Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

അബുവും ചാത്തുക്കുട്ടിയും ബ്രിട്ടീഷ് പൊലീസുമായി നേരിട്ട് പൊരുതി; പൊലീസിനെ വെട്ടിച്ച് ജവഹർഘട്ടിൽ പൊതുയോഗം തുടങ്ങിയ സെക്രട്ടറി മാധവൻ; കടപ്പുറം യുദ്ധ ഭൂമിയായി; നൊമ്പര ഓർമകളുമായി ചിറക്കുന്നിയിലെ സിപിഎം ഓഫീസ്; തലശ്ശേരി ജവഹർഘട്ട് ഉത്തരകേരളത്തിലെ ജാലിയൻവാലാബാഗ്

അബുവും ചാത്തുക്കുട്ടിയും ബ്രിട്ടീഷ് പൊലീസുമായി നേരിട്ട് പൊരുതി; പൊലീസിനെ വെട്ടിച്ച് ജവഹർഘട്ടിൽ പൊതുയോഗം തുടങ്ങിയ സെക്രട്ടറി മാധവൻ; കടപ്പുറം യുദ്ധ ഭൂമിയായി; നൊമ്പര ഓർമകളുമായി ചിറക്കുന്നിയിലെ സിപിഎം ഓഫീസ്; തലശ്ശേരി ജവഹർഘട്ട് ഉത്തരകേരളത്തിലെ ജാലിയൻവാലാബാഗ്

രഞ്ജിത്ത് ബാബു

കണ്ണൂർ: കേരളത്തിലെ സ്വാതന്ത്ര സമര ചരിത്രത്തിൽ രക്ത തിലകം ചാർത്തിയ ചരിത്രമാണ് തലശ്ശേരി ജവഹർഘട്ടിന് പറയാനുള്ളത്. കമ്യൂണിസ്റ്റ്കാർക്കും കോൺഗ്രസ്സിനും ഒരുപോലെ പങ്കുള്ള സമര ചരിത്രമാണ് ജവഹർഘട്ടിൽ നടന്നത്. ഉത്തര കേരളത്തിലെ ' ജാലിയൻവാലാബാഗ് ' എന്ന് അറിയപ്പെടുന്ന സംഭവം ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനെതിരായിരുന്നു.

കേരളത്തിലെ ദേശീയ പ്രസ്ഥാനം സംഘടിപ്പിച്ച സാമ്രജ്യത്വ വിരുദ്ധ സമരത്തിന്റെ സ്മാരകമാണ് ഇന്ന് തലശ്ശേരിയും ജവഹർഘട്ടും. സിപിഎം. 23 ാം പാർട്ടി കോൺഗ്രസ്സ് കണ്ണൂരിൽ നടക്കുമ്പോൾ ഈ സാമ്രാജ്യത്വ വിരുദ്ധ സമരത്തിന്റെ ചരിത്രത്തിനും പ്രസക്തി ഏറുകയാണ്. 1940 സെപ്റ്റംബർ 15 ന് കമ്യൂണിസ്റ്റ് ആശയക്കാരായ അബുവും ചാത്തുക്കുട്ടിയും ബ്രിട്ടീഷ് പൊലീസിന്റെ വെടിയേറ്റ് രക്തസാക്ഷികളായി.

1939 സപ്തംബർ 1 ന് രണ്ടാംലോകമഹായുദ്ധത്തിന് ഹിറ്റ്ലർ തിരികൊളുത്തി. ബ്രിട്ടീഷ് സാമ്രാജ്യത്വവാദികൾ യുദ്ധത്തിൽ പങ്കാളികളുമായി. അന്നത്തെ ഇന്ത്യാ സെക്രട്ടറി അമരിപ്രഭു ബ്രിട്ടീഷ് കോമൺസഭ വിളിച്ച് ചേർച്ച് ബ്രിട്ടന്റെ കോളനിയായ ഇന്ത്യയും യുദ്ധത്തിൽ പങ്കുചേരുമെന്ന് പ്രഖ്യാപിച്ചു.

അമരി പ്രഭുവിന്റെ പ്രഖ്യാപനത്തെ ഇന്ത്യൻനാഷണൽ കോൺഗ്രസ്സ് ഇന്ത്യയോടുള്ള വെല്ലുവിളിയായി കരുതി. രാജ്യം ഒട്ടാകെ പ്രതിഷേധദിനം ആചരിക്കാൻ കോൺഗ്രസ്സ് ആഹ്വാനം ചെയ്തു. ദേശീയ തലത്തിൽ തന്നെ പ്രതിഷേധം അലയടിച്ചു. പ്രതിഷേധം അടിച്ചമർത്താൻ ബ്രിട്ടീഷ് പൊലീസ് രംഗത്തിറങ്ങി. അവർ കോൺഗ്രസ്സ് നേതാക്കളെ തെരഞ്ഞുപിടിച്ച് ജയിലിലാക്കി.

ഇന്ത്യയുടെ ആഭ്യന്തര നില തന്നെ താളം തെറ്റി. ഈ സമയം കേരളാ പ്രദേശ് കോൺഗ്രസ്സ് കമ്മിറ്റി സെപ്റ്റംബർ 15 ന് മർദ്ദനപ്രതിഷേധ ദിനമായി ആചരിക്കാൻ തീരുമാനിച്ചു. കോൺഗ്രസ്സ് ആഹ്വാനം പുറത്ത് വന്നതോടെ തലശ്ശേരിയിലെ പ്രതിഷേധ ദിനാചരണം നിരോധനാജ്ഞമൂലം തടയപ്പെട്ടു. നിരോധനാജ്ഞ ലംഘിച്ച് ജവഹർഘട്ട് കടപ്പുറത്ത് ജനക്കൂട്ടമെത്തി. കോൺഗ്രസ്സ് സെക്രട്ടറി കരുണാകർ നമ്പ്യരേയും മറ്റ് ഏഴ് പ്രധാന പ്രവർത്തകരേയും സബ്കലക്ടർ രാമകൃഷ്ണ അയ്യരുടെ നേതൃത്വത്തിൽ പൊലീസ് അറസ്റ്റ് ചെയ്തു.

കോൺഗ്രസ്സിന് അകത്ത് പ്രവർത്തിക്കുന്ന കമ്യൂണിസ്റ്റ്കാരും പ്രതിഷേധത്തിന് മുൻനിരയിലായിരുന്നു. അബുവും ചാത്തുക്കുട്ടിയും ബ്രിട്ടീഷ് പൊലീസുമായി നേരിട്ട് പൊരുതി. ഇതിനിടെ സെക്രട്ടറിയായ പി.കെ. മാധവൻ പൊലീസിനെ വെട്ടിച്ച് ജനൽ വഴി പുറത്ത് ചാടി ജവഹർഘട്ടിൽ പൊതുയോഗമാരംഭിച്ചു. പ്രസംഗിച്ചു കൊണ്ടിരിക്കെ മാധവനെ വേദിയിൽ വെച്ച് പൊലീസ് പിടികൂടി. കടപ്പുറം യുദ്ധ ഭൂമിയായി. ബ്രിട്ടീഷ് പൊലീസ് വെടിയുണ്ടയും ലാത്തിയും കൊണ്ട് പ്രതിഷേധക്കാരെ നേരിട്ടു.

ജയ്ഭാരത് വിളിച്ച് മുന്നോട്ട് നീങ്ങിയ അബുവിന്റേയും ചാത്തുക്കുട്ടിയുടേയും നേരെ പൊലീസ് വെടിവെച്ചു. തലശ്ശേരിയുടെ രണ്ട് വീര പുത്രന്മാർ ജവഹർഘട്ടിൽ രക്തസാക്ഷികളായി. സ്വാതന്ത്ര സമര ചരിത്രത്തിൽ സുവർണ്ണലിപികളിൽ എഴുതിച്ചേർക്കേണ്ട സംഭവമാണ് ജവഹർഘട്ടിൽ അരങ്ങേറിയത്. അബുവിന്റേയും ചാത്തുക്കുട്ടിയുടേയും സ്മാരകമായി തലശ്ശേരി ചിറക്കുന്നിയിലെ സിപിഎം. ഓഫീസ് നിലകൊള്ളുന്നുണ്ട്. ജവഹർഘട്ടും പഴയ സ്മരണകൾ പേറി രാഷ്ട്രീയ സമ്മേളനങ്ങൾക്ക് വേദിയാകുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP