Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഭാര്യയുടെ തലമൊട്ടയടിച്ചതിനെ കുറിച്ച് തമാശ പറഞ്ഞത് ഇഷ്ടപ്പെടാതെ പോയതിന് അവതാരകന്റെ ചെവിട്ടത്തടിച്ച വിൽ സ്മിത്തിന്റെ ഓസ്‌കാർ തിരിച്ചെടുക്കും; പ്രതിഷേധം വ്യാപിച്ചതോടെ അന്വേഷണം തുടങ്ങി അക്കാഡമി; അടിയിൽ പുരസ്‌കാര ചടങ്ങിന്റെ റേറ്റിങ് ഉയർന്നു; പരസ്യമാപ്പുമായി നടനും

ഭാര്യയുടെ തലമൊട്ടയടിച്ചതിനെ കുറിച്ച് തമാശ പറഞ്ഞത് ഇഷ്ടപ്പെടാതെ പോയതിന് അവതാരകന്റെ ചെവിട്ടത്തടിച്ച വിൽ സ്മിത്തിന്റെ ഓസ്‌കാർ തിരിച്ചെടുക്കും; പ്രതിഷേധം വ്യാപിച്ചതോടെ അന്വേഷണം തുടങ്ങി അക്കാഡമി; അടിയിൽ പുരസ്‌കാര ചടങ്ങിന്റെ റേറ്റിങ് ഉയർന്നു; പരസ്യമാപ്പുമായി നടനും

മറുനാടൻ ഡെസ്‌ക്‌

സ്‌കാർ അവാർഡ് ദാതാക്കളായ അക്കാഡമി ഓഫ് മോഷൻ പിക്ച്ചർ ആർട്സ്, ഓസ്‌കാർ ചടങ്ങുകളിൽ നിന്നും വില്യം സ്മിത്തിന്റെ ഒഴിവാക്കുന്ന കാര്യം ഗൗരവമായി പരിഗണിക്കുകയാണ്. അവതാരകനായ ക്രിസ്സ് റോക്കിനെ സ്റ്റേജിൽ വെച്ച് കരണത്തടിച്ചതിനാണ് ഈ നടപടി. ഈ സംഭവത്തിലേക്ക് ഔപചാരികമായ ഒരു അന്വേഷണം ഇന്നലെ അക്കാഡമി ആരംഭിച്ചു. നടന്റെ അക്രമത്തെ അപലപിച്ചുകൊണ്ട് അക്കാഡമി ഒരു പ്രസ്താവന ഇറക്കുകയും ചെയ്തിട്ടുണ്ട്. അദ്ദേഹത്തിനു നൽകിയ ഓസ്‌കാറും തിരിച്ചെടുത്തേക്കും.

സംഭവം നടന്ന ഉടൻ തന്നെ അക്കാഡമിയിലെ സുപ്രധാന ചുമതലക്കാർ ഇതിനെ കുറിച്ച് സംസാരിച്ചെങ്കിലും പലരും പലയിടത്തായിരുന്നതിനാൽ ഒരു തീരുമാനം എടുക്കാൻ കഴിഞ്ഞിരുന്നില്ല. അതേസമയം, ഭാവിയിൽ ഉപരോധം ഏർപ്പെടുത്തുമെങ്കിലും ഇപ്പോൾ നൽകിയ പുരസ്‌കാരം തിരിച്ചെടുക്കാൻ സാധ്യതയില്ലെന്നും ചില അക്കാഡമി വൃത്തങ്ങളിൽ നിന്നും സൂചനകൾ ലഭിക്കുന്നുണ്ട്. നടന്റെ തികച്ചും അപ്രതീക്ഷിതമായ നടപടി ഡോൾബി തീയറ്ററിൽ ഇരുന്ന കാണികളെ ഒന്നടങ്കം ഞെട്ടിച്ചു. പല കോണുകളിൽ നിന്നും ഇതിനെതിരെ കടുത്ത വിമർശനങ്ങളും ഉയരുന്നുണ്ട്. അതിനിടെ വിൽ സ്മിത്ത് മാപ്പ് പറഞ്ഞിട്ടുണ്ട്. വൈകാരികമായി പ്രതികരിച്ചതാണെന്നും താൻ ആഗ്രഹിക്കാത്ത കാര്യങ്ങളാണ് നടന്നതെന്നും നടൻ പരസ്യമായി പറഞ്ഞു.

സ്മിത്തിന്റെ പത്നി ജാഡ പിങ്കെറ്റ് സ്മിത്തിന്റെ മുടി കൊഴിഞ്ഞുപോയ തലയെ കുറിച്ച് ഒരു തമാശ പറഞ്ഞതായിരുന്നു സ്മിത്തിനെ പ്രകോപിതനാക്കിയത്. അവതാരകനെ അടിച്ചതിനുശേഷം സീറ്റിൽ വന്നിരുന്നിട്ടും ക്ഷോഭം മാറ്റാനാകാതെ സ്മിത്ത് അവതാരകനോട് അലറി വിളിക്കുന്നുണ്ടായിരുന്നു. അതിനു ശേഷം ഒരു മണിക്കൂർ കഴിഞ്ഞപ്പോഴായിരുന്നു സ്മിത്തിനെ നല്ല നടനായി പ്രഖ്യാപിച്ചത്. അവാർഡ് സ്വീകരിച്ചുകൊണ്ടുള്ള മറുപടി പ്രസംഗത്തിൽ സ്മിത്ത് അക്കാഡമിയോട് ക്ഷമാപണം നടത്തുകയും ചെയ്തിരുന്നു.

എഴുത്തുകാരനും സംവിധായകനുമായ മാർഷൽ ഹെർസ്‌കോവിറ്റ്സിനെ പോലുള്ള അക്കാഡമിഅംഗങ്ങൾ സ്മിത്തിനെതിരെ അച്ചടക്ക നടപടി സ്വീകരിക്കണം എന്ന അഭിപ്രായക്കാരാണ്. തങ്ങളുടെ സമൂഹത്തെ തന്നെ അപമാനിക്കുന്ന രീതിയിലായിരുന്നു സ്മിത്തിന്റെ പെരുമാറ്റം എന്നാണ് അവർ പറയുന്നത്. അതേസമയം അക്കാഡമിയുടെ ബോർഡ് ഓഫ് ഗവർണേഴ്സിൽ അംഗമായ വൂപ്പി ഗോൾഡ്ബെർഗ് പറഞ്ഞത്, കിങ് ജോർജ്ജിലെ പ്രകടനത്തിന് നൽകിയ പുർസ്‌കാരം തിരിച്ചെടുക്കാൻ ഉദ്ദേശിക്കുന്നില്ല എന്നാണ്. പുരസ്‌കാരം തിരിച്ചെടുക്കുന്ന കാര്യത്തിൽ അക്കാഡമിയുടെ ഭരണ സമിതിയിൽ വിഭിന്ന അഭിപ്രായങ്ങളാണ് ഉള്ളത്.

ഏതായാലും ഉർവശീ ശാപം അക്കാഡമിക്ക് ഉപകാരമാവുകയാണ് ചെയ്തത് എന്ന് ടെലിവിഷൻ റേറ്റിംഗുകൾ ചൂണ്ടിക്കാണിക്കുന്നു. ഈ ഒരൊറ്റ സംഭവത്തോടെ ഓസ്‌കാർ ചടങ്ങുകളുടെ ടെലിവിഷൻ റേറ്റിങ് 56 ശതമാനമാണ് വർദ്ധിച്ചതെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു. എ ബി സി തിങ്കളാഴ്‌ച്ച പുറത്തുവിട്ട കണക്കുകൾ അനുസരിച്ച് 15.36 മില്യൺ ആളൂകളാണ് ഈ പരിപാടി കണ്ടത്. എന്നിരുന്നാൽ പോലും ഇത് ഏറ്റവും കുറഞ്ഞ രണ്ടാമത്തെ വ്യുവർഷിപ്പ് ആണ്. കോവിഡ് പ്രതിസന്ധിയിൽ 2021-ൽ നടന്ന ചടങ്ങ് വീക്ഷിച്ചത് 9.85 മില്യൺ ആളുകൾ മാത്രമായിരുന്നു.

കഴിഞ്ഞ വർഷത്തെ ശോഭ കെട്ട ഓസ്‌കാർ ചടങ്ങിനു ശേഷം മാറ്റങ്ങൾ വരുത്തി കൂടുതൽ ശോഭയോടെയായിരുന്നു ഇത്തവണ പരിപാടി അവതരിപ്പിച്ചത്. അതനുസരിച്ച്, എട്ടു വിഭാഗങ്ങളിലെ അവാർഡുകൾ ചടങ്ങിനു മുൻപ് നൽകുകയും അത് പിന്നീട് എഡിറ്റ് ചെയ്ത് ലൈവ് ഷോയിൽ ഉൾപ്പെടുത്തുകയും ചെയ്തിരുന്നു. ഈ മാറ്റങ്ങളൂം കാണികളുടെ എണ്ണം വർദ്ധിപ്പിക്കാൻ കുറേയേറെ സഹായിച്ചു എന്നാണ് കരുതുന്നത്. എന്നിരുന്നാലും 2020-ൽ പരിപാടി വീക്ഷിച്ച 23.6 മില്യൺ ആളുകളുടെ കണക്കുമായി തട്ടിച്ചു നോക്കുമ്പോൾ, ഇത്തവണ കാണികളുടെ എണ്ണത്തിൽ വൻ കുറവ് തന്നെയാണ് ഉണ്ടായിരിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP