Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

റഷ്യൻ വ്യോമാക്രമണത്തിൽ മരിയു പോളിൽ കൊല്ലപ്പെട്ടത് 300 പേർ; പുടിന് തെറ്റായ വിവരങ്ങൾ നൽകിയ റഷ്യൻ ഇന്റലിജൻസ് ഉദ്യോഗസ്ഥർ വീട്ടുതടങ്കലിൽ: പുടിന്റെ കണക്കു കൂട്ടലുകൾ എല്ലാം പാളുന്നു

റഷ്യൻ വ്യോമാക്രമണത്തിൽ മരിയു പോളിൽ കൊല്ലപ്പെട്ടത് 300 പേർ; പുടിന് തെറ്റായ വിവരങ്ങൾ നൽകിയ റഷ്യൻ ഇന്റലിജൻസ് ഉദ്യോഗസ്ഥർ വീട്ടുതടങ്കലിൽ: പുടിന്റെ കണക്കു കൂട്ടലുകൾ എല്ലാം പാളുന്നു

സ്വന്തം ലേഖകൻ

കീവ്: യുക്രെയ്‌നിലെ മരിയുപോൾ നഗരത്തിൽ നാടക തിയേറ്ററിനു നേരെ ഈ മാസം 16ന് റഷ്യ നടത്തിയ വ്യോമാക്രമണത്തിൽ 300 പേർ കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ചു. അഭയകേന്ദ്രമായി മാറിയ തീയേറ്ററിൽ നിരവധി ആളുകളാണ് താമസിച്ചിരുന്നത്. പിഞ്ചുകുഞ്ഞുങ്ങൾ അടക്കം നിരവധി പേർ താമസിച്ചിരുന്നു. കുട്ടികൾ ഉണ്ടെന്ന് സൂചനാ മുന്നറിയിപ്പ് നൽകിയിട്ടും ഇവിടെ റഷ്യ ബോംബ് ആക്രമണം നടത്തിയെന്ന മരിയുപോൾ സിറ്റി കൗൺസിൽ ആരോപണം റഷ്യ നേരത്തേ നിഷേധിച്ചിരുന്നു.

ദൃക്‌സാക്ഷികളെ ഉദ്ധരിച്ചാണ് നഗര ഭരണകൂടം മരണസംഖ്യ സ്ഥിരീകരിച്ചത്. 1300 പേർ അവിടെ അഭയം പ്രാപിച്ചിരുന്നതായി യുക്രെയ്ൻ പാർലമെന്റ് മനുഷ്യാവകാശ കമ്മിഷണർ ലുഡ്മില ഡെനിസോവ നേരത്തെ പറഞ്ഞിരുന്നു. 130 പേരെ രക്ഷിച്ചെങ്കിലും എത്രപേർ കൊല്ലപ്പെട്ടെന്ന് വ്യക്തമായിരുന്നില്ല. അതിനിടെ, മരിയുപോൾ നഗരഭാഗങ്ങളിൽ കൂട്ട കുഴിമാടം കണ്ടെത്തിയെന്ന് യുക്രെയ്‌നിലെ യുഎൻ മനുഷ്യാവകാശ വിഭാഗം മേധാവി മെറ്റിൽഡ ബോഗ് നർ വ്യക്തമാക്കി. 200 മൃതദേഹങ്ങൾ കണ്ടെത്തിയതായി വിവരം ലഭിച്ചിട്ടുണ്ട്. രാജ്യത്തെ കൊല്ലപ്പെട്ട പൗരന്മാരുടെ എണ്ണം 1035 കവിഞ്ഞതായും ബോഗ് നർ പറഞ്ഞു.

തലസ്ഥാനമായ കീവ് പിടിച്ചെടുക്കാൻ ഒരുമാസമായി റഷ്യ നടത്തുന്ന ശ്രമം ഫലം കണ്ടെത്തിയിട്ടില്ല. യുക്രെയ്ൻ സൈന്യത്തിന്റെ ശക്തമായ ചെറുത്തുനിൽപ് മൂലം പലേടത്തും റഷ്യൻ സേനയ്ക്ക് പിന്മാറേണ്ടിവന്നു. കീവിനു കിഴക്കുള്ള ബോറിസ്‌പോൾ അടക്കമുള്ള പല നഗരങ്ങളും യുക്രെയ്ൻ തിരിച്ചുപിടിക്കുകയും ചെയ്തു. യുദ്ധത്തിന്റെ ഗതിമാറ്റത്തിന്റെ സൂചനയാണ് ഇതെന്ന് യുകെ വിലയിരുത്തി.

കൂടുതൽ യുദ്ധവിമാനങ്ങളും ടാങ്കറും പ്രതിരോധ സാധനങ്ങളും നൽകണമെന്ന് നാറ്റോ സഖ്യത്തോട് യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമർ സെലെൻസ്‌കി അഭ്യർത്ഥിച്ചു. റഷ്യൻ ആക്രമണത്തിൽ 230 സ്‌കൂളുകളും 155 കിന്റർഗാർട്ടനുകളും തകർന്നതായും സെലെൻസ്‌കി പറഞ്ഞു. കീവിലെ ഏറ്റവും വലിയ എണ്ണപ്പാടം നശിപ്പിച്ചതായി റഷ്യ അവകാശപ്പെട്ടു.

പുടിന്റെ കണക്കുകൂട്ടലുകൾ പാളുന്നു
പുടിന് തെറ്റായ വിവരങ്ങൾ നൽകിയ റഷ്യൻ ഇന്റലിജൻസ് ഉദ്യോഗസ്ഥരെ വീട്ടുതടങ്കലിലാക്കി. യുക്രെയ്ൻ യുദ്ധത്തിനു മുൻപ് തെറ്റായ വിവരങ്ങൾ നൽകിയെന്നാരോപിച്ച് റഷ്യൻ ഇന്റലിജൻസ് സംഘടനയായ എഫ്എസ്ബിയുടെ ഫോറിൻ ഇന്റലിജൻസ് വിഭാഗം തലവൻ സെർഗി ബെസിഡ, അദ്ദേഹത്തിന്റെ ഡപ്യൂട്ടി അനറ്റോളി ബോല്യുഖ് എന്നിവരെ റഷ്യൻ സർക്കാർ വീട്ടുതടങ്കലിലാക്കിയെന്ന് റിപ്പോർട്ടുകൾ.

റഷ്യൻ ഇന്റലിജൻസ് സ്ഥാപനങ്ങളുടെ പ്രവർത്തനങ്ങൾ നിരീക്ഷിക്കുന്ന അജെന്റുറ എന്ന സ്ഥാപനത്തിന്റെ സ്ഥാപകനും എഡിറ്ററുമായ ആന്ദ്രെ സോൾഡാറ്റോവാണ് ഈ വിവരം നൽകിയത്. വ്‌ലാഡിമിർ ഒസെക്കിൻ എന്ന റഷ്യൻ മനുഷ്യാവകാശ പ്രവർത്തകനും ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. ഉന്നത ഉദ്യോഗസ്ഥർ വീട്ടുതടങ്കലിലായതിനു പിന്നാലെ ഇരുപതോളം എഫ്എസ്ബി ഓഫിസർമാരുടെ വീടുകളിൽ എഫ്എസ്ബിയുടെ തന്നെ അന്വേഷണസംഘം റെയ്ഡും നടത്തിയിട്ടുണ്ട്. ഇവർ മാധ്യമപ്രവർത്തകർക്കു വിവരങ്ങൾ കൈമാറുന്നു എന്ന സംശയത്തെത്തുടർന്നായിരുന്നു റെയ്ഡ്. എഫ്എസ്ബി റാങ്കുകളിൽ പാശ്ചാത്യ അനുകൂലികളായ ചാരന്മാർ പ്രബലരാകുന്നെന്ന നിഗമനത്തെ തുടർന്ന് റഷ്യയുടെ കൗണ്ടർ ഇന്റലിജൻസ് വിഭാഗവും സംഘടനയ്ക്കു മേൽ നിരീക്ഷണം ശക്തമാക്കി വരികയാണ്.

എഫ്എസ്ബിയുടെ ഫോറിൻ ഇന്റലിജൻസ് വിഭാഗം തലവന്റെയും ഡപ്യൂട്ടിയുടെയും അറസ്റ്റ് അഴിമതിയാരോപണങ്ങളുമായും ഫണ്ട് ദുർവിനിയോഗവുമായും ബന്ധപ്പെട്ടാണെന്നു പറയപ്പെടുന്നുണ്ടെങ്കിലും യഥാർഥ കാരണം യുക്രെയ്‌നിൽ റഷ്യ ആക്രമണം നടത്തുന്നതിനു മുൻപ് ഇവർ തെറ്റായ വിവരങ്ങൾ നൽകിയെന്നതാണെന്നും പ്രബലമായ വാദമുണ്ട്. ഇതാണു സത്യമെങ്കിൽ അതിശക്തമായ എഫ്എസ്ബിയുടെ തലപ്പത്ത് വൻ അഴിച്ചുപണി പുട്ടിൻ നടത്തിയേക്കുമെന്നും സംശയമുണ്ട്. യുദ്ധം ഇത്രനാൾ പുരോഗമിച്ചിട്ടും യുക്രെയ്ൻ തലസ്ഥാനം കീവ് വരുതിയിലാക്കാൻ റഷ്യൻ സേനയ്ക്കു കഴിഞ്ഞിട്ടില്ല. ഇതിനൊരു പ്രധാന കാരണം യുദ്ധത്തിനു മുൻപ് റഷ്യൻ ഇന്റലിജൻസ് ഏജൻസികൾ ശരിയായ വിവരങ്ങൾ ശേഖരിക്കാത്തതും കൈമാറാത്തതുമാണെന്നും വിലയിരുത്തലുണ്ട്.

യുക്രെയ്ൻ യുദ്ധം തുടങ്ങി പെട്ടെന്നു തന്നെ അവസാനിക്കുമെന്ന് റഷ്യ കണക്കുകൂട്ടിയിരുന്നു. നിലവിലെ യുക്രെയ്ൻ പ്രസിഡന്റ് വോളോഡിമർ സെലിൻസ്‌കിക്ക് തീരെ ജനസമ്മതിയില്ലെന്നും അതിനാൽ പെട്ടെന്ന് തന്നെ അദ്ദേഹത്തെ നിഷ്‌കാസിതനാക്കാമെന്നും റഷ്യൻ വിലയിരുത്തലുണ്ടായിരുന്നു. എന്നാലിതെല്ലാം തെറ്റിയെന്ന് നിരീക്ഷകർ പറയുന്നു. യുക്രെയ്ൻ ജനത യുദ്ധം ഏറ്റെടുക്കുകയും സൈന്യത്തോടൊപ്പം തോളോടു തോൾ ചേർന്നു പ്രവർത്തിക്കുകയും ചെയ്തു. സെലിൻസ്‌കിയുടെ ജനപ്രീതി കുതിച്ചുയരുകയും ചെയ്തു. ഇതെല്ലാം മനസ്സിലാക്കുന്നതിൽ റഷ്യൻ ഇന്റലിജൻസ് പരാജയപ്പെട്ടെന്നാണ് നിരീക്ഷകരുടെ അഭിപ്രായം.

സെർഗി ബെസിഡയും അനറ്റോളി ബോല്യുഖും യുക്രെയ്‌നെക്കുറിച്ച് നിരവധി വർഷമായി ഇന്റലിജൻസ് ഗവേഷണത്തിൽ ഏർപ്പെട്ടിരിക്കുകയാണ്. ബെസിഡ 2014ൽ കീവ് സന്ദർശിച്ചിരുന്നു. ആ സമയം തന്നെയാണ് റഷ്യൻ അനുകൂലിയായ അക്കാലത്തെ യുക്രെയ്ൻ പ്രസിഡന്റ് വിക്ടർ യാനുകോവിച്ച് നിഷ്‌കാസിതനായതും തുടർന്ന് അദ്ദേഹം റഷ്യയിലേക്കു പോയതും.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP