Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ആ നീല തലപ്പാവും കറുത്ത കണ്ണടയും കമ്മലും രസിക്കാതെ സഞ്ജു; ടീം പ്രൊഫഷണലായിരിക്കണമെന്ന പ്രതികരണവും അൺഫോളോ ചെയ്യലും; സോഷ്യൽ മീഡിയാ ടീമിനെ മാറ്റിയെന്ന് ടീം അധികൃതർ; 'പ്രാങ്ക്' പൊളിഞ്ഞതോടെ ആരാധകർക്ക് കലിപ്പ്; രാജസ്ഥാൻ റോയൽസിനെ വിലക്കണമെന്ന് ഒരു വിഭാഗം

ആ നീല തലപ്പാവും കറുത്ത കണ്ണടയും കമ്മലും രസിക്കാതെ സഞ്ജു; ടീം പ്രൊഫഷണലായിരിക്കണമെന്ന പ്രതികരണവും അൺഫോളോ ചെയ്യലും; സോഷ്യൽ മീഡിയാ ടീമിനെ മാറ്റിയെന്ന് ടീം അധികൃതർ; 'പ്രാങ്ക്' പൊളിഞ്ഞതോടെ ആരാധകർക്ക് കലിപ്പ്; രാജസ്ഥാൻ റോയൽസിനെ വിലക്കണമെന്ന് ഒരു വിഭാഗം

സ്പോർട്സ് ഡെസ്ക്


ന്യൂഡൽഹി: നായകൻ സഞ്ജു സാംസണിനെ അധിക്ഷേപിക്കുന്ന ട്വീറ്റ് ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിൽ വന്നതിനെ തുടർന്ന് ടീമിന്റെ സോഷ്യൽ മീഡിയ സംഘത്തെ പുറത്താക്കി എന്നതടക്കം പ്രാങ്ക് ആയിരുന്നെന്ന് വ്യക്തമാക്കി ടീം അധികൃതർ രംഗത്ത് വന്നതിന് പിന്നാലെ രാജസ്ഥാൻ റോയൽസിനെതിരേ ആരാധകർ രംഗത്ത്. സഞ്ജുവിനെ അധിക്ഷേപിക്കുന്ന ട്വീറ്റും അതിന്റെ പേരിൽ രാജസ്ഥാൻ റോയൽസ് സോഷ്യൽ മീഡിയ ടീമിനെ പിരിച്ചുവിട്ടതുമെല്ലാം വെറും 'നാടക'മായിരുന്നുവെന്ന വെളിപ്പെടുത്തലിനു പിന്നാലെയാണ് ടീമിനെതിരെ രൂക്ഷ വിമർശനവുമായി ആരാധകർ രംഗത്തെത്തിയത്.

ശദ്ധ നേടാനുള്ള രാജസ്ഥാൻ റോയൽസിന്റെ ശ്രമം തീർത്തും ദയനീയമായിപ്പോയെന്ന് സമൂഹമാധ്യമങ്ങളിലൂടെ ആരാധകർ പ്രതികരിച്ചു. ഇത്തരമൊരു നാടകത്തിനു മുതിർന്ന ടീമിനെ വിലക്കണമെന്ന ആവശ്യവും ഒരു വിഭാഗം ആരാധകർ ഉയർത്തി. സഞ്ജുവിനെതിരായ ട്രോളും അതിനോട് സഞ്ജുവിന്റെ വിമർശനവും ഉൾപ്പെടെയെല്ലാം 'പ്രാങ്കി'ന്റെ ഭാഗമായിരുന്നുവെന്ന് രാജസ്ഥാൻ ട്വിറ്ററിലൂടെ വിശദീകരിച്ചിരുന്നു.

ടീമുമായി ബന്ധപ്പെട്ട വാർത്തകൾക്കും ഏറ്റവും പുതിയ അപ്‌ഡേറ്റുകൾക്കുമായി ആരാധകർ ആശ്രയിക്കുന്ന ഔദ്യോഗിക ട്വിറ്റർ അക്കൗണ്ട് വഴി രാജസ്ഥാൻ റോയൽസ് ഇത്തരമൊരു നാടകം കളിച്ചത് ശരിയായില്ലെന്നാണ് വലിയൊരു വിഭാഗം ആരാധകർ ചൂണ്ടിക്കാട്ടുന്നത്. ശ്രദ്ധ നേടാനും സോഷ്യൽ മീഡിയ വഴിയുള്ള ആശയവിനിമയം വർധിപ്പിക്കാനും ഇതിലും നല്ല വഴികളില്ലേ എന്നാണ് ഇവരുടെ ചോദ്യം. ആരാധകരെ ആകർഷിക്കാനും രസിപ്പിക്കാനുമായി ഒരുക്കിയ പ്രാങ്കിലൂടെ പുലിവാലു പിടിച്ച അവസ്ഥയിലാണ് ടീം.

രാജസ്ഥാൻ റോയൽസിനെതിരെ ആരാധകർ തിരിയാനിടയായ സംഭവം ഇങ്ങനെ: സഞ്ജു സാംസണിന്റെ ചിത്രം എഡിറ്റ് ചെയ്ത് കോമാളി രൂപത്തിൽ അവതരിപ്പിച്ചത് രാജസ്ഥാന്റെ ട്വിറ്റർ ഹാൻഡിലിൽ പ്രത്യക്ഷപ്പെട്ടതോടെയാണു പ്രശ്‌നങ്ങളുടെ തുടക്കം. സഞ്ജുവിനെ നീല നിറത്തിലുള്ള തലപ്പാവ് അണിയിച്ച തരത്തിലായിരുന്നു ചിത്രം. എന്നാൽ, ചിത്രത്തിനെതിരെ വിമർശനവുമായി സഞ്ജു നേരിട്ട് രംഗത്തെത്തി. 'സുഹൃത്തുക്കളാണ് ഇത്തരത്തിൽ ചെയ്യുന്നതെങ്കിൽ കുഴപ്പമില്ല, പക്ഷേ ടീമുകൾ പ്രഫഷനലാകണം' ഇതായിരുന്നു സഞ്ജുവിന്റെ മറുപടി.

സഞ്ജുവിന്റെ പ്രതിഷേധത്തിനു പിന്നാലെ ക്ലബ് അധികൃതർ ചിത്രം ഡിലീറ്റ് ചെയ്‌തെങ്കിലും അതിനകംതന്നെ ചിത്രവും സഞ്ജുവിന്റെ മറുപടിയും വൈറലായി. ഇതിനു പിന്നാലെ ക്ലബ് അധികൃതർ ട്വിറ്ററിലൂടെത്തന്നെ വിശദീകരണവുമായി രംഗത്തെത്തി. സോഷ്യൽ മീഡിയ നയത്തിൽ കാര്യമായ വ്യത്യാസം വരുത്തുമെന്നും ഇപ്പോഴത്തെ ടീമിനെ പിരിച്ചുവിടുമെന്നും അവർ വിശദീകരിച്ചു. സഞ്ജുവിന്റെ പരാതിക്കു പിന്നാലെ മുഖ്യ പരിശീലകൻ കുമാർ സംഗക്കാര, സിഇഒ ജെയ്ക്ക് ലഷ് മക്ഗ്രം, താരങ്ങളായ രവിചന്ദ്രൻ അശ്വിൻ, ജോസ് ബട്ലർ തുടങ്ങിയവർ സോഷ്യൽ മീഡിയാ ടീമുമായി സംസാരിക്കുന്ന തരത്തിലുള്ള വിഡിയോകളും അധികൃതർ പങ്കുവച്ചു.

എന്നാൽ, ഇതെല്ലാം വെറും പ്രാങ്കായിരുന്നുവെന്ന് പിന്നീട് രാജസ്ഥാൻ ട്വിറ്ററിലൂടെത്തന്നെ അറിയിക്കുകയായിരുന്നു. അപ്പോഴേക്കും സഞ്ജുവിനെതിരായ അധിക്ഷേപവും താരത്തിന്റെ പ്രതികരണവുമെല്ലാം ദേശീയ മാധ്യമങ്ങളിൽ ഉൾപ്പെടെ വാർത്തയായി. സഞ്ജുവിനെ അനുകൂലിച്ചും പ്രതികൂലിച്ചും സമൂഹമാധ്യമങ്ങളിലൂടെ ആരാധകർ രംഗത്തെത്തുകയും ചെയ്തു. സഞ്ജുവിനെ അധിക്ഷേപിച്ചത് ശരിയായില്ലെന്ന് ഒരുവിഭാഗം ആരാധകരും, സഞ്ജുവിന് തമാശകളെ തമാശകളായി കാണാൻ കഴിയുന്നില്ലെന്നും ഇക്കാര്യത്തിൽ അദ്ദേഹം യുസ്വേന്ദ്ര ചെഹലിനെ കണ്ടു പഠിക്കണമെന്നും മറുവിഭാഗവും നിലപാടെടുത്തു. ഇതിനിടെയാണ് എല്ലാം പ്രാങ്കായിരുന്നുവെന്ന വെളിപ്പെടുത്തൽ വരുന്നത്.

പ്രാങ്ക് ആണെന്ന് ഒടുവിൽ വെളിപ്പെടുത്തൽ
സോഷ്യൽ മീഡിയ ടീമിനെ പുറത്താക്കിയെന്ന വാർത്താ കുറിപ്പിന് പിന്നാലെ 'വൺ ലാസ്റ്റ് ടൈം' എന്ന പേരിൽ രാജസ്ഥാൻ റോയൽസ് അഞ്ചു മിനിറ്റോളം ദൈർഘ്യമുള്ള ഒരു വീഡിയോ പോസ്റ്റ് ചെയ്തിരുന്നു. പുറത്താക്കപ്പെട്ട അഡ്‌മിൻ രാജസ്ഥാൻ താരങ്ങളുടേയും പരിശീലകരുടേയും ടീം ഉടമകളുടേയും അടുത്തു ചെല്ലുന്നതാണ് ഈ വീഡിയോയിലുള്ളത്. എല്ലാവരും അഡ്‌മിനെ കയ്യൊഴിയുന്നതും പുറത്താക്കുന്നതും വീഡിയോയിൽ കാണാം.

ഇതിന് പിന്നാലെ ശനിയാഴ്ച രാവിലെ മറ്റൊരു വീഡിയോ കൂടി പോസ്റ്റു ചെയ്ത് ഇതെല്ലാം വെറും നാടകമായിരുന്നെന്ന് രാജസ്ഥാൻ വ്യക്തമാക്കുകയായിരുന്നു. 'ഒരു വ്യാജ ഓഡിഷൻ കൂടിയില്ലെങ്കിൽ ഈ പ്രാങ്ക് അപൂർണമാകും' എന്ന തലക്കെട്ടോടു കൂടിയാണ് ഈ വീഡിയോ ട്വീറ്റ് ചെയ്തത്.

രാജസ്ഥാൻ റോയൽസ് ഉടമകൾ പുതിയ സോഷ്യൽ മിഡിയ ടീമിനെ കണ്ടെത്താൻ ഓഡിഷൻ നടത്തുന്നതായിട്ടാണ് രണ്ടു മിനിറ്റുള്ള വീഡിയോയിലുള്ളത്. അനുയോജ്യരായ ആളുകളെ കണ്ടെത്താൻ കഴിയാതിരുന്നതോടെ പുറത്താക്കിയവരെ വീണ്ടും സോഷ്യൽ മീഡിയ കാര്യങ്ങൾ കൈകാര്യം ചെയ്യാൻ ഏൽപ്പിക്കുന്നു. ഇതിനൊടുവിൽ 'സംവിധാനം- ആർ ആർ അഡ്‌മിൻ' എന്ന് എഴുതിക്കാണിക്കുന്നു. ഇതോടെയാണ് സംഭവം നാടകമായിരുന്നെന്ന് ആരാധകർക്ക് മനസ്സിലായത്.

 

യഥാർത്ഥത്തിൽ നടന്നത്
ക്യാപ്റ്റനും മലയാളി താരവുമായ സഞ്ജു സാംസണെ അപമാനിക്കുന്ന തരത്തിലുള്ള ചിത്രം വെള്ളിയാഴ്ചയാണ് രാജസ്ഥാൻ ട്വീറ്റു ചെയ്തത്. റോയൽസിന്റെ ടീം ബസിൽ സഞ്ജു സാംസൺ യാത്ര ചെയ്യുന്ന ചിത്രം ചില മാറ്റങ്ങൾ വരുത്തി ഔദ്യോഗിക ഹാൻഡിലിൽ പോസ്റ്റ് ചെയ്യുകയായിരുന്നു. ഈ ചിത്രത്തിൽ സഞ്ജുവിന് ഒരു നീല തലപ്പാവും കറുത്ത കണ്ണടയും കമ്മലും അവർ എഡിറ്റ് ചെയ്ത് കൂട്ടിച്ചേർത്തു. എത്ര സുന്ദരമായിരിക്കുന്നുവെന്ന് ഈ ചിത്രത്തിന് തലക്കെട്ടും നൽകി. കണ്ണുകളുരുട്ടുന്ന, പൊട്ടിച്ചിരിക്കുന്ന ഇമോജികളും ക്യാപ്ഷനൊപ്പം ചേർത്തിരുന്നു.

എന്നാൽ ഈ ട്വീറ്റ് സഞ്ജുവിന് അത്ര രസിച്ചില്ല. പിന്നാലെ മറുപടിയുമായി സഞ്ജു രംഗത്തെത്തി. 'സുഹൃത്തുക്കളാണ് ഇങ്ങനെ ചെയ്യുന്നതെങ്കിൽ കുഴപ്പമില്ല. പക്ഷെ ടീം പ്രൊഫഷണലായിരിക്കണം.' റോയൽസിന്റെ ട്വീറ്റിനെ ടാഗ് ചെയ്ത് സഞ്ജു മറുപടി നൽകി. പിന്നാലെ രാജസ്ഥാൻ റോയൽസിനെ അൺഫോളോ ചെയ്യുകയും ചെയ്തു. സംഗതി കൈവിട്ടു പോയെന്നു വ്യക്തമായതോടെ രാജസ്ഥാൻ റോയൽസ് ആ ട്വീറ്റ് ഡിലീറ്റ് ചെയ്തു. ഒപ്പം സോഷ്യൽ മീഡിയാ ടീമിനെ മാറ്റുകയാണെന്ന് വിശദീകരണക്കുറിപ്പും നൽകി.

'ഇന്നത്തെ സംഭവവികാസങ്ങളുടെ പേരിൽ ഞങ്ങളുടെ സമീപനത്തിലും സോഷ്യൽ മീഡിയയിലെ ടീമിലും മാറ്റങ്ങൾ വരുത്തിയിരിക്കുകയാണ്. ആദ്യ മൽസരത്തിനു മുന്നോടിയായി ടീമിനുള്ളിൽ എല്ലാം മികച്ച രീതിയിൽ തന്നെയാണ്. സൺറൈസേഴ്‌സ് ഹൈദരാബാദുമായുള്ള ആദ്യ മൽസരത്തിനു സംഘം തയ്യാറെടുക്കുകയാണ്. എന്നാൽ സോഷ്യൽ മീഡിയ മാനേജ്‌മെന്റിനെ മാറ്റി പുതിയ ടീമിനെ ഉടൻ നിയമിക്കും. ഐപിഎൽ സീസണായതിനാൽ തന്നെ സ്ഥിരമായി അപ്ഡേഷനുകൾ വേണമെന്ന് ആരാധകർ ആഗ്രഹിക്കും. താൽക്കാലികമായി ഇതിനൊരു സംവിധാനം ഉടനെയൊരുക്കും.' ഇതായിരുന്നു രാജസ്ഥാൻ റോയൽസിന്റെ വിശദീകരണക്കുറിപ്പ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP