Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

സത്യവാങ്മൂലത്തിൽ 32 ലക്ഷത്തിന്റെ സ്വത്ത്; വീടടക്കം 5 കോടി രൂപയുടെ സ്വത്ത് തനിക്കുണ്ടെന്ന് തിരുവഞ്ചൂരിന് മറുപടി; മന്ത്രി സജി ചെറിയാന് കുരുക്കിട്ട് കോൺഗ്രസ്; ഇത്ര ചുരുങ്ങിയ കാലയളവിൽ ഇത്രയും സ്വത്തോ എന്ന് വി.ഡി.സതീശൻ; അനധികൃത സ്വത്ത് സമ്പാദനത്തിന് എതിരെ പരാതി നൽകി യൂത്ത് കോൺഗ്രസും

സത്യവാങ്മൂലത്തിൽ 32 ലക്ഷത്തിന്റെ സ്വത്ത്; വീടടക്കം 5 കോടി രൂപയുടെ സ്വത്ത് തനിക്കുണ്ടെന്ന് തിരുവഞ്ചൂരിന് മറുപടി; മന്ത്രി സജി ചെറിയാന് കുരുക്കിട്ട് കോൺഗ്രസ്; ഇത്ര ചുരുങ്ങിയ കാലയളവിൽ ഇത്രയും സ്വത്തോ എന്ന് വി.ഡി.സതീശൻ; അനധികൃത സ്വത്ത് സമ്പാദനത്തിന് എതിരെ പരാതി നൽകി യൂത്ത് കോൺഗ്രസും

മറുനാടൻ മലയാളി ബ്യൂറോ

ആലപ്പുഴ: മന്ത്രി സജി ചെറിയാൻ അനധികൃത സ്വത്ത് സമ്പാദിച്ചെന്ന ആരോപണം ആയുധമാക്കി കോൺഗ്രസ്. നിയമസഭാ തിരഞ്ഞെടുപ്പ് സമയത്ത് നൽകിയ സത്യവാങ്മൂലത്തിൽ 32 ലക്ഷം എന്നാണ് പറഞ്ഞിരുന്നത്. എന്നാൽ കഴിഞ്ഞ ദിവസം, കെ റെയിൽ വിവാദത്തിനിടെ തനിക്ക് അഞ്ച് കോടി സ്വത്തുണ്ട് എന്ന് മാധ്യമങ്ങളിലൂടെ മന്ത്രി വ്യക്തമാക്കിയിരുന്നു. ഇത് അനധികൃത സ്വത്താണെന്ന് കോൺഗ്രസ് ആരോപിക്കുന്നു.

എട്ടുമാസം മുമ്പ് 32 ലക്ഷം രൂപയുടെ സ്വത്തുണ്ടെന്ന് സത്യവാങ്മൂലം നൽകിയ മന്ത്രി സജി ചെറിയാന് ഇപ്പോൾ എവിടുന്നാണ് അഞ്ചുകോടിയുടെ സ്വത്ത് ലഭിച്ചതെന്ന് മന്ത്രി തന്നെ വ്യക്തമാക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ ആവശ്യപ്പെട്ടു. അദ്ദേഹം തന്നെയാണ് സ്വത്ത് സംബന്ധിച്ച് രണ്ട് വെളിപ്പെടുത്തലും നടത്തിയത്. ഞങ്ങളാരും പറഞ്ഞതല്ല. ഇത്ര ചുരുങ്ങിയ കാലയളവിൽ എവിടെ നിന്നാണ് ഈ സ്വത്ത് സമ്പാദിച്ചതെന്ന് അദ്ദേഹം പറയണം' -വി.ഡി സതീശൻ വ്യക്തമാക്കി.

'ഞാൻ ഒരു മന്ത്രിയെക്കുറിച്ചും ആരോപണം ഉന്നയിക്കുന്നില്ല. അദ്ദേഹം തന്നെയാണ് പറഞ്ഞത്. എങ്ങനെയാണ് അദ്ദേഹം രണ്ട് തരത്തിൽ സ്വത്ത് വിവരം വെളിപ്പെടുത്തിയത്. അന്വേഷണം നടത്തേണ്ട കാര്യമാണ്' :പ്രതിപക്ഷ നേതാവ് പറഞ്ഞു.

മന്ത്രി സജി ചെറിയാൻ അഞ്ച് കോടിയുടെ അനധികൃത സ്വത്ത് സമ്പാദിച്ചെന്ന പരാതിയുമായി യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ബിനു ചുള്ളിയിൽ ലോകായുക്തയ്ക്കും വിജിലൻസിനും തിരഞ്ഞെടുപ്പ് കമ്മീഷനും പരാതി നൽകിയിരുന്നു. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പ് സത്യവാങ്മൂലത്തിൽ 32 ലക്ഷം രൂപയാണ് അദ്ദേഹത്തിന്റെ ആസ്തിയായി കാണിച്ചിരിക്കുന്നത്. എന്നാൽ, കഴിഞ്ഞ ദിവസം തനിക്ക് അഞ്ച് കോടിയുടെ സ്വത്തുണ്ടെന്ന് മന്ത്രി തന്നെ പറഞ്ഞു. ഇതിന് പിന്നാലെയാണ് മന്ത്രിയുടേത് അനധികൃത സ്വത്ത് സമ്പാദനമാണെന്നും അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് വിജിലൻസിനെ സമീപിച്ചത്.

സജി ചെറിയാനെതിരെ മഹിള കോൺഗ്രസ് മുൻ സംസ്ഥാന അധ്യക്ഷ ബിന്ദു ക്യഷ്ണയും രംഗത്തെത്തിയിരുന്നു. 'തീവ്രവാദ ബന്ധമുണ്ടോ മന്ത്രീ? 2021ലെ തെരഞ്ഞെടുപ്പ് പത്രികയിൽ 68 ലക്ഷം, 2022ൽ 5 കോടിയുടെ ആസ്തിയുണ്ടെന്ന് സ്വയം വെളിപ്പെടുത്തൽ...' എന്നായിരുന്നു ബിന്ദു ക്യഷ്ണ ഫേസ്‌ബുക്ക് പോസ്റ്റിൽ കുറിച്ചത്.

മന്ത്രി സജി ചെറിയാന്റെ വസതി സംരക്ഷിക്കാൻ കെ. റെയിലിന്റെ മാപ്പിൽ മാറ്റം വരുത്തിയെന്ന തിരുവഞ്ചൂർ രാധാകൃഷ്ണന്റെ ആരോപണത്തിന് മറുപടി പറയവേയാണ് മന്ത്രി തന്റെ സ്വത്തുവിവരം വെളിപ്പെടുത്തിയത്. 'തിരുവഞ്ചൂർ ഇത്ര വിലകുറഞ്ഞ ആരോപണം ഉന്നയിക്കരുത്. വീടടക്കം 5 കോടി രൂപയുടെ സ്വത്ത് എനിക്കുണ്ട്. എന്റെ മരണശേഷം അതു കരുണ പെയിൻ ആൻഡ് പാലിയേറ്റിവ് കെയർ സൊസൈറ്റിക്കു നൽകുമെന്നു നേരത്തേ പ്രഖ്യാപിച്ചിട്ടുള്ളതാണ്.' എന്നായിരുന്നു സജി ചെറിയാന്റെ മറുപടി.

തിരുവഞ്ചൂരിന് സാധിക്കുമെങ്കിൽ എന്റെ വീട്ടിലൂടെ അലൈന്മെന്റ് കൊണ്ടുവരാംമെന്നും വീട് സിൽവർലൈനിന് വിട്ടുനൽകിയാൽ ലഭിക്കുന്ന പണം തിരുവഞ്ചൂരിന് നൽകാം. അദ്ദേഹവും കോൺഗ്രസ് നേതാക്കളും ചേർന്ന് കരുണയ്ക്ക് കൈമാറിയാൽ മതിയെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു

'മുഖ്യമന്ത്രിയെ വേട്ടയാടിയാൽ ക്ലച്ച് പിടിക്കില്ലെന്നു മനസ്സിലായതുകൊണ്ടാണു മധ്യതിരുവിതാംകൂറിൽ സജീവമായി നിൽക്കുന്ന മന്ത്രിയും പാർട്ടി നേതാവുമെന്ന നിലയിൽ എന്നെ വേട്ടയാടുന്നത്. പിടിച്ചുകയറാൻ ഈ മേഖല യുഡിഎഫ് സമരകേന്ദ്രമാക്കി മാറ്റുന്നു. കേരളത്തിലെ ബിജെപിയുടെയും യുഡിഎഫിന്റെയും കണ്ണിലെ കരടാണു ഞാൻ. എന്നെ തകർത്താൽ അടുത്തതു മന്ത്രി വീണാ ജോർജാണ്. സമരം ചെയ്യുന്നവർ തീവ്രവാദികളാണെന്നു പറഞ്ഞിട്ടില്ല. സമരരീതി തീവ്രവാദ സ്വഭാവമുള്ളതാണെന്നാണ് ഉദ്ദേശിച്ചത്.

സിൽവർലൈനിനെ എതിർക്കുന്നവർക്ക് പണം കിട്ടുന്നുണ്ടെന്നും സജി ചെറിയാൻ. ആരോപിച്ചിരുന്നു. ഇവർക്കു പണം നൽകുന്നത് വാഹന, സ്‌പെയർ പാർട്‌സ് നിർമ്മാതാക്കളാണ്. സർവേക്കല്ല് പിഴുതുമാറ്റുന്നവർക്കെതിരെ നിയമനടപടി ഉറപ്പാണ്. സർവേക്കല്ല് പിഴുതുമാറ്റുന്നത് ജാമ്യമില്ലാവകുപ്പു പ്രകാരം കേസെടുക്കേണ്ട കുറ്റമാണ്. സിൽവർലൈനിൽ കേരളത്തിൽ നടക്കുന്നതും അടികിട്ടേണ്ട സമരമാണെന്ന് സജി ചെറിയാൻ പറഞ്ഞു. കേരളത്തിൽ ചെയ്യുന്ന സമരം ഡൽഹിയിൽ നടക്കില്ല. പദ്ധതിയുമായി സർക്കാർ മുന്നോട്ടു പോകുമെന്നും അദ്ദേഹം പറഞ്ഞു. പദ്ധതിയെ എതിർക്കുന്ന കോൺഗ്രസിന് സർവനാശമുണ്ടാകും. അടുത്ത തിരഞ്ഞെടുപ്പിൽ 140 സീറ്റിലും എൽഡിഎഫ് വിജയിക്കുമെന്നും മന്ത്രി പറഞ്ഞിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP