചിത്ര അക്കാഡമി ചെയർമാൻ കൂടിയായ രഞ്ജിത്തിനെ വിളിച്ചതും വിജയകുമാറായിരുന്നു.

ഫിലിം ഫെസ്റ്റിവൽ ഉദ്ഘാടനത്തിൽ ആക്രമിക്കപ്പെട്ട നടിക്ക് പരസ്യ പിന്തുണ നൽകുകയും ദിലീപിനെ തള്ളിപ്പറയുകയും ചെയ്ത വ്യക്തിയാണ് രഞ്ജിത്ത്. അതു കൊണ്ട് കൂടിയാണ് പതിവില്ലാത്ത വിധം ആദരിക്കൽ ചടങ്ങ് ആസൂത്രണം ചെയ്തത്. ഈ യോഗത്തിലും നടിയെ ആക്രമിച്ച കേസിനെ ചർച്ചയാക്കാനായിരുന്നു നീക്കം. എന്നാൽ വിജയകുമാറിന്റെ പ്രതീക്ഷ തെറ്റിച്ച് ദിലീപ് യോഗത്തിനെത്തി. ദിലീപ് എത്തിയതോടെ യോഗത്തിന്റെ അധ്യക്ഷ കസേരയും ദിലീപിന് നൽകേണ്ടി വന്നു. ഇതോടെ രഞ്ജിത്തിനും ആഞ്ഞടിക്കൽ പറ്റാതെയായി. ഇതോടൊപ്പം നടിയെ ആക്രമിച്ച കേസിലെ ദിവസങ്ങൾക്ക് മുമ്പത്തെ പറച്ചിലുകൾ എല്ലാം രഞ്ജിത്തിന് തിരിച്ചടിയാവുകയും ചെയ്തു. ഫിയോക്കിന്റെ ജനറൽ ബോഡിക്കിടെ ദിലീപും രഞ്ജിത്തും ഒന്നിച്ച് വേദി പങ്കിട്ടത് വാർത്താപ്രാധാന്യം നേടുന്നത് പലവിധ ചർച്ചകൾക്ക് വഴിവച്ചിട്ടുണ്ട്.

ചലച്ചിത്ര അക്കാദമി ചെയർമാനായ രഞ്ജിത്തിനും സാംസ്‌കാരിക ക്ഷേമനിധി ബോർഡ് ചെയർമാനായി തെരഞ്ഞെടുക്കപ്പെട്ട മധുപാലിനും ഫിയോക്ക് നൽകിയ സ്വീകരണത്തിൽ പങ്കെടുക്കാനാണ് രഞ്ജിത്ത് എത്തിയത്. ഫിയോക് സെക്രട്ടറി ക്ഷണിച്ചിട്ടാണ് താൻ പരിപാടിയിൽ പങ്കെടുത്തതെന്നും ദിലീപ് അല്ല തന്നെ ക്ഷണിച്ചതെന്നും പരിപാടിക്ക് ശേഷം രഞ്ജിത്ത് മാധ്യമങ്ങളോട് പറഞ്ഞു. കൂടൂതലൊന്നും ഇക്കാര്യത്തിൽ രഞ്ജിത്ത് പ്രതികരിക്കുന്നില്ല.

''ഇവിടുത്തെ തിയേറ്റർ ഉടമകളുടെ സംഘടനയാണ് ഫിയോക്. ചലച്ചിത്ര അക്കാദമി ചെയർമാൻ ആവുന്നതിനു മുൻപും തിയേറ്റർ ഉടമകളുമായി ബന്ധമുള്ള ആളാണ് ഞാൻ. ഫിയോക് സെക്രട്ടറി ക്ഷണിച്ചിട്ടാണ് ഞാൻ പരിപാടിയിൽ പങ്കെടുത്തത്. അല്ലാതെ എന്നെ ക്ഷണിച്ചത് ദിലീപല്ല, ഇത് ഞാനും ദിലീപും തമ്മിലുള്ള വ്യക്തിപരമായ കാര്യവുമല്ല.''-രഞ്ജിത്ത് പറഞ്ഞു. ഏപ്രിൽ ഒന്നു മുതൽ അഞ്ച് വരെ കൊച്ചിയിൽ സംഘടിപ്പിക്കുന്ന പ്രാദേശിക രാജ്യാന്തര ചലച്ചിത്രമേളയുടെ തയ്യാറെടുപ്പുകൾക്ക് നേതൃത്വം നൽകാൻ വേണ്ടിയാണ് ചലച്ചിത്ര അക്കാദമി ചെയർമാനായ രഞ്ജിതുകൊച്ചിയിലെത്തിയത്.

2017ൽ ഫിലിം എക്സിബിറ്റേഴ്സ് ഫെഡറേഷൻ പിളർത്തിക്കൊണ്ടാണ് ദിലീപും ആന്റണി പെരുമ്പാവൂരും ചേർന്ന് ഫിയോക് എന്ന സംഘടനക്ക് രൂപം നൽകിയത്. നാല് വർഷത്തെ പ്രവർത്തനത്തിനിടയിൽ ചെയർമാൻ, വൈസ് ചെയർമാൻ സ്ഥാനങ്ങൾ വഹിച്ചിരുന്ന ദിലീപ്, ആന്റണി പെരുമ്പാവൂർ എന്നിവരുമായി സംഘടനയുടെ പ്രസിഡന്റായ വിജയകുമാറിന് അഭിപ്രായവ്യത്യാസങ്ങളുണ്ടായി. വാർഷിക യോഗം ചേരാനിരിക്കെ അടുത്തിടെയാണ് അഭിപ്രായവ്യത്യാസം മറനീക്കി പുറത്തുവന്നത്.

ചെയർമാൻ, വൈസ് ചെയർമാൻ സ്ഥാനങ്ങൾ ആജീവനാന്തം ഇരുവർക്കുമായി നൽകേണ്ടതില്ലെന്ന അഭിപ്രായമുയരുകയും ഭരണഘടന തന്നെ മാറ്റിയെഴുതാൻ നീക്കം നടത്തുകയുമാണ് വിജയകുമാർ ചെയ്തത്. എന്നാൽ ദിലീപ് യോഗത്തിന് എത്തിയതോടെ ഭൂരിപക്ഷവും ദീലിപിനൊപ്പമായി. ഇതോടെ വിജയകുമാറിന്റെ നീക്കം പൊളിഞ്ഞു. വിജയകുമാറിനെ സ്ഥാനത്ത് നിന്ന് മാറ്റാത്തതും ദിലീപ് തന്നെയാണ്. സംഘടനയിലെ പ്രശ്നങ്ങൾ പുറത്ത് വിഭാഗീയതയായി ചർച്ചയാകാതിരിക്കാനായിരുന്നു ഇത്.

2017 ൽ സംഘടന രൂപീകരണത്തിന് മുൻകൈ എടുത്തവരെന്ന നിലയിലാണ് ദിലീപിനെ ആന്റണി പെരുമ്പാവൂരിനെയും ആജീവനാന്ത ഭാരവാഹികളാക്കിയിരുന്നത്. ഈ രണ്ട് സ്ഥാനങ്ങളിലേക്കും തിരഞ്ഞെടുപ്പ് പാടില്ലെന്നും ഫിയോക്കിന്റെ ഭരണഘടനയിൽ എഴുതിച്ചേർത്തിരുന്നു. ഈ ചട്ടം പൊളിച്ചെഴുതാനാണ് ഫിയോക് പ്രസിഡന്റ് വിജയകുമാറിന്റെ നേതൃത്വത്തിൽ നീക്കം നടന്നത്. നിലവിൽ ആന്റണി പെരുമ്പാവൂർ സംഘടനയുമായി സഹകരിക്കുന്നില്ല. എന്നാൽ ദിലീപ് പിടിമുറുക്കുന്നതോടെ ആന്റണി പെരുമ്പാവൂരും സംഘടനയിൽ സജീവമാകുമെന്നാണ് സൂചന.

ദുൽഖർ സൽമാന്റെ വിലക്ക് പിൻവലിച്ച ഫിയോക് നടപടിയും ദിലീപ് ഇടപെടലിന്റെ ഫലമാണ്. സല്യൂട്ട് എന്ന ചിത്രത്തിന്റെ ഒടിടി റിലീസുമായി ബന്ധപ്പെട്ട് താരം നൽകിയ വിശദീകരിണത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി. തിയേറ്റർ റിലീസ് വാഗ്ദാനം ചെയ്ത ദുൽഖർ സൽമാൻ വഞ്ചിക്കുകയായിരുന്നെന്ന് ഫിയോക്ക് ആരോപിച്ചിരുന്നു. സിനിമ ആദ്യം തീയേറ്ററിൽ റിലീസ് ചെയ്യാൻ തീരുമാനിച്ചതായിരുന്നു, എന്നാൽ ഓമിക്രോൺ വ്യാപനം കാരണമാണ് ഇക്കാര്യത്തിൽ മാറ്റമുണ്ടായതെന്നും ദുൽഖറിന്റെ വേഫറർ ഫിലിംസ് തിയേറ്റർ ഉടമകൾക്ക് വിശദീകരണം നൽകിയിരുന്നു.

ജനുവരിയിൽ തിയേറ്റർ റിലീസ് ചെയ്യാൻ തീരുമാനിച്ച ചിത്രമായിരുന്നു സല്യൂട്ട്. എന്നാൽ ഓമിക്രോൺ ഭീഷണിയെ തുടർന്ന് റിലീസ് മാറ്റിവെക്കുകയായിരുന്നു. ചിത്രം ഒടിടിക്ക് നൽകുന്നത് തിയേറ്റർ ഉടമകളോട് ചെയ്യുന്ന ചതിയാണെന്നും ദുൽഖർ സൽമാൻ അഭിനയിക്കുകയോ നിർമ്മിക്കുകയോ ചെയ്യുന്ന ഒരു ചിത്രവും ഇനി മുതൽ കേരളത്തിലെ തിയേറ്ററുകളിൽ പ്രദർശിപ്പിക്കുകയില്ല എന്നും ഫിയോക് നിലപാട് അറിയിച്ചിരുന്നു. വിലക്കുമായി ബന്ധപ്പെട്ട് ചർച്ചകൾക്ക് ചൂടേറിയതോടെയാണ് ഫിയോക് തീരുമാനം മാറ്റിയത്. ദിലീപ് ഇഫക്ടിൽ വിജയകുമാറിന് കരുത്ത് ചോർന്നതാണ് ഇതിന് കാരണം.

മോഹൻലാൽ ചിത്രമായ മരക്കാറിന്റെ റിലീസിങുമായി ബന്ധപ്പെട്ട് ആന്റണി പെരുമ്പാവൂരും ഫിയോക്കുമായുണ്ടായ അഭിപ്രായഭിന്നതയുടെ തുടർച്ചയാണ് ഇതെല്ലാം. ചെയർമാനായ ദിലിപ് മുഖേന സംഘടനയ്ക്ക് ആന്റണി പെരുമ്പാവൂർ രാജി നൽകിയിരുന്നെങ്കിലും അതേകുറിച്ച് അറിവില്ലെന്നാണ് ഫിയോക് പ്രസിഡന്റ് വിജയകുമാർ മാധ്യമങ്ങളെ അറിയിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP