Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

സഭ തർക്കത്തിൽ 2017 ലെ സുപ്രീം കോടതി വിധി മറികടക്കാനുള്ള സർക്കാർ നീക്കം നിയമവിരുദ്ധമോ? കോടതി വിധികളിൽ പൊതുജനാഭിപ്രായം തേടുന്നതിനെതിരെ നിയമ വിദഗ്ദ്ധർ; പരമോന്നത കോടതിയുടെ അസ്ഥിത്വത്തെ ചോദ്യം ചെയ്യുന്ന നടപടിയെന്ന് ആക്ഷേപം; സർക്കാരിന്റെ അസാധാരണ നീക്കത്തിനെതിരെ ഓർത്തഡോക്‌സ് സഭ

സഭ തർക്കത്തിൽ  2017 ലെ സുപ്രീം കോടതി വിധി മറികടക്കാനുള്ള സർക്കാർ നീക്കം നിയമവിരുദ്ധമോ? കോടതി വിധികളിൽ പൊതുജനാഭിപ്രായം തേടുന്നതിനെതിരെ നിയമ വിദഗ്ദ്ധർ; പരമോന്നത കോടതിയുടെ അസ്ഥിത്വത്തെ ചോദ്യം ചെയ്യുന്ന നടപടിയെന്ന് ആക്ഷേപം; സർക്കാരിന്റെ അസാധാരണ നീക്കത്തിനെതിരെ ഓർത്തഡോക്‌സ് സഭ

എം. എസ്. സനിൽ കുമാർ

തിരുവനന്തപുരം: ഒരു നൂറ്റാണ്ടിലധികമായി സംസ്ഥാനത്ത് നിലനിൽക്കുന്ന ഓർത്തഡോക്‌സ് - യാക്കോബായാ സഭാ തർക്ക പരിഹാരത്തിനായി പൊതുജനാഭിപ്രായം തേടി നിയമം നിർമ്മിക്കാനുള്ള നീക്കത്തിനെതിരെ ഓർത്തഡോക്‌സ് സഭ. 2017 ലെ സുപ്രീം കോടതി പ്രകാരം യാക്കോബായ സഭയുടെ 1064 പള്ളികളും അനുബന്ധ സ്ഥാപനങ്ങളും ഓർത്തഡോക്‌സ് സഭയ്ക്ക് കീഴിലായിരിക്കുമെന്ന സുപ്രീം കോടതി വിധി അഞ്ച് വർഷമായിട്ടും പൂർണമായി നടപ്പിലാക്കാൻ പിണറായി സർക്കാരിന് കഴിഞ്ഞിട്ടില്ല. ഈ സാഹചര്യത്തിലാണ് പൊതുജനാഭിപ്രായം തേടി നിയമനിർമ്മാണത്തിന് സർക്കാർ ഒരുങ്ങുന്നത്. ഇക്കാര്യത്തിൽ സുപ്രീം കോടതി മുൻ ജഡ്ജി കെ.ടി. തോമസ് അധ്യക്ഷനായുള്ള നിയമ പരിഷ്‌കാര കമ്മീഷൻ നൽകിയ ശുപാർശ അടിസ്ഥാനത്തിലാണ് നിയമനിർമ്മാണത്തിനൊരുങ്ങുന്നത്. സുപ്രീം കോടതി വിധിയെ മറികടന്നുള്ള നിയമനിർമ്മാണത്തിന് സംസ്ഥാന സർക്കാരിന് അധികാരമില്ലെന്നാണ് ഓർത്തഡോക്‌സ് സഭയുടെ നിലപാട്. ഇതിനെതിരെ സഭ പ്രതിഷേധ പ്രമേയം പാസാക്കി സർക്കാരിനയച്ചു.

സുപ്രീം കോടതി വിധിയെ മറികടക്കാൻ സംസ്ഥാനത്തിന് പൊതുജനാഭിപ്രായം തേടി നിയമം നിർമ്മിക്കാനാ വില്ലെന്നാണ് ഓർത്തഡോക്‌സ് സഭയുടെ നിലപാട്. ഇക്കാര്യത്തിൽ ഓർത്തഡോക്‌സ് സഭയുടെ നിലപാടിനെ പല നിയമ വിദഗ്ധരും പിന്തുണയ്ക്കുന്നുണ്ട്. സുപ്രീം കോടതി വിധിയെ മറികടന്ന് നിയമം നിർമ്മിക്കാൻ പാർലമെന്റിന് മാത്രമേ അധികാരമുള്ളു. കോടതികളുടെ അസ്ഥിത്വം തന്നെ ചോദ്യം ചെയ്യുന്ന നിലപാടാണ് സംസ്ഥാന സർക്കാർ സ്വീകരിക്കുന്നതെന്നാണ് ഓർത്തഡോക്‌സ് സഭ പറയുന്നത്.

ക്രിസ്ത്യൻ സ്ത്രീകൾക്ക് പിതൃ സ്വത്തിൽ തുല്യാവകാശം നൽകി കൊണ്ടുള്ള 1986 ഫെബ്രുവരി 24. ലെ സുപ്രീം കോടതി വിധി മറികടക്കാനായി 1994 ൽ കെ. കരുണാകരൻ സർക്കാർ ഒരു നിയമ നിർമ്മാണത്തിന് ശ്രമിച്ചെങ്കിലും കടുത്ത എതിർപ്പിനെ തുടർന്ന് ബില്ലിന് രാഷ്ട്രപതിയുടെ അംഗീകാരം ലഭിച്ചില്ല. സുപ്രീം കോടതി വിധിയിലെ മുൻ കാല പ്രാബല്യം എടുത്തു കളയുന്ന തരത്തിലായിരുന്നു നിയമമന്ത്രി കെ.എം മാണി കൊണ്ടുവന്ന ദി ട്രാവൻകൂർ ആൻഡ് കൊച്ചിൻ ക്രിസ്ത്യൻ സക്‌സഷൻ (റിവൈവൽ ആൻഡ് വാലി ഡേഷൻ) ബിൽ 1994. നിയമസഭാംഗങ്ങൾക്കിടയിൽ ബില്ല് സർക്കുലേറ്റ് ചെയ്തതങ്കിലും ഭരണകക്ഷിയായ കോൺഗ്രസിനുള്ളിൽ നിന്ന് തന്നെ ബില്ലിനെതിരെ അതിശക്തമായ എതിർപ്പുണ്ടായി. നിയമസഭയിൽ ബില്ലവതരണം പോലും സാധ്യമായില്ല - സുപ്രീം കോടതി വിധിയെ മറികടക്കാൻ സംസ്ഥാന സർക്കാരുകൾക്കാവില്ലെന്ന നിയമോപദേശ ത്തെത്തുടർന്നാണ് പിന്നീട് വന്ന സർക്കാരുകൾ വീണ്ടുമൊരു നിയമ നിർമ്മാണത്തിന് മുതിരാതിരുന്നത്.

സുപ്രീം കോടതി വിധിയെ മറികടക്കാൻ പൊതുജനാഭിപ്രായം തേടുന്നത് അസാധാരണമായ സാഹചര്യം സൃഷ്ടിക്കുമെന്നാണ് നിയമ വൃത്തങ്ങളിൽ വിലയിരുത്തപ്പെടുന്നത്. ശബരിമല സ്ത്രീ പ്രവേശം, ക്രിസ്ത്യൻ പിന്തുടർച്ചാവ കാശ നിയമം തുടങ്ങിയ വിഷയങ്ങളിലൊന്നും പൊതുജനാഭിപ്രായം തേടി നിയമ നിർമ്മാണത്തിന് ശ്രമിക്കാതിരുന്ന സർക്കാർ ഇപ്പോൾ എന്തിനാണ് നിയമ നിർമ്മാണത്തി . നൊരുങ്ങുന്നുവെന്നാണ് ഓർത്തഡോക്‌സ് സഭ ഉയർത്തുന്ന പ്രധാന ചോദ്യം. സംസ്ഥാനത്തെ ലക്ഷക്കണക്കിന് ജനങ്ങളെ നേരിട്ട് ബാധിക്കുന്ന സിൽവർ ലൈൻ അതിവേഗ റെയിൽ പാത നിർമ്മാണത്തിനെതിരെ അതിശക്തമായ പ്രതിഷേധങ്ങൾ ഉയർന്നിട്ട് പോലും പൊതുജനാഭിപ്രായം തേടാൻ സാധ്യമല്ലെന്ന് ശഠിക്കുന്ന പിണറായി വിജയൻ സർക്കാർ സഭാ തർക്ക വിഷയത്തിൽ എന്തിനാണ് പൊതുജനാഭിപ്രായം തേടുന്നതെന്നാണ് ഓർത്തഡോക്‌സ് സഭ പരോക്ഷമായി ഉയർത്തുന്ന ചോദ്യം. ഇക്കാര്യം പൊതുമണ്ഡല ത്തിലേക്കുയർത്താൻ ഇന്നലെ പത്തനാപുരത്ത് ചേർന്ന സഭാ നേതൃ യോഗം തീരുമാനിച്ചതായി അറിയുന്നുണ്ട്- ഇക്കാര്യത്തിൽ ഏതറ്റം വരെ പോയി സംസ്ഥാന സർക്കാരിന്റെ ശ്രമങ്ങളെ ചെറുക്കുമെന്നാണ് സഭയുടെ പ്രമേയത്തിൽ പറയുന്നത്.

സഭാ തർക്കം പരിഹരിക്കാൻ പൊതുജനാഭിപ്രായം തേടിയുള്ള നിയമ നിർമ്മാണം വേണമെന്ന നിയമ പരിഷ്‌കാര കമ്മീഷന്റെ നിർദ്ദേശത്തെ യാക്കോബായ വിഭാഗം സ്വാഗതം ചെയ്യുകയും ഓർത്തഡോക്സ് വിഭാഗം അതിനെ തള്ളുകയും ചെയ്തു. ഇനി ഈ വിഷയത്തിൽ നിലപാടെടുക്കേണ്ടത് സംസ്ഥാന സർക്കാരാണ്. വോട്ട് ബാങ്ക് രാഷ്ട്രീയമാണ് സർക്കാർ പയറ്റുന്നതെന്നാണ് ഓർത്തഡോക്‌സ് സഭയുടെ നിലപാട്. സഭാ തർക്കങ്ങൾ സംസ്ഥാനത്ത് ക്രമസമാധാന വിഷയമായി മിക്കപ്പോഴും മാറിയിട്ടുണ്ട്.

തർക്കമുള്ള പള്ളികളിലെ പ്രായപൂർത്തിയായവരെ ഹിതപരിശോധനയിൽ പങ്കെടുപ്പിച്ച് അധികാരം തീരുമാനിക്കണം. ഭൂരിപക്ഷമുള്ള വിഭാഗത്തിന് പള്ളികൾ കൈമാറണമെന്നാണ് നിർദ്ദേശം. സുപ്രീം കോടതി വിധിക്കു ശേഷം ശാശ്വതമായ സമാധാനം ഉണ്ടാകാത്തതിനാലാണ് ശുപാർശയെന്നും കമ്മിഷൻ ചെയർമാൻ ജസ്റ്റിസ് കെ.ടി.തോമസിന്റെ നിലപാട് - എന്നാൽ ഈ നിർദ്ദേശത്തോട് സഹകരിക്കാൻ ഒരുക്കമല്ലെന്നാണ് ഓർത്തഡോക്‌സ് സഭയുടെ നിലപാട്.

എന്നാൽ ഹിതപരിശോധന അംഗീകരിക്കില്ലെന്നാണ് ഓർത്തഡോക്‌സ് സഭയുടെ നിലപാട്. നിർദ്ദേശം നിയമമായാൽ 1934 ലെ സഭാ ഭരണഘടന അടിസ്ഥാനമാക്കി വന്ന സുപ്രീം കോടതി ഉത്തരവ് അപ്രസക്തമാകുമെന്ന ആശങ്കയാണ് ഓർത്തഡോക്‌സ് സഭ ഉയർത്തുന്നത്. നിയമ പരിഷ്‌കാര കമ്മീഷന്റെ നിർദ്ദേശങ്ങൾ ഭരണഘടനാ വിരുദ്ധമാണെന്ന അഭിപ്രായം നിയമ വൃത്തങ്ങളിൽ സജീവ ചർച്ചയാണ്. കെ.റ്റി തോമസ് തയ്യാറാക്കിയ ബില്ലിലെ വ്യവസ്ഥകൾ പക്ഷപാതപരമാണെന്നാണ് ഓർത്തഡോക്‌സ് സഭ ആരോപിക്കുന്നത് ഈ സാഹചര്യത്തിൽ പൊതുജനാഭിപ്രായത്തിനായി വിളിച്ചു ചേർക്കുന്ന പബ്‌ളിക് ഹിയറിങ് വെറും ചടങ്ങായി മാറാനിടയുണ്ട്. പള്ളികൾ പിടിക്കുന്നതിന്റെ പേരിൽ
വീണ്ടും ക്രമസമാധാന പ്രശ്‌നങ്ങൾ തലപൊക്കാനിടയുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP