Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

റഷ്യ കുറഞ്ഞ നിരക്കിൽ ഇന്ത്യയ്ക്ക് എണ്ണ വാഗ്ദാനം ചെയുന്നത് പ്രതീക്ഷ; സാങ്കേതിക പ്രശ്‌നങ്ങൾ തീർന്ന് ഇറക്കുമതി വേഗത്തിൽ ആയില്ലെങ്കിൽ എണ്ണ വില കുതിച്ചുയരും; ഇന്നും വർദ്ധന; എല്ലാ സാധനങ്ങൾക്കും വില കൂടും; തെന്നിന്ത്യയിലെ ഏറ്റവും ഉയർന്ന പെട്രോൾ വില കേരളത്തിൽ; പണപ്പെരുപ്പം ഉയരുമ്പോൾ

റഷ്യ കുറഞ്ഞ നിരക്കിൽ ഇന്ത്യയ്ക്ക് എണ്ണ വാഗ്ദാനം ചെയുന്നത് പ്രതീക്ഷ; സാങ്കേതിക പ്രശ്‌നങ്ങൾ തീർന്ന് ഇറക്കുമതി വേഗത്തിൽ ആയില്ലെങ്കിൽ എണ്ണ വില കുതിച്ചുയരും; ഇന്നും വർദ്ധന; എല്ലാ സാധനങ്ങൾക്കും വില കൂടും; തെന്നിന്ത്യയിലെ ഏറ്റവും ഉയർന്ന പെട്രോൾ വില കേരളത്തിൽ; പണപ്പെരുപ്പം ഉയരുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: ഇടവേളയില്ലാതെ കൂടുന്ന ഇന്ധനവില ഇന്നും. നാലര മാസത്തെ ഇടവേളയ്ക്കു ശേഷം ചൊവ്വാഴ്ചയാണു പെട്രോൾ, ഡീസൽ വിലവർധന പുനരാരംഭിച്ചത്. കഴിഞ്ഞ ദിവസങ്ങളിലെല്ലാം വില കൂട്ടിയിരുന്നു. ഗാർഹിക സിലിണ്ടർ വിലയും കഴിഞ്ഞദിവസം വർധിച്ചു. എൽപിജി സിലിണ്ടറിന് ഒറ്റയടിക്ക് 50 രൂപയാണ് കൂടിയത്.

പെട്രോളിന് 83 പൈസയും ഡീസലിന് 77 പൈസയുമാണ് ശനിയാഴ്ച കൂട്ടിയത്. ഇതോടെ കൊച്ചിയിൽ പെട്രോൾ ലിറ്ററിന് 107.65 രൂപയും ഡീസലിന് 94.72 രൂപയുമായി വില ഉയർന്നു. അഞ്ച് ദിവസത്തിനിടെ പെട്രോളിന് 3.48 രൂപ കൂടി. ഡീസലിന് 3.30 രൂപയും വർധിച്ചു. വരും ദിവസങ്ങളിലും വില കൂടും. താമസിയാതെ തന്നെ പെട്രോൾ ലിറ്ററിന് വില 110 രൂപയാകുമെന്നാണ് സൂചന. നികുതി അടക്കമാണ് വില കൂടുന്നത്. അതുകൊണ്ട് തന്നെ വില ഉയരുമ്പോൾ കേന്ദ്ര സംസ്ഥാന സർക്കാരുകൾക്കും നേട്ടമുണ്ടാകും.

2017ൽ ഇന്ധനവില ദിവസേന വർധിപ്പിക്കാൻ ആരംഭിച്ചതിൽപ്പിന്നെ ഏറ്റക്കുറച്ചിലുകളില്ലാതെ ഏറ്റവുമധികം ദിവസം വില ഒരേനിരക്കിൽ തുടർന്നത് ഈ കാലയളവിലാണ്. 2021 നവംബർ മാസം ദീപാവലിയുടെ തലേ ദിവസം കേന്ദ്രം എക്‌സൈസ് നികുതി വെട്ടിച്ചുരുക്കുകയായിരുന്നു. ഇതോടെ പെട്രോളിനും ഡീസലിനും രാജ്യത്ത് വില കുറഞ്ഞു. ഇതേത്തുടർന്ന് പല സംസ്ഥാനങ്ങളും തങ്ങളുടെ നിലയിൽ നികുതി കുറയ്ക്കുക കൂടി ചെയ്ത്, ഉപഭോക്താക്കൾക്ക് ആശ്വാസം പകർന്നു. എന്നാൽ കേരളം കുറച്ചില്ല. തെന്നിന്ത്യൻ സംസ്ഥാനങ്ങൾ എടുത്താൽ, കേരളത്തിലാണ് പെട്രോൾ വില ഏറ്റവും ഉയർന്ന നിലയിൽ തുടരുന്നതും.

രാജ്യാന്തര വിപണിയിലെ വിലക്കയറ്റമാണ് ഇന്ധനവില വർധനവിന് കാരണമെന്ന് ചൂണ്ടിക്കാട്ടി പെട്രോളിയം മന്ത്രി ഹർദീപ് സിങ് പുരി ലോക് സഭയിൽ വിശദീകരണം നൽകിയിരുന്നു. എന്നിരുന്നാലും ജനങ്ങൾക്ക് താങ്ങാവുന്ന വിലയിൽ ഇന്ധനം ലഭ്യമാക്കാനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ടെന്ന് അദ്ദേഹം ഉറപ്പുനൽകി. 'കോവിഡ് പ്രതിസന്ധിയെത്തുടർന്ന് ലോകത്തിന്റെ ഒരു ഭാഗത്ത് അസ്വാസ്ഥ്യമുള്ള അവസ്ഥയും സൈനിക നടപടിയും' കാരണം 2021 ഏപ്രിൽ മുതൽ 2022 ഫെബ്രുവരി വരെയുള്ള കാലയളവിനെ അപേക്ഷിച്ച് രാജ്യാന്തര വിപണിയിൽ എൽഎൻജിയുടെ വില 37 ശതമാനത്തിലധികം വർധിച്ചതായി ലോക്സഭയിലെ ചോദ്യത്തിന് മറുപടിയായി മന്ത്രി പറഞ്ഞു. അതേസമയം, ബങ്കിൽ ഞങ്ങളുടെ വർദ്ധനവ് അഞ്ച് ശതമാനം മാത്രമായിരുന്നു,' അദ്ദേഹം ചോദ്യോത്തര വേളയിൽ സഭയിൽ പറഞ്ഞു.

സൗദി സിപി (കരാർ വില) അടിസ്ഥാനമാക്കിയുള്ള എൽപിജി വിലയെ സംബന്ധിച്ചിടത്തോളം, 2020 ഏപ്രിൽ മുതൽ 2022 മാർച്ച് വരെ ഇത് 285 ശതമാനം വർദ്ധിച്ചു. കഴിഞ്ഞ ആറ് മാസത്തിനുള്ളിൽ മാത്രം 37 ശതമാനം വർദ്ധനവ് ഉണ്ടായിട്ടുണ്ട് എന്നും അദ്ദേഹം പറഞ്ഞു. ''അതിനാൽ, ഈ വസ്തുതകൾ അംഗങ്ങൾക്കും ഈ സഭയ്ക്കും മുന്നിൽ വയ്ക്കാൻ ഞാൻ ആഗ്രഹിക്കുന്നു. അതുവഴി ഇന്നത്തെ അന്താരാഷ്ട്ര സാഹചര്യം എന്താണെന്ന് അവർക്ക് മനസ്സിലാക്കാം,'' അദ്ദേഹം പറഞ്ഞു. ഇതൊക്കെയാണെങ്കിലും, ഉപഭോഗ ഘട്ടത്തിൽ ഉപഭോക്താവിന് താങ്ങാനാവുന്ന വിലയിൽ ഇന്ധനം ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ സർക്കാർ എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഉപഭോക്താക്കൾക്ക് 'താങ്ങാവുന്ന വിലയിൽ' ഇന്ധനം ലഭ്യമാക്കുക എന്നത് ഗവൺമെന്റിന്റെ എല്ലായ്‌പ്പോഴും പരിശ്രമമാണെന്ന് അദ്ദേഹം പറഞ്ഞു.

അഞ്ച് മാസത്തെ ഇടവേളക്ക് ശേഷം ചൊവ്വാഴ്ച മുതലാണ് ഇന്ധനവില വർധിപ്പിക്കാൻ തുടങ്ങിയത്. ചൊവ്വയും ബുധനും വർധനവുണ്ടായി. ഗാർഹിക സിലിണ്ടർ വിലയും വർധിപ്പിച്ചിരുന്നു. എൽപിജി സിലിണ്ടറിന് ഒറ്റയടിക്ക് 50 രൂപയാണ് കൂടിയത്. അഞ്ച് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പിനെത്തുടർന്ന് ഇന്ധന വില വർധിപ്പിച്ചിരുന്നില്ല. ഫല പ്രഖ്യാപനത്തിന് പിന്നാലെയാണ് ഇന്ധന വില കുത്തനെ ഉയരുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നെങ്കിലും ഒരാഴ്ച കഴിഞ്ഞതോടെയാണ് എണ്ണക്കമ്പനികൾ വീണ്ടും വില വർധിപ്പിച്ച് തുടങ്ങിയത്. അതുകൊണ്ട് തന്നെ ഏതെങ്കിലും സംസ്ഥാനത്ത് ഉടൻ തെരഞ്ഞെടുപ്പ് വരണേ എന്ന പ്രാർത്ഥനയിലാണ് ഇപ്പോൾ ജനം.

റഷ്യ- യുക്രൈൻ യുദ്ധത്തെ തുടർന്ന് രാജ്യാന്തര എണ്ണവില കുതിച്ചുയരുകയാണ്. വരും നാളുകളിലും ഇന്ധനവില വർധിക്കുമെന്ന സൂചനയാണ് ഇതു നൽകുന്നത്. യുദ്ധത്തെ തുടർന്ന് 130 ഡോളർ പിന്നിട്ട രാജ്യാന്തര എണ്ണവില 100 ഡോളറിലേക്കു താഴ്ന്നിരുന്നെങ്കിലും നിലവിൽ 120 ഡോളറിനു അരികെയാണ്. ഉപരോധനങ്ങളെ തുടർന്ന് റഷ്യൻ എണ്ണ കെട്ടിക്കിടക്കുന്നതാണ് ഇന്ത്യയ്ക്ക് ഏക പ്രതീക്ഷ നൽകുന്നത്.

യൂറോപ്പ് മേഖലയുടെ എണ്ണ ആവശ്യകതയുടെ 40 ശതമാനത്തിലധികം നിറവേറ്റിയിരുന്ന റഷ്യ കുറഞ്ഞ നിരക്കിൽ ഇന്ത്യയ്ക്ക് എണ്ണ വാഗ്ദാനം ചെയുന്നുണ്ട്. രൂപയിൽ ഇടപാട് പൂർത്തിയാക്കാനുള്ള ശ്രമങ്ങൾ തുടരുന്നു. നിലവിൽ 80 ശതമാനത്തിലധികം എണ്ണയും ഇറക്കുമതി ചെയ്യുന്ന ഇന്ത്യയിലേക്കു റഷ്യൻ എണ്ണയെത്തിയാൽ ഇന്ധനവിലയും പണപ്പെരുപ്പവും ഗണ്യമായി കുറയുമെന്നാണു വിലയിരുത്തൽ.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP