Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ആരാധകർ ശ്വാസം അടക്കിപ്പിടിച്ച അവസാന ഓവർ; ആദ്യ നാല് പന്തിൽ മൂന്ന് റൺസ്; അഞ്ചാം പന്തിൽ ഹർമന്റെ ക്യാച്ചിൽ പ്രീസ്; ഒടുവിൽ വിധി എഴുതി അംപയർ; ഇന്ത്യയ്ക്ക് കണ്ണീരായി വീണ്ടും നോ ബോൾ ദുരന്തം; അന്ന് ബുംറ; ഇന്ന് ദീപ്തി ശർമ്മ

ആരാധകർ ശ്വാസം അടക്കിപ്പിടിച്ച അവസാന ഓവർ; ആദ്യ നാല് പന്തിൽ മൂന്ന് റൺസ്; അഞ്ചാം പന്തിൽ ഹർമന്റെ ക്യാച്ചിൽ പ്രീസ്; ഒടുവിൽ വിധി എഴുതി അംപയർ; ഇന്ത്യയ്ക്ക് കണ്ണീരായി വീണ്ടും നോ ബോൾ ദുരന്തം; അന്ന് ബുംറ; ഇന്ന് ദീപ്തി ശർമ്മ

സ്പോർട്സ് ഡെസ്ക്

ക്രൈസ്റ്റ് ചർച്ച്: വനിതാ ഏകദിന ക്രിക്കറ്റ് ലോകകപ്പിൽ ഇന്ത്യൻ വനിതകൾ ദക്ഷിണാഫ്രിക്കയോട് അവസാന പന്തുവരെ പൊരുതിയാണ് സെമി കാണാതെ പുറത്തായത്. ദീപ്തി ശർമ്മയുടെ അവസാന ഓവറിലെ ഏഴ് റൺസ് വിജയലക്ഷ്യത്തിന് മുന്നിൽ പ്രോട്ടീസ് നിര തോൽവി ഉറപ്പിച്ച ശേഷമായിരുന്നു അപ്രതീക്ഷിത ട്വിസ്റ്റ്. അഞ്ചാം പന്തിൽ നോബോൾ പിറന്നതാണ് മത്സരഫലം മാറ്റിമറിച്ചത്.

വനിതാ ലോകകപ്പിൽ ദക്ഷിണാഫ്രിക്കയ്ക്കെതിരായ മത്സരത്തിൽ ഇന്ത്യ തോൽവിയിലേക്ക് വീണപ്പോൾ 2017 ചാമ്പ്യൻസ് ലീഗ് ഫൈനലാകും ആരാധകരുടെ മനസ്സിലെത്തിയിട്ടുണ്ടാകുക. അന്ന് ജസ്പ്രീത് ബുംറയുടെ നോ ബോളിൽ ആയുസ് നീട്ടിക്കിട്ടിയ പാക് താരം ഫഖർ സമാൻ സെഞ്ചുറി കുറിച്ച് ടീമിന്റെ വിജയശിൽപിയായി മാറിയിരുന്നു.

ഇന്നു സമാനമായ ഒരു നോ ബോൾ ദുരന്തമാണ് ദക്ഷിണാഫ്രിക്കയോട് തോറ്റ് ഇന്ത്യൻ വനിതകൾക്ക് ലോകകപ്പിന്റെ പുറത്തേക്കുള്ള വഴി തുറന്നത്. ആവേശകരമായ മത്സരത്തിനൊടുവിൽ ഇന്ത്യ വിജയം പിടിച്ചെടുത്തുവെന്ന് തോന്നിയ നിമിഷത്തിലാണ് ദക്ഷിണാഫ്രിക്ക ഒരു നോ ബോളിലൂടെ മത്സരം സ്വന്തമാക്കിയത്.

ദീപ്തി ശർമ്മയെറിഞ്ഞ അവസാന ഓവറിൽ ഏഴ് റൺസാണ് ജയിക്കാൻ ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടിയിരുന്നത്. നേരത്തെ ഒമ്പത് ഓവർ എറിഞ്ഞ് 34 റൺസ് മാത്രമാണ് ദീപ്തി വഴങ്ങിയത്. ഇതാണ് ദീപ്തിയെ പന്തേൽപ്പിക്കാൻ ക്യാപ്റ്റൻ മിതാലി രാജിനെ പ്രേരിപ്പിച്ചതും. ക്രീസിലുണ്ടായിരുന്നത് മികച്ച ഫോമിൽ ബാറ്റു ചെയ്യുന്ന മിഗ്‌നോൺ ഡു പ്രീസിയും വാലറ്റക്കാരി ട്രിഷയും.

ആദ്യ പന്തിൽ ട്രിഷ സിംഗിളെടുത്തു. രണ്ടാം പന്തിൽ ഡബിളിനായുള്ള ശ്രമത്തിൽ ട്രിഷ റണ്ണൗട്ടായി. ഇതോടെ അവസാന നാലു പന്തിൽ ദക്ഷിണാഫ്രിക്കയ്ക്ക വിജയത്തിലേക്കു വേണ്ടത് അഞ്ചു റൺസ്. മൂന്നാം പന്തിൽ ഡു പ്രീസും നാലാം പന്തിൽ ട്രിഷയ്ക്ക് പകരം ക്രീസിലെത്തിയ ശാബ്നിം ഇസ്മായിലും സിംഗിളെടുത്തു. അവസാന രണ്ടു പന്തിൽ മൂന്നു റൺസ് എന്നായി വിജയലക്ഷ്യം.

അഞ്ചാം പന്തിൽ ഇന്ത്യൻ ആരാധകരെ കോരിത്തരിപ്പിച്ച നിമിഷമെത്തി. ഓഫ്സൈഡിൽ കുത്തിയുയർന്ന പന്ത് ബൗണ്ടറിയിലെത്തിക്കാനുള്ള ഡു പ്രീസിന്റെ ശ്രമം പാളി. പന്ത് നേരെ ഹർമൻപ്രീതിന്റെ കൈയിൽ. ഇതോടെ ഇന്ത്യൻ ക്യാമ്പിൽ ആഹ്ലാദം അണപൊട്ടി. പക്ഷേ ഇന്ത്യയുടെ ഹൃദയം തകർത്ത കാഴ്‌ച്ചയാണ് പിന്നീട് കണ്ടത്. അംപയർ നോബോൾ വിളിച്ചു.

ഗ്രൗണ്ടിലെ ആശയക്കുഴപ്പം നിറഞ്ഞ നിമിഷത്തിനൊടുവിൽ അമ്പയറുടെ തീരുമാനം വന്നു. അഞ്ചാം പന്ത് ദീപ്തി എറിഞ്ഞത് ലൈൻ കടന്ന് മുന്നോട്ടു കയറിയായിരുന്നു. ഇതോടെയാണ് അമ്പയർ നോ ബോൾ വിളിച്ചു. ഒരു പന്തിൽ മൂന്നു റൺസെന്ന വിജയലക്ഷ്യം രണ്ടു പന്തിൽ രണ്ടു റൺസായി ചുരുങ്ങി. ഒപ്പം ഡു പ്രീസിന് ജീവൻ തിരിച്ചുകിട്ടി. അവർ അനായാസം മത്സരം പിടിച്ചെടുത്തു. ഇന്ത്യൻ വനിതകൾ തല താഴ്‌ത്തി നിരാശയോടെ ഗ്രൗണ്ട് വിട്ടു.പ്രീസ് 63 പന്തിൽ 52 റൺസുമായും ഷബ്നിം ഇസ്മായിൽ രണ്ട് പന്തിൽ 2 റൺസെടുത്തും പുറത്താകാതെ നിന്നു.

ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 275 റൺസ് വിജയലക്ഷ്യമാണ് ദക്ഷിണാഫ്രിക്കൻ വനിതകൾക്ക് വച്ചുനീട്ടിയത്. ഇന്ത്യ സ്മൃതി മന്ഥാന, ഷെഫാലി വർമ്മ, മിതാലി രാജ്, ഹർമൻപ്രീത് കൗർ എന്നിവരുടെ ബാറ്റിങ് കരുത്തിൽ 50 ഓവറിൽ ഏഴ് വിക്കറ്റിന് 274 റൺസെടുത്തു. സ്മൃതി മന്ഥാന(71), ഷെഫാലി വർമ്മ(53), യസ്തിക ഭാട്ട്യ(2), മിതാലി രാജ്(68), ഹർമൻപ്രീത് കൗർ(48), പൂജ വസ്ത്രകർ(3), റിച്ച ഘോഷ്(8), സ്നേഹ് റാണ(1), ദീപ്തി ശർമ്മ(2) എന്നിങ്ങനെയായിരുന്നു സ്‌കോർ.

മറുപടി ബാറ്റിംഗിൽ ദക്ഷിണാഫ്രിക്ക ഏഴ് വിക്കറ്റ് നഷ്ടത്തിൽ അവസാന പന്തിൽ ജയത്തിലെത്തി. ഓപ്പണർ ലിസ്ലീ ലീയെ ആറ് റൺസിൽ നഷ്ടമായെങ്കിലും സഹ ഓപ്പണർ ലോറ വോൾവർട്ടിന്റെ തകർപ്പൻ അർധ സെഞ്ചുറി (79 പന്തിൽ 80) ദക്ഷിണാഫ്രിക്കയ്ക്ക് മികച്ച തുടക്കം നൽകി. ലാറ ഗുഡോൾ (49), മാരിസാൻ കാപ്പ്(32) എന്നിവരുടെ പ്രകടനവും നിർണായകമായി. ഇന്ത്യക്കായി ഹർമൻപ്രീത് കൗറും രാജേശ്വരി ഗെയ്ക്വാദും രണ്ട് വീതം വിക്കറ്റ് വീഴ്‌ത്തി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP