Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

വധഗൂഢാലോചനയിൽ 'വിഐപി'യുടെ പങ്കെന്ത്? ദിലീപിന്റെ അടുത്ത സുഹൃത്തും വ്യവസായിയുമായ ശരത്തിനെയും ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യുന്നു; വിവരങ്ങൾ സ്ഥിരീകരിക്കാൻ ബാലചന്ദ്രകുമാറിനെയും വിളിപ്പിച്ചു; ദിലീപിനൊപ്പം ഇരുത്തി ചോദ്യം ചെയ്‌തേക്കും

വധഗൂഢാലോചനയിൽ 'വിഐപി'യുടെ പങ്കെന്ത്? ദിലീപിന്റെ അടുത്ത സുഹൃത്തും വ്യവസായിയുമായ ശരത്തിനെയും ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യുന്നു; വിവരങ്ങൾ സ്ഥിരീകരിക്കാൻ ബാലചന്ദ്രകുമാറിനെയും വിളിപ്പിച്ചു; ദിലീപിനൊപ്പം ഇരുത്തി ചോദ്യം ചെയ്‌തേക്കും

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട ഗൂഢാലോചനാ കേസിൽ ദിലീപിന്റെ സുഹൃത്ത് വിഐപി എന്നറിയപ്പെടുന്ന ശരത്തിനെ പൊലീസ് ചോദ്യം ചെയ്യുന്നു. സംവിധായകൻ ബാലചന്ദ്രകുമാറാണ് ഇയാളെ വിഐപി എന്ന് വിശേഷിപ്പിച്ചത്. കളമശ്ശേരിയിലെ ക്രൈംബ്രാഞ്ച് ഓഫീസിൽ ആണ് ചോദ്യംചെയ്യൽ.

കേസുമായി ബന്ധപ്പെട്ട് ദിലീപിന്റെ ചോദ്യം ചെയ്യൽ രണ്ടാം ദിനത്തിലേക്ക് കടക്കുന്നതിനിടെയാണ് ഇന്ന് ശരത്തിനെ വിളിപ്പിച്ചത്. ആലുവ പൊലീസ് ക്ലബിലാണ് ദിലീപിന്റെ ചോദ്യം ചെയ്യൽ. നടിയെ ആക്രമിച്ച ദൃശ്യങ്ങൾ ദിലീപിന് എത്തിച്ച് നൽകിയത് ഒരു വിഐപി ആയിരുന്നു എന്നായിരുന്നു ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തൽ. ഈ വിഐപി ശരത് ആണ് എന്ന് പിന്നീട് ബാലചന്ദ്രകുമാറും തിരിച്ചറിഞ്ഞിരുന്നതായും റിപ്പോർട്ടുകളുണ്ടായിരുന്നു. അതിനിടെ ബാലചന്ദ്രകുമാറിനെയും അന്വേഷണ സംഘം വിളിപ്പിച്ചു. ദിലീപിനെ ബാലചന്ദ്രകുമാറിനൊപ്പം ഇരുത്തി ചോദ്യം ചെയ്‌തേക്കും. ശരത്തിനേയും ബാലചന്ദ്രകുമാറിനൊപ്പം ഇരുത്തി ചോദ്യം ചെയ്യാൻ സാധ്യതയുണ്ട്.

നടിയെ ആക്രമിച്ച് പകർത്തിയ ദൃശ്യം 2018 നവംബർ 15ന് ആലുവയിലെ വീട്ടിൽ വെച്ച് ദിലീപ് കണ്ടെന്നാണ് സംവിധായകൻ ബാലചന്ദ്രകുമാറിയന്റെ മൊഴി. എന്നാൽ ഈ ദൃശ്യം തന്റെ പക്കലില്ലെന്നും മൊഴിയെക്കുറിച്ച് അറിയില്ലെന്നും ദിലീപ് മൊഴി നൽകി. ഇത് അന്വേഷണ സംഘം വിശ്വാസത്തിലെടുത്തിട്ടില്ല.

ഒരു വിഐപിയാണ് ദൃശ്യങ്ങൾ ദിലീപിന് വീട്ടിലെത്തിച്ച് നൽകിയതെന്നും ബാലചന്ദ്രകുമാറിന്റെ മൊഴിയിലുണ്ട്. ഈ വിഐപി വ്യവസായി ശരത്താണെന്ന നിഗമനത്തിലാണ് ക്രൈംബ്രാഞ്ച്. നടിയെ ആക്രമിച്ച കേസിലെ 20 സാക്ഷികൾ കൂറു മാറിയ സംഭവത്തിലുള്ള പങ്കിനെക്കുറിച്ചും ദിലീപിനോട് ചോദ്യങ്ങളുണ്ട്. ഹാക്കർ സായ് ശങ്കറിനെ ഉപയോഗിച്ച് ദിലീപ് ഫോണിൽ നിന്ന് മായ്ച്ച വിവരങ്ങളിൽ ചിലത് ഫോറൻസിക് പരിശോധനയിൽ കണ്ടെത്തിയിട്ടുണ്ട്. ഈ രേഖകൾ വെച്ചും ഇന്നലത്തെ മൊഴി വിലയിരുത്തിയുമുള്ള ചോദ്യം ചെയ്യലും തുടരുകയാണ്.

നിലവിൽ ശരത്ത് ഗൂഢാലോചന കേസിൽ പ്രതിയല്ല. ആറ് പ്രതികളുള്ള കേസിൽ തിരിച്ചറിയപ്പെടാത്ത വ്യക്തി എന്ന നിലയിൽ ആയിരുന്നു ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിലെ വിഐപിയെ പ്രതിചേർത്തത്. എന്നാൽ പിന്നീട് വിഐപി ശരത് ആണെന്ന് ബാലചന്ദ്രകുമാർ തന്നെ വെളിപ്പെടുത്തിയ സാഹചര്യത്തിലാണ് ഇന്നത്തെ ചോദ്യം ചെയ്യൽ നിർണായകമാവുന്നത്.

അതിനിടെ, നടിയെ ആക്രമിച്ച കേസിൽ പ്രതിപ്പട്ടികയിലുള്ള നടൻ ദിലീപിനെ ക്രൈം ബ്രാഞ്ച് ചോദ്യം ചെയ്യുന്നത് രണ്ടാം ദിവസവും പുരോഗമിക്കുകയാണ്. ബാലചന്ദ്രകുമാറിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് നടപടി. നടിയെ ആക്രമിച്ച കേസിൽ തുടരന്വേഷണം പ്രഖ്യാപിച്ച് മൂന്ന് മാസത്തിന് ശേഷമാണ് ദിലീപ് വീണ്ടും ചോദ്യം ചെയ്യലിന് വിധേയനായത്. എഡിജിപിയുടെ നേതൃത്വത്തിൽ തന്നെയാകും ചോദ്യം ചെയ്യൽ. പ്രത്യേകം തയ്യാറാക്കിയ ചോദ്യങ്ങളാണ് ഇന്നും ചോദിക്കുന്നത്.

ഇന്നലത്തെ ചോദ്യം ചെയ്യലിൽ കൃത്യമായി മറുപടി ലഭിക്കാത്ത കാര്യങ്ങളിൽ ക്രൈം ബ്രാഞ്ച് ദിലീപിൽ നിന്നും വ്യക്തത തേടും. ഒഴിഞ്ഞു മാറിയ ചോദ്യങ്ങളിലും മറുപടി തേടും. ഇന്നലെ ദിലീപിനെ ചോദ്യം ചെയ്ത് വീഡിയോ ദൃശ്യങ്ങൾ പൂർണമായും കണ്ടതിന് ശേഷമാണ് ഇന്നത്തെ ചോദ്യം ചെയ്യൽ. നേടിയെ ആക്രമിച്ച കേസിൽ തുടരന്വേഷണം പ്രഖ്യാപിച്ച് മൂന്ന് മാസത്തിന് ശേഷമാണ് ദിലീപ് വീണ്ടും ചോദ്യം ചെയ്യലിന് വിധേയനായത്.

ചോദ്യം ചെയ്യലിന് മുന്നോടിയായി ദിലീപ് അഭിഭാഷകൻ രാമൻപിള്ളയെ കണ്ടിട്ടുണ്ട്. ഇന്നലെ രാവിലെ 11.30ന് ആരംഭിച്ച ചോദ്യംചെയ്യൽ വൈകിട്ട് ആറര മണിയോടെയാണ് പൂർത്തിയായത്. കേസിലെ സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിച്ചിട്ടില്ലെന്നും ബാലചന്ദ്രകുമാറിന്റെ മൊഴിയെ കുറിച്ച് തനിക്ക് അറിയില്ലെന്നുമാണ് ചോദ്യം ചെയ്യലിൽ ദിലീപ് പറഞ്ഞത്. നടിയെ അക്രമിച്ച ദൃശ്യങ്ങൾ താൻ കണ്ടിട്ടില്ലെന്ന് ദിലീപ് വാദിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP