Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

നടക്കുന്നത് പ്രാരംഭ ഭൂമി ഏറ്റെടുക്കൽ തന്നെയെന്ന് കെ റെയിൽ; എല്ലാം റവന്യൂ-ഗതാഗത വകുപ്പുകൾക്ക് 'അറിയാമെന്ന്' വിവരാവകാശ രേഖ; ഭൂമി ഏറ്റെടുക്കൽ സെല്ലിന്റെ 11 ജില്ലകളിലെ രൂപീകരണവും അതിന്റെ ഭാഗം; ഇപ്പോൾ നടക്കുന്നത് കോ-ഫിനാൻസിങ് പ്രോസസ്; ഏറെ മുമ്പോട്ട് പോകാനുറച്ച് കെ റെയിൽ; കല്ലിടുന്നത് ഭൂമി ഏറ്റെടുക്കൽ തന്നെയോ?

നടക്കുന്നത് പ്രാരംഭ ഭൂമി ഏറ്റെടുക്കൽ തന്നെയെന്ന് കെ റെയിൽ; എല്ലാം റവന്യൂ-ഗതാഗത വകുപ്പുകൾക്ക് 'അറിയാമെന്ന്' വിവരാവകാശ രേഖ; ഭൂമി ഏറ്റെടുക്കൽ സെല്ലിന്റെ 11 ജില്ലകളിലെ രൂപീകരണവും അതിന്റെ ഭാഗം; ഇപ്പോൾ നടക്കുന്നത് കോ-ഫിനാൻസിങ് പ്രോസസ്; ഏറെ മുമ്പോട്ട് പോകാനുറച്ച് കെ റെയിൽ; കല്ലിടുന്നത് ഭൂമി ഏറ്റെടുക്കൽ തന്നെയോ?

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: സിൽവർ ലൈൻ കടന്നുപോകുന്ന 11 ജില്ലകളിലും ഭൂമി ഏറ്റെടുക്കൽ സെല്ലുകളുടെ രൂപീകരണവും സാമൂഹിക ആഘാത വിലയിരുത്തലും ഉൾപ്പെടെയുള്ള ഭൂമി ഏറ്റെടുക്കൽ മുന്നൊരുക്ക പ്രവർത്തനങ്ങളുമായി മുന്നോട്ടുപോകുന്നതിന് ഗതാഗത വകുപ്പിൽ നിന്നും റവന്യൂ വകുപ്പിൽ നിന്നും ഭരണാനുമതി ലഭിച്ചിട്ടുണ്ടെന്ന് കെ റെയിൽ. തെളിവായി വിവരാവകാശ രേഖ. കൊച്ചി സ്വദേശിയായ വിവരാവകാശ പ്രവർത്തകൻ കെ. ഗോവിന്ദൻ നമ്പൂതിരിക്ക് കെ റെയിൽ മാർച്ച് 16ന് നൽകിയ വിവരാവകാശ മറുപടിയിലാണ് ഇക്കാര്യം ഉള്ളത്.

പദ്ധതിയുടെ കോ-ഫിനാൻസിങ് പ്രോസസിങ് നടന്നുകൊണ്ടിരിക്കുകയാണ് കെ റെയിൽ അധികൃതർ പറയുന്നു. നിർദിഷ്ട സിൽവർലൈൻ പദ്ധതിക്കായുള്ള സാമൂഹികാഘാത പഠനം ഭൂമി ഏറ്റെടുക്കലിന്റെ ഭാഗമാണെന്നു സർക്കാർ വിജ്ഞാപനത്തിലും വ്യക്തമാണ്. പദ്ധതിക്കായി ഇപ്പോൾ ഭൂമി ഏറ്റെടുക്കില്ലെന്നു സർക്കാർ ആവർത്തിക്കുമ്പോഴാണ് ഏറ്റെടുക്കേണ്ട ഭൂമിയിലെ മരങ്ങൾ ഉൾപ്പെടെ മുറിച്ചുമാറ്റി, അടയാളങ്ങൾ നൽകിയുള്ള സർവേയെക്കുറിച്ചു വിജ്ഞാപനത്തിൽ ചൂണ്ടിക്കാട്ടുന്നത്. എന്നാൽ, അതിരടയാളക്കല്ലുകളെക്കുറിച്ചു വിജ്ഞാപനത്തിൽ പറയുന്നുമില്ല. ഇത് തന്നെയാണ് കെ റെയിലിന്റെ വിവരാവകാശ രേഖയും വിരൽ ചൂണ്ടുന്നത്.

ഭൂമി ഏറ്റെടുക്കാൻ വേണ്ടിയല്ല സർവേ എന്നാണു മുഖ്യമന്ത്രിയും മന്ത്രിമാരും ആവർത്തിക്കുന്നത്. വിജ്ഞാപനത്തിന്റെ വിശദാംശങ്ങൾ പരിശോധിക്കുമ്പോൾ ഈ വാദം പൊളിയുകയാണ്.1961ലെ കേരള സർവേയും അതിർത്തിയും സംബന്ധിച്ച നിയമത്തിലെ 6(1)ാം വകുപ്പു പ്രകാരമാണു കഴിഞ്ഞ ഒക്ടോബർ 5 നു സിൽവർലൈൻ പദ്ധതിക്കായി സർക്കാർ വിജ്ഞാപനം പുറപ്പെടുവിച്ചത്. കേന്ദ്രാനുമതിക്കുശേഷം മാത്രമേ ഭൂമി ഏറ്റെടുക്കുകയുള്ളൂ എന്നു സർക്കാർ ആവർത്തിക്കുന്നു. സർവേയുടെ ഉദ്ദേശ്യം ഭൂമി ഏറ്റെടുക്കലാണെന്നു വിജ്ഞാപനത്തിൽ ചൂണ്ടിക്കാട്ടിയതു കേവലം സാങ്കേതികം മാത്രമാണെന്നാണു സർക്കാർ നൽകുന്ന വിശദീകരണം. ഇതിനൊപ്പമാണ് വിവരാവകാശ മറുപടിയും ചോദ്യങ്ങളുയർത്തുന്നത്.

സാധ്യതാ പഠന റിപ്പോർട്ടിന് സംസ്ഥാന സർക്കാർ അംഗീകാരം കിട്ടിയിട്ടുണ്ട്. റയിൽവേ മന്ത്രാലയവും ഫണ്ട് കണ്ടെത്തുന്നതിന് വേണ്ടി തത്വത്തിൽ അനുമതി നൽകിയിട്ടുണ്ട്. പദ്ധതി രൂപ രേഖയും തയ്യാറായി. 2020 ജൂണിൽ ഇത് റെയിൽവേ മന്ത്രാലയത്തിന് കൈമാറി. ഭൂമി ഏറ്റെടുക്കലിന് മുന്നോടിയായുള്ള പ്രവർത്തനത്തിന് റവന്യൂ വകുപ്പും ഗതാഗത വകുപ്പും ഭരണാനുമതിയും നൽകി. ഇതിന്റെ ഭാഗമായാണ് സാമൂഹിക ആഘാത പഠനവും ഭൂമി ഏറ്റെടുക്കൽ സെല്ലിന്റെ 11 ജില്ലകളിലെ രൂപീകരണവുമെന്ന് കെ റെയിൽ വിവരാവകാശത്തിന് മറുപടി നൽകുന്നത്. ഏറെ ദൂരം കെ റെയിൽ മുമ്പോട്ടു പോയെന്നാണ് അവകാശ വാദം.

സിൽവർലൈനുമായി ബന്ധപ്പെട്ടു റവന്യു വകുപ്പ് 2021 ഓഗസ്റ്റ് 8 ന് ഇറക്കിയ ഉത്തരവ് ആധാരമാക്കിയാണു സ്ഥലമേറ്റെടുക്കൽ സംബന്ധമായ ആരോപണങ്ങളെ സർക്കാർ പ്രതിരോധിക്കുന്നത്. റെയിൽവേ മന്ത്രാലയത്തിന്റെ അന്തിമാനുമതിക്കു ശേഷമേ ഭൂമി ഏറ്റെടുക്കൽ നിയമ (2013) പ്രകാരമുള്ള നടപടി തുടങ്ങൂവെന്നു റവന്യു വകുപ്പിന്റെ ഉത്തരവിന്റെ അവസാന ഭാഗത്തു പറയുന്നുണ്ട്. എന്നാൽ ഈ ഉത്തരവിറക്കി 2 മാസം കഴിഞ്ഞാണു സ്ഥലമെടുപ്പിന്റെ ഭാഗമായുള്ള സർവേ നടപടികൾക്കായി സർക്കാർ വിജ്ഞാപനം പുറപ്പെടുവിച്ചതെന്നതും പുറത്തു വരുന്നുണ്ട്.

ഇതിനു തൊട്ടുപിന്നാലെ, ഭൂമി ഏറ്റെടുക്കൽ നടപടികൾക്കായി സ്‌പെഷൽ ഡപ്യൂട്ടി കലക്ടറെയും 11 സ്‌പെഷൽ തഹസിൽദാർമാരെയും നിയമിച്ചു റവന്യു വകുപ്പ് ഉത്തരവിറക്കുകയും ചെയ്തു. അതിനിടെ റവന്യു മന്ത്രിയുടെ പ്രസ്താവനയും സംശയങ്ങൾ കൂട്ടുന്നു. ഭൂമി ഏറ്റെടുക്കില്ലെന്നു സർക്കാർ എവിടെയും പറഞ്ഞിട്ടില്ല. ഭൂമി ആവശ്യമുള്ള ഏജൻസി അത് ഏറ്റെടുക്കാനാണ് അപേക്ഷ നൽകുന്നത്. അപേക്ഷ കിട്ടിയാലുടൻ ഏറ്റെടുക്കുന്നതായി പ്രഖ്യാപിക്കാൻ സർക്കാരിനു പറ്റില്ലെന്ന് മന്ത്രി പറയുന്നുണ്ട്.

ഏറ്റെടുക്കേണ്ട ഭൂമി എങ്ങനെയുള്ളതാണ്, സാമൂഹികമായി എന്തെങ്കിലും ആഘാതം ഉണ്ടാക്കുമോ, പ്രദേശത്തെ ജനങ്ങളുടെ അഭിപ്രായം എന്താണ് എന്നതെല്ലാം പരിശോധിക്കണം. സാമൂഹികാഘാത പഠനം നടത്തുന്നതു ഭൂമി ഏറ്റെടുക്കുന്നതിനു വേണ്ടിയാണോ എന്നു സംശയം ഉന്നയിക്കുന്നത് എന്തുകൊണ്ടെന്നു മനസ്സിലാകുന്നില്ലെന്നും മന്ത്രി പറയുന്നു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP