Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

രോഹിത്തിനും കോലിക്കും പ്രായമേറുന്നു; രണ്ടോ മൂന്നോ വർഷത്തിനുള്ളിൽ പിൻഗാമിയെ കണ്ടെത്തണം; ഇന്ത്യയുടെ ഭാവി നായകനെ ഐപിഎൽ നിർണയിക്കും; പരിഗണിക്കുന്നത് അവർ നാലു പേരെന്ന് രവി ശാസ്ത്രി

രോഹിത്തിനും കോലിക്കും പ്രായമേറുന്നു; രണ്ടോ മൂന്നോ വർഷത്തിനുള്ളിൽ പിൻഗാമിയെ കണ്ടെത്തണം; ഇന്ത്യയുടെ ഭാവി നായകനെ ഐപിഎൽ നിർണയിക്കും; പരിഗണിക്കുന്നത് അവർ നാലു പേരെന്ന് രവി ശാസ്ത്രി

സ്പോർട്സ് ഡെസ്ക്

മുംബൈ: ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ഭാവി നായകൻ ആരെന്ന് നിർണയിക്കുന്ന രീതിയിൽ യുവതാരങ്ങളുടെ നായക മികവ് ഇത്തവണ ഐപിഎല്ലിൽ വിലയിരുത്തപ്പെടുമെന്ന് മുൻ പരിശീലകൻ രവി ശാസ്ത്രി. ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ നായക സ്ഥാനത്തേക്ക് യുവതാരങ്ങളായ നാലു പേരിൽ ഒരാൾ എത്രയും വേഗം വരണമെന്നാണ് രവി ശാസ്ത്രി പറയുന്നത്.

കെ.എൽ. രാഹുൽ, റിഷഭ് പന്ത്, ശ്രേയസ് അയ്യർ, ഹാർദ്ദിക് പാണ്ഡ്യ എന്നിവരെയാണ് ശാസ്ത്രി നായക സ്ഥാനത്തേക്കു പരിഗണിക്കുന്നത്. ഇവരുടെ നേതൃ മികവ് ഇത്തവണത്തെ ഐ.പി.എല്ലിലൂടെ വ്യക്തമാകുമെന്നും ശാസ്ത്രി കൂട്ടിച്ചേർത്തു.

ഇത്തവണത്തെ ഐപിഎല്ലായാരിക്കും ആരാവും ഇന്ത്യയുടെ ഭാവി നായകനെന്ന് തീരുമാനിക്കുകയെന്ന് രവി ശാസ്ത്രി പറയുന്നു. ക്രിക് ഇൻഫോക്ക് നൽകിയ അഭിമുഖത്തിലാണ് രോഹിത് ശർമയുടെ പിൻഗാമിയായി പരിഗണിക്കുന്ന നാലു താരങ്ങളെക്കുറിച്ച് പറഞ്ഞത്.

രോഹിത് ശർമക്ക് പ്രായമായി വരികയാണ്. അതുപോലെ തന്നെയാണ് വിരാട് കോലിയും. അടുത്ത രണ്ടോ മൂന്നോ വർഷത്തിനുള്ളിൽ ഇവരുടെ പിൻഗാമിയായി ആരാകും ഇന്ത്യയുടെ ക്യാപ്റ്റൻ സ്ഥാനത്ത് എത്തേണ്ടത് എന്ന കാര്യത്തിൽ തീരുമാനമെടുക്കേണ്ടതുണ്ട്.

യുവതാരങ്ങളായ റിഷഭ് പന്തും ശ്രേയസ് അയ്യരും ഹാർദിക് പാണ്ഡ്യയും അവരുടെ ടീമുകളെ ഐപിഎല്ലിൽ നയിക്കുന്ന പശ്ചാത്തലത്തിൽ ഇവരുടെ പ്രകടനമാകും ഞാൻ ശ്രദ്ധയോടെ വിലയിരുത്തുക. ഡൽഹിയെ റിഷഭ് എങ്ങനെ നയിക്കുന്നുവെന്നും കൊൽക്കത്തയെ ശ്രേയസ് എങ്ങനെ നയിക്കുന്നുവെന്നും ഗുജറാത്തിനെ ഹാർദ്ദിക് എങ്ങനെ നയിക്കുന്നുവെന്നും ഞാൻ നോക്കും. തീർച്ചയായും ലഖ്നൗ ക്യാപ്റ്റനെന്ന നിലിൽ കെ എൽ രാഹുൽ എങ്ങനെ ടീമിനെ കൈകാര്യം ചെയ്യുന്നു എന്നും കാണേണ്ടതുണ്ടെന്നും രവി ശാസ്ത്രി പറഞ്ഞു..

റിഷഭ് പന്ത് കഴിഞ്ഞ സീസണിൽ തന്നെ ഡൽഹി ക്യാപിറ്റൽസിന്റെ നായകനെന്ന നിലയിൽ ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. അതിനു മുമ്പത്തെ സീസണിൽ ഡൽഹിയെ ഫൈനലിൽ എത്തിച്ചു ശ്രേയസ് അയ്യരും കഴിവ് തെളിയിച്ചിട്ടുണ്ട്. ശ്രേയസ് ഇക്കുറി കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെയാണ് നയിക്കുന്നത്.എന്നാൽ രണ്ടു സീസണുകളിൽ പഞ്ചാബ് കിങ്സിനെ നയിച്ചിട്ടും കെ.എൽ. രാഹുലിന് നായകനെന്ന നിലയിൽ ശ്രദ്ധേയനാകാനായിട്ടില്ല.

ഹാർദ്ദിക് പാണ്ഡ്യയാകട്ടെ ആദ്യമായാണ് ഒരു ടീമിനെ നയിക്കുന്നത്. അതിനാൽത്തന്നെ രാഹുലിനും പാണ്ഡ്യയ്ക്കുമാണ് ഈ സീസൺ ഏറെ നിർണായകം. ഐ.പി.എല്ലിലേക്ക് പുതുതായി ഉൾപ്പെടുത്തിയ രണ്ടു ടീമുകളെയാണ് ഇരുവരും നയിക്കുന്നത്. രാഹുൽ ലഖ്നൗ സൂപ്പർ ജയന്റ്സിനെ നയിക്കുമ്പോൾ ഗുജറാത്ത് ടൈറ്റൻസിനെയാണ് പാണ്ഡ്യ നയിക്കുന്നത്

ഒക്ടോബറിൽ യുഎഇയിൽ നടന്ന ടി20 ലോകകപ്പിന് മുന്നോടിയായാണ് വിരാട് കോലി ഇന്ത്യയുടെ ട്വന്റി 20 നായകസ്ഥാനം രാജിവെക്കുന്നുവെന്ന് പ്രഖ്യാപിച്ചത്. പിന്നാലെ ഏകദിന ക്യാപ്റ്റൻ സ്ഥാനം കോലിക്ക് നഷ്ടമായി. ദക്ഷിണാഫ്രിക്കക്കെതിരായ ടെസ്റ്റ് പരമ്പരയിലെ തോൽവിക്ക് പിന്നാലെ ടെസ്റ്റ് നായകപദവിയും കോലി അപ്രതീക്ഷിതമായി രാജിവെച്ചു. ഇതോടെ മൂന്ന് ഫോർമാറ്റിലും രോഹിത് ശർമയെ ക്യാപ്റ്റനായും കെ എൽ രാഹുലിനെ വൈസ് ക്യാപ്റ്റനായും തെരഞ്ഞടുത്തിരുന്നു.

എന്നാൽ കോലിയുടെ അഭാവത്തിൽ ദക്ഷിണാഫ്രിക്കയിൽ ഒരു ടെസ്റ്റിൽ ഇന്ത്യയെ നയിച്ച രാഹുലിന് മികവ് കാട്ടാനായില്ല. തുടർന്ന് നടന്ന ഏകദിന പരമ്പരയിൽ രാഹുലിന്റെ നേതൃത്വത്തിലിറങ്ങിയ ഇന്ത്യ സമ്പൂർണ തോൽവി വഴങ്ങിയിരുന്നു.

വാംഖഡെയിൽ മാർച്ച് 26ന് ചെന്നൈ സൂപ്പർ കിങ്സ്- കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് മത്സരത്തോടെയാണ് ഐപിഎൽ 2022ന് കർട്ടൻ ഉയരുക. കോവിഡ് മഹാമാരിയുടെ സാഹചര്യത്തിൽ മുംബൈയിലും പുനെയിലുമായാണ് മത്സരങ്ങളെല്ലാം. 65 ദിവസം നീണ്ടുനിൽക്കുന്ന വരും സീസണിൽ 70 ലീഗ് മത്സരങ്ങളും നാല് പ്ലേ ഓഫ് കളികളും നടക്കും. മെയ് 29നാണ് കലാശപ്പോര്. പ്ലേ ഓഫ് മത്സരക്രമം പിന്നീട് പ്രഖ്യാപിക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP