Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സിൽവർ ലൈൻ ബഫർ സോണിലെ ഭൂമിക്ക് നഷ്ടപരിഹാരം നൽകില്ല; ദേശീയ പാത, റെയിൽവേ, സംസ്ഥാന പാത പദ്ധതികളിൽ ബഫർ സോണുകളിൽ നഷ്ടപരിഹാരം നൽകാറില്ലെന്ന് കെ റെയിൽ അധികൃതർ; ഭൂമി ഏറ്റെടുക്കൽ റെയിൽവെ ബോർഡിന്റെ അന്തിമ അനുമതി കിട്ടിയ ശേഷം; അതിരടയാള കല്ലുകൾ സ്ഥാപിക്കുന്നതു കൊണ്ട് ഭൂമി കൈമാറ്റത്തിനോ ബാങ്ക് വായ്പയ്‌ക്കോ തടസ്സമില്ലെന്നും വിശദീകരണം

സിൽവർ ലൈൻ ബഫർ സോണിലെ ഭൂമിക്ക് നഷ്ടപരിഹാരം നൽകില്ല; ദേശീയ പാത, റെയിൽവേ, സംസ്ഥാന പാത പദ്ധതികളിൽ ബഫർ സോണുകളിൽ നഷ്ടപരിഹാരം നൽകാറില്ലെന്ന് കെ റെയിൽ അധികൃതർ; ഭൂമി ഏറ്റെടുക്കൽ റെയിൽവെ ബോർഡിന്റെ അന്തിമ അനുമതി കിട്ടിയ ശേഷം; അതിരടയാള കല്ലുകൾ സ്ഥാപിക്കുന്നതു കൊണ്ട് ഭൂമി കൈമാറ്റത്തിനോ ബാങ്ക് വായ്പയ്‌ക്കോ തടസ്സമില്ലെന്നും വിശദീകരണം

എം എസ് സനിൽ കുമാർ

തിരുവനന്തപുരം : കെ റെയിലിൽ ബഫർ സോണിൽ വരുന്ന ഭൂമിക്ക് നഷ്ടപരിഹാരം നൽകില്ലെന്ന് സൂചന നൽകി കെ റെയിൽ കോർപ്പറേഷന്റെ വിശദീകരണകുറിപ്പ്. ഇന്ത്യൻ റെയിൽവേ ലൈനുകൾക്ക് ഭാവി വികസന പ്രവർത്തനങ്ങൾ മുൻനിർത്തി ഇരു വശത്തും 30 മീറ്റർ ബഫർ സോൺ ഏർപ്പെടുത്താറുണ്ട്. ഈ പ്രദേശത്ത് കെട്ടിട നിർമ്മാണം പോലുള്ള കാര്യങ്ങൾക്ക് റെയിൽവേയുടെ അനുമതി വാങ്ങണം. സിൽവർലൈനിന്റെ ബഫർ സോൺ 10 മീറ്റർ മാത്രമാണ്. അലൈന്മെന്റിന്റെ അതിർത്തിയിൽനിന്ന് ഇരുവശത്തേക്കും പത്ത് മീറ്റർ വീതമാണ് ബഫർ സോൺ. ഈ പത്ത് മീറ്ററിൽ ആദ്യത്തെ അഞ്ച് മീറ്ററിൽ മാത്രമേ നിർമ്മാണ പ്രവർത്തനങ്ങൾക്ക് വിലക്കുള്ളൂ. മറ്റേ അഞ്ച് മീറ്ററിൽ മുൻകൂർ അനുമതി വാങ്ങി നിർമ്മാണ പ്രവർത്തനങ്ങൾ നടത്താം. ദേശീയപാതകളിൽ നിലവിൽ അഞ്ച് മീറ്റർ നിർമ്മാണ പ്രവർത്തന വിലക്കുണ്ട്. സംസ്ഥാന പാതകളിൽ ഇത്തരം നിർമ്മാണ നിയന്ത്രണം മൂന്ന് മീറ്റർ ആണ്. ദേശീയ പാത, റെയിൽവേ, സംസ്ഥാന പാത അടക്കമുള്ള പദ്ധതികളിൽ ഇത്തരം ബഫർ സോണുകളിൽ നഷ്ടപരിഹാരം നൽകാറില്ലെന്ന് കെ റെയിൽ അധികൃതർ വ്യക്തമാക്കുന്നു.

റെയിൽവേ ബോർഡിന്റെ അന്തിമാനുമതി കിട്ടിയിട്ടേ ഭൂമി ഏറ്റെടുക്കൂ

കെ റെയിലിനെതിരെ ഉയരുന്ന ആരോപണങ്ങളിലാണ് ഇപ്പോൾ വിശദീകരണവുമായി കേരള റെയിൽ ഡെവലപ്മെന്റ് കോർപ്പറേഷൻ ലിമിറ്റഡ് രംഗത്തെത്തിയിരിക്കുന്നത്. സിൽവർലൈൻ പദ്ധതിക്ക് മൊത്തം 1383 ഹെക്ടർ ഭൂമിയാണ് ആവശ്യമുള്ളത്. ഭൂമി ഏറ്റെടുക്കുന്നതിനു മുന്നോടിയായി സാമൂഹികാഘാത പഠനത്തിനുള്ള പ്രാരംഭ പ്രവർത്തനങ്ങൾ മാത്രമാണ് ഇപ്പോൾ നടന്നു വരുന്നതെന്നാണ് കെ റെയിലിന്റെ വിശദീകരണം. അതിരടയാള കല്ലുകൾ സ്ഥാപിക്കുന്നതു കൊണ്ട് ഭൂമി കൈമാറ്റം ചെയ്യുന്നതിനോ ബാങ്ക് വായ്പ എടുക്കുന്നതിനോ നിയമപരമായി തടസ്സമുണ്ടാകില്ല. റെയിൽവേ ബോർഡിന്റെ അന്തിമാനുമതി കിട്ടിയ ശേഷം മാത്രമേ സിൽവർലൈൻ പദ്ധതിക്കായി ഭൂമി ഏറ്റെടുക്കുന്ന നടപടികളിലേയ്ക്ക് കടക്കുകയുള്ളൂവെന്നും വിശദീകരണ കുറിപ്പിൽ വ്യക്തമാക്കുന്നു.

ദീർഘ വീക്ഷണത്തോടെയും ലക്ഷ്യബോധത്തോടെയും സമയ ബന്ധിതമായും പദ്ധതി നടപ്പാക്കാനാണ് ഉദ്ദേശിക്കുന്നത്. 2019 ലാണ് ഫീസിബിലിറ്റി റിപ്പോർട്ട് പരിശോധിച്ച് റെയിൽവേ ബോർഡ് പദ്ധതിക്ക് തത്വത്തിൽ അംഗീകാരം നൽകിയത്. കേന്ദ്ര ധനകാര്യ മന്ത്രാലയത്തിന്റെ മെമോറാണ്ടം അനുസരിച്ച്, തത്വത്തിൽ അനുമതി ലഭിക്കുന്ന പദ്ധതികൾക്ക് ഭൂമി ഏറ്റെടുക്കൽ ഉൾപ്പടെയുള്ള പ്രാഥമിക ന പടികൾ ആരംഭിക്കാവുന്നതാണ്. തത്വത്തിൽ അംഗീകാരം ലഭിക്കുന്ന പദ്ധതികൾക്ക് നിക്ഷേപത്തിനു മുന്നോടിയായുള്ള നടപടികൾ ആരംഭിക്കാമെന്നാണ് റെയിൽവേ നയം. വായ്പാ നടപടികളുമായി മുന്നോട്ടു പോകാനും സ്ഥലം ഏറ്റെടുക്കൽ നടപടികൾ വേഗത്തിലാക്കാനും കേന്ദ്ര ധനമന്ത്രി സംസ്ഥാന സർക്കാരിന് നിരദേശം നൽകിയതുമാണ്.

സാമൂഹിക ആഘാത പഠനത്തിന്റെ മുന്നോടിയായി അലൈന്മെന്റിന്റെ അതിരടയാള കല്ലുകൾ സ്ഥാപിക്കുന്ന പ്രവൃത്തിയാണ് ഇപ്പോൾ നടക്കുന്നതെന്ന് കോർപ്പറേഷൻ പറയുന്നു. 2013ലെ ഭൂമി ഏറ്റെടുക്കലിൽ ന്യായമായ നഷ്ടപരിഹാരത്തിനും സുതാര്യതക്കും പുരനധിവാസത്തിനും പുനഃസ്ഥാപനത്തിനുമുള്ള അവകാശ നിയമം അനുസരിച്ച് ഏറ്റെടുക്കൽ മൂലമുണ്ടാകുന്ന ആഘാതങ്ങൾ, ബാധിക്കപ്പെടുന്ന കുടുംബങ്ങൾ, നഷ്ടം
സംഭവിക്കുന്ന വീടുകൾ, കെട്ടിടങ്ങൾ, ആഘാതം ലഘൂകരിക്കുന്നതിനുള്ള മാർഗങ്ങൾ തുടങ്ങിയവ സംബന്ധിച്ച വിവരശേഖരണത്തിനായാണ് സാമൂഹിക ആഘാത പഠനം നടത്തുന്നത്.

1961ലെ കേരള സർവ്വേ അതിരടയാള നിയമത്തിലെ 6(1) വകുപ്പ് അനുസരിച്ച വിജ്ഞാപനം പുറപ്പെടുവിച്ച ശേഷമാണ് അതിരടയാള കല്ലുകൾ സ്ഥാപിക്കുന്നത്. കേന്ദ്രനിയമത്തിന് കീഴിൽ സാമൂഹിക ആഘാത പഠനം നടത്തുകയും സംസ്ഥാന നിയമത്തിനു കീഴിൽ അതിരടയാളം സ്ഥാപിക്കുകയും ചെയ്യുന്ന ഇപ്പോഴത്തെ പ്രവർത്തനം തികച്ചും നിയമവിധേയമാണ്. ഇങ്ങനെ തന്നെയാണ് 2013 ലെ ഭൂമി ഏറ്റെടുക്കൽ നിയമത്തിനുശേഷം കേരളത്തിലെ എല്ലാ പദ്ധതികളിലും സാമൂഹിക ആഘാത പഠനം നടത്തിയിരിക്കുന്നത്.

കേരള ഹൈക്കോടതി ഡിവിഷൻ ബെഞ്ചും സുപ്രിം കോടതിയും ഇക്കാര്യം അംഗീകരിച്ചതുമാണ്. സാമൂഹിക ആഘാത പഠനം നടത്തണമെങ്കിൽ ബാധിക്കപ്പെടുന്നവരെ കണ്ടെത്തണം. ബാധിക്കുന്നവരെ കണ്ടെത്തിയാലേ സാമൂഹികാഘാത പഠനം നടത്താൻ കഴിയൂ. ബാധിക്കപ്പെടുന്നവരെ കണ്ടെത്തണമെങ്കിൽ അലൈന്മെന്റിന് അതിരടയാളം സ്ഥാപിക്കേണ്ടതുണ്ട്. അതിരടയാള കല്ലുകൾ സ്ഥാപിക്കുന്നതു കൊണ്ട് ഭൂമി കൈമാറ്റം ചെയ്യുന്നതിനോ ബാങ്ക് വായ്പ എടുക്കുന്നതിനോ നിയമപരമായി തടസ്സമുണ്ടാകില്ല.

റെയിൽവേ ബോർഡിന്റെ അന്തിമാനുമതി കിട്ടിയ ശേഷം മാത്രമേ സിൽവർലൈൻ പദ്ധതിക്കായി ഭൂമി ഏറ്റെടുക്കുന്ന നടപടികളിലേയ്ക്ക് കടക്കുകയുള്ളു. ഭൂമി ഏറ്റെടുക്കുമ്പോൾ നഷ്ട പരിഹാരം ഉൾപ്പെടെ നിയമം അനുശാസിക്കുന്ന എല്ലാ നടപടി ക്രമങ്ങളും പാലിക്കും.
കേരള റെയിൽ ഡവലപ്‌മെന്റെ കോർപറേഷൻ ലിമിറ്റഡ് (കെ-റെയിൽ) ആണ് പദ്ധതി ഭൂമിക്കായി സർക്കാരിനോട് അപേക്ഷിച്ചിട്ടുള്ളത്. മറ്റു പദ്ധതികൾക്കായി ഭൂമി എറ്റെടുക്കുന്നതുപോലെ വളരെ മാനുഷികവും, സുതാര്യവുമായ നടപടിക്രമങ്ങളിലൂടെയാണ് സിൽവർലൈൻ പദ്ധതിക്കു വേണ്ടിയും ഭൂമി ഏറ്റെടുക്കുന്നതുമെന്ന് കെ റെയിൽ കോർപ്പറേഷൻ പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP