Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഐടി പാർക്കുകളിൽ ഇനി ബാറും പബും; ജീവനക്കാർക്കും അതിഥികൾക്കും മദ്യം നൽകാൻ പ്രത്യേക ചട്ടം കൊണ്ടുവരും; മദ്യപിച്ച് ഓഫിസിൽ കയറാതിരിക്കാൻ നിയന്ത്രണം; നടത്തിപ്പ് ചുമതല ഐടി കമ്പനികൾക്ക്; സ്വാഗതം ചെയ്ത് ഐടി ജീവനക്കാരുടെ സംഘടനകൾ

ഐടി പാർക്കുകളിൽ ഇനി ബാറും പബും; ജീവനക്കാർക്കും അതിഥികൾക്കും മദ്യം നൽകാൻ പ്രത്യേക ചട്ടം കൊണ്ടുവരും; മദ്യപിച്ച് ഓഫിസിൽ കയറാതിരിക്കാൻ നിയന്ത്രണം; നടത്തിപ്പ് ചുമതല ഐടി കമ്പനികൾക്ക്; സ്വാഗതം ചെയ്ത് ഐടി ജീവനക്കാരുടെ സംഘടനകൾ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: പുതിയ മദ്യ നയം പ്രാബല്യത്തിൽ വരുന്നതോടെ സംസ്ഥാനത്തെ ഐ ടി പാർക്കുകളിൽ ബാറുകളും പബുകളും വരും. ഐടി പാർക്കുകളിൽ ജീവനക്കാർക്കും അതിഥികൾക്കും പ്രവൃത്തി സമയത്തിനുശേഷമുള്ള വിനോദവേളകളിൽ മദ്യം നൽകുന്നതിന് പ്രത്യേക ചട്ടം കൊണ്ടുവരാനാണ് തീരുമാനം. വിദേശമദ്യചട്ടത്തിനു കീഴിലാണ് പ്രത്യേക ചട്ടം കൊണ്ടുവരുന്നത്.

ഐടി പാർക്കുകളിൽ വിനോദത്തിനായി നീക്കിവയ്ക്കുന്ന പ്രത്യേക സ്ഥലങ്ങളിൽ ലൈസൻസ് അനുവദിച്ച് മദ്യം വിതരണം ചെയ്യാനാണ് തീരുമാനം. പ്രവൃത്തി സമയത്ത് മദ്യപിക്കാനാകില്ല. നിയമത്തിലൂടെ ഇത് ഉറപ്പാക്കും. ജീവനക്കാർ മദ്യം ഉപയോഗിച്ചു കഴിഞ്ഞാൽ ഓഫിസിലേക്കു കയറാതിരിക്കാനുള്ള കർശന നിർദേശങ്ങൾ ഉണ്ടാകുമെന്ന് ചട്ടങ്ങൾ രൂപീകരിക്കുന്ന നികുതി വിഭാഗം ഉദ്യോഗസ്ഥർ വ്യക്തമാക്കി.

വിനോദത്തിനായുള്ള മേഖലയിൽ സ്ഥാപിക്കുന്ന റസ്റ്ററന്റുകളിൽ മദ്യം വിതരണം ചെയ്യാനാണ് ആലോചന. പുറത്തുനിന്നുള്ളവർക്ക് ഈ സൗകര്യം ഉപയോഗിക്കാൻ കഴിയില്ല. ഐടി ഓഫിസുകളുടെ ക്ഷണപ്രകാരം എത്തുന്ന അതിഥികൾക്ക് ഇളവുണ്ടാകും. നടത്തിപ്പിന്റെ പൂർണ ഉത്തരവാദിത്തം ഐടി കമ്പനികൾക്കായിരിക്കും. വീഴ്ചയുണ്ടായാൽ കമ്പനികൾക്കെതിരെ നടപടിയുണ്ടാകും.

10 വർഷം പ്രവൃത്തി പരിചയമുള്ള , മികച്ച പേരുള്ള ഐ ടി സ്ഥാപനങ്ങൾക്ക് ആകും പബ് ലൈസൻസ് നൽകുക. നിശ്ചിത വാർഷിക വിറ്റുവരവുള്ള ഐ ടി കമ്പനികളായിരിക്കണമെന്ന നിബന്ധനയുമുണ്ട് . പബുകൾ ഐടി പാർക്കിനുള്ളിൽ ആകും . ഇവിടേക്ക് പുറത്തു നിന്നുള്ളവർക്ക് പ്രവേശനം ഉണ്ടാകില്ല. പബ് നടത്തിപ്പിന് ഐ ടി സ്ഥാപനങ്ങൾക്ക് വേണമെങ്കിൽ ഉപകരാർ നൽകാം .
ക്ലബുകളുടെ ഫീസിനേക്കാൾ കൂടിയ തുക ലൈസൻസ് ഫീസായി ഈടാക്കാനാണ് ആലോചന

ഐടി മേഖലയിലെ ഡെവലപ്പർമാർക്കും കോ ഡെവലപ്പർമാർക്കും മാത്രമായിരിക്കും മദ്യശാല തുടങ്ങാൻ കഴിയുക എന്നാണ് നയത്തിൽ പറയുന്നത്. ബാർ നടത്തുന്നവർക്ക് ഈ ലൈസൻസ് എടുക്കാൻ കഴിയില്ലെന്ന് അധികൃതർ പറയുമ്പോൾ, എങ്ങനെ മദ്യവിതരണം നടത്തുമെന്നതിൽ അവ്യക്തതയുണ്ട്. ഐടി കമ്പനികൾക്ക് ഇക്കാര്യത്തിൽ പരിചയമില്ലാത്തതിനാൽ മറ്റുള്ള സ്ഥാപനങ്ങളെയോ വ്യക്തികളെയോ ആശ്രയിക്കേണ്ടിവരാം.

നിയമവകുപ്പിന്റെ അഭിപ്രായംകൂടി അറിഞ്ഞശേഷമായിരിക്കും അന്തിമ തീരുമാനം. ഐടി മേഖലയിൽ പ്രവർത്തിക്കുന്ന എല്ലാ കമ്പനികൾക്കും മദ്യ ഉപയോഗത്തിനുള്ള സൗകര്യം നൽകില്ല. 10 കോടിക്കു മുകളിൽ വാർഷിക ടേൺ ഓവറുള്ള കമ്പനികൾക്കായിരിക്കും അനുവാദം. ഐടി മേഖലയിലെ ഇവരുടെ പ്രവർത്തനങ്ങൾ പരിശോധിച്ച ശേഷമായിരിക്കും ലൈസൻസ് അനുവദിക്കുക.

സംസ്ഥാനത്തെ ഐടി പാർലറുകളിൽ വൈൻ പാർലറുകൾ തുടങ്ങുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിലാണ് പ്രഖ്യാപിച്ചത്. ഐടി പാർക്കുകളിൽ പ്രവർത്തിക്കുന്ന വിവിധ കമ്പനി പ്രതിനിധികൾ തയ്യാറാക്കുന്ന റിപ്പോർട്ടിൽ പബ് പോലുള്ള സൗകര്യങ്ങളില്ലാത്തത് പ്രധാന പോരായ്മയായി ചൂണ്ടിക്കാട്ടുന്നുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് വൈൻ പാർലറുകൾ തുടങ്ങാൻ തീരുമാനിച്ചതെന്നും മുഖ്യമന്ത്രി അന്ന് വ്യക്തമാക്കിയിരുന്നു.

ഐ ടി സെക്രട്ടറിയുടെ റിപ്പോർട്ട് ആണ് സർക്കാർ അംഗീകരിച്ചത്. ഒന്നാം തിയതികളിലെ ഡ്രൈ ഡേ തുടരും. നിലവിൽ തിരുവനന്തപുരം ടെക്‌നോപാർക്കിന്റെ ഗസ്റ്റ് ഹൗസിൽ ഒരു ബിയർ പാർലർ പ്രവർത്തിക്കുന്നുണ്ടെന്നത് മാത്രമാണ് ഇടവേളകൾ ചെലവഴിക്കാനുള്ള ഒരേയൊരു ഉപാധി. ''യുവതയാണല്ലോ വിവിധ ഐടി പാർക്കുകളിൽ പ്രധാനമായും ജോലി ചെയ്യുന്നത്. അവർ മറ്റ് സംസ്ഥാനങ്ങളിലെ ഐടി പാർക്കുകളിൽ ലഭ്യമായ സൗകര്യങ്ങൾ ഇവിടെയും കിട്ടണമെന്ന് ആഗ്രഹിക്കും.

മറ്റ് ഐടി കേന്ദ്രങ്ങളിലെ സൗകര്യങ്ങളില്ല ഇവിടെ എന്നത് പോരായ്മയാണ്. കമ്പനികൾ സ്വന്തമായി ഇത്തരം കേന്ദ്രങ്ങളിലേക്ക് ജോലി ചെയ്യുന്നവർക്ക് പോകാൻ സൗകര്യം ചെയ്തുകൊടുക്കുന്നത് മാത്രമേയുള്ളൂ. ഐടി പാർക്കുകളിൽ പ്രവർത്തിക്കുന്ന വിവിധ കമ്പനി പ്രതിനിധികൾ തയ്യാറാക്കുന്ന റിപ്പോർട്ടിൽ പബ് പോലുള്ള സൗകര്യങ്ങളില്ല എന്നാണ് അന്ന് മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞത്

സംസ്ഥാനത്താകെ ഒന്നര ലക്ഷം ഐടി ജീവനക്കാരാണുള്ളത്. തിരുവനന്തപുരം ടെക്‌നോപാർക്കിൽ മാത്രം ജോലി ചെയ്യുന്നത് 60,000 പേരാണ്. ടെക്‌നോ പാർക്ക്, ഇൻഫോ പാർക്ക്, സൈബർ പാർക്ക് എന്നിവിടങ്ങളിലായി ഇത്രയധികം പേർ ജോലി ചെയ്യുന്നുണ്ടെന്നിരിക്കേ, ഇവർക്ക് വിശ്രമ സമയങ്ങളും ഇടവേളകളും ചെലവഴിക്കാൻ ഇത്തരം കേന്ദ്രങ്ങൾ തുറക്കുന്നത് കൂടുതൽ ടെക്കികളെ കേരളത്തിലെ ഐടി പാർക്കുകളിലേക്ക് ആകർഷിക്കുമെന്നാണ് കണക്ക് കൂട്ടൽ.

നേരത്തേ നിസ്സാൻ കമ്പനി കേരളത്തിലെത്തിയപ്പോൾ അടിസ്ഥാനസൗകര്യവികസനവുമായി ബന്ധപ്പെട്ട് ചില നിലപാടുകൾ വ്യക്തമാക്കിയിരുന്നു. കൂടുതൽ അന്താരാഷ്ട്ര വിമാനസർവീസുകൾ അടക്കം വേണമെന്നായിരുന്നു ആവശ്യം. നിസ്സാൻ കമ്പനിയും വിനോദോപാധികൾ കേരളത്തിലെ ഐടി പാർക്കുകളിലില്ല എന്ന് വ്യക്തമാക്കിയിരുന്നു. പിന്നീട് നാസ്‌കോം നടത്തിയ പഠനത്തിലും വിനോദോപാധികളുടെ കുറവ് പരിഹരിക്കണമെന്ന് നിർദ്ദേശം നൽകിയിരുന്നു. ഇത് പരിഗണിച്ചാണ് ഒന്നാം പിണറായി സർക്കാർ ഇത്തരത്തിൽ പബ്ബുകളടക്കം സ്ഥാപിക്കുന്ന കാര്യം ആലോചിക്കാനുള്ള നീക്കവുമായി മുന്നോട്ട് പോയത്. കോവിഡ് പ്രതിസന്ധി ഇതിനിടെ വന്നത് മൂലം ആ നീക്കം വഴിമുട്ടി. നിലവിൽ ഐടി പാർക്കുകൾ പലതും തുറന്ന് വരുന്ന സ്ഥിതിയിൽ, വീണ്ടും ഇത്തരം നീക്കങ്ങൾ സജീവമാക്കാനാണ് സർക്കാർ ഒരുങ്ങുന്നത്.

അതേസമയം, ഐടി മേഖലയിൽ വിനോദോപാധികൾ കൊണ്ടുവരുന്ന നടപടികളെല്ലാം സ്വാഗതം ചെയ്യുന്നുവെന്നാണ് ഐടി ജീവനക്കാരുടെ സംഘടനകളുടെ പ്രതികരണം. വിദേശകമ്പനികൾ അടക്കം ഇവിടെ പ്രവർത്തിക്കുന്ന സാഹചര്യത്തിൽ ഇത്തരം സൗകര്യങ്ങൾ ഒരുക്കേണ്ടത് അത്യാവശ്യമാണ്. സമൂഹത്തിന്റെ പരിച്ഛേദം തന്നെയാണ് ഐടി പാർക്കുകളിൽ ഉള്ളവരും. ഇടയ്‌ക്കെങ്കിലും വിനോദോപാധി എന്ന നിലയിൽ മദ്യപിക്കുകയോ പബ്ബുകളിൽ സമയം ചെലവഴിക്കുകയോ ചെയ്യുന്നവർ ഐടി പാർക്കുകളിലുമുണ്ട്. അവിടെ അത്തരം അടിസ്ഥാനസൗകര്യങ്ങൾ ഉണ്ടാകേണ്ടത് അത്യാവശ്യമാണെന്നും ഐ ടി മേഖലയിലെ ജീവനക്കാർ വ്യക്തമാക്കുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP