Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

സിപിഎമ്മുകാർ കാറിൽനിന്ന് ഇറക്കി പട്ടാപ്പകൽ അടിച്ചുകൊന്നത് 17 സന്യാസികളെ; ആയിരക്കണക്കിന് പേരുടെ മുന്നിൽ വെച്ച് പെട്രോൾ ഒഴിച്ച് കത്തിച്ചു; എന്നിട്ടും ഒരാൾ പോലും സാക്ഷി പറയാനില്ല; സോമനാഥ് ചാറ്റർജി അടക്കമുള്ളവർ ആരോപിതരായിട്ടും ഒരാൾ പോലും ശിക്ഷിക്കപ്പെട്ടില്ല; മാർക്സിസ്റ്റുകളുടെ സന്യാസി കൂട്ടക്കൊലയ്ക്ക് 40 വർഷം!

സിപിഎമ്മുകാർ കാറിൽനിന്ന് ഇറക്കി പട്ടാപ്പകൽ അടിച്ചുകൊന്നത് 17 സന്യാസികളെ; ആയിരക്കണക്കിന് പേരുടെ മുന്നിൽ വെച്ച് പെട്രോൾ ഒഴിച്ച് കത്തിച്ചു; എന്നിട്ടും ഒരാൾ പോലും സാക്ഷി പറയാനില്ല; സോമനാഥ് ചാറ്റർജി അടക്കമുള്ളവർ ആരോപിതരായിട്ടും ഒരാൾ പോലും ശിക്ഷിക്കപ്പെട്ടില്ല; മാർക്സിസ്റ്റുകളുടെ സന്യാസി കൂട്ടക്കൊലയ്ക്ക് 40 വർഷം!

എം റിജു

ട്ടാപ്പകൽ നഗരമധ്യത്തിൽവെച്ച്, ഒരു സന്യാസിനിയടക്കം 17 സന്യാസികളെ ആൾക്കൂട്ടം തല്ലിക്കൊല്ലുക. ആയിരങ്ങൾ നോക്കി നിൽക്കെ മൃതദേഹം പെട്രോൾ ഒഴിച്ച് കത്തിക്കുക. എന്നിട്ടും കണ്ടവരുമില്ല, കേട്ടവരുമില്ല. 1982ൽ എപ്രിൽ 30ന് പശ്ചിമബംഗാൾ തലസ്ഥാനമായ കൊൽക്കൊത്തയിൽ, സിപിഎമ്മുകാർ 17 ആനന്ദമാർഗി സന്യാസികളെ കൂട്ടക്കൊല ചെയ്തതിന് 40 വർഷം തികയുകയാണ്.

ഈ സംഭവത്തിൽ ആ കാലഘട്ടത്തിൽ അധികാരത്തിൽ ഉണ്ടായിരുന്ന കമ്യൂണിസ്റ്റ് പാർട്ടിക്ക് പങ്കുണ്ടെന്ന് പകൽപോലെ വ്യക്തമാണ്. പക്ഷേ കേസ് തേഞ്ഞുമാഞ്ഞുപോയി. പിന്നീട് 34 വർഷത്തെ സിപിഎം ഭരണം അവസാനിപ്പിച്ച് മമതാബാനർജി അധികാരത്തിൽ ഏറിയപ്പോൾ, കേസ് വീണ്ടും തുറന്നു. അന്നത്തെ എംഎൽഎയും എംപിയും അടക്കം പ്രമുഖരായ സിപിഎം നേതാക്കൾക്ക് ആനന്ദമാർഗികളുടെ കൊലക്ക് പിന്നിൽ നടത്തിയ ഗൂഢാലോചനയിൽ പങ്കുണ്ടെന്ന് ഈ അന്വേഷണത്തിൽ പ്രാഥമികമായി ബോധ്യപ്പെട്ടിട്ടുണ്ട്. പക്ഷേ കൊല നടന്ന് വർഷങ്ങൾ കഴിഞ്ഞതിനാൽ അപ്പോഴേക്കും തെളിവുകൾ നശിപ്പിക്കപ്പെട്ടിരുന്നു.

പശ്ചിമ ബംഗാളിൽ സിപിഎം ഭരണകാലത്ത് (1977-2009) നടന്ന രാഷ്ട്രീയ കൊലപാതകങ്ങളെ കുറിച്ച് പഠനം നടത്തിയ ഡി. ബന്ദോപാധ്യായയുടെ റിപ്പോർട്ട് പറയുന്നത്, 55,408 കൊലകൾ ഈ കാലയളവിൽ നടന്നുവെന്നാണ്. ഭർത്താവിന്റെ കണ്ണ് ചൂഴ്ന്നെടുത്ത്, മക്കളെ വെട്ടിക്കൊന്ന് മകന്റെ ചോര കലർന്ന ചോറ് അമ്മയെ കൊണ്ട് തീറ്റിച്ച സെയിൻ ബാരി കൂട്ടക്കൊല ( 1970), ജ്യോതിബസുവിന്റെ ജാലിയൻ വാലാബാഗ് എന്ന് അറിയപ്പെടുന്ന ബംഗ്ലാദേശിൽനിന്ന് വന്ന ഹിന്ദുക്കളെ പട്ടിണിക്കിട്ട് കൊന്ന മറിഞ്ചഹാപി കൂട്ടക്കൊല (1979), 11 മുസ്ലീങ്ങളെ അവർ തൃണമൂൽ പ്രവർത്തകർ ആയതുകൊണ്ട് മാത്രം കൊന്നൊടുക്കിയ നാനൂർ കൂട്ടക്കൊല (2000) നന്ദിഗ്രാം, സിംഗൂർ(2007), നേതായ് (2011)എന്നിങ്ങനെ സിപിഎമ്മിന്റെ ഭരണകാലത്ത് നടന്ന നരനായട്ടുകൾ ഒട്ടെറെയുണ്ട്. അവയിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് ആനന്ദമാർഗികളുടെ കൂട്ടക്കൊലയും.

നടുറോഡിൽ തല്ലിക്കൊല്ലുന്നു

സിപിമ്മിന് കണ്ണിനുനേരെ കണ്ടുകൂടാത്ത ഒരു വിഭാഗമായിരുന്നു ആനന്ദമാർഗികൾ എന്ന ആത്മീയ കൾട്ട്. ഈ സന്യാസ ഗ്രൂപ്പ് തങ്ങളുടെ വളർച്ചക്ക് വിഘാതമാവുമെന്ന്, ബംഗാളിൽ കമ്മ്യൂണിസ്റ്റ് പാർട്ടി ഭയന്നിരുന്നു. പുരുളിയിയിലെ ആനന്ദമാർഗികളുടെ ആഗോള ആസ്ഥാനം പലതവണ ആക്രമിക്കപ്പെട്ടു. ഇതിനുള്ള പ്രതികാരം എന്നോണം ജ്യോതിബാസുവിന് നേരെ ആക്രമണം ഉണ്ടായി. ഇതോടെ ആനന്ദമാർഗികളെ കായികമായി കൈകാര്യം ചെയ്യാൻ സിപിഎം തീരുമാനിച്ചു.

അതേതുടർന്നാണ് 1982 എപ്രിൽ 30ന് ആസൂത്രിതമായ കൂട്ടക്കൊല നടക്കുന്നത്. ആനന്ദ മാർഗി വിഭാഗക്കാരുടെ ഒരു ദേശീയ വിദ്യാഭ്യാസ കൺവെൻഷൻ ദക്ഷിണ കൽക്കത്തയിലെ തിൽജല സെന്ററിൽ സംഘടിപ്പിച്ചിരുന്നു. ബാലിഗഞ്ച് പ്രദേശത്തെ ബിജോൺ സേതു എന്നറിയപ്പെടുന്ന സ്ഥലത്തിലൂടെയായിരുന്നു അവിടേക്കുള്ള വഴി. അതുകൊണ്ടാണ് ഇത് ബിജോൺ സേതു കൂട്ടക്കൊല എന്ന് അറിയപ്പെടുന്നത്. ആൾക്കൂട്ടത്തിൽവെച്ച് പരസ്യമായി അക്രമം നടത്താൻ മറ്റൊരു കാമ്പയിനും സിപിഎം നടത്തി. ആനന്ദ മാർഗികൾ കുട്ടികളെ തട്ടിക്കൊണ്ടു പോകുകയും കടത്തുകയും ചെയ്യുന്നുവെന്ന് പ്രചരിപ്പിച്ച് ഇവർ നഗരവാസികളിൽ ഭീതി ഉയർത്തി. അതുകൊണ്ടുതന്നെ ഇവരെ ആക്രമിക്കുന്നത് ആരും ചോദ്യം ചെത്തില്ല.

പരിപാടിക്ക് എത്തിയ രണ്ടു സന്യാസിനിമാർ അടക്കമുള്ള സംഘത്തെ സിപിഎമ്മുകാർ നേരത്തെ നോട്ടമിട്ടിരുന്നു. അവർ സഞ്ചരിച്ചിരുന്ന ടാക്സികൾ നഗരത്തിൽ അഞ്ചിടത്തായി പാർട്ടി പ്രവർത്തകർ പട്ടാപകൽ തടഞ്ഞു നിർത്തി. ഇവരെ പുറത്തേക്കു വലിച്ചിഴച്ചു, പിന്നെ കല്ലും വടിയും ഉപയോഗിച്ച് തല്ലികൊന്നു. എന്നിട്ട് കൂട്ടിയിട്ടു പ്രെടോൾ ഒഴിച്ച് കത്തിച്ചു. 16 സന്യാസിയും ഒരു സന്യാസിനിയും കൊല്ലപ്പെട്ടു. സംഭവം നടന്ന സ്ഥലത്ത് നിന്ന് ഒന്ന് കൂവി വിളിച്ചാൽ കേൾക്കുന്ന അകലത്തിൽ തന്നെ പൊലീസ് സ്റ്റേഷൻ ഉണ്ടായിരുന്നു. എന്നിട്ടും ആനന്ദമാർഗ്ഗികളുടെ രക്ഷയ്ക്ക് ആരും എത്തിയില്ല. സിപിഎം ഭരണത്തിൽ അപ്പോഴേക്കും എല്ലാം പാർട്ടി നിയന്ത്രിക്കുന്ന അവസ്ഥയായി മാറിയിരുന്നു. ആയിരക്കണക്കിന് ആളുകളുടെ മുന്നിലാണ് സംഭവം നടന്നത്. എന്നിട്ടും ഇതുവരെ ഒരു അറസ്റ്റു പോലും രേഖപ്പെടുത്തിയിട്ടില്ല. 1996 ൽ ദേശീയ മനുഷ്യാവകാശ പ്രവർത്തകർ അന്വേഷണത്തിന് വന്നെങ്കിലും, ഭരണത്തിൽ ഇരുന്ന കമ്യൂണിസ്റ്റ് പാർട്ടിയുടെ നിസ്സഹകരണം കാരണം അന്വേഷണം നടത്താൻ കഴിയാതെ തിരിച്ചു പോയി.

സർക്കാരിനെ അപകീർത്തിപ്പെടുത്താൻ മാർഗികൾ തന്നെ ആസൂത്രണം ചെയ്തതാണ് കൊലപാതകമെന്നാണ് മുഖ്യമന്ത്രി ജ്യോതിബസുവിന്റെ വാദം. ഒടുവിൽ സമ്മർദം വർധിച്ചതോടെ സർക്കാർ ജസ്റ്റിസ് സമരേന്ദ്ര ചന്ദ്ര ദേബിന്റെ അന്വേഷണ കമ്മീഷനെ നിയമിച്ചു. അത് എവിടെയും എത്തിയില്ല. വിജ്ഞാപനത്തിനപ്പുറം മുന്നോട്ട് പോകാത്തതും ഒരു ഹിയറിങ് പോലും നടത്താത്തതുമായ ഒരു അന്വേഷണ കമ്മീഷനായി അത് പരിണമിച്ചു. ജുഡീഷ്യൽ കമ്മീഷൻ ഒരു റിപ്പോർട്ടും സംസ്ഥാന അസംബ്ലിക്ക് മുമ്പാകെ സമർപ്പിച്ചിട്ടില്ല. അപ്പോൾ മുഖ്യമന്ത്രി ജ്യോതി ബസു 'എന്തു ചെയ്യാം? അത്തരത്തിലുള്ള കാര്യങ്ങൾ സംഭവിക്കുന്നു,' എന്ന് പറഞ്ഞ് കൈമലർത്തുക ആയിരുന്നു.

2011 മേയിൽ അധികാരത്തിൽ വന്നതിനുശേഷം, ഇടതുപക്ഷ ഭരണത്തിൻ കീഴിൽ നടന്ന ഹീനമായ കുറ്റകൃത്യങ്ങൾ അന്വേഷിക്കാൻ മമത കുറഞ്ഞത് 10 ജുഡീഷ്യൽ കമ്മീഷനുകളെങ്കിലും രൂപീകരിച്ചിട്ടുണ്ട്. ആനന്ദ് മാർഗി കൊലപാതകം, 1993 ജൂലൈയിൽ 13 യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ കൊലപാതകം, കോസിപോർ കൂട്ടക്കൊല, സെയിൻ ബാരി, ബർദ്വാനിലെ കൂട്ടക്കൊല, രാജർഹട്ടിലെ ബലപ്രയോഗത്തിലൂടെയുള്ള ഭൂമി കൈയേറ്റം മുതലായവ. ഇടതുപക്ഷ ഭരണത്തിന്റെ കറുത്ത പാടുകളായ ആ ഭീകരതകളെ കുറിച്ച് ജനങ്ങളെ ഓർമ്മിപ്പിക്കുക എന്നതാണ് ഉദ്ദേശ്യം.

2013 ഒക്ടോബറിൽ മമതാ ബാനർജി സർക്കാർ രൂപീകരിച്ച ജസ്റ്റിസ് അമിതാവ ലാല ജുഡീഷ്യൽ കമ്മീഷനു മുമ്പാകെ നൽകിയ ചില മൊഴികളും പുതിയ തെളിവുകളുടെ ശേഖരണവും സിപിഎമ്മിനെ ഞെട്ടിച്ചിരുന്നു. അന്നത്തെ സൗത്ത് 24 പർഗാനാസിലെ അഡീഷണൽ ജില്ലാ മജിസ്‌ട്രേറ്റായ വിരമിച്ച ഐഎഎസ് ഓഫീസർ ഷേർ സിങ് ആണ് ഏറ്റവും നിർണായകമായ മൊഴി നൽകിയത്. ആനന്ദ മാർഗി കൂട്ടക്കൊലയിൽ സോമനാഥ് ചാറ്റർജി ഉൾപ്പെടെയുള്ള പ്രമുഖർക്ക് സമൻസ് ലഭിക്കുമെന്നും അന്ന് വാർത്ത പുറത്തുവന്നിരുന്നു.

കസ്ബ-ജാദവ്പൂർ പ്രദേശത്തെ പ്രധാന സിപിഎം നേതാക്കൾ 1982 ഫെബ്രുവരി 6 ന് പിക്നിക് ഗാർഡനിലെ കോളനി ബസാറിൽ യോഗം ചേർന്ന് ആന്ദമാർഗികളെ കുറിച്ച് ചർച്ച ചെയ്തതായി ചില രേഖകൾ കമ്മീഷന് കിട്ടി. ബസു കാബിനറ്റിലെ, മന്ത്രി കാന്തി ഗാംഗുലിയും ഈ യോഗത്തിൽ പങ്കെടുത്തിരുന്നു. അന്തരിച്ച സിപിഎം മുൻ എംഎൽഎ സച്ചിൻ സെൻ, പ്രാദേശിക സിപിഎം നേതാവ് നിർമൽ ഹൽദാർ തുടങ്ങിയവരും ഗുഡാലോചനയിൽ പങ്കാളികൾ ആണെന്ന് മൊഴി ലഭിച്ചു. ഈ യോഗത്തിൽവച്ചാണത്രേ ആനന്ദമാർഗികൾ എത്തിയത് കുട്ടികളെ തട്ടിക്കൊണ്ടുപോകാനാണെന്ന പ്രചാരണം ഉയർത്താൻ തീരുമാനമായത്. അന്ന് എംപിയായിരുന്നു സോമനാഥ് ചാറ്റർജിക്കും ഈ വിവരങ്ങൾ എല്ലാം അറിയാമായിരുന്നെന്ന് കമ്മീഷന്് മുമ്പാകെ മൊഴി കിട്ടിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ രജിസ്റ്റർ ചെയ്ത പുതിയ കേസിൽ നടപടികൾ പുരോഗമിക്കയാണ്.

ജ്യോതിബാസുവിനെ നേരെ വെടിവെപ്പ്

1959ൽ പ്രഭാത് രഞ്ജൻ സർക്കാർ എന്ന ആധ്യാത്മിക പ്രവർത്തകൻ മുന്നോട്ടുവച്ച ഒരു ആശയമാണ് ആനന്ദമാർഗം പ്രസ്ഥാനത്തിലേക്ക് വഴിമാറിയത്. കമ്മ്യൂണിസത്തിനും മുതലാളിത്തത്തിനും ബദലായ ഒരു ആത്മീയ പദ്ധതിയാണ് അദ്ദേഹം രൂപപ്പെടുത്തിയത്. മറ്റ് സന്യാസി സംഘങ്ങളിൽനിന്ന് വ്യത്യസ്തമായി മന്ത്രംമാത്രം ജപിച്ച് കഴിയാതെ ജനങ്ങളുടെ സോഷ്യോ പൊളിറ്റിക്കൽ വിഷയത്തിൽ ഇടപെടുന്ന രീതിയിലാണ് പ്രഭാത് രഞ്ജൻ സർക്കാർ സംഘടന രൂപപ്പെടുത്തിയത്. ഇതോടെ അവർ കോൺഗ്രസിന്റെയും മാർക്സിസ്റ്റ് പാർട്ടിയുടെയും ഒരുപോലെ ശത്രുപക്ഷത്ത് വന്നുപെട്ടു.

നിറം പിടിപ്പ കഥകളാണ് ആനന്ദമാർഗികൾക്കെതിരെ പ്രചരിച്ചത്. മനുഷ്യ തലയോട്ടികൾ പിടിച്ച് ഇവർ നൃത്തം ചെയ്യും എന്നായിരുന്നു അതിലൊന്ന്. എന്നാൽ വൈദിക, താന്ത്രിക ആചാരങ്ങളുടെ ഒരു സമന്വയമാണ് ഇതെന്നായിരുന്നു ആനന്ദമാർഗികളുടെ വിശദീകരണം. മനുഷ്യരുടെ തലയറുത്ത് രക്തപാനംചെയ്ത് തലയോട്ടി മാലയണിഞ്ഞ് രക്തതാണ്ഡവമാടുന്നവരായിരുന്നു എന്നായിരുന്നു മറ്റൊരു പ്രചാരണം. എന്നാൽ ഇത് തീർത്തും അടിസ്ഥാന രഹിതമായിരുന്നു.

ആനന്ദ മാർഗികൾക്ക് കമ്മ്യൂണിസ്റ്റുകാരോട് ആശയപരമായി കടുത്ത എതിർപ്പുള്ളവരായിരുന്നു. 1967ൽ അതിന്റെ ബംഗാളിലെ പുരുലിയ അവരുടെ ആഗോള ആസ്ഥാനം ആക്രമിക്കപ്പെട്ടു. അഞ്ച് ആനന്ദമാർഗികൾ കൊല്ലപ്പെട്ട ഈ ആക്രമണത്തിന് പിന്നിൽ, അന്ന് ബംഗാളിൽ കരുത്താർജിച്ച് വരികയായിരുന്നു സിപിഎം ആണെന്ന് ആരോപണമുയർന്നു. രണ്ട് വർഷത്തിന് ശേഷം, മാർഗികളുടെ കൂച്ച്ബെഹാർ സഭ ആക്രമിക്കപ്പെട്ടു.

ഇതോടെ ആന്ദമാർഗികളും സമാധാന വഴി കൈയൊഴിഞ്ഞു. സിപിഎമ്മിനെതിരെ അവർ പരസ്യമായി തിരിഞ്ഞു. 'മൂന്നുലക്ഷം തലകൾ കൊരുത്ത മാല തങ്ങൾ ഭാരതമാതാവിന് സമർപ്പിക്കു'മെന്നായിരുന്നു ഒരു ആന്ദമാർഗി നേതാവ് പരസ്യമായി പറഞ്ഞത്. അതിനിടെയാണ് 1971 മാർച്ച് 31നു പാറ്റ്ന റെയിൽവേ സ്റ്റേഷനിലെത്തിയ ജ്യോതി ബസുവിന് നേർക്ക് ചിലർ നിറയൊഴിച്ചത്. പക്ഷേ വെടിയുണ്ട തുളച്ചുകയറിയത് ജ്യോതി ബസുവിനെ വീട്ടിലേക്കു ക്ഷണിക്കാനെത്തിയ അലി ഇമാം എന്നാ എൽ.ഐ.സി. ജീവനക്കാരന്റെ നെഞ്ചിലായിരുന്നു. ഇത് ആനന്ദമാർഗികൾ ആസൂത്രണം ചെത്ത അക്രമമായി വിലയിരുത്തപ്പെട്ടു. ഒരു ആന്ദമാർഗിയെ പൊലീസ് പിടികൂടി. തലനാരിഴയ്ക്ക് അന്ന് മരണത്തിൽനിന്ന് ജ്യോതിബസു രക്ഷപെട്ടത്. ഇതിനു പിറികിൽ സിപിഎം അന്താരാഷ്ട്ര ഗൂഢാലോചന ആരോപിക്കുന്നുണ്ട്.

ഇതോടെ ആനന്ദമാർഗികൾക്കെതിരെ സിപിഎം കടുത്ത പ്രചാരണം അഴിച്ചുവിട്ടു. പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയും മാർഗികൾക്ക് എതിരായിരുന്നു. 1971ൽ പ്രഭാത് രഞ്ജൻ സർക്കാറിനെ കൊലക്കുറ്റം ചുമത്തി പൊലീസ് അറസ്റ്റ് ചെയ്തു. ജയിൽവെച്ച് അദ്ദേഹത്തെ വിഷം കൊടുത്ത കൊല്ലാനുള്ള ശ്രമം നടന്നു. പക്ഷേ അദ്ദേഹം രക്ഷപ്പെട്ടു. 78ൽ കേസിൽ കോടതി വെറുതെ വിട്ടു. തുടർന്ന് സന്യാസ പ്രവർത്തനങ്ങളിൽ വ്യാപൃതമനായ അദ്ദേഹം 90ലാണ് മരിച്ചത്.

അടിയന്താവസ്ഥക്കാലത്ത് ആർഎസ്എസിനും ജമാഅത്തെ ഇസ്ലാമിക്കുമൊപ്പം ആന്ദമാർഗികളും നിരോധിക്കപ്പെട്ടു. എന്നാൽ ഈ നിരോധനം പിന്നീട് നീക്കി. ലോകമെമ്പാടും പടർന്നു കിടക്കുന്ന വലിയൊരു ആത്മീയ ഗ്രൂപ്പായി ഇവർ മാറി. റഷ്യയിൽനിന്നും അമേരിക്കയിൽനിന്നുമൊക്കെ വൻ തോതിൽ ഫണ്ടുവന്നു. ഇങ്ങനെ ഒരു സമാന്തര ശക്തിയായി മാറുന്നതാണ് സിപിഎമ്മിനെ ചൊടിപ്പിച്ചത്. 1982ലെ ആക്രമണത്തിന് ശേഷവും, 1990 ഏപ്രിലിൽ, പുരുലിയയിൽ അഞ്ച് ആനന്ദ മാർഗികളെ സിപിഎം പ്രവർത്തകർ കൊലപ്പെടുത്തി. കോൺഗ്രസിന്റെ പരോക്ഷ പിന്തുണയും ഇതിനുണ്ടായിരുന്നു.

നടുക്കം മാറാതെ പുരുളിയ ആയുധവർഷം

പക്ഷേ സമാധാന പ്രേമികളായ ഒരു സന്യാസസംഘം എന്നൊന്നും ആനന്ദമാർഗികളെ വിശേഷിപ്പിക്കാൻ ഒരിക്കലും കഴിയില്ല. അടുത്തകാലം വരെ ദുരൂഹമായിരുന്നു അവരുടെ പല ഇടപാടുകളും. 95ലെ പുരുളിയ ആയുധക്കടത്തുതന്നെ ഉദാഹരണം.
1995 ഡിസംബർ 17 നു രാത്രി പശ്ചിമബംഗാളിലെ പുരുളിയ ജില്ലയിലെ ആറു ഗ്രാമങ്ങളിൽ ഒരു റഷ്യൻ വിമാനം താഴ്ന്നിറങ്ങി 1500 റഷ്യൻ നിർമ്മിത എകെ 47 തോക്കുകളും 10 ലക്ഷത്തിലേറെ വെടിയുണ്ടകളും പതിനായിക്കണക്കിനു ഗ്രനേഡുകളും പുറത്തേക്ക് വലിച്ചെറിഞ്ഞിടതാണ് സംഭവത്തിന്റെ തുടക്കം.

ഡിസംബർ 22 അർദ്ധരാത്രിയോടെ ഇതേ വിമാനം മുംബെയിൽ സഹർ വിമാനത്താവളത്തിന് മുകളിൽ പ്രത്യക്ഷപ്പെട്ടപ്പോൾ വിമാനത്താവളത്തിലെ അധികൃതരുടെ കണ്ണിൽ പെടുകയും അവരുടെ തന്ത്രപൂർവമായ ഇടപെടൽ വഴി നിലത്തിറക്കിക്കുകയും ചെയ്തു. വിമാനത്തിൽ നിന്നും ഇറങ്ങിയ അഞ്ചുപേരിൽ സംഘത്തലവനായ ഡെന്മാർക്ക് പൗരൻ കിം ഡേവി ഇരുട്ടിൽ മറഞ്ഞു. പക്ഷെ അയാളുടെ ഫോണിൽ നിന്ന് രണ്ട് കോളുകൾ ശ്രദ്ധിച്ച പൊലീസ് ആ ഫോണുകൾ കണ്ടെത്തിയപ്പോൾ ലോക്സഭാംഗം പപ്പു യാദവിനെയാണ് വിളിച്ചതെന്ന് തിരിച്ചറിഞ്ഞു. വിമാനത്തിൽ ഉണ്ടായിരുന്ന ബ്രിട്ടീഷ് പൗരനും ആയുധ കച്ചവടക്കാരനുമായ പീറ്റർ ബ്ലീക്കിന് പുറമേ നാല് ലാത്വിയൻ സ്വദേശികളും പിടിയിലായി. സിബിഐ ചോദ്യം ചെയ്യലിനിടയിൽ ഇവർ ആണ് ഇത്രയേറെ ആയുധങ്ങൾ പുരുളിയയിൽ ഇതേ വിമാനത്തിൽ കൊണ്ട് വർഷിച്ചതെന്നു തെളിഞ്ഞു.

ജ്യോതിബസു ഭരണം അട്ടിമറിക്കാൻ ആനന്ദ മാർഗികൾക്ക് വേണ്ടിയാണ് ആയുധങ്ങൾ ഇറക്കിയതെന്ന് ഈ സംഘം സ്ഥിരീകരിച്ചു. ആയുധം കൊണ്ടുവന്ന വിമാനത്തിൽ ദീപക് മാണിക്യൻ എന്ന ഒരു ആനന്ദ് മാർഗിയും ഉണ്ടായിരുന്നു. ആയുധമിറക്കിയതിന് അടുത്തായിരുന്നു ആനന്ദമാർഗികളുടെ ആഗോള ആസ്ഥാനം. ഈ കേസിൽ 1996 മാർച്ച് മധ്യത്തോടെ കുറ്റപത്രം സമർപ്പിക്കുകയും പിന്നീട് ഹൈക്കോടതി അഞ്ച് പ്രതികൾക്കും ജീവപര്യന്തം ശിക്ഷ വിധിക്കുകയും ചെയ്തു.

ഈ ആയുധ കടത്തിന് പിന്നിലെ യഥാർത്ഥ കരം സി ഐ എ യുടെതാണെന്ന് പിന്നീട് വ്യക്തമായി. എന്തെന്നാൽ 2000 ആദ്യം ബ്രിട്ടീഷ് പ്രധാനമന്ത്രിയ ടോണി ബ്ലൈയറും, റഷ്യൻ പ്രധാനമന്ത്രി പുടിനും, സി ഐ എ യും പ്രധാനമന്ത്രി വാജ്പേയിൽ അതിശക്തമായി സമ്മർദ്ദം നടത്തി പീറ്റർ ബ്ലീക് ഒഴികെയുള്ള നാല് പേരെ കോടതി ശിക്ഷ നിലനിൽക്കെ മോചിപിച്ചു. 2004 ഫെബ്രുവരി നാലിന് ബ്രിട്ടീഷ് ആയുധ കച്ചവടക്കാരനായ പീറ്റർ ബ്ലീക്കിനെയും രാഷ്ടപതി പ്രത്യേക അധികാരം ഉപയോഗിച്ച് മോചിപ്പിച്ചു. മുംബൈ വിമാനത്താവളത്തിൽനിന്ന് മുങ്ങിയ ഇതിന്റെ സൂത്ര ധാരനായ കിം ഡേവിയാകട്ടെ 10 വർഷത്തെ ഒളിവു ജീവിതത്തിനുശേഷം ഡെന്മാർക്കിൽ ജന്മദേശമായ കൊപ്പെൻ ഹെഗാനിൽ പൊങ്ങി. ഇയാളെ വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ടു കഴിഞ്ഞവർഷവും ഇന്ത്യ ഡെന്മാർക്ക് കോടതിയെ സമീപിച്ചെങ്കിലും കോടതി നിരസിച്ചു.ഇന്ത്യൻ ജയിലുകളിൽ ശുചിത്വം കുറവാണെന്നും മനുഷ്യാവകാശങ്ങൾ പാലിക്കപ്പെടുന്നില്ലെന്നും ഇയാൾ കോടതിയിൽ വാദിച്ചപ്പോൾ ഇന്ത്യ അതിനെ കാര്യമായി പ്രതിരോധിച്ചില്ല. ഇതെല്ലാം വലിയ സംശയങ്ങളാണ് ഉയർത്തുന്നതും. ജ്യേതിബസു സർക്കാറിനെ അട്ടിമറിക്കാനുള്ള കലാപം ലക്ഷ്യമിട്ടായിരുന്നു പുരുളിയിയിലെ ആയുധ വർഷം എന്നാണ് നിഷ്പക്ഷരായ മാധ്യമ പ്രവർത്തകർ വിലയിരുത്തുന്നത്.

ഇപ്പോൾ മോദിയുടെ കടുത്ത അനുകൂലിയായ റിപ്പബ്ലിക് ചാനൽ മേധാവി അർണാബ് ഗോസ്വാമി, 2014 ജനുവരിയിൽ ടൈംസ് നൗ ചാനലിന് വേണ്ടി കിം ഡേവി യുമായി അഭിമുഖം നടത്തിയതിൽ ഞട്ടിപ്പിക്കുന്ന വിവരങ്ങളാണ് പുറത്തുവന്നത്. കേന്ദ്രത്തിലെ കോൺഗ്രസ് സർക്കാരിന്റെ സഹായത്തോടെയാണെന്ന് ആയുധവർഷം നടന്നത് എന്നായിരുന്നു, ഡേവിയുടെ പ്രധാന വെളിപ്പെടുത്തൽ. ബംഗാളിലെ ഇടതുമുന്നണി സർക്കാരിനെ അട്ടിമറിക്കുകയായിരുന്നു ലക്ഷ്യം. ഇതിന് കേന്ദ്ര ഇന്റലിജൻസ് ഏജൻസി റോയും ബ്രിട്ടീഷ് ഇന്റലിജൻസ് ഏജൻസിയും സിഐഎയും കൂട്ടുനിന്നു. പദ്ധതി പാളിയപ്പോൾ ഇന്ത്യയിൽനിന്ന് രക്ഷപ്പെടാൻ കേന്ദ്രസർക്കാർ സഹായിച്ചെന്നും ഒരു കോൺഗ്രസ് എംപിയുടെ കാറിൽ നേപ്പാളിലേക്ക് കടന്നാണ് ഇന്ത്യ വിട്ടതെന്നും ഡേവി 'ടൈംസ് നൗ' ചാനലിന് അനുവദിച്ച അഭിമുഖത്തിൽ പറഞ്ഞു.

ഈ വിമാനം എങ്ങനെയാണ് അതിർത്തി കടന്നത് എന്നതും ദുരൂഹമാണ്.റോയുടെ നിർദ്ദേശപ്രകാരം സൈനിക റഡാറുകളുടെ പ്രവർത്തനം നിർത്തിവച്ചിരുന്നു എന്നാണ് സൂചന. അതല്ലാതെ പാക്കിസ്ഥാനിൽനിന്ന് ഇന്ത്യയിലേക്ക് വിമാനത്തിന് കടക്കാനാവില്ല. ഡേവി ഇങ്ങനെ പറയുന്നു. 'ഒരു എംപിയുമായി ബന്ധപ്പെട്ടാണ് താൻ കാര്യങ്ങൾ നീക്കിയത്. ഈ എംപി പ്രധാനമന്ത്രി കാര്യാലയവുമായി ബന്ധപ്പെട്ടിരുന്നു. 48 മണിക്കൂറിനുള്ളിൽ പണി പൂർത്തിയാക്കാനായിരുന്നു നിർദ്ദേശം. അതല്ലെങ്കിൽ തങ്ങൾക്കുവേണ്ടി തുറക്കപ്പെടുന്ന 'ജനാല' അടയ്ക്കുമെന്നും അറിയിച്ചു.''-

ഈ ഓപ്പറെഷനിൽ പപ്പുയാദവിന് പങ്കുണ്ട് എന്ന് പീറ്റർ ബ്ലീച് വെളിപ്പെടുത്തിയിരുന്നു. പശ്ചിമ ബംഗാളിലാണെങ്കിലും പുരുളിയ ബീഹാർ സംസ്ഥാനത്തിന്റെ അതിർത്തി കൂടിയാണ്.ബീഹാറിൽ സിപിഎം പ്രവർത്തകനെ കൊലപ്പെടുത്തിയതിന് ശിക്ഷിക്കപ്പെട്ട നേതാവ് കൂടിയാണ് പപ്പു യാദവ്. എന്തായാലും വിവിധ രാജ്യങ്ങളിൽ ഡസൻ കണക്കിന് സിനിമകൾക്ക് ഈ സംഭവം പ്രമേയമായിട്ടുണ്ട്. നൂറിലേറെ പുസ്തകങ്ങൾ ഇതിനകം ഇറങ്ങിക്കഴിഞ്ഞു.

ആവർത്തിക്കുന്ന സന്യാസിക്കൊലകൾ

ഇപ്പോൾ ആന്ദമാർഗികൂട്ടക്കൊലയുടെ നാൽപ്പതാം വാർഷികത്തിൽ മറ്റ് മഹാരാഷ്ട്രയിലെ പാൽഘറിൽ രണ്ടുവർഷം മുമ്പുണ്ടായ സന്യാസിക്കൊലകളും സോഷ്യൽ മീഡിയയിൽ അടക്കം ചർച്ചയാവുന്നുണ്ട്. 2020 എപ്രിൽ 23നാണ് മഹാരാഷ്ട്രയിലെ പാൽഘർ ജില്ലയിലെ ചെറു ഗ്രാമമായ ഗഡ്കകിഞ്ചിൽ, യാത്ര ചെയ്യുകയായിരുന്ന രണ്ട് ഹിന്ദു സന്യാസിമാരും അവരുടെ ഡ്രൈവറും തെരുവിൽ ആക്രമിക്കപ്പെടുതും കൊല്ലപ്പെടുന്നതും. കല്പവൃക്ഷ ഗിരി മഹാരാജ്, സുശീൽ ഗിരി മഹാരാജ്, ഡ്രൈവർ നിലേഷ് തെൽഗഡിക്കും എന്നിവരാണ് കൊല്ലപ്പെട്ടത്.

പൊലീസിന്റെ സാന്നിധ്യത്തിലായിരുന്നു ആക്രമണം. അവരിൽ ഒരു സന്യാസിക്ക് എഴുപതിലേറെ വയസ്സുണ്ട്. അദ്ദേഹത്തെയും സഹയാത്രികനായ സന്യാസിയെയും ഡ്രൈവറെയും തലങ്ങും വിലങ്ങും മാരകായുധങ്ങളുമായി ആക്രമിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. മാർക്സിസ്റ്റ് പാർട്ടിക്ക് സ്വാധീനമുള്ള മഹാരാഷ്ട്രയിലെ ഏക ഗ്രാമത്തിലാണ് ഈ ദാരുണ സംഭവമുണ്ടായത്. നക്സലകളും മാർക്സിസ്റ്റുകളും എൻസിപി പ്രവർത്തകരും ചേർന്ന് ശിവസേനയുടെയും പരോക്ഷമായ ഒത്താശയോടെയാണ് ഇത്തരം ആക്രമണങ്ങൾ നടക്കുന്നതെന്നും ബിജെപി പ്രവർത്തകർ ആരോപിക്കുന്നു. ഇവിടെയും ആനന്ദമാർഗികളുടെ കൊലക്ക് സമാനമായി കുട്ടികളെ തട്ടിക്കൊണ്ടുപോകൻ വന്നവരാണ് സന്യാസികൾ എന്ന പ്രചാരണം ചിലർ അഴിച്ചുവിട്ടിരുന്നു.

ഇതുപോലെ മറ്റൊരു ദാരുണ സംഭവംകുടി ഇന്ത്യ ചരിത്രത്തിലുണ്ട്. ഒഡിഷയിലെ കാന്ധമാലിൽ സ്വാമി ലക്ഷ്മണാനന്ദ സരസ്വതിയുടെ വധമാണത്. വനവാസികൾക്കിടയിൽ സേവന -ആധ്യാത്മിക പ്രവർത്തനങ്ങളിൽ വ്യാപൃതനായിരുന്ന സ്വാമിയെ ആക്രമിച്ചത് ക്രിസ്ത്യൻ ഗ്രുപ്പുകളും മാവോയിസ്റ്റുകളും ചേർന്നാണ്. 84 കാരനായ ലക്ഷ്മണാനന്ദയെയും നാലു അനുയായികളെയുമാണ് അക്രമികൾ വധിച്ചത്. പ്രാർത്ഥന സഭയിലുള്ള വേളയിൽ സ്വാമിയെ വെടിവെച്ചു അദ്ദേഹത്തിന്റെ കയ്യും കാലും വെട്ടിമാറ്റികയായിരുന്നു.

സമാധാനപാതയിലേക്ക് തിരിഞ്ഞ ആനന്ദമാർഗികൾ

എന്നാൽ പുരുളിയ സംഭവത്തിനുശേഷം തീർത്തു വ്യത്യസ്തരായ ആനന്ദമാർഗികളെയാണ് ലോകത്തിന് കാണാൻ കഴിഞ്ഞത്. അവർ തീർത്തും സമാധാനപരമായ പ്രവർത്തനങ്ങളിലേക്ക് ഇറങ്ങി. ഇന്ന് ലോകമെമ്പാടുമുള്ള അവരുടെ ആശ്രമങ്ങളിൽ നിന്ന് പുറത്തുവരുന്നത് സാമൂഹിക സേവനത്തിന്റെ വാർത്തകൾ ആണ്. കഴിഞ്ഞ പ്രളയകാലത്ത് അവർ കേരളത്തിലും സേവനം ചെയ്തിരുന്നു.

പ്രളയത്തിൽ ചത്തൊടുങ്ങിയ ആയിരക്കണക്കിന് ജന്തുജാലങ്ങളുടെ ചീഞ്ഞളിഞ്ഞ പുഴുവരിക്കുന്ന മാംസങ്ങൾ ഒരു മടിയും കൂടാതെ ആനന്ദമാർഗികൾ വലിച്ച് കൂട്ടി സംസ്‌ക്കരിച്ചത് വാർത്തയായിരുന്നു. തൃശ്ശൂരിലെ അന്നമനടയിലും കുഴൂരിലും അടക്കം നിരവധി പ്രദേശങ്ങളിൽ ഇവർ ചെയ്ത സേവനങ്ങൾ മറക്കാനാവുന്നതല്ല. ഫാമുകളിൽ കൂട്ടത്തോടെ ചത്തൊടുങ്ങിയ പന്നികളുടെയും, ചത്ത് ഒഴുകി നടന്ന പശുക്കളെ ആടുകളെയും എന്നു വേണ്ട എന്ത് ചീഞ്ഞളിഞ്ഞ് ദുർഗന്ധം പരത്തിയ എല്ലാം അവർ വൃത്തിയാക്കി സംസ്‌ക്കരിച്ചു. വലിയ പകർച്ചവ്യാധികൾ വരുന്നതിനുള്ള സാധ്യതകളാണ് അവർ ഇല്ലാതാക്കിയത്. ആനന്ദമാർഗി യൂണിവേഴ്‌സൽ റീലീഫ് ടീമിലെ കേരള ഇൻ ചാർജ് സ്വാമി ആചാര്യ സദാശിവാനന്ദിന്റെ നേതൃത്വത്തിലാണ് കേരളത്തിൽ ശുചീകരണം നടത്തിയത്. എവിടെ നിന്ന് അറിയിച്ചാലും പക്ഷികളടക്കം എല്ലാ മൃഗങ്ങളെയും സൗജന്യമായി സംസ്‌കരിക്കാൻ തയ്യാറാണെന്ന് പറഞ്ഞ് ഇവർ തങ്ങളുടെ മൊബൈൽ നമ്പറും നൽകിയിരുന്നു.

ഇതുപോലെ തന്നെയാണ് ലോകത്തിന്റെ വിവിധ ഭാഗങ്ങളിലും ഇപ്പോൾ അവരുടെ പ്രവർത്തനം. പ്രകൃതി സ്നേഹം, ജീവകാരുണ്യ പ്രവർത്തനങ്ങൾ, ധനസഹായങ്ങൾ തുടങ്ങിയവയുമായി അവർ മുന്നോട്ടുപോകുകയാണ്.

പക്ഷേ ഇന്ന് ബംഗാളിൽ സിപിഎം നിലവിളിക്കുകയാണെന്നതും ചരിത്രത്തിന്റെ മറ്റൊരു കാവ്യ നീതി. അധികാരത്തിന്റെ ഹുങ്കിൽ സകലരെയും വെല്ലുവിളിച്ച സിപിഎം ഇന്ന് തൃണമൂലിന്റെ സമാനതകൾ ഇല്ലാത്ത ആക്രമണത്തിൽ വിറങ്ങലിച്ചു നിൽക്കയാണ്. പണ്ട് സിപിഎംകാർ മറ്റുള്ളവരെ ഗ്രാമങ്ങളിൽനിന്ന് ആട്ടിപ്പായിപ്പിച്ചപോലെ, തൃണമൂലിന്റെ ബൈക്ക് ബ്രിഗേഡ് സിപിഎമ്മുകാരെ ഗ്രാമങ്ങളിൽനിന്ന് ഓടിക്കുന്നു. അവർക്ക് മുന്നിൽ ആക്രമിച്ച് നിൽക്കാൻ കഴിയാതെ ആയതോടെ, സിപിഎമ്മുകാർ കുട്ടത്തോടെ ബിജെപിയിലേക്ക് മാറി. ആനന്ദമാർഗികളെ ആക്രമിക്കാനുള്ള പ്രവർത്തകർ എത്തിയ 24 പർഗാന ജില്ലയിലെ സിപിഎമ്മിന്റെ പാർട്ടി ഓഫീസുകളും, സെക്രട്ടറിയും അടക്കം എല്ലാവരുമാണ് ബിജെപിയിൽ ചേർന്നത്. പല പാർട്ടി ഓഫീസുകളിലും ചെങ്കൊടി മാറ്റി കാവിക്കൊടി ഉയർത്തുകയാണ് ചെയ്തത്. അന്ന് പൊലീസിനെ എങ്ങനെ സിപിഎം നിഷ്‌ക്രിയമാക്കിയോ, അതിനേക്കാൾ ശക്തമായി ത്രിണമുൽ പൊലീസിനെ തങ്ങളുടെ പാവയാക്കിയിരിക്കുന്നു. ഇന്ന് ഒറ്റ സീറ്റുപോലും ഇല്ലാതെ കോൺഗ്രസിനും പിറകിൽ നാലാംസ്ഥാനത്താണ് സിപിഎം ഇവിടെ നിൽക്കുന്നത്. കാലത്തിന്റെ കാവ്യനീത എന്നല്ലാതെ എന്തുപറയാൻ!

വാൽക്കഷ്ണം: ആനന്ദമാർഗികൾ തലയോട്ടികൊണ്ട് താണ്ഡവ നൃത്തം ചെയ്യുന്നവർ ആണെന്ന പ്രചാരം സമൂഹത്തിൽ ഇപ്പോഴുമുണ്ട്. ഇതിന്റെ പേരിൽ കേസും കോടതിയിലെത്തി. ആനന്ദമാർഗികൾ താണ്ഡവ നൃത്തം തങ്ങളുടെ മതാചാരത്തിൽ അനിവാര്യമാണെന്നു വാദിച്ചപ്പോൾ, 1959ൽ രൂപം കൊണ്ട ഈ ഗ്രൂപ്പ് താണ്ഡവ നൃത്തം ആചാരമാക്കുന്നത് 1966ലാണ് എന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി ആ വാദം തള്ളിയത്. ഇന്ന് തങ്ങൾ ഇത്തരം ആചാരങ്ങൾ പിന്തുടരുന്നില്ല എന്നാണ് ആനന്ദമാർഗികളും പറയുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP