Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

വിനു ചൂണ്ടിക്കാട്ടിയത് തിരൂരിലെ ഓട്ടോഡ്രൈവർ യാസറിനെ ക്രൂരമായി ആക്രമിച്ചതിനെ എളമരം പിച്ചി.. മാന്തി എന്നു പറഞ്ഞ് പരിഹസിച്ച കാര്യം; വാക്കുകളെ ദുർവ്യാഖ്യാനം ചെയ്തു കരീമിനെ തല്ലാൻ ആഹ്വാനം ചെയ്തുവെന്നാക്കി; അങ്ങാടിയിൽ തോറ്റതിന് അമ്മയോട് എന്ന ശൈലിയിൽ ഏഷ്യാനെറ്റിലേക്ക് മാർച്ചിനും ആഹ്വാനവും

വിനു ചൂണ്ടിക്കാട്ടിയത് തിരൂരിലെ ഓട്ടോഡ്രൈവർ യാസറിനെ ക്രൂരമായി ആക്രമിച്ചതിനെ എളമരം പിച്ചി.. മാന്തി എന്നു പറഞ്ഞ് പരിഹസിച്ച കാര്യം; വാക്കുകളെ ദുർവ്യാഖ്യാനം ചെയ്തു കരീമിനെ തല്ലാൻ ആഹ്വാനം ചെയ്തുവെന്നാക്കി; അങ്ങാടിയിൽ തോറ്റതിന് അമ്മയോട് എന്ന ശൈലിയിൽ ഏഷ്യാനെറ്റിലേക്ക് മാർച്ചിനും ആഹ്വാനവും

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: വിനു വി ജോൺ എന്ന മാധ്യമ പ്രവർത്തകനോട് സിപിഎം എന്ന രാഷ്ട്രീയപാർട്ടിക്കുള്ള എതിർപ്പ് തുടങ്ങിയിട്ട് കാലം കുറേയായി. ഇതിത് പ്രധാന കാരണം ചാനൽ ചർച്ചകളിൽ സിപിഎം പ്രതിനിധികളെ ഉത്തരംമുട്ടിക്കുന്ന ചോദ്യങ്ങൾ ഉന്നയിക്കുന്നതു കൊണ്ടാണ്. വിനു വി ജോണിനെ കുറച്ചു കാലം മുമ്പ് സിപിഎം ബഹിഷ്‌ക്കരിച്ചതു പോലും നേതാക്കൾക്ക് ഉത്തരം മുട്ടുന്നത് പതിവായതോടെയാണ്. ഇതിന് പിന്നാലെയാണ് പണിമുടക്കിൽ ട്രേഡ് യൂണിയനുകളെ തീർത്തും പ്രതിരോധത്തിലാക്കുന്ന ചർച്ചയും വിനു വി ജോൺ നയിച്ചത്. ഇതിന്റെ കലിപ്പു തീർക്കാൻ വേണ്ടിയാണ് അവർ ഇന്ന് ഏഷ്യാനെറ്റ് ന്യൂസിലേക്ക് മാർച്ചു നടത്തുമെന്ന് പ്രഖ്യാപിച്ചിരിക്കുന്നത്.

സിഐടിയു നേതാവ് എളമരം കരീമിനെ തല്ലാൻ വിനു വി ജോൺ ആഹ്വാനം ചെയ്തു എന്ന് ദുർവ്യാഖ്യാനം ചെയ്തു കൊണ്ടാണ് സമരാനുകൂലികൾ പ്രതിഷേധിക്കാൻ രംഗത്തുവന്നിരിക്കുന്നത്. വിനു തുറന്നടിച്ച് അഭിപ്രായം പറയുകയും സഖാക്കൾക്ക് അത് വല്ലാതെ നോവുകയും ചെയ്യന്നതാണ് അവരെ വിനുവിനെ കണ്ണിലെ കരടാക്കിയതും. ദേശീയ പണിമുടക്ക് വന്നപ്പോഴും പതിവ് പോലെ അതായത്, തിങ്കളാഴ്ച രാത്രിയിലെ ന്യൂസ് അവറിൽ, ജനങ്ങളെ ദുരിതത്തിലാക്കുന്ന പണിമുടക്കിനെ വിനു രൂക്ഷമായി വിമർശിച്ചിരുന്നു.

പണിമുടക്ക് ജനജീവിതം സ്തംഭിപ്പിച്ചോ എന്ന വിഷയത്തിൽ തിങ്കളാഴ്‌ച്ച രാത്രി എട്ടിന് ഏഷ്യാനെറ്റ് ന്യൂസ് നടത്തിയ ചർച്ചയിൽ പണിമുടക്കിയ തൊഴിലാളികളെയും ഏളമരം കരീമിനെയും വിനു അധിക്ഷേപിച്ചുവെന്നാണ് സിപിഎം ആരോപിക്കുന്നത്. സി ഐ ടി യു സംസ്ഥാന ജനറൽ സെക്രട്ടറിയും രാജ്യ സഭാ കക്ഷി നേതാവുമായ എളമരം കരീം കുടുംബ സമേതം കാറിൽ സഞ്ചരിക്കുമ്പോൾ തടഞ്ഞ് നിർത്തി കാർ അടിച്ച് തകർക്കുകയും കാറിൽ നിന്ന് കുടുംബാംഗങ്ങളെ ഇറക്കിവിടുകയും ചെയ്താൽ എന്ത് സംഭവിക്കുമെന്നാണ് വിനു ചോദിച്ചത്. 'എളമരം കരീം പോയ വണ്ടി ഒന്ന് അടിച്ച് പൊട്ടിക്കണമായിരുന്നു. എന്നിട്ട് എളമരം കരീം കുടുംബ സമേതമായിരുന്നെങ്കിൽ അദ്ദേഹത്തെയും കുടുംബത്തേയും ഇറക്കിവിടണമായിരുന്നു. എളമരം കരീം പോയ ഒരു വണ്ടിയുടെ കാറ്റ് അഴിച്ചുവിടണമായിരുന്നു. എളമരം കരീമിന്റെ മുഖത്തടിച്ച് ചോരവരുത്തണമായിരുന്നു,'. ഇതാണ് സഖാക്കളെ ചൊടിപ്പിച്ചത്.

എളമരം കരിമിനെ ആക്രമിക്കാൻ ആഹ്വാനം നൽകി എന്ന് ദുർഖ്യാനിച്ചു കൊണ്ടാണ് ഏഷ്യാനെറ്റ് ന്യൂസ് ചാനൽ ഓഫീസിലേക്ക് ഇന്ന് തൊഴിലാളികൾ സംയുക്തമായി പ്രതിഷേധ മാർച്ച് സംഘടിപ്പിക്കുന്നത്. അതേസമയം ആ ചർച്ച കണ്ടിരുന്നവർക്ക് എല്ലാം അറിയുന്ന കര്യമുണ്ട് വിനു വി ജോൺ കരീമിനെ തല്ലാൻ ആഹ്വാനം ചെയ്തത് ആയിരുന്നില്ല. മറിച്ച് തിരൂരിൽ രോഗിയുമായി പോയ ഓട്ടോറിക്ഷാ ഡ്രൈവർ യാസറിനെ പിടിച്ചിറക്കി ക്രൂരമായി മർദ്ദിച്ച സംഭവമാണ് വിനു ചൂണ്ടിക്കാട്ടിത്. നേതാവിന്റെ കുടുംബത്തോടാണെങ്കിൽ സമരക്കാർ ഇങ്ങനെ ചെയ്യുമോ എന്നതായിരുന്നു അദ്ദേഹം ഉന്നയിച്ച പോയിന്റ്.

എളമരം കരീം ആകട്ടെ യാസറിനെ ആക്രമിച്ച സംഭവത്തെ നിസ്സാരവൽക്കരിച്ചു കൊണ്ടാണ് സംസാരിച്ചത്. ഓട്ടോക്കാരനെ പിച്ചി, മാന്തി എന്നു പറഞ്ഞു വരികയാണെന്ന് അദ്ദേഹം പരിഹസിക്കുകയാണ് ഉണ്ടായത്. ഈ പരിഹാസം ചൂണ്ടിക്കാട്ടി നേതാവിന്റെ കുടുംബമായിരുന്നെങ്കിൽ സമരക്കാർ അങ്ങനെ ചെയ്യുമോ എന്ന പോയിന്റായിരുന്നു വിനു ഉന്നയിച്ചത്. ഈ വിഷയം ചർച്ച കഴിഞ്ഞ് മണിക്കൂറുകളോളം കഴിഞ്ഞിട്ടും വിവാദമായില്ല. ഒടുവിൽ ഇന്നലെ സമരം തീർന്നതോടെയാണ് സൈബർ സഖാക്കൾ അടക്കം പൊടുന്നനേ വിനു എളമരം കരീമിനെ ആക്രമിക്കാൻ ആഹ്വാനം ചെയ്തുവെന്ന വിധത്തിൽ പ്രചരിപ്പിച്ചത്. അതായത് ചർച്ച കണ്ടു കൊണ്ടിരുന്ന സിപിഎം അണികൾക്കും നേതാക്കൾക്ക് പോലും തോന്നാത്ത കാര്യം മണിക്കൂറുകൾ കഴിഞ്ഞപ്പോൾ തോന്നി എന്നതാണ് വിചിത്രമായ കാര്യം.

സമരം പൊളിഞ്ഞതിന്റെ പ്രതികാരം തീർക്കാനാണ് ഈ ശ്രമമെന്ന് ഇതിൽ നിന്നു തന്നെ വ്യക്തമാണ്. അന്നേ ദിവസം വിനു നയിച്ച ചർച്ചയിൽ ലുലു മാൾ പ്രവർത്തിച്ച കാര്യവും സിപിഎം പാർട്ടി കോൺഗ്രസ് വേദിയിൽ ജീവനക്കാർ പണിയെടുത്ത കാര്യവുമൊക്കെ ചൂണ്ടിക്കാട്ടിയിരുന്നു. ഇതെല്ലാം സമരക്കാർക്ക് ശരിക്കും ക്ഷീണമാകുകയും ചെയ്തു. ഇതോടെയാണ് വിനുവിനെതിരെ വീണ്ടം സഖാക്കൾ വടിയെടുത്ത് രംഗത്തുവന്നത്.

വിനു ചെയ്തത് തൊഴിലാളിവർഗത്തോടുള്ള വെല്ലുവിളിയാണെന്ന വാദമാണ് ട്രേഡ് യൂണിയനുകൾക്ക്. തൊഴിലാളി പണിമുടക്കിന് ഒരു ചരമ കോളത്തിന്റെ പ്രാധാന്യം പോലും നൽകിയില്ല. നേതാക്കളെ ജനാധിപത്യ വിരുദ്ധമായ ഒരു മാടമ്പി ഭാഷയിലാണ് ഏഷ്യാനെറ്റ് ചാനൽ അപമാനിച്ചുനെന്നും ഇവർ പറുന്നത്. ഏഷ്യാനെറ്റിന്റെ ഈ നടപടിയിൽ സംയുക്ത ട്രേഡ് യൂണിയൻ സംസ്ഥാന സമിതി ശക്തമായ പ്രതിഷേധിക്കുന്നുവെന്നും ഇവർ പുറത്തിറക്കിയ റിലീസിൽ പറയുന്നു.

ട്രേഡ് യുണിയനുകളുടെ വാർത്താ കുറിപ്പ് ഇങ്ങനെ:

മാർച്ച് 30 ന് തിരുവനന്തപുരത്തെ ഏഷ്യാനെറ്റ് ന്യൂസ്ചാനൽ ഓഫീസിന് മുന്നിൽ തൊഴിലാളികൾ പ്രതിഷേധം സംഘടിപ്പിക്കും. സംയുക്തമായി ടേഡ് യൂണിയനുകൾ ആഹ്വാനം ചെയ്ത ദ്വിദിന പണിമുടക്ക് ജനജീവിതം സ്തംഭിപ്പിച്ചോ എന്ന വിഷയത്തിൽ മാർച്ച് 28 ന് രാത്രി 8 ന് ഏഷ്യാനെറ്റ് ന്യൂസ്ചാനൽ നടത്തിയ ചർച്ച നയിച്ച ചീഫ് റിപ്പോർട്ടർ ബിനു ജോൺ പണിമുടക്കിയ തൊഴിലാളികളെ അടച്ച് മോശമായി ആക്ഷേപിക്കുകയും സി ഐ ടി യു സംസ്ഥാന ജനറൽ സെക്രട്ടറിയും രാജ്യ സഭാ കക്ഷി നേതാവുമായ സഖാവ് ഏളമരം കരിമിനെ അപകീർത്തിപ്പെടുത്തുകയും അദ്ദേഹം കുടുംബ സമേതം കാറിൽ സഞ്ചരിക്കുമ്പോൾ തടഞ്ഞ് നിർത്തി കാർ അടിച്ച് തകർക്കുകയും കാറിൽ നിന്ന് കുടുംബാംഗങ്ങളെ ഇറക്കിവിടുകയും സഖാവ് കരീമിന്റെ കരണകുറ്റി അടിച്ച് പൊട്ടിക്കുകയും ചെയ്താൽ എന്ത് സംഭവിക്കും എന്ന് ലോകത്തോട് വിളിച്ച് പറഞ്ഞു.

ഒരു മാധ്യമ പ്രവർത്തകന്റെ നിലവാരം ഇത്രയും അധ:പതിച്ച കാഴ്ചയാണ് കണ്ടത്. ഇത് തൊഴിലാളിവർഗത്തോടുള്ള വെല്ലുവിളിയാണ്. എളമരം കരീമിനെപ്പോലെ ഉന്നത സ്ഥാനീയനായ ഒരു തൊഴിലാളി നേതാവിനെ ഒറ്റപ്പെടുത്തി ആക്രമിക്കാനുള്ള നീക്കം വച്ചു പൊറുപ്പിക്കാനില്ല. അഞ്ചു മാസക്കാലമായി അതി വിപുലമായ പ്രചാരണം പണിമുടക്കിന്റെ സന്ദേശം ജനങ്ങളിൽ എത്തിക്കുവാൻ കഴിഞ്ഞിട്ടുണ്ട്. യാത്രകൾ ഒഴിവാക്കിയും കടകൾ അടച്ചും പണിമുടക്കിയും സഹകരിക്കണമെന്ന് തൊഴിലാളികൾ മുക്കിലും മൂലയിലും പോയി പ്രചരിപ്പിച്ചു. എല്ലാ ജില്ലകളിലും പത്രസമ്മേളനം നടത്തി. എന്നിട്ടും തൊഴിലാളി പണിമുടക്കിന് ഒരു ചരമ കോളത്തിന്റെ പ്രാധാന്യം പോലും നൽകാതിരുന്ന മാധ്യമങ്ങളുടെ അജണ്ടയെ പ്രസംഗ മധ്യേ പരാമർശിച്ചതിനാണ് ബിനു ജോൺ തന്റെ മ്ളേച്ഛമായ ഭാഷ ഉപയോഗിച്ച് ആക്ഷേപിച്ചത്. ജനാധിപത്യ വിരുദ്ധമായ ഒരു മാടമ്പി ഭാഷയിലാണ് ഏഷ്യാനെറ്റ് ചാനൽ അപമാനിച്ചത്. ഏഷ്യാനെറ്റിന്റെ ഈ നടപടിയിൽ സംയുക്ത ട്രേഡ് യൂണിയൻ സംസ്ഥാന സമിതി ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നു.

എന്ന് ആർ. ചന്ദ്രശേഖരൻ പ്രസിഡണ്ട് . എളമരം കരീം സെക്രട്ടറി. കെ.പി രാജേന്ദ്രൻ .

ഏഷ്യാനെറ്റിൽ കഴിഞ്ഞ ദിവസം നടന്ന ചർച്ചയിൽ അവതാരകൻ വിനു വി. ജോൺ എളമരം കരീമിനെതിരെ നടത്തിയ പരാമർശം അംഗീകരിക്കാനാകില്ലെന്നും സംയുക്ത ട്രേഡ് യൂണിയൻ കൗൺസിൽ കേരള ഘടകം ചെയർമാനും ഐ.എൻ.ടി.യു.സി സംസ്ഥാന പ്രസിഡന്റുമായ ആർ.ചന്ദ്രശേഖരൻ പറഞ്ഞു.

'ഏഷ്യാനെറ്റ് ന്യൂസിൽ കഴിഞ്ഞ ദിവസം ഞാനും കെ.പി. രാജേന്ദ്രനും പങ്കെടുത്ത ഒരു ചർച്ചയിൽ ഒരു മുതലാളി(സാബു എം. ജേക്കബ്)യെ അവിടെക്കൊണ്ടിരുത്തി നടത്തിയ ചർച്ച കൊണ്ടുപോയത് തെറ്റായ രീതിയിലായിരുന്നു. എളമരം കരീമിനേയും അദ്ദേഹത്തിന്റെ കുടുംബത്തേയും ഒരു ദൗർഭാഗ്യകരമായ സംഭവം ചൂണ്ടിക്കാട്ടി ആക്രമിക്കണം എന്നാണ് വിനു വി. ജോൺ പറഞ്ഞത്. എളമരം കരീമിന്റെ മുഖം അടിച്ച് പരത്തണം എന്നും വിനു വി. ജോൺ പറഞ്ഞു. ആയിരം വിനു വി. ജോണുമാർ വിചാരിച്ചാൽ എളമരം കരീമിന്റെ രോമത്തിൽ തൊടാൻ കഴിയില്ല,' ചന്ദ്രശേഖരൻ പറഞ്ഞു.

ഏഷണി പറയുന്നതും ആടിനെ പട്ടിയാക്കുന്നതുമാണ് ഇപ്പോൾ ഏറ്റവും മാർക്കറ്റുള്ളത്. കുറേ കാലമായി ഏഷ്യാനെറ്റിലെ വിനു വി. ജോൺ എന്നയാൾ വിചാരിക്കുന്നത്, അദ്ദേഹമാണ് ഏറ്റവും വലിയ മാധ്യമ വിദ്ഗ്ധൻ എന്നാണ്. വിവരദോഷമേ നിന്റെ പേരാണോ മാധ്യമ വിദഗ്ദൻ എന്ന ചോദ്യം വന്നാൽ അതിൽ ഒന്നാം സ്ഥാനം വിനു വി. ജോണിനായിരിക്കുമെന്നും ചന്ദ്രശേഖരൻ പറഞ്ഞു. അഭാസത്തരം പറയുന്ന അവതാരകർക്കെതിരെ പ്രതികരിക്കാൻ കഴിയേണ്ടതുണ്ട്. അവതാരകന്റെ നടപടിക്കെതിരെ തെരഞ്ഞെടുക്കപ്പെട്ട വളണ്ടിയർമാരുടെ സമരം തിരുവനന്തപുരത്തെ ഏഷ്യാനെറ്റ് ഓഫീസിലേക്ക് സംഘടിപ്പിക്കുമെന്നും ചന്ദ്രശേഖരൻ വ്യക്തമാക്കി.

ഉത്തരം മുട്ടിയപ്പോഴും വിനുവിനെ സിപിഎം ബഹിഷ്‌ക്കരിച്ചു

വിനു വി ജോണിനെ ഏഷ്യാനെറ്റ് ന്യൂസ് ബഹിഷ്്ക്കരിക്കുന്നത് ഇതാദ്യമല്ല. നിമയസഭാ കയ്യാങ്കളിയുമായി ബന്ധപ്പെട്ട് മന്ത്രി വി ശിവൻകുട്ടിക്കെതിരെ ഏഷ്യാനെറ്റ് ന്യൂസ് നടത്തിയ കടന്നാക്രമണത്തെ തുടർന്നു വിനുവിനെ സിപിഎം ബഹിഷ്‌ക്കരിച്ചിരുന്നു. വിനു വി ജോണിനെതിരെ ദേശാഭിമാനി ലേഖകൻ ഭീഷണി സന്ദേശേം ഫോൺവഴി നൽകിയതും വിവാദമായിരുന്നു.

നേരത്തേയും ഏഷ്യാനെറ്റ് ന്യൂസിനെ സിപിഎം ബഹിഷ്‌കരിച്ചിരുന്നു. പിന്നീട് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനുമായി അന്നത്തെ ഏഷ്യാനെറ്റ് ന്യൂസ് തലവൻ എംജി രാധാകൃഷ്ണൻ ചർച്ച നടത്തി. പിന്നീടാണ് പിൻവലിച്ചത്. മന്ത്രി ശിവൻകുട്ടിയുടെ ഭാര്യാ സഹോദരനായിരുന്നു എംജി രാധാകൃഷ്ണൻ. സിപിഎം സൈന്താദ്ധികൻ കൂടിയായ പി ഗോവിന്ദപിള്ളയുടെ മകനാണ് എംജി രാധാകൃഷ്ണൻ. എംജിആറിന്റെ സഹോദരിയും പിഎസ് സി അംഗവുമായ പാർവ്വതിയുടെ ഭർത്താവാണ് ശിവൻകുട്ടി. എംജി രാധാകൃഷ്ണനെ ഏഷ്യാനെറ്റ് ന്യൂസിൽ നിന്ന് സമ്മർദ്ദം ചെലുത്തി മാനേജ്‌മെന്റ് പുറത്താക്കി. അതിന് ശേഷം മാതൃഭൂമി പത്രത്തിന്റെ എഡിറ്ററായിരുന്ന മനോജ് കെ ദാസ് ഏഷ്യാനെറ്റ് ന്യൂസിന്റെ ചുമതലയിൽ എത്തി.

അതിന് ശേഷം സർക്കാരിനെതിരെ കൂടുതൽ കടന്നാക്രമണങ്ങൾ ഏഷ്യാനെറ്റ് ന്യൂസ് നടത്തി. വികസന കാഴ്ചപാടിൽ തന്നെ സർക്കാരിന്റെ സ്വപ്ന പദ്ധതികളെ വിമർശിച്ചു. നിയമസഭയിലെ കയ്യാങ്കളിയിലെ ചർച്ച തീർത്തും സിപിഎമ്മിനെ അവഹേളിക്കുന്നതായിരുന്നുവെന്ന് പാർട്ടി വിലയിരുത്തുന്നു. മന്ത്രി ശിവൻകുട്ടിയെ കളിയാക്കിയത് തരംതാണ രീതിയിലാണ്. ഇതിനോട് പ്രേക്ഷക സമൂഹത്തിനൊപ്പം നിന്ന് വിമർശനം അറിയിച്ച ദേശാഭിമാനിയിലെ മാധ്യമ പ്രവർത്തകനെ അപമാനിച്ചു. ഈ സാഹചര്യത്തിലാണ് ഏഷ്യാനെറ്റ് ന്യൂസുമായുള്ള ബന്ധം സിപിഎം വീണ്ടും ഉപേക്ഷിക്കുന്നത്. പത്രസമ്മേളനങ്ങളിൽ വിലക്കുണ്ടാകില്ല. എന്നാൽ നേതാക്കൾ ചർച്ചകളിൽ സഹകരിക്കില്ലെന്ന തീരുമാനത്തിലേക്ക് എത്തിയിരുന്നു. എ എ റഹീം അടക്കം ചാനൽ ലേഖകർക്ക് ചർച്ചകളിൽ തുടർച്ചയായി ഉത്തരം മുട്ടിയതോടെയും അവർ നിസ്സകരണത്തിലേക്ക് പോയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP