Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ബിഗ് ബോസിന്റെ നാലാം അങ്കം മുംബൈയിൽ തുടങ്ങി; മത്സരാർത്ഥികളിൽ ഏറെയും സീരിയൽ താരങ്ങൾ; ധന്യ മേരി വർഗിസും ലക്ഷ്മിപ്രിയയും സുചിത്ര നായരും വീട്ടിലെത്തി; ആൻഡ്രോയിഡ് കുഞ്ഞപ്പനും മലയാളം പറഞ്ഞ് മലയാളികളെ ഞെട്ടിച്ച അമേരിക്കക്കാരിയും ബിഗ് ബോസിൽ; ഒപ്പം ജിമ്മത്തിയായി ജാസ്മിൻ മൂസയും

ബിഗ് ബോസിന്റെ നാലാം അങ്കം മുംബൈയിൽ തുടങ്ങി;  മത്സരാർത്ഥികളിൽ ഏറെയും സീരിയൽ താരങ്ങൾ; ധന്യ മേരി വർഗിസും ലക്ഷ്മിപ്രിയയും സുചിത്ര നായരും വീട്ടിലെത്തി; ആൻഡ്രോയിഡ് കുഞ്ഞപ്പനും മലയാളം പറഞ്ഞ് മലയാളികളെ ഞെട്ടിച്ച അമേരിക്കക്കാരിയും ബിഗ് ബോസിൽ; ഒപ്പം ജിമ്മത്തിയായി ജാസ്മിൻ മൂസയും

മറുനാടൻ ഡെസ്‌ക്‌

മുംബൈ: മലയാളം ടെലിവിഷൻ ചരിത്രത്തിലെ ഏറ്റവും ചെലവേറിയ ഷോയായ ബിഗ് ബോസ് റിയാലിറ്റി ഷോയുടെ നാലാം സീസണ് തുടക്കമായി. ഇക്കുറി 17 മത്സരാർത്ഥികളാണ് ബിഗ് ബോസ് ഹൗസിൽ മത്സരത്തിൽ പങ്കെടുക്കാനായി എത്തിയിരിക്കുന്നത്. മുംബൈയിലാണ് ഇക്കുറി ബിഗ് ബോസ് ഷോ നടക്കുന്നത്. മലയാളത്തിന്റെ സൂപ്പർതാരം മോഹൻലാൽ തന്നെയാണ് ഷോയുടെ അവതാരകൻ.

ഇക്കുറി സീരിയൽ രംഗത്തെ താരങ്ങളാണ് ബിഗ് ബോസിൽ പങ്കെടുക്കുന്നവരിലെ കൂടുതൽ. സീരിയൽ രംഗത്തു നിന്നും ആരാധകർക്ക് സുപരിചിതരും പ്രിയപ്പെട്ടവരുമായ നിരവധി താരങ്ങളുണ്ട്. ബിഗ് ബോസ് മലയാളം സീസൺ ഫോറിലേക്ക് ആദ്യം കടന്നു വന്നത് നവീൻ അറക്കൽ ആണ്. നിരവധി പരമ്പരകളിലൂടേയും സ്റ്റാർ മാജിക്കിലൂടേയും മലയാളികൾക്ക് പ്രിയപ്പെട്ടവനാണ് നവീൻ. ഫിറ്റ്നസ് ഫ്രീക്കായ നവിൻ വന്നപ്പോൾ തന്നെ ജിമ്മിനെക്കുറിച്ചായിരുന്നു അന്വേഷിച്ചത്. അമ്മ, പ്രണയം, സീത, ബാലാമണി തുടങ്ങിയ പരമ്പരകളിലൂടെ തുടക്കം കുറിച്ച നവീൻ സ്റ്റാർമാജിക്കിലും ശ്രദ്ധേയ സാന്നിദ്ധ്യമായി മാറി. വില്ലൻ വേഷങ്ങളിലാണ് കൂടുതൽ തിളങ്ങിയിട്ടുള്ളത്്. പാടാത്ത പൈങ്കിളിയിലാണ് നവീനെ ഒടുവിലായി കണ്ടത്.

ലക്ഷ്മി പ്രിയയാണ് മറ്റൊരു സീരിയിൽ താരം. ഇത്തവണ ബിഗ് ബോസിലുണ്ടാകുമെന്ന് നേരത്തെ തന്നെ റിപ്പോർട്ടുകളുണ്ടായിരുന്ന താരമാണ് ലക്ഷ്മി പ്രിയ. സീരിയലുകളിലും സിനിമകളിലുമെല്ലാം നിറ സാന്നിധ്യമാണ് ലക്ഷ്മി പ്രിയ. എഴുത്തുകാരിയുമാണ് ലക്ഷ്മി. സോഷ്യൽ മീഡിയയിലെ സജീവ സാന്നിധ്യമായ ലക്ഷ്മിയുടെ പ്രതികരണങ്ങൾ വലിയ ചർച്ചയായി മാറിയിട്ടുണ്ട്. സോഷ്യൽ മീഡിയയുടെ ആക്രമണങ്ങളും ലക്ഷ്മി നേരിട്ടിട്ടുണ്ട്. ഇത്തവണത്തെ ഏറ്റവും ശക്തയായ മത്സരാർത്ഥികളിൽ ഒരാളാണ് ലക്ഷ്മി പ്രിയ.

വാനമ്പാടിയിലെ വില്ലത്തിയായിരുന്നു സുചിത്ര നായരും ബിഗ് ബോസ് വീട്ടിൽ എത്തിയിട്ടുണ്ട്. സീരിയലിൽ പപ്പിക്കുട്ടിയായി എത്തിയ താരമാണ് സുചിത്ര നായർ. വില്ലത്തി വേഷത്തിൽ തിളങ്ങിയ സുചിത്ര അവതാരകയായും കയ്യടി നേടിയിട്ടുണ്ട്. മനിസ്‌ക്രീൻ പ്രേക്ഷകർക്ക് പ്രിയപ്പെട്ട താരമാണ് സുചിത്ര.

ബിഗ് ബോസിലേക്ക് കടന്നു വന്നവരിൽ ഇപ്പോഴും സജീവവും നിരവധി ആരാധകരുമുള്ള താരം ധന്യ മേരി വർഗീസാണ്. നിരവധി സിനിമകളിലൂടെ ശ്രദ്ധ നേടിയ താരമാണ് ധന്യ മേരി വർഗ്ഗീസ്. എന്നാൽ സീത കല്യാണം എന്ന പരമ്പരയിലൂടെ മിന്നും താരമായി മാറുകയായിരുന്നു ധന്യ. കഴിഞ്ഞ സീസണിലെ ഫൈനലിസ്റ്റ് ആയ അനൂപ് കൃഷ്ണൻ ആയിരുന്നു സീത കല്യാണത്തിലെ നായകൻ. ഭയം എന്ന ഗെയിം ഷോയിലും ധന്യ പങ്കെടുത്തിരുന്നു. നർത്തകി കൂടിയായ ധന്യ വിവഹശേഷമാണ് സിനിമ രംഗത്തു നിന്നും താൽക്കാലികമായ ഇടവേളയെടുക്കുന്നത്. പിന്നീട് ടെലിവിഷൻ സീരിയലിലൂടെയാണ് താരം തിരിച്ചെത്തുകയായിരുന്നു. ഒരുപാട് ആരാധകരുള്ള ധന്യ ബിഗ് ബോസ് മലയാളം സീസൺ ഫോറിലെ ശക്തമായ മത്സരാർത്ഥിയായിരിക്കുമെന്നുറപ്പാണ്.

സീരിയൽ ലോകത്തു നിന്നും എത്തിയ മറ്റൊരു താരമാണ് റോൺസൺ വിൻസെന്റ്. കുടുംബപ്രേക്ഷകർക്ക് സുപരിചിതനായ താരമാണ് റോൺസൺ്. മസിലളിയനായ റോൺസൻ സിനിമയിലൂടെയാണ് തുടങ്ങുന്നത്. പക്ഷെ സീരിയലാണ് റോൺസനെ താരമാക്കി മാറ്റുന്നത്. 2010 മുതൽ തെലുങ്ക് സിനിമകളിൽ ചുവടുറപ്പിച്ച ശേഷമാണ് താൻ മലയാള സീരിയലുകളിലേക്ക് വന്നതെന്ന് താരം വ്യക്തമാക്കിയിട്ടുണ്ട്.

ഡി ഫോർ ഡാൻസർ എന്ന ഷോയിലൂടെ ശ്രദ്ധ നേടിയതാരമാണ് ദിൽഷ. അ്ടിപൊളി ഡാൻസർ ആയ ദിൽഷ പിന്നീട് സീരിയലിലേക്ക് എത്തുകയായിരുന്നു. കാണാകൺമണി എന്ന പരമ്പരയിലൂടെ താരമായി മാറിയ ദിൽഷ മറ്റ് റിയാലിറ്റി ഷോകളിലൂടേയും കയ്യടി നേടിയിട്ടുണ്ട്.

ഇക്കുറി മലയാളം പറഞ്ഞ് ഞെട്ടിച്ച അമേരിക്കൻ വനിതയും ബിഗ് ബോസ് വീട്ടിൽ എത്തിയിട്ടുണ്ട്. ബിഗ് ബോസ്് മലയാളത്തിന്റെ വിജയിയാവുക എന്ന ലക്ഷ്യത്തോടെ എത്തിയ വിദേശ വനിതയാണ് അപർണ മൾബറി. തനി മലയാളി ലുക്കിൽ ഡാൻസ് കളിച്ചായിരുന്നു അപർണ എത്തിയത്. ജനനം കൊണ്ട് അമേരിക്കക്കാരിയാണ് അപർണ മൾബറി. പക്ഷെ ഹൃദയം കൊണ്ട് താനൊരു മലയാളിയാണെന്നാണ് അപർണ പറയുന്നത്. മലയാളികളെ പോലും ഞെട്ടിക്കുന്ന മലയാളം ആണ് അപർണ പറയുന്നത്.

ഓൺലൈൻ വഴി ഇംഗ്ലീഷ് പഠിപ്പിച്ചും മലയാളം പറഞ്ഞുമാണ് അപർണ താരമായി മാറുന്നത്. സോഷ്യൽ മീഡിയയിലെ നിറ സാന്നിധ്യം. അമേരിക്കയിൽ നിന്നും ഇന്ത്യയിലേക്ക് എത്തിയതായിരുന്നു അപർണയും അച്ഛനും അമ്മയും. ആത്മീയത, യോഗ, ധ്യാനം തുടങ്ങിയവയിലൊക്കെ ആകൃഷ്ടരായാണ് അവരെത്തിയത്.

അന്ന് അപർണയ്ക്ക് പ്രായം മൂന്ന് ആയിരുന്നു. പതിനഞ്ചാം വയസുവരെ കേരളത്തിൽ തന്നെയാണ് പഠിച്ചതും. ഇപ്പോൾ ഫ്രാൻസിൽ സ്ഥിരതാമസമാക്കിയ അപർണ ഈയ്യടുത്ത് കേരളത്തിലേക്ക് തിരികെ വരികയായിരുന്നു. മാതാ അമൃതാനന്ദമയിയുടെ ആശ്രമത്തിലായിരുന്നു അപർണ വളർന്നത്. പേര്് നൽകിയതും അമൃതാനന്ദമയി തന്നെയായിരുന്നു. മലയാളം മണിപോലെ സംസാരിക്കുമെങ്കിലും എഴുതാനും വായിക്കാനും അറിയില്ലെന്നാണ് അപർണ പറയുന്നത്.

അപർണയുടെ അച്ഛൻ യുഎസ് സ്വദേശിയും അമ്മ ചിലെക്കാരിയുമാണ്. അമ്മ ഇപ്പോഴും അമൃതാനന്ദമയിയുടെ ആശ്രമത്തിലുണ്ട്. സ്പെയിൻകാരി അമൃത ശ്രീയാണ് അപർണയുടെ ജീവിത പങ്കാളി. ഫ്രാൻസിൽ കാർഡിയോളജിക്കൽ ഡോക്ടർ ആണ് അമൃത ശ്രീ. ഇൻവേർട്ടഡ് കോക്കനട്ട് എന്ന തന്റെ പേജിലൂടെ സോഷ്യൽ മീഡിയയ്്ക്ക് സുപരിചിതയാണ് അപർണ. പ്രമുഖ ഫിറ്റ്‌നസ് ട്രെയിനർ കൂടായിയ ജാസ്മിൻ മൂസയും ഷോയിൽ പങ്കെടുക്കുന്നുണ്ട്. ജാസ്മിന്റെ ജീവിതകഥ നേരത്തെ തന്നെ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. സൂരജ് തേലക്കാട്, നവീൻ അറക്കൽ, ജാനകി സുധീർ് തുടങ്ങിയവരും ഷോയിൽ മാറ്റുരയ്ക്കുന്നു.

ലോക ടെലിവിഷൻ ചരിത്രത്തിലെ തന്നെ ഏറ്റവും ചെലവേറിയതും ശ്രദ്ധേയവുമായ റിയാലിറ്റി ഷോയാണ് ബിഗ് ബോസ്. 2018ൽ ആണ് മലയാള ടെലിവിഷൻ ലോകത്തേക്ക് ആദ്യമായി ബിഗ് ബോസ് എത്തിയത്. പുറംലോകവുമായി ബന്ധമില്ലാതെ, ലാൻഡ് ഫോണോ, മൊബൈലോ, ഇന്റർനെറ്റോ, ലാപ്‌ടോപ്പോ, പത്രങ്ങളോ, മാസികകളോ, റോഡിയോയോ ഒന്നും കാണാതെയും വായിക്കാതെയും നൂറുദിവസം ഒരു വീടിനകത്ത് ബിഗ് ബോസിന്റെ നിർദ്ദേശങ്ങൾ അനുസരിച്ച് കഴിഞ്ഞു കൂടുക എന്നതാണ് ബിഗ് ബോസ് ഷോയുടെ നിയമാവലി.

എല്ലാ പ്രതിബന്ധങ്ങളെയും താണ്ടി നൂറുനാൾ ബിഗ് ബോസ് വീട്ടിൽ വാഴുന്നവരിൽ നിന്നും വോട്ടെടുപ്പിലൂടെയാണ് ടൈറ്റിൽ വിന്നറെ പ്രഖ്യാപിക്കുന്നത്. ആദ്യ സീസണിൽ സാബുമോനും മൂന്നാം സീസണിൽ മണിക്കുട്ടനുമായിരുന്നു ബിഗ് ബോസ് വിജയികൾ. കോവിഡ് വ്യാപനം മൂലം രണ്ടാമത്തെ സീസൺ പാതിവഴിയിൽ വച്ച് നിർത്തേണ്ടി വന്നിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP