Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

16,000 റഷ്യൻ പട്ടാളക്കാർ കൊല്ലപ്പെട്ടു; ഖെർസൺ ഇന്ന് തിരിച്ചുപിടിക്കും; പാർട്സുകൾ മോഷ്ടിക്കപ്പെട്ടതിനാൽ 90 ശതമാനം ടാങ്കുകളും ഉപയോഗശൂന്യം; നിരാശനായി ടാങ്ക് കമാൻഡർ ആത്മഹത്യ ചെയ്തു; ചെർണോബിലിൽ നാട്ടുകാർ കലാപത്തിന്; യുക്രെയിൻ പറയുന്നതെല്ലാം വിജയത്തിന്റെ കഥകൾ മാത്രം

16,000 റഷ്യൻ പട്ടാളക്കാർ കൊല്ലപ്പെട്ടു; ഖെർസൺ ഇന്ന് തിരിച്ചുപിടിക്കും; പാർട്സുകൾ മോഷ്ടിക്കപ്പെട്ടതിനാൽ 90 ശതമാനം ടാങ്കുകളും ഉപയോഗശൂന്യം; നിരാശനായി ടാങ്ക് കമാൻഡർ ആത്മഹത്യ ചെയ്തു; ചെർണോബിലിൽ നാട്ടുകാർ കലാപത്തിന്; യുക്രെയിൻ പറയുന്നതെല്ലാം വിജയത്തിന്റെ കഥകൾ മാത്രം

മറുനാടൻ മലയാളി ബ്യൂറോ

യുക്രെയിൻ സൈന്യത്തിന്റെ ധീരമായ ചെറുത്തു നിൽപിൽ റഷ്യയ്ക്ക് 16,000 സൈനികരുടെ ജീവൻ നഷ്ടപ്പെട്ടതായി യുക്രെയിൻ പ്രസിഡണ്ട് വൊളോഡിമിർ സെലെൻസ്‌കിയെ ഉദ്ധരിച്ചുകൊണ്ട് പാശ്ചാത്യ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. റഷ്യയ്ക്ക് ഏതാണ്ട് കീഴടക്കാനായ ഖെർസൺ നഗരം ഇന്ന് യുക്രെയിൻ തിരിച്ചുപിടിക്കുമെന്നും സെലെൻസ്‌കി അറിയിച്ചു. യുക്രെയിൻ പ്രതിരോധ മന്ത്രാലയത്തിലെ ഉപദേഷ്ടാവായ മാർകിയൻ ലുബ്കിവ്സ്‌കിയും ഇക്കാര്യം ബി ബി സി റേഡിയോ 4 ന് നൽകിയ അഭിമുഖത്തിൽ ആവർത്തിച്ചു.

കീവിൽ നിന്നും റഷ്യൻ സൈന്യത്തെ ഏതാണ്ട് പൂർണ്ണമായും തുരത്തി എന്നു പറഞ്ഞ അദ്ദേഹം ഇനി യുക്രെയിൻ സേന തെക്കൻ മേഖലകളിലേക്ക് നീങ്ങുകയാണെന്ന് അറിയിച്ചു. റഷ്യൻ നിയന്ത്രണത്തിലിരിക്കുന്ന ഖെർസൺ നഗരവും മറ്റു ചില പ്രദേശങ്ങളും മോചിപ്പിക്കുക എന്നതാണ് ഉദ്ദേശമെന്നും അദ്ദേഹം ബി ബി സി റേഡിയോയിൽ പറഞ്ഞു. ആക്രമണത്തിന്റെ ഉദ്ദേശലക്ഷ്യങ്ങൾ മാറ്റി ഇപ്പോൾ യുക്രെയിന്റെ കിഴക്കൻ മേഖല മാത്രം പിടിച്ചെടുക്കുവാനാണ് റഷ്യ ശ്രമിക്കുന്നതെന്നും പാശ്ചാത്യ മാധ്യമങ്ങൾ പറയുന്നു. അതിനിടയിൽ 1500 ആന്റി എയർക്രാഫ്റ്റ് മിസൈലുകൾ ഇന്നലെ ജർമ്മനി യുക്രെയിന് നൽകി.

ഖത്തറിലെ ദോഹാ ഫോറത്തിൽ വീഡിയോ കോൺഫറൻസിങ് വഴി പ്രത്യക്ഷപ്പെട്ട സെലെൻസ്‌കി റഷ്യൻ ആക്രമണത്തിനെതിരെ ഐക്യരാഷ്ട്ര സഭയും മറ്റു രാജ്യങ്ങളും യുക്രെയിനെ സഹായിക്കണം എന്നും ആവശ്യപ്പെട്ടു. എന്നാൽ, ഡോൺബാസിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുവാൻ റഷ്യ കീവിൽ നിന്നു പിന്മാറി എന്നത് വിശ്വാസയോഗ്യമല്ലെന്നും അത് ഒരു തന്ത്രം മാത്രമാണെന്നും സെലെൻസ്‌കി അഭിപ്രായപ്പെട്ടു.

അതിനിടയിൽ 16,000 റഷ്യൻ സൈനികർ യുദ്ധത്തിൽ കൊല്ലപ്പെട്ടു എന്ന സെലെൻസ്‌കിയുടെ അവകാശവാദം തള്ളിക്കൊണ്ട് റഷ്യയും രംഗത്തെത്തിയിട്ടുണ്ട്. ഇതുവരെ 1351 റഷ്യൻ സൈനികർ യുദ്ധത്തിൽ കൊല്ലപ്പെട്ടു എന്ന് പറഞ്ഞ റഷ്യൻ പ്രതിരോധ മന്ത്രാലയ വക്താവ് യുക്രെയിന്റെ വലിയൊരു ആയുധശേഖരം ക്രൂയിസ് മിസൈൽ ഉപയോഗിച്ച് തകർത്തു എന്നും അറിയിച്ചു. മാർച്ച് 25 നായിരുന്നു ഇത് അന്നു തന്നെ വലിയൊരു ഇന്ധന സംഭരണ ശാലയും നശിപ്പിച്ചതായി റഷ്യ അവകാശപ്പെട്ടു. റഷ്യ ഇതുവരെ 1618 യുക്രെയിൻ ടാങ്കുകളേയും 1453 മറ്റു സായുധ വാഹങ്ങളേയും നശിപ്പിച്ചതായും വക്താവ് അവകാശപ്പെട്ടു.

യുദ്ധത്തിനിടയിൽ പുട്ടുകച്ചവടം

ഒരു ഭാഗത്ത് യുദ്ധം കൊടുമ്പിരി കൊള്ളുമ്പോൾ ടാങ്കുകൾ ഉൾപ്പടെയുള്ള സൈനിക വാഹനങ്ങളുടെ ഭാഗങ്ങൾ അടിച്ചുമാറ്റുകയാണ് റഷ്യൻ സൈനികരെന്ന് യുക്രെയിൻ രഹസ്യാന്വേഷണ ഏജൻസികളെ ഉദ്ധരിച്ചുകൊണ്ട് പാശ്ചാത്യമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. റഷ്യയുടെ 4-ാം ടാങ്ക് ഡിവിഷനിൽ ഉൾപ്പെട്ട 13-ാം ടാങ്ക് റെജിമെന്റിലാണത്രെ ഓണത്തിനിടയിലെ പുട്ടുകച്ചവടം പൊടിപൊടിച്ചത്. സ്പെയർപാർട്സുകൾ അടിച്ചുമാറ്റിയതോടെ 90 ശതമാനം ടാങ്കുകളും പ്രവർത്തന രഹിതമായെന്നും അതിൽ മനം നൊന്ത് റെജിമെന്റിന്റെ കമാൻഡർ ആത്മഹത്യ ചെയ്തതായും റിപ്പോർട്ടിൽ പറയുന്നു.

അതേസമയം. വളരെ മോശം നിലയിൽ പരിപാലിക്കപ്പെട്ട സൈനിക വാഹനങ്ങൾ മൂലം റഷ്യൻ സൈന്യം ഏറെ ബുദ്ധിമുട്ടുകൾ അനുഭവിക്കുകയാണെന്ന് നേരത്തേയും റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. സമയത്ത് സ്പെയർ പാർട്സുകൾ ലഭ്യമാകാത്തതും പ്രശ്നമാകുന്നുണ്ട്. അതിനിടയിലാണ് മോഷണവും തലവേദനയാകുന്നത്. റഷ്യയുടെ സൈനിക വാഹനങ്ങളിലെ ഇലക്ടോണിക് സ്പെയർ പാർട്സുകളിൽ ഉപയോഗിച്ച വിലകൂടിയ ലോഹങ്ങളാണ് അധികമായി മോഷണം പോകുന്നത് എന്നും റിപ്പോർട്ടിൽ പറയുന്നു. ക്ലിമോവ്-ബ്ര്യാൻസ്‌ക് മേഖലകളിൽ, സൈനിക വാഹനങ്ങൾ കേടുപാടുകൾ മാറ്റുന്നതിനായി റഷ്യ ഒരു താത്ക്കാലിക കേന്ദ്രം ഒരുക്കുന്നതായും റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട്.

ഇത്തരത്തിൽ റെജിമെന്റിനു കീഴിൽ ഉണ്ടായിരുന്ന 10 ടാങ്കുകളിൽ ഒൻപതെണ്ണത്തിൽ നിന്നും സാധനങ്ങൾ അടിച്ചുമാറ്റിയതായി റിപ്പോർട്ടിൽ പറയുന്നു. ഒരെണ്ണം മാത്രമായിരുന്നത്രെ പ്രവർത്തനക്ഷമമായി ഉണ്ടായിരുന്നത്. തുടർന്നായിരുന്നു ഇതിന് ഉത്തരവാദിത്തപ്പെട്ട കമാൻഡർ ആത്മഹത്യ ചെയ്തതെന്നും വാർത്തയിൽ പറയുന്നു. എന്നാൽ ഈ വാർത്ത ഇതുവരെ സ്ഥിരീകരിച്ചിട്ടില്ലെ എന്നും പാശ്ചാത്യ മാധ്യമങ്ങൾ എഴുതുന്നുണ്ട്.

റഷ്യ നേരിടുന്നത് വൻതിരിച്ചടി

ദിവസങ്ങൾക്കുള്ളിൽ യുക്രെയിൻ സൈന്യത്തേ തോൽപിച്ച്, പാശ്ചാത്യാനുകൂല സർക്കരിനെ താഴെയിറക്കി ഒരു പാവ സർക്കാരിനെ സ്ഥാപിക്കാം എന്നുള്ള വ്യാമോഹത്തിൽ യുദ്ധത്തിനിറങ്ങിയ റഷ്യ ഇപ്പോൾ ചക്രശ്വാസം വലിക്കുകയാണെന്നാണ് പാശ്ചാത്യ മാധ്യമങ്ങൾ പറയുന്നത്. റഷ്യൻ സൈനിക വാഹനങ്ങളുടെ നഷ്ടങ്ങൾ സസൂക്ഷ്മം നിരീക്ഷിക്കുന്ന ഒരു ബ്ലോറ്റിൽ പറയുന്നത് റഷ്യയ്ക്ക് ഇതുവരെ 1,891 സൈനിക വാഹനങ്ങൾ നഷ്ടപ്പെട്ടു എന്നാണ്. അതിൽ 939 എണ്ണം നശിപ്പിക്കപ്പെട്ടപ്പോൾ 229 എണ്ണം റഷ്യൻ സൈനികർ ഉപേക്ഷിച്ച് പോയതാണ്. 688 വാഹനങ്ങൾ യുക്രെയിൻ സൈന്യം പിടിച്ചെടുക്കുകയും ചെയ്തു.

ഇത് നേരിട്ട് കണ്ടും ചിത്രങ്ങൾ പരിശോധിച്ച കണക്കായതിനാൽ, യഥാർത്ഥ സംഖ്യ ഇതിനേക്കാൾ വളരെ വലുതയിരിക്കാമെന്നാണ് മാധ്യമങ്ങൾ പറയുന്നത്. ഇതോടൊപ്പം ഏഴ് മുതിർന്ന സൈനിക ഉദ്യോഗസ്ഥരുടെ മരണവും റഷ്യയെ ആശങ്കയിലാഴ്‌ത്തുന്നുണ്ട്. മാത്രമല്ല, കലാപത്തിനിറങ്ങിയ റഷ്യൻ സൈനികർ സ്വന്തം കമാൻഡറെ ടാങ്ക് കയറ്റി കൊന്നു എന്ന വാർത്തയും റഷ്യയെ അലസോരപ്പെടുത്തുന്നുണ്ട്.

റഷ്യൻ സൈന്യത്തിനെതിരെ നഗരവാസികൾ കലാപത്തിലേക്ക്

ചെർണോബിലിനടുത്തുള്ള, റഷ്യൻ സൈന്യത്തിന്റെ അധീനതയിലുള്ള പട്ടണത്തിന്റെ മേയറെ റഷ്യൻ സൈന്യം വിട്ടയച്ച്. പൊതുജനങ്ങൾ സൈന്യത്തിനെതിരെ കടുത്ത പ്രതിഷേധം ഉയർത്തിയതോടെയായിരുന്നു ഇത്. സ്ലാവ്യുച്ചിലെ മേയറേ ആയിരുന്നു റഷ്യൻ സൈന്യം ബന്ധിയാക്കിയത്. ചെർണോബിൽ ആണവകേന്ദ്രത്തിലെ ജീവനക്കാർ താമസിക്കുന്ന പട്ടണമാണിത്. മേയറെ ബന്ധിയാക്കിയതിനെതിരെ ജനക്കൂട്ടം ശക്തമായി പ്രതികരിച്ചതിനെ തുടർന്ന് ഗത്യന്തരമില്ലാതെ റഷ്യൻ സേന മേയറെ വിട്ടയച്ചതായി വിദേശമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

ഏകദേശം 25,000 പേർ താമസിക്കുന്ന പട്ടണം റഷ്യൻ അധീനതയിലായതായി നേരത്തേ റിപ്പോർട്ടുകൾ വന്നിരുന്നു. മുൻസിപ്പൽ ഓഫീസ് പട്ടാളം കൈയടക്കിയതറിഞ്ഞ് ആയിരക്കണക്കിന് പട്ടണവാസികൾ ഓഫീസിനു നേരെ മാർച്ച് ചെയ്യുകയായിരുന്നു. ആകാശത്തേക്ക് വെടിവെച്ചും സ്റ്റൺ ഗ്രനേഡുകൾ എറിഞ്ഞും ജനങ്ങളെ പിന്തിരിപ്പിക്കാൻ റഷ്യൻ സൈന്യം ശ്രമിച്ചെങ്കിലും നടന്നില്ല. മാത്രമല്ല, സമയം കഴിയും തോറും കൂടുതൽ കൂടുതൽ പ്രദേശവാസികൾ അവിടേക്ക് എത്താൻ ആരംഭിച്ചു. ഇതോടെയാണ് മേയറെ വിട്ടയയ്ക്കാൻ റഷ്യൻ സൈന്യം നിർബന്ധിതരായതെന്ന് ഗാർഡിയൻ റിപ്പോർട്ട് ചെയ്യുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP