Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

വനിതാ കമ്മിഷൻ സിറ്റിങ്: ആഭ്യന്തര പരാതി പരിഹാര സമിതി രൂപീകരിക്കുമെന്ന് സിനിമാ സംഘടനകളുടെ ഉറപ്പ്; ഐസിസി രൂപീകരണത്തിനായി കമ്മിഷൻ ഓൺലൈൻ പരിശീലനം നൽകും

വനിതാ കമ്മിഷൻ സിറ്റിങ്: ആഭ്യന്തര പരാതി പരിഹാര സമിതി രൂപീകരിക്കുമെന്ന് സിനിമാ സംഘടനകളുടെ ഉറപ്പ്; ഐസിസി രൂപീകരണത്തിനായി കമ്മിഷൻ ഓൺലൈൻ പരിശീലനം നൽകും

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സിനിമാ മേഖലയിൽ ആഭ്യന്തര പരാതി പരിഹാര സമിതി രൂപീകരിക്കുമെന്ന് വനിതാ കമ്മിഷന് സിനിമാ സംഘടനകളുടെ ഉറപ്പ്. എല്ലാ പ്രൊഡക്ഷൻ യൂണിറ്റുകളിലും രജിസ്ട്രേഷൻ നടപടികൾ കൈക്കൊള്ളുന്ന അവസരത്തിൽത്തന്നെ ഫിലിം നിർമ്മാണ യൂണിറ്റുകളിൽ ആഭ്യന്തര പരാതി സമിതി രൂപീകരിച്ചു എന്നു ഉറപ്പുവരുത്തി മാത്രമേ രജിസ്ട്രേഷൻ നൽകൂവെന്നാണ് സംഘടനാ ഭാരവാഹികൾ വനിതാ കമ്മിഷനെ അറിയിച്ചത്.

വിമൻ ഇൻ സിനിമാ കളക്ടീവ് വനിതാ കമ്മിഷന് നൽകിയിരുന്ന പരാതിയുടെ അടിസ്ഥാനത്തിൽ എതിർകക്ഷികളായ മാക്ട, പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ, കേരള ഫിലിം ചേംബർ ഓഫ് കൊമേഴ്സ്, അമ്മ, ഫെഫ്ക എന്നീ സംഘടനാ പ്രതിനിധികളുടെ വാദം കേൾക്കാനായി നടത്തിയ സിറ്റിങ്ങിലാണ് വനിതാ കമ്മിഷന് സംഘടനകൾ ഉറപ്പ് നൽകിയത്. ഐസിസി രൂപീകരണത്തിനും പ്രവർത്തനത്തിനും മാർഗനിർദേശങ്ങൾ നൽകുന്ന ഓൺലൈൻ പരിശീലന പരിപാടി വനിതാ കമ്മിഷന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കാനും തീരുമാനിച്ചു.

2013-ലെ തൊഴിലിടങ്ങളിലെ ലൈംഗികാതിക്രമം തടയൽ നിയമപ്രകാരമുള്ള ആഭ്യന്തര പരാതി പരിഹാര സമിതികൾ സിനിമാ മേഖലയിൽ ഇല്ല എന്നതായിരുന്ന പരാതിക്കാരായ ഡബ്ല്യുസിസി ബോധിപ്പിച്ചിരുന്നത്. മലയാള സിനിമാ മേഖലയിലെ ബന്ധപ്പെട്ട എല്ലാ സംഘടനകളുടെയും പ്രതിനിധികൾ ഉൾപ്പെട്ട ഒരു മോണിറ്ററിങ് കമ്മിറ്റി രൂപീകരിക്കണമെന്ന കമ്മിഷൻ നിർദേശവും സംഘടനകൾ സ്വീകരിച്ചു. വനിതാ കമ്മിഷൻ ചെയർപേഴ്സൺ അഡ്വ. പി.സതീദേവിയുടെ അധ്യക്ഷതയിൽ ചേർന്ന സിറ്റിങ്ങിൽ കമ്മിഷൻ അംഗങ്ങളായ ഇ.എം.രാധ, അഡ്വ.ഷിജി ശിവജി, കമ്മിഷൻ ഡയറക്ടർ ഷാജി സുഗുണൻ, ലോ ഓഫീസർ പി.ഗരിജ എന്നിവർ പങ്കെടുത്തു.

പരാതിക്കാരായ ഡബ്ല്യുസിസിയെ പ്രതിനിധീകരിച്ച് മിറിയം ജോസഫ്, ബീനാ പോൾ എന്നിവർ പങ്കെടുത്തു. എതിർ കക്ഷികളെ പ്രതിനിധീകരിച്ച് മാക്ട ഫെഡറേഷൻ ജനറൽ സെക്രട്ടറി ബൈജു കൊട്ടാരക്കര, അജ്മൽ ശ്രീകണ്ഠാപുരം, കേരള ഫിലിം ചേംബർ ഓഫ് കൊമേഴ്സ് പ്രസിഡന്റ് ജി. സുരേഷ് കുമാർ, അമ്മ ജനറൽ സെക്രട്ടറി ഇടവേള ബാബു, കേരള ഫിലിം ചേംബർ ഓഫ് കൊമേഴ്സ് ജനറൽ സെക്രട്ടറി അനിൽ തോമസ്, ഫെഫ്ക പ്രസിഡന്റ് സിബി മലയിൽ, പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ പ്രസിഡന്റ് എം.രഞ്ജിത്ത്, ബി.രാകേഷ് എന്നിവർ ഹാജരായി

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP